പ്രകൃതിയിലെ ജീവജാലങ്ങളിൽ ഒരു ഘട്ടം കഴിഞ്ഞാൽ കുഞ്ഞുങ്ങൾ മാതാപിതാക്കളിൽ നിന്ന് അകന്നുപോകുന്നു. അപരിചിതരാകുന്നു. സ്വന്തം ജീവിതം ആരംഭിച്ചാൽ അവർക്ക് പഴയ ബന്ധം ആവശ്യമില്ലാതാകുന്നു. എന്നാൽ മനുഷ്യനിൽ മാത്രം വ്യത്യസ്തമായ ഒരു ദൈവിക ക്രമീകരണമുണ്ട്. മക്കൾ എത്ര വളർന്നാലും, എത്ര ദൂരെയായാലും, എത്ര തിരക്കിലായാലും അവരുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ മാതാപിതാക്കളുമായുള്ള ഒരു മങ്ങിയ കനൽപോലുള്ള ആത്മബന്ധം നിലനിൽക്കും. അതുകൊണ്ടാണ് പേരെന്റിങ്ങിന് റിട്ടയർമെന്റ് ഇല്ലാത്തത്.
കുട്ടിയുടെ ജീവിതത്തിലെ ആദ്യത്തെ സുരക്ഷിത അഭയകേന്ദ്രം മാതാപിതാക്കളാണെന്നാണ് മനശാസ്ത്ര കാഴ്ചപ്പാട്. ജനനം മുതൽ രൂപപ്പെടുന്ന ഈ 'attachment bond' വൈകാരിക തലങ്ങളിൽ ആഴത്തിൽ പതിയുന്നു. കാലം കടന്നുപോകുമ്പോൾ ബന്ധത്തിന്റെ പ്രകടനം കുറയാം; ദിവസേനയുള്ള സംഭാഷണങ്ങൾ കുറയാം; ചിലപ്പോൾ അഭിപ്രായവ്യത്യാസങ്ങൾ പോലും ഉണ്ടാകാം. എന്നാൽ ബാല്യത്തിൽ ലഭിച്ച സ്നേഹത്തിന്റെയും കരുതലിന്റെയും ഊഷ്മള അനുഭവങ്ങൾ അവരുടെ ഓർമ്മകളിലെ സജീവ ഫയലുകളായി നിലനിൽക്കുന്നു. അതുകൊണ്ടാണ് പ്രതിസന്ധികളിലും രോഗങ്ങളിലും ഏകാന്തതയിലും പലരും മനസ്സിൽ ആദ്യം മാതാപിതാക്കളെ ഓർക്കുന്നത്.
ദൈവ ശാസ്ത്ര കാഴ്ചപ്പാടിൽ, കുടുംബ ബന്ധം വെറും ജൈവബന്ധമല്ല; അത് ദൈവം സ്ഥാപിച്ച ഒരു വിശുദ്ധ ഉടമ്പടി ബന്ധമാണ്. “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” (പുറപ്പാട് 20:12) എന്ന കല്പന കുട്ടിക്കാലത്തിനുള്ളതല്ല, ജീവിതകാലം മുഴുവനുമുള്ളതാണ്. ദൈവം മനുഷ്യനെ 'ബന്ധങ്ങളുടെ ജീവിയായി' സൃഷ്ടിച്ചു. മാതാപിതാക്കളുടെ സ്നേഹത്തിലൂടെ ദൈവത്തിന്റെ കരുതലും വിശ്വസ്തതയും മക്കൾ അനുഭവിക്കുന്നു. അതിനാൽ പ്രായം കൂടുമ്പോൾ ബന്ധത്തിന്റെ രൂപം മാറിയാലും അതിന്റെ ആത്മീയ വേരുകൾ ഉണങ്ങിപ്പോകുന്നില്ല.
പ്രിയ മാതാപിതാക്കളേ, നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഒരിക്കലും വെറുതെയാവില്ല. ചിലപ്പോൾ മക്കൾ മനസ്സിൽ നിന്ന് അകലെയാണെന്ന് തോന്നാം. എങ്കിലും അവരുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിങ്ങൾ വിതച്ച സ്നേഹത്തിന്റെ വിത്തുകൾ ഇപ്പോഴും സജീവമാണ്. ദൈവം തന്നെയാണ് ആ ബന്ധത്തിന്റെ കാവൽക്കാരൻ. അതുകൊണ്ട് പേരെന്റിങ് ഒരു ജോലി അല്ല; അത് മരണം വരെയും തുടരുന്ന ഒരു വിശുദ്ധ വിളിയാണ്.
മറ്റെല്ലാ ബന്ധങ്ങൾക്കും മറവിയും മരണവും ഉണ്ട്. എന്നാൽ മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തിന് മരണമില്ല. മക്കളെ കുറിച്ചുള്ള ബയോഡേറ്റയും പ്രൊഫൈലും മറവി രോഗം കാർന്നുതിന്നാലും, 'എന്റെ മക്കൾ' എന്ന അവബോധം ആത്മാവിൽ നിന്ന് മാഞ്ഞു പോകില്ല. അതു തുടച്ചു മാറ്റുവാൻ രോഗത്തിനും മരണത്തിനും കഴിയില്ല. ദുഃഖങ്ങളും നെടുവീർപ്പുകളും ഇല്ലാത്ത ദൈവ ഭവനത്തിൽ എത്തിച്ചേർന്നാലും മാതാപിതാക്കൾക്ക് മക്കളെ മറക്കുവാൻ കഴിയുമെന്ന് തോന്നുന്നില്ല. അത് ആത്മ ശരീര മനസ്സുകളിൽ സൃഷ്ടാവ് എഴുതി ചേർത്ത വിസ്മയ ബന്ധമാണ്.
മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം രക്തത്തിൽ ആരംഭിക്കുന്നതാണെങ്കിലും, സ്നേഹത്താലും പ്രാർത്ഥനയാലും ദൈവകൃപയാലും പരിപോഷിപ്പിക്കപ്പെട്ട്, അനന്തമായി തുടരുന്ന വിശുദ്ധ ഉടമ്പടി ബന്ധമാണ്. മക്കളും മാതാപിതാക്കളും ആകുവാൻ കഴിയുന്നത് മനുഷ്യ ജീവിതത്തിന്റെ പുണ്യവും സുകൃതവുമാണ്.
☆
-ഫാ. ഡോ. ഏ. പി. ജോർജ്
No comments:
Post a Comment