Wednesday, May 27, 2026

മനസ്സിന്റെ പിന്നാമ്പുറങ്ങൾ

 മനസ്സിന്റെ പിന്നാമ്പുറങ്ങൾ


മനുഷ്യന്റെ മനസ്സ് ഇന്നും ശാസ്ത്രലോകത്തിന് പൂർണമായി മനസ്സിലാകാത്ത അത്ഭുത
പ്രതിഭാസമാണ്.  ആധുനിക ന്യൂറോസയൻസ്, ബ്രയിനിന്റെ  പ്രവർത്തനങ്ങളെ കുറിച്ചുള്ള  ഗവേഷണങ്ങളിൽ  വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.  എങ്കിലും “ചിന്ത”, “ഓർമ്മ”, “വികാരം”, “ബോധം” എന്നിവയുടെ ആഴം ഇന്നും പൂർണ്ണമായും വെളിപ്പെടാത്ത രഹസ്യമായി തുടരുകയാണ്. സമീപകാലങ്ങളിലെ  ചില ഗവേഷണങ്ങൾ മനുഷ്യ മനസ്സിന്റെ അതിസൂക്ഷ്മ പ്രവർത്തനങ്ങളിലേക്ക് പുതിയ വെളിച്ചം വീശുന്നുണ്ട്.

ഗവേഷകർ കണ്ടെത്തിയ ഒരു പ്രധാന കാര്യം ബ്രയിൻ ഒരിക്കലും പൂർണമായി വിശ്രമിക്കുന്നില്ല എന്നതാണ്. മനുഷ്യൻ ഉറങ്ങുമ്പോഴും ബ്രയിൻ സജീവമാണ്. ഉറക്കസമയത്ത് ബ്രയിൻ ആ ദിവസത്തിലെ അനുഭവങ്ങളെ പ്രോസസ് ചെയ്യുന്ന തിരക്കിലാണ്-  അപ്രധാന വിവരങ്ങളെ ഒഴിവാക്കുകയും പ്രയോജനപ്രദമായ പുതിയ അറിവുകളെ ദീർഘകാല ഓർമ്മയാക്കി സൂക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് സുഖപ്രദമായ ഉറക്കം മസ്തിഷ്ക്കത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യ ഘടകമാണ്. ഉറക്കക്കുറവ് മൂലം വിഷാദം, ഉത്കണ്ഠ, കോപം, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിച്ചേക്കാം .

മറ്റൊരു  പഠനം വ്യക്തമാക്കുന്നത്, മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ശരീരത്തെയും പ്രത്യേകിച്ച് ബ്രയിനിന്റെ പ്രവർത്തനങ്ങളെയും സ്വാധീനിക്കുന്നു എന്നതാണ്. ദീർഘകാലം തുടരുന്ന ഭയം, വെറുപ്പ്, അസൂയ, കോപം തുടങ്ങിയ വികാരങ്ങൾ ശരീരത്തിലെ സ്ട്രെസ് ഹോർമോണുകളെ വർധിപ്പിക്കുന്നത് ഹൃദ്രോഗം, ഹൈ ബ്ലഡ് പ്രഷർ, തളർച്ച  എന്നിവയ്ക്ക് കാരണമായേക്കാം. അതേസമയം സ്നേഹം, നന്ദി, പ്രത്യാശ, ആത്മവിശ്വാസം, പ്രാർത്ഥന എന്നിവ ബ്രയിനിലെ സമാധാനവും സന്തോഷവുമായി ബന്ധപ്പെട്ട രാസവസ്തുക്കളുടെ പ്രവർത്തനം കൂടുതൽ സജ്ജിവമാക്കും.

“ന്യൂറോപ്ലാസ്റ്റിസിറ്റി” എന്ന കണ്ടെത്തൽ ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. മനുഷ്യന്റെ മസ്തിഷ്ക്കം ജീവിതകാലം മുഴുവൻ മാറ്റങ്ങൾക്ക് വിധേയമാകാൻ കഴിവുള്ളതാണ്. പഴയ ശീലങ്ങളും ചിന്താരീതികളും മാറ്റി പുതിയ ചിന്തകളും നല്ല പെരുമാറ്റങ്ങളും രൂപപ്പെടുത്താൻ ബ്രയിനിന് കഴിയും. ഒരാൾ നിരന്തരം നെഗറ്റീവ് ചിന്തകളിൽ ജീവിച്ചാൽ അതിനനുസരിച്ചുള്ള ന്യൂറോണുകൾ ശക്തമാകും; എന്നാൽ പോസിറ്റീവ് ചിന്തകൾ, ധ്യാനം, പ്രാർത്ഥന, സൗഹൃദ ബന്ധങ്ങൾ എന്നിവ മനസ്സിനെ ആരോഗ്യകരമായി പുതുക്കി പണിയാൻ സഹായിക്കും.
ബൈബിളിലെ 'പുതിയ സൃഷ്ടി' ആകുവാനുള്ള ആഹ്വാനം ന്യൂറോപ്ലാസ്റ്റിസിറ്റിയുടെ കാഴ്ചപ്പാടിൽ വിലയിരുത്തപ്പെടേണ്ടതാണ്.
അതെ, മാറ്റവും രൂപാന്തരവും സാധ്യമാണ്!

മറ്റൊരു കൗതുകകരമായ നിരീക്ഷണം   “മിറർ ന്യൂറോണുകൾ” ആണ്. മറ്റൊരാളുടെ ദുഃഖം കണ്ടാൽ നമുക്കും വേദന തോന്നുന്നതിനും ഒരാൾ ചിരിക്കുമ്പോൾ നമുക്കും ചിരി വരുന്നതിനും  പിന്നിൽ പ്രവർത്തിക്കുന്നത് ഈ പ്രത്യേക നാഡീകോശങ്ങളാണെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. അതായത്, കരയുന്നവരോട് കൂടി കരയുവാനും ചിരിക്കുന്നവരോട് കൂടി ചിരിക്കുവാനും ആയി, സാമൂഹ്യ ബന്ധങ്ങൾക്കായി  സൃഷ്ടിക്കപ്പെട്ട  സമൂഹ ജീവിയാണ് മനുഷ്യൻ. പരസ്പര സ്നേഹവും കരുതലും മാനസികാരോഗ്യത്തിന്റെ സിദ്ധ ഔഷധങ്ങളാണ്. 

ശാസ്ത്രത്തിന് ഇന്നും പൂർണമായി വിശദീകരിക്കുവാൻ കഴിയാത്ത  ഒരു മേഖലയാണ് “ബോധം” (Consciousness). “ഞാൻ ആരാണ്?”, “എന്തുകൊണ്ട് ഞാൻ ചിന്തിക്കുന്നു?”, “എന്തുകൊണ്ട് അവബോധം ഉണ്ടാകുന്നു?” എന്നീ ചോദ്യങ്ങൾക്ക് ഇനിയും വ്യക്തമായ ഉത്തരങ്ങൾ ശാസ്ത്രലോകത്തിനില്ല. മനുഷ്യ മനസ്സിന്റെ ആഴങ്ങളിൽ ദിവ്യ സ്പർശത്തിന്റെ ഒരു രഹസ്യം നിലനിൽക്കുന്നതായുള്ള വിശ്വാസം അടിസ്ഥാനരഹിതമെന്ന് പറയുവാനാവില്ല.  മനുഷ്യൻ ശാസ്ത്രത്തിലൂടെ മനസ്സിനെ പഠിക്കുമ്പോൾ, ദൈവം സ്നേഹത്തിലൂടെ മനസ്സിനെ സ്പർശിച്ചു കൊണ്ടിരിക്കുന്നു.

-ഫാ. ഡോ. ഏ. പി. ജോർജ്

Saturday, May 16, 2026

മനസ്സിന്റെ മുറിവുകളും ആത്മാവിന്റെ നിലവിളിയും

 

ശരീര മുറിവുകളേക്കാൾ വേദനയും വൈകാരിക പ്രതിസന്ധികളുമുണ്ടാക്കുന്നതാണ് മനസ്സിലെ മുറിവുകൾ. ബാഹ്യ ക്ഷതങ്ങൾ എല്ലാവർക്കും കാണുവാൻ കഴിയും. അപമാനവാക്കുകൾ, സ്നേഹനിഷേധം, തിരസ്കരണം, കുടുംബപ്രശ്നങ്ങൾ, വിശ്വാസവഞ്ചന, പരാജയങ്ങൾ, നിരന്തര വിമർശനങ്ങൾ...ഇവയെല്ലാം മനസ്സിൽ അദൃശ്യ മുറിവുകൾ ഉണ്ടാക്കുന്ന ദുരന്തങ്ങൾ ആണ്‌.

 

സുഖപ്പെടാത്ത മാനസിക മുറിവുകൾ വ്യക്തിത്വവികാസത്തെയും ബന്ധങ്ങളെയും ആത്മവിശ്വാസത്തെയും ആത്മീയ ജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് മനഃശാസ്ത്ര വീക്ഷണം. അമിത ഭയം, ക്ഷിപ്രകോപം, ട്രസ്റ്റ്‌ ഇഷ്യൂസ്, സാമൂഹ്യ പിന്മാറ്റം, നിരാശ, ഉറക്കക്കുറവ്, ആശങ്ക, ആത്മനിന്ദ, ആത്മഹത്യാ ചിന്തകൾ... തുടങ്ങിയവക്ക് പിന്നിൽ വളരെ സങ്കിർണ്ണമായ മനോ -ശാരീരിക പ്രതിസന്ധികളുടെ അടിയൊഴുക്കുകളുണ്ട് .


വൈകാരിക പ്രതിസന്ധികളെ “ആത്മീയത” കൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്നവരുണ്ട്. പ്രശ്നങ്ങളിൽ നിന്നുള്ള ഒളിവിടമായി (shelter house) പലരും വൈകാരിക ആത്മീയ പ്രകടനങ്ങളിൽ അഭയം തേടാറുണ്ട്. ബൈബിൾ മാനുഷിക വികാരങ്ങളെയും മാനസിക പോരാട്ടങ്ങളെയും സംഘർഷങ്ങളെയും യാഥാർത്ഥ്യമായി അംഗീകരിക്കുകയാണ് ചെയ്യുന്നത്. അധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും അത്താണിയായ കർത്താവിന്റെ മുമ്പിൽ മനോഭാരങ്ങൾ ഇറക്കി വെക്കണമെന്ന സാന്ത്വന സന്ദേശമാണ് തിരുവചനം.

 സങ്കിർത്തനങ്ങളിൽ ദാവീദ് പലവട്ടം തന്റെ ഭയവും വിഷാദവും തുറന്ന് പറയുന്നുണ്ട് : “എന്റെ കണ്ണുനീർ എനിക്കു രാവും പകലും ആഹാരമായിരിക്കുന്നു.” (സങ്കീർത്തനം 42:3)

ഇയ്യോബ് തന്റെ മാനസിക തകർച്ച തുറന്ന് സമ്മതിച്ചു.

 വലിയ ആത്മീയ വിജയത്തിനുശേഷവും ഏലിയാവ് മനസ്സിലെ വികാര വേലിയേറ്റത്തിൽ മരിക്കണമെന്ന് ആഗ്രഹിച്ചു. 

കർത്താവ് ഗെത്സെമനയിൽ പറഞ്ഞു: 'എന്റെ ഉള്ളം മരണവേദനപോലെ അതി ദുഃഖിതമായിരിക്കുന്നു...'

സമർപ്പിത വിശ്വാസികൾക്കും ആത്മസംഘർഷങ്ങളും തകർച്ചകളും സംഭവിക്കാമെന്ന വലിയ സത്യമാണ് ബൈബിളിലെ ഭക്തർ വെളിപ്പെടുത്തുന്നത്.


സംഘർഷങ്ങൾ ലഘുകരിക്കാൻ മൂന്ന് സമീപനങ്ങൾ വളരെ പ്രധാനപ്പെട്ടതാണ് :

1. അംഗീകരിക്കൽ (Acceptance)

മനോസംഘർഷങ്ങളും വേദനയും മറച്ചു പിടിക്കുന്നതിനു പകരം അംഗീകരിക്കണം. ഹൃദയ മുറിവുകൾ അവഗണിക്കുകയോ മറച്ചു പിടിക്കുകയോ ചെയ്യുന്നതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. ആത്മാവിന്റെ നിലവിളി അടിച്ചമർത്തിയാൽ അത് പിന്നീട് കോപം, വിഷാദം, നിരാശ പോലുള്ള വൈകാരിക പ്രതിസന്ധികളായി പുറത്തുവരും.


2. പങ്കുവെക്കൽ (Healthy Expression)

വിശ്വസ്ത സുഹൃത്തുക്കളുമായി ആത്മ നൊമ്പരങ്ങൾ പങ്കുവയ്ക്കുന്നത് ആശ്വാസമാണ്, സൗഖ്യദായകമാണ്. 

 വിശ്വസ്തരായ സുഹൃത്തുക്കളുമായി ദുഃഖങ്ങൾ പങ്കുവെക്കുന്നത് ബലഹീനതയല്ല; അത് രോഗശാന്തിയുടെ ആരംഭമാണ്. പല കൗൺസിലിംഗ് രീതികളുടെയും അടിസ്ഥാനം “healing through expression” എന്നതാണ്. കരച്ചിൽ പോലും ചിലപ്പോൾ വൈകാരിക പ്രതിസന്ധികൾക്കുള്ള ചികിത്സയാണ്.


3.അർത്ഥം കണ്ടെത്തൽ (Meaning and Hope)

വേദനയിലൂടെയും ദൈവം മനുഷ്യനെ തന്റെ ലക്ഷ്യത്തിലേക്ക് നയിക്കുന്നു എന്ന തിരിച്ചറിവ് പ്രതിസന്ധികളെ പ്രത്യാശയോടെ അഭിമുഖീകരിക്കുവാൻ സഹായിക്കും. പ്രത്യാശ നഷ്ടപ്പെടുമ്പോഴാണ് ഉള്ളം തകർന്നു പോകുന്നത്.


  “ഹൃദയം തകർന്നവരെ യഹോവ സൗഖ്യമാക്കുന്നു; അവരുടെ മുറിവുകളെ കെട്ടുന്നു.” — സങ്കീർത്തനം 147:3

ചില മുറിവുകൾ അതിവേഗം സുഖമാവില്ല. ചില ദുരന്ത സ്മരണകൾ വർഷങ്ങളോളം വേദനിപ്പിക്കും. എന്നാൽ ഓരോ ദിവസവും ദൈവസന്നിധിയിൽ ഹൃദയം സമർപ്പിക്കുമ്പോൾ, അല്പാല്പമായി ആന്തരിക മുറിവുകൾ സൗഖ്യമാകും. ഉള്ളവും ഉള്ളതും പങ്കുവയ്ക്കുമ്പോൾ ഉള്ളിൽ ശ്വസിക്കാൻ ഇടം കിട്ടും.

'അവിടുന്ന്‌ എന്റെ അലച്ചിലുകള്‍എണ്ണിയിട്ടുണ്ട്‌;

എന്റെ കണ്ണീര്‍ക്കണങ്ങള്‍ അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്‌;

അവ അങ്ങയുടെ ഗ്രന്‌ഥത്തിലുണ്ടല്ലോ.' സങ്കീര്‍ത്തനങ്ങള്‍ 56 : 8


ഹൃദയം നുറുങ്ങിയവർക്ക് സമീസ്ഥനായ ദൈവം എല്ലാ മുറിവുകളും കണ്ണുനീരും അറിയുന്നുണ്ട്. തന്റെ മക്കളുടെ ഓരോ മുറിവുകളും സ്വർഗ്ഗസ്ഥ പിതാവിന്റെയും മുറിവുകളാണ്. 


മാനസികാരോഗ്യം നിലനിർത്തുവാൻ മെഡിക്കൽ കെയറും പ്രാർത്ഥനയും കൗൺസലിംഗും ആവശ്യമാണ്‌. ദൈവം പ്രവർത്തിക്കുന്നത് ചിലപ്പോൾ വചനത്തിലൂടെയും, ചിലപ്പോൾ ഒരു സുഹൃത്തിലൂടെയും, ചിലപ്പോൾ ഒരു കൗൺസിലറിലൂടെയും ആകാം. 

സാധ്യതകളുടെ തമ്പുരാന് തുറക്കാൻ സൗഖ്യത്തിന്റെ വാതിലുകൾ അനവധിയുണ്ട്.


 നിരാശയുടെയും നഷ്ടബോധത്തിന്റെയും ഇരുട്ടിൽ ഹൃദയ വാതിലടച്ചു ഒറ്റയ്ക്ക് ഇരിക്കരുത്. വാതുക്കൽ മുട്ടുന്ന, സമീപസ്ഥനായിരിക്കാൻ ആഗ്രഹിക്കുന്ന ഇമ്മനുവേലിനു ഹൃദയം തുറന്നു കൊടുക്കണം. തിരുവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ ഇമ്മാനുവൽ ഹൃദയത്തിന്റെ അകത്ത് കടന്നുവന്ന് നമ്മോട് ചേർന്നിരുന്ന് സംസാരിക്കുകയാണ്. രോഗികളെയും മുറിവേറ്റ വരെയും അന്വേഷിച്ചുവന്ന സൗഖ്യമാക്കുന്നവനാണ് ഇമ്മാനുവേൽ ദൈവം. എന്തൊരു ഭാഗ്യമാണ് ഇത് അല്ലേ?


 നമ്മുടെ തകർന്ന മനസ്സിനെ സൗഖ്യമാക്കാനും പുനർനിർമ്മിക്കാനും കഴിയുന്ന മനസ്സിന്റെ ഡിവൈൻ ടെക്നീഷ്യന്റെ വിസ്മയ കരങ്ങളിൽ മുറിവേറ്റ ഹൃദയം സമർപ്പിക്കുമ്പോൾ സൗഖ്യവും ആശ്വാസവും സാധ്യമാകും. നമ്മുടെ ദൈവം സൗഖ്യമാക്കുന്ന ദൈവമാണ്.

 ഹല്ലേലുയ്യ!

-fr. dr. a. p. george

(Courtesy)




Thursday, May 7, 2026

ദ സൈക്കോളജിക്കൽ ട്രാപ്പ്‌

    

 ആകാംക്ഷ, ഭയം, ദുരന്തം തുടങ്ങിയ വൈകാരിക പശ്ചാത്തലം ഒരുക്കി, ചെറിയ പ്രതിസന്ധികളെ ദുരന്തസീൻ ആയി സൃഷ്ടിക്കുവാനുള്ള  കഴിവ് മനസ്സിനുണ്ട്. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് നെഗറ്റീവ് ചിന്തകളാണ്.

അപകട സാധ്യതകളെ മുൻകൂട്ടി കാണുവാൻ തക്കവിധത്തിലാണ് ബ്രെയിൻ രൂപകല്പന ചെയ്തിരിക്കുന്നത്. അത് അതിജീവനത്തിനുള്ള സംവിധാനമാണ്.  ഭയപ്പെടുത്തുന്ന സാഹചര്യങ്ങളും വ്യക്തികളും വസ്തുക്കളും മുന്നിലില്ലെങ്കിലും അവയെപ്പറ്റിയുള്ള  ചിന്തകളോട് മസ്തിഷ്കം വൈകാരികമായി പ്രതികരിക്കും.

നിഷേധ ചിന്തകളുടെ പിന്നിലെ കെമിക്കൽ സ്റ്റോറി കൗതുകം നിറഞ്ഞതാണ്. ഓരോ ചിന്തയും ഒരോ രാസപ്രവർത്തനം സൃഷ്ടിക്കുന്നു. സെറോട്ടോണിൻ നമ്മെ ശാന്തരും സന്തുലിതരുമായി നിലനിർത്തുന്നു. ഡോപാമൈൻ പ്രചോദനവും സന്തോഷവും നൽകുന്നു. GABA  സന്തുലിതാവസ്ഥ നിലനിർത്തുവാൻ  സഹായിക്കുന്നു.

ജീവിത സമ്മർദ്ദങ്ങൾ തുടർച്ചയായി തുടരുമ്പോൾ,
ഈ രാസവസ്തുക്കളുടെ സന്തുലിതാവസ്ഥയുടെ താളം തെറ്റുവാൻ തുടങ്ങും. നെഗറ്റീവ് ചിന്തകൾ വർദ്ധിക്കും.
  പോസിറ്റീവ് ആയി ചിന്തിക്കുവാൻ എത്ര ശ്രമിച്ചാലും സാധിക്കാതെ വരും. അതുകൊണ്ടാണ് ചിലർ എപ്പോഴും നെഗറ്റിവിറ്റിയിൽ "കുടുങ്ങി" കിടക്കുന്നത്.

നമ്മൾ വീണ്ടും വീണ്ടും ആവർത്തിച്ച് ചിന്തിക്കുന്നതെന്തും ബ്രെയിനിൽ ശക്തിപ്പെടും. അതുകൊണ്ട് തുടർച്ചയായി ആവർത്തിക്കുന്ന തെറ്റായ നെഗറ്റീവ് ചിന്തകൾ വാസ്തവമായിട്ടാണ് മനസ്സ് മനസ്സിലാക്കുന്നത്. ഇതൊരു സൈക്കോളജിക്കൽ ട്രാപ്പാണ്.

ചിലർ നല്ല അനുഭവങ്ങളുടെ ചിന്തകളെക്കാൾ ദുരനുഭവ  ചിന്തകളുടെ തടവിൽ ആകുന്നതിന്റെ കാരണം
വൈജ്ഞാനിക വികലതയാണ് ( cognitive disortion ).

അതെന്താണ്?

ഞാനൊരു തികഞ്ഞ പരാജയമാണ്,  ആരും എന്നെ സ്നേഹിക്കുന്നില്ല, ശ്രദ്ധിക്കുന്നില്ല,  എല്ലാവരും എനിക്കെതിരാണ്, എന്റെ ജീവിത പ്രതിസന്ധികൾ ഒരിക്കലും  അവസാനിക്കില്ല, ഞാൻ എല്ലാവർക്കും ഭാരമാണ്..." തുടങ്ങിയ
സ്വന്തം പോസ്റ്റിലേക്ക് ഗോൾ അടിക്കുന്ന ഇതു പോലുള്ള നെഗറ്റീവ് ചിന്താഗതിയാണ് വൈജ്ഞാനിക വികലത.

ഈ നെഗറ്റീവ് ചിന്തകൾ പലപ്പോഴും വാസ്തവമല്ല.
പക്ഷെ മനസ്സ് അവയെ സത്യമായി അവതരിപ്പിക്കുന്നു.
നെഗറ്റീവ് ചിന്തകളുടെ വിഷമവൃത്തത്തിൽ നിന്ന് രക്ഷപ്പെടുവാൻ കഴിയാതെ നിരന്തരം  മാനസിക സംഘർഷങ്ങൾ  അനുഭവിക്കുന്ന അനേകരുണ്ട്. ട്രെഡ്മില്ലിൽ ഓടുന്ന ഒരാളെപ്പോലെ,
ഓടി തളരുന്നതല്ലാതെ ഇവർ ഒരടി മുന്നോട്ടു നീങ്ങുന്നില്ല!
ഓരോ നിഷേധ ചിന്തകൾക്കും ആകാംക്ഷ,  വിഷാദം, സംഘർഷം,  അസ്വസ്ഥത തുടങ്ങിയ വലിയ വില നൽകേണ്ടിവരും.

നിഷേധ ചിന്തകളുടെ വിഷമവൃത്തത്തിൽ നിന്ന് രക്ഷപ്പെടുവാൻ എന്തൊക്കെയാണ് പ്രതിവിധികൾ?

മനശാസ്ത്ര ചികിത്സയിലെ കോഗ്നിറ്റീവ് ബിഹേവ്യർ തെറാപ്പി (CBT) ഈ പ്രതിസന്ധികളെ അതിജീവിക്കുവാൻ സഹായകമാണ്.
തെറ്റായ ചിന്താ രീതികൾ തിരിച്ചറിയുവാനും  ആരോഗ്യകരവും യാഥാർത്ഥ്യ ബോധമുള്ളതുമായ ചിന്തകൾ പുനസ്ഥാപിക്കുവാനും സഹായിക്കുകയാണ്  ഈ ചികിത്സയുടെ ലക്ഷ്യം.
എല്ലാ ചിന്തകളും യാഥാർത്ഥ്യമല്ലെന്നും  പോസിറ്റീവ് ചിന്തകൾ  പ്രോത്സാഹിപ്പിക്കുമ്പോൾ മാനസികാരോഗ്യവും സന്തുലിതാവസ്ഥയും  മെച്ചപ്പെടുന്നു എന്നൊക്കെയുള്ള ഉൾക്കാഴ്ച തെറാപ്പിസ്റ്റ് നൽകുന്നു.

ജീവിതശൈലി മാറ്റങ്ങൾ

പതിവായ വ്യായാമം, ശരിയായ ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, സൂര്യപ്രകാശം, സാമൂഹ്യ ബന്ധങ്ങൾ തുടങ്ങിയ ലളിത ശീലങ്ങൾ ബ്രയിനിലെ രാസ അസന്തുലിതാവസ്ഥ  സന്തുലിതമാക്കാൻ സഹായകമാണ്. ഇവ സ്വാഭാവിക ആന്റീഡിപ്രസന്റുകളായി പ്രവർത്തിക്കുന്നു.

തീവ്രമായ വിഷാദം, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകളിൽ വൈകാരിക സന്തുലിതാവസ്ഥ  നിലനിർത്തുവാൻ  മെഡിക്കൽ ടീം മരുന്നുകൾ നിർദ്ദേശിക്കാറുണ്ട്.

ആത്മീയ സമീപനങ്ങൾ :
മനസ്സിന്റെ രൂപകൽപ്പന കൃത്യമായി മനസ്സിലാക്കുന്ന ഡിവൈൻ ടെക്‌നിഷ്യനായ ജഗദീശ്വരന്  ഭയവും  വികല ചിന്തകളും  പുനഃസ്ഥാപിക്കുവാൻ കഴിയുമെന്ന് വിശ്വസിക്കുന്നവർ അന്ധവിശ്വാസികളാണെന്നു  പറയുവാൻ പറ്റില്ല.

പ്രാർത്ഥനയും ധ്യാനവും ഭക്തിയും വിശ്വാസവും മനസ്സിന്റെ അനുകൂല മാറ്റങ്ങൾക്ക്‌ സഹായകമാണ്. ഇത് മനശാസ്ത്രവും ന്യൂറോ സയൻസും പിന്തുണക്കുന്ന കാര്യമാണ്.

നിഷേധ ചിന്തകളുടെ  ഗ്രാവിറ്റി കുറയ്ക്കുവാൻ പ്രാർത്ഥന പലർക്കും സഹായകമാകാറുണ്ട്. ധ്യാനം ബ്രയിനിലെ അതീവ ജാഗ്രത സംവിധാനത്തെ ശാന്തമാക്കും. തിരുവചന വായനയും ധ്യാനവും ആത്മീയ അനുഷ്ഠാനങ്ങളും  നെഗറ്റീവ് ചിന്തകളിൽ നിന്നുള്ള ഡൈവേർഷന് സഹായകമാണ്.
ദൈവത്തോടും മനുഷ്യരോടും ഉള്ള കൃതജ്ഞതാ മനോഭാവം നിഷേധ- സ്വാർത്ഥ ചിന്തകളെ അനുകൂല ചിന്തകളാക്കി രൂപാന്തരപ്പെടുത്തും. 

“ദൈവം എന്നോടൊപ്പം ഉണ്ട്” എന്ന ആത്മ വിശ്വാസത്തിൽ മനസ്സുറപ്പിക്കുമ്പോൾ  പലരിലും അപകട ചിന്തകൾ  ശാന്തമാകാറുണ്ട്. ചിന്തകളുടെ പുനഃസംഘടന (Cognitive Reframing) കൊണ്ടാണ് ഇത് സാധ്യമാകുന്നത്.

പ്രാർത്ഥനയും ധ്യാനവും മസ്തിഷ്കത്തിലെ ഭയകേന്ദ്രങ്ങളെ (threat system) ശാന്തമാക്കുകയും ഹൃദയമിടിപ്പ്, സ്‌ട്രെസ് ഹോർമോണുകൾ എന്നിവ ലഘൂകരിക്കുകയും  ചെയ്യുന്നു.

എല്ലാം ദൈവത്തിന്റെ നിയന്ത്രണത്തിൽ ആണെന്ന് വിശ്വസിക്കുന്നത് മനസ്സിലെ വൈകാരിക തിരമാലകളെ ശാന്തമാക്കുവാൻ സഹായിക്കുന്നു. “എല്ലാം ഞാൻ തന്നെ കൈകാര്യം ചെയ്യണം” എന്ന സമ്മർദ്ദ ചിന്ത കുറയും

പ്രാർത്ഥനയിലൂടെ ദൈവത്തോട് സംസാരിക്കുന്നതും   വിഷമങ്ങൾ തുറന്നു പറയുന്നതും സൈക്കോതെറാപ്പി പോലെ വൈകാരിക പ്രസരണത്തിനും പിരിമുറുക്കം ലഘൂകരിക്കുവാനും സഹായകമാകുന്നു.

ഇതൊക്കെ യുക്തിസഹമാണോ?

  യാഥാർത്ഥ്യത്തെ വ്യത്യസ്തമായ കാഴ്ചപ്പാടിൽ വ്യാഖ്യാനിക്കാൻ, വിശ്വാസം ബ്രയിനിന് ഒരു പുതിയ ചട്ടക്കൂട് (frame work)നൽകുന്നു. അത് വൈകാരികവും ശാരീരികവുമായ അവസ്ഥകളെ നേരിട്ട് സ്വാധീനിക്കുന്നു. അതുകൊണ്ട് വിശ്വസിക്കുന്നവരെ സമ്പന്ധിച്ചിടത്തോളം വിശ്വാസം യുക്തിസഹമാണ്.

മെഡിക്കൽ കെയറും മനഃശാസ്‌ത്ര ചികിത്സയും അത്യാവശ്യമുള്ള ഘട്ടങ്ങളിൽ  വിശ്വാസവും അനുഷ്ടാനങ്ങളും  പകരമാവില്ല.

എന്നാൽ രോഗശാന്തി പ്രക്രിയയെ പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനും വിശ്വാസത്തിന് കഴിയും. ഈ അർത്ഥവത്തായ സംയോജനം  ഒരു വ്യക്തിയുടെ ശാരീരികവും  വൈകാരികവും ആത്മീയവുമായ സമ്പുർണ്ണ സൗഖ്യത്തിന്  (holistic healing)സഹായകമാകും. അതെ, വിശ്വാസവും ഭക്തിയും ശക്തമായ ഒരു ആന്തരിക റെഗുലേറ്ററാണ്.

സംഘടിത മതങ്ങളിൽ കണ്ടുവരുന്ന മൂല്യച്യുതിയും  തിന്മകളുമാണ് ഈശ്വര ഭക്തിയുടെയും അനുഷ്ഠാനങ്ങളുടെയും മൂല്യം കുറച്ചു കാണുവാൻ പലർക്കും പ്രേരണയാകുന്നത്.  സർവ്വശക്തനുമായുള്ള വ്യക്തിപരമായ ആത്മബന്ധം സൗഖ്യദായകവുമാണ്.

മനസ്സ് നമ്മുടെ യജമാനനല്ല,  അത് നിത്യജീവിതത്തെ ക്വാളിറ്റി ഉള്ളതാക്കുവാൻ സഹായിക്കുന്ന ഉപകരണമാണ്. മനസ്സിനെ നിയന്ത്രണമില്ലാതെ വിട്ടാൽ, അത് കുസൃതി കുട്ടിയാകും. ബുദ്ധിപരമായി നയിക്കുമ്പോൾ അത് ശരീര മനസ്സുകളിൽ ഹാർമണി സൃഷ്ടിക്കും .