Saturday, June 13, 2026

റവ. നിർമ്മലൻ

   

                                             

തട്ടേമ്മേൽ പള്ളിയുടെ കിഴക്കുഭാഗത്ത് ഒരു 'തെമ്മാടി കോളനി' ഉണ്ട്. 
അതിൽ മുഴുവനും പാപികളാണ് താമസിക്കുന്നത്- കള്ളവാറ്റുകാർ, പിടിച്ചുപറിക്കാർ, മോഷ്ടാക്കൾ, അധർമ്മികൾ... അങ്ങനെ ഒരു പാരമ്പര്യ  സത്യ ക്രിസ്ത്യാനിക്ക് കടന്നു ചെല്ലാൻ കൊള്ളാത്ത,  'സിൻഫുൾ സിന്നേഴ്സ്' കോളനി.

കോടമ്പാക്കം റിട്ടേൺഡ് മരിയ ചേച്ചിയാണ് കോളനിയുടെ വായും തൂണും. അവരുടെ കൊളോണിയൽ വാഴ്ചയുടെ മഹത്തായ 18 വർഷം പിന്നിട്ടു കഴിഞ്ഞു. കോളനിയിലെ അധോലോക നായകരും കവല ചട്ടമ്പികളും വാടക ഗുണ്ടകളും മരിയ ചേച്ചിയുടെ മുൻപിൽ വിനീത ദാസരാണ്. ഘാതക ധിക്കാരികളെ  വരച്ചവരയിൽ നിർത്തുവാൻ തക്ക മാഗ്നെറ്റിക് പവറാണ് അവരുടെ കണ്ണുകൾക്ക്.

മധുര പത്തൊൻപതിന്റെ  ഉൾത്തിരയിൽ പെട്ട്,  വെള്ളിത്തിരയിൽ ആടിപ്പാടാൻ മരിയ  കോടമ്പാക്കത്തേക്ക് ഒളിച്ചോടി. അഭ്രപാളികളിൽ രണ്ടുമൂന്നു തവണ മിന്നി മറഞ്ഞപ്പോഴേക്കും വന്‍സ്രാവുകൾ വെട്ടി ഇരയാക്കി. പിന്നെ  ഈ കോളനിയിൽ വന്നടിയുകയായിരുന്നു.

ഒരു ക്രിസ്തീയ കുടുംബത്തിൽ,  പ്രാർത്ഥനാശീലമുള്ള മാതാപിതാക്കളുടെ മകളായി വളർന്നവളായിരുന്നു  മരിയ. ശ്രുതിഭംഗം വന്ന തന്റെ ജീവിതത്തെ ഒന്ന് ചിട്ടപ്പെടുത്തണമെന്ന  മോഹം മരിയയുടെ മനസ്സിൽ  ശക്തമായി തുടങ്ങിയിട്ട് കുറച്ചുകാലമായി. കോടമ്പാക്കം തെരുവിൽ അനാഥ ബാലനായി അലഞ്ഞു നടന്ന നിർമ്മലനാണ് മരിയ ചേച്ചിക്ക് ഇപ്പോൾ കൂട്ട് . ഇപ്പോഴവന് പ്രായം പതിനാറ്. വൈകിട്ട് മരിയ ചേച്ചിയും നിർമ്മലനും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കും,  ബൈബിൾ വായിക്കും. നസ്രായൻ പാർക്കുന്ന മനസ്സാണ്  നിർമ്മലന്റേത്.

ഒരു ഞായറാഴ്ച  കോളനിയിലെ എല്ലാ ക്രിസ്തിയ കുടുംബങ്ങളെയും മരിയ ചേച്ചി വീട്ടിൽ പ്രാർത്ഥനയ്ക്ക്  ക്ഷണിച്ചു. ചേച്ചി എല്ലാവരോടുമായി പറഞ്ഞു:
' നമുക്ക് ഇങ്ങനെ പോയാൽ മതിയോ? ജീവിക്കാൻ വേണ്ടി നമ്മൾ ചെയ്യുന്ന അതിക്രമങ്ങൾക്ക് ദൈവ മുമ്പാകെ ഒരിക്കൽ സമാധാനം പറയേണ്ടിവരും. നമ്മളോ ഇങ്ങനെ വഴി തെറ്റിപ്പോയി. നമ്മുടെ കുട്ടികളും ഇതുപോലെ നശിച്ചുപോയാൽ അതിന്റെ കുറ്റം നമുക്കായിരിക്കും.  പള്ളിയും പട്ടക്കാരുമായി ജീവിക്കേണ്ടവരാണ് നമ്മൾ.  കൂടിയാൽ എഴുപത്, അല്ലെങ്കിൽ ഒരു പത്തും കൂടെ. അതും കഴിഞ്ഞാലോ?'

'ഇപ്പൊ എന്തു ചെയ്യണമെന്നാ ചേച്ചി പറയുന്നത്?' അധോലോക പ്രജയായ പാപ്പച്ചൻ ചോദിച്ചു.

'നമ്മൾ  ഇടവക ചേരണം. കുട്ടികളെ സൺഡേ സ്കൂളിൽ വിടണം. വീടുകളിൽ  രണ്ടുനേരം  പ്രാർത്ഥിക്കണം. കട്ടും മോഷ്ടിച്ചുള്ള ജീവിതം നിർത്തണം. ജോലിയെടുത്ത് ജീവിക്കണം.  പാപ്പച്ചൻ തട്ടേമ്മേൽ പള്ളിയിൽ ചെന്ന് വികാരിയച്ചനോട്  നമുക്ക് ഇടവക ചേരണമെന്ന്  പറയ് '

വാറ്റു ലോബി നേതാവായ ശീമോൻ പിറുപിറുക്കുന്നത് മരിയ ചേച്ചി ശ്രദ്ധിച്ചു. ശീമോന്റെ മക്കളെ അടുത്ത് വിളിച്ച് തലയിൽ കൈ വെച്ച് ചേച്ചി പറഞ്ഞു: 'ശീമോനെ, നോക്ക് ഇവർക്ക് വേണ്ടത് ചതിച്ചും കൊള്ളയടിച്ചും വാരിക്കൂട്ടുന്ന പണമല്ല,  ദരിദ്രനാണെങ്കിലും അധ്വാനിച്ച് അഭിമാനത്തോടെ ജീവിക്കുന്ന  ഒരു അപ്പനെയാണ്. അരുതാത്ത വഴികളിലൂടെ, തീ പിടിക്കുന്ന മുതൽ വാരിക്കൂട്ടിയിട്ട് എന്താ ശീമോനെ ഫലം? എല്ലാം കത്തി പോവില്ലേ? എന്റെ ഈ പ്രായത്തിനിടയ്ക്ക് ഞാനിത് ഒരുപാട്  കണ്ടതാണ്. നമ്മളൊന്ന് നേരെയായിട്ട് വേണം, കർത്താവിനെ അറിയാത്ത ഈ കോളനിയിലെ സഹോദരങ്ങൾക്ക് തിരു വചനം പറഞ്ഞു കൊടുക്കാൻ'

ശീമോൻ ഒന്നും മിണ്ടാതെ തലകുമ്പിട്ടിരുന്നു.

ഒരാഴ്ചയ്ക്ക് ശേഷം കൂടിയ യോഗത്തിൽ പാപ്പച്ചൻ തന്റെ മിഷൻ പ്രവർത്തന റിപ്പോർട്ട് സമർപ്പിച്ചു:

കോളനിക്കാരെ ഇടവക ചേർക്കുവാൻ തട്ടേമ്മേൽ പള്ളിക്കാർക്ക്‌ സമ്മതമല്ല. നമ്മളൊന്നും ഗുണം പിടിക്കാൻ പോകുന്നില്ലെന്നാണ് പള്ളിക്കാർ പറയുന്നത്.  മന്ത്രിയും എംഎൽഎയും വലിയ ഉദ്യോഗസ്ഥരും പണക്കാരും വരുന്ന 'വലിയ' പള്ളിയാണ്. കോളനിക്കാർ ചെന്നാൽ പിന്നെ അവർ വരില്ലാത്രെ!  പള്ളിയും കക്കൂസുമൊക്കെ കോളനിക്കാർ വൃത്തികേടാക്കും എന്നാണ് അവരുടെ പേടി. കോളനിയിലെ പിള്ളേർ പള്ളിയിൽ വരുന്നവരുടെ ചെരുപ്പ് മോഷ്ടിക്കും എന്നാണ് ട്രസ്റ്റിയുടെ ഭയം. എന്തായാലും ആളുകളുടെ എതിർപ്പൊന്നും നോക്കാതെ,  വികാരി ജോണച്ചൻ  തിരുമേനിക്ക് കത്ത്  തന്നു .

കത്തുമായി തിരുമേനിയെ കാണാൻ ചെന്നപ്പോൾ,  കൈലി മുണ്ടുടുത്ത് തിരുമേനിയെ കാണാൻ പറ്റില്ലെന്നായി ഓഫീസ് സെക്രട്ടറി. 'എന്നാൽ വഴിയിൽ വച്ച് കാണേണ്ടി വരും' എന്നു പറഞ്ഞപ്പോൾ  കത്ത് വാങ്ങി.  രണ്ടാഴ്ച കഴിഞ്ഞ് വരാൻ പറഞ്ഞു.

  അപേക്ഷ ഭദ്രാസന കൗൺസിലിന്റെ പരിഗണനക്കയച്ചു.  പരിപൂർണ്ണ വിയോജനക്കുറിപ്പോടെ കൗൺസിൽ അത്‌ ഹെഡ് ഓഫീസിലേക്ക്  തള്ളി. 'കോളനിക്കാർ ഒരു പള്ളി പണിത്, അച്ചന് ശമ്പളം കൊടുക്കുവാനുള്ള തുക സ്ഥിര നിക്ഷേപമായി ഡെപ്പോസിറ്റ് ചെയ്ത്, രസീത് അരമന ഓഫീസിൽ ഏൽപ്പിക്കുന്ന മുറയ്ക്ക്, ആണ്ടിൽ രണ്ടോ മൂന്നോ തവണ, ഏതെങ്കിലും റിട്ടയർ ചെയ്ത അച്ചനെ അയച്ചുതരാൻ ആലോചിക്കാം'  എന്ന് തിരുമനസ്സായി!

പാലും കമ്പ്ളിയും കിട്ടപ്പോരില്ലാത്ത  പള്ളാടുകളെ മേയ്ക്കാൻ ഇടയന്മാരെ കിട്ടാതെ കോളനിക്കാർ നിരാശരായി. എന്നാലും മരിയ ചേച്ചി പ്രത്യാശ കൈവെടിഞ്ഞില്ല. അവരുടെ വീട്ടിൽ  പ്രാർത്ഥനാ കൂട്ടായ്‌മ തുടർന്നു.

ഒരു ബുധനാഴ്ച രാത്രി, എല്ലാവരും ചേർന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ,  തോളിൽ ഒരു സഞ്ചിയും തൂക്കി,  മുടിയും താടിയും നീട്ടിയ ഒരു നാൽപതുകാരൻ അവർക്കിടയിലേക്ക് കടന്നുവന്നു.

' നീ ഏതാ മോനെ? ' മരിയ ചേച്ചി ചോദിച്ചു.

അയാൾ സ്വയം പരിചയപ്പെടുത്തി: ഞാൻ അടുത്ത പള്ളിയിലെ ജോണച്ചനാണ്.  ഇടവക മെമ്പർഷിപ്പ് നിഷേധിക്കപ്പെട്ട നിങ്ങളെ നേരിൽ കാണാനാണ് രാത്രിയിൽ രഹസ്യമായി  ഞാൻ വന്നത്.
എന്റെ പള്ളിക്കാർക്ക് വേണ്ടി ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. ഇടയനെ അന്വേഷിക്കുന്ന ഈ ചെറിയ ആട്ടിൻ കൂട്ടത്തോട് എനിക്ക് ചിലത് പറയാനുണ്ട്:
ഞാനും നിങ്ങളും  ഒരേ കുടുംബാഗങ്ങളാണ്. ചില പ്രത്യേക ജീവിത സാഹചര്യങ്ങളിൽ നമ്മളിൽ ചിലർ നേർ വഴിയിലും മറ്റു ചിലർ പെരുവഴിയിലും ഒക്കെ ആയെന്നുമാത്രം. നിങ്ങളെക്കുറിച്ചോർത്ത് വ്യസനിക്കുന്ന ഒരു പിതാവ്  സ്വർഗ്ഗത്തിൽ നിങ്ങൾക്കുണ്ട്.
സകല ജനങ്ങൾക്കുമുള്ള മഹാ സന്തോഷമായി ഭൂമിയിൽ ജനിച്ച, മേരിയുടെ മകനായ യേശു ക്രിസ്തു നിങ്ങളെക്കാൾ ദരിദ്രനായിരുന്നു. പള്ളിപ്രമാണികളും പുരോഹിത ശ്രെഷ്ഠരും അവനെ ഭൂതഗ്രസ്ഥൻ, തച്ചൻ, ദൈവദൂഷകൻ എന്ന് വിളിച്ചു പരിഹസിച്ചു.
അവന്റെ അടുത്തു വന്നവരെയെല്ലാം അവൻ  കരുണയുടെ കരങ്ങളിൽ ചേർത്തു നിർത്തി. തൊണ്ണൂറ്റിയോൻപതിനെയും വിട്ടിട്ട്,  നഷ്ടപെട്ട ഒന്നിനെ തേടി  മുൾക്കാടുകളിൽ അലയുന്നത് അവന്റെ നിർബന്ധ ശീലമായിരുന്നു. തൊട്ടുകൂടാത്തവരെയും പാളയത്തിന്  പുറത്താക്കപെട്ടവരെയും അവൻ സ്നേഹപൂർവ്വം സ്വീകരിച്ചു. പഠിപ്പില്ലാത്ത മുക്കുവരായിരുന്നു  അവന്റെ ഉറ്റ ചങ്ങാതിമാർ.

ആത്മ ശരീര മനസ്സുകളിൽ രോഗം ബാധിച്ചവരും  പാപവഴിയിൽ വഴിതെറ്റിപോയവരും നിറമിഴികളോടെ അവന്റെ മുൻപിൽ നിന്ന് തേങ്ങി. അവരെയൊക്കെ അവൻ ഹൃദയത്തിൽ ചേർത്തു നിർത്തി. അവരോട് സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പങ്കുവെച്ചു.
'ഈ മനുഷ്യനിൽ ഞാൻ ഒരു കുറ്റവും കാണുന്നില്ല, നിങ്ങൾ ഇവനെ കൊണ്ടുപോയി ക്രൂശിക്കു...' എന്നായിരുന്നു അവനെതിരായ പീലാത്തോസിന്റെ തലതിരിഞ്ഞ വിധി. ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് നമുക്കെല്ലാവർക്കും വേണ്ടി കാൽവരിക്കുരിശിൽ പാപ പരിഹാര ബലിയായി തീർന്നു.
ഇപ്പോൾ സ്വർഗ്ഗത്തിൽ നമ്മുടെ മധ്യസ്ഥനായി വാഴുന്ന  കർത്താവിന്റെ  പ്രിയ സുഹൃത്തുക്കളാണ് നിങ്ങൾ. സ്വർഗ്ഗത്തിലെ അപ്പന്റെ സ്വന്തം മക്കളാണ് നിങ്ങൾ...
'ആമ്മീൻ ഹല്ലേലുയ്യ, സ്തോത്രം ' - ജനം അത്യുച്ചത്തിൽ അട്ടഹസിച്ചു.
അച്ചൻ മുന്ന്  രാത്രി തിരുവചന ശുശ്രുഷ നടത്തി. എല്ലാവർക്കും ബൈബിൾ വിതരണം ചെയ്തു.  പശ്ചാത്താപത്തിന്റെ  കണ്ണുനീരിൽ ആദ്രവാനായ നസറായൻ ആത്മഹർഷത്തോടെ അവർക്ക് നടുവിലിരുന്നു.
ഒരു രാത്രികൊണ്ട് മരിയ ചേച്ചിയുടെ വീടിനു മുൻപിൽ ഒരു ഓലപ്പള്ളി ഉയർന്നു. അവിടെ അച്ചൻ വിശുദ്ധ കുർബാന അർപ്പിച്ചു. എല്ലാവരും കർത്താവിന്റെ തിരുശരീര രക്തങ്ങളുടെ പങ്കാളികളായി. വിണ്ടുണങ്ങി വരണ്ട ഹൃദയങ്ങളിലേക്ക് ക്രൂശിലെ സ്നേഹം ജീവജല നദിയായി ഒഴുകി. സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലുമായി! ക്രൂശിൽ നിവൃത്തിയായത് അവിടെ പൂർത്തിയായി!

തിരിച്ചു പോകുമ്പോൾ അച്ചൻ പറഞ്ഞു : ഇനി നിങ്ങൾ പ്രാർത്ഥനാ കൂട്ടായ്മ  തുടരണം. കർത്താവിനോട് ചേർന്നിരുന്ന് ആരാധിക്കണം.
പ്രിയ സഹോദരങ്ങളെ, നിങ്ങൾ അന്യരും അനാഥരുമല്ല, സ്വർഗ്ഗത്തിലെ അപ്പന്റെ  സ്വന്തം മക്കളാണ്.

' ഇനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ആരുണ്ടച്ചാ?' മരിയ ചേച്ചി വിതുമ്പി.

നിർമ്മലനെ അടുത്ത് വിളിച്ച്, തലയിൽ കൈവച്ച് പ്രാർത്ഥിച്ച്, അച്ഛൻ പറഞ്ഞു:
'ഇവൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും. ഞാൻ ഇവനെ പഠിപ്പിക്കും. ഈ ചെറിയ ആട്ടിൻകൂട്ടത്തെ മേയ്ക്കുന്ന റവ. നിർമ്മലനാകും.
ഈ തെമ്മാടി കോളനി ക്രിസ്തുവിന്റെ സാക്ഷികളുടെ വിശുദ്ധ സംഘമാകും'
-fr. dr. a. p. george

No comments:

Post a Comment