Tuesday, July 21, 2026

സില നേരംഗളിൽ സില മനിതർകൾ..

     .

നമ്മൾ പലപ്പോഴും ഒരാളെ വിലയിരുത്തുന്നത് അദ്ദേഹത്തിന്റെ ഒരു നിമിഷത്തെ പെരുമാറ്റം കണ്ടാണ്. പെരുമാറ്റവും (Behavior)  സ്വഭാവവും (Character)  ഒരേ കാര്യമല്ല എന്നതാണ് മനശാസ്ത്ര വീക്ഷണം.  പെരുമാറ്റം പലപ്പോഴും സാഹചര്യങ്ങളുടെയും വൈകാരിക സംഘർഷങ്ങളുടെയും  സമ്മർദ്ദങ്ങളുടെയും ഫലമാണ്. എന്നാൽ സ്വഭാവം,  ഒരു വ്യക്തിയുടെ ആന്തരിക മൂല്യങ്ങളും ധാർമ്മിക ബോധവും ജീവിതത്തെ നയിക്കുന്ന അടിസ്ഥാന തത്വങ്ങളുമാണ്.

ഒരു വ്യക്തി അമിത സമ്മർദ്ദത്തിലോ ദുഃഖത്തിലോ ഭയത്തിലോ ആയിരിക്കുമ്പോൾ അസ്വസ്ഥമായി പ്രതികരിച്ചേക്കാം. ഉറക്കക്കുറവ്, മാനസിക ക്ഷീണം, ജോലിഭാരം, കുടുംബപ്രശ്നങ്ങൾ, പഴയ മുറിവുകളുടെ ഓർമ്മകൾ—ഇവയെല്ലാം താൽക്കാലികമായി പെരുമാറ്റത്തെ സ്വാധീനിക്കും. അതുകൊണ്ടാണ് സാധാരണ സൗമ്യനായ ഒരാൾ ചിലപ്പോൾ വൈകാരികമായി സംസാരിക്കുന്നത്. അത് തെറ്റായ പെരുമാറ്റമായിരിക്കാം, പക്ഷേ അത് അദ്ദേഹത്തിന്റെ യഥാർത്ഥ സ്വഭാവത്തെ മുഴുവനായി പ്രതിനിധീകരിക്കുന്നതല്ല.

ആരും കാണാത്തപ്പോൾ പോലും നാം ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ്, സ്വഭാവം. സാധാരണക്കാരോട്  എങ്ങനെ പെരുമാറുന്നു, തെറ്റ് സംഭവിച്ചാൽ അത് സമ്മതിക്കുന്നുണ്ടോ, മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്നുണ്ടോ, കടക്കാർക്ക് മാപ്പ് കൊടുക്കുവാൻ തയ്യാറാണോ, സത്യസന്ധതയും കരുണയും കാത്തുസൂക്ഷിക്കുന്നുണ്ടോ—ഇവയാണ് യഥാർത്ഥ സ്വഭാവത്തിന്റെ അടയാളങ്ങൾ. നല്ല സ്വഭാവമുള്ളവർക്ക് പോലും ചിലപ്പോൾ, ചില നേരങ്ങളിൽ  പെരുമാറ്റത്തിൽ വീഴ്ചകൾ സംഭവിക്കാം. എന്നാൽ അവർ തെറ്റ് തിരിച്ചറിയുകയും തിരുത്താൻ തയ്യാറാകുകയും ചെയ്യും. അതാണ് അവരുടെ മഹത്വം.

മനഃശാസ്ത്രപരമായി നോക്കുമ്പോൾ, പെരുമാറ്റം മാറ്റാൻ താരതമ്യേന എളുപ്പമാണ്.  പരിശീലനവും ബോധവൽക്കരണവും ആത്മനിയന്ത്രണവും ലഭിച്ചാൽ അതിൽ പുരോഗതി ഉണ്ടാകും. എന്നാൽ സ്വഭാവം രൂപപ്പെടുന്നത് ദീർഘകാല ജീവിതാനുഭവങ്ങളിലൂടെയും മൂല്യബോധത്തിലൂടെയുമുള്ള തുടർച്ചയായ തിരഞ്ഞെടുപ്പുകളിലൂടെയാണ്. ഓരോ സത്യസന്ധമായ തീരുമാനവും ഓരോ കാരുണ്യ പ്രവൃത്തിയും  ആത്മനിയന്ത്രണവും നമ്മുടെ സ്വഭാവത്തെ കൂടുതൽ ശക്തമാക്കുന്നു. അതുകൊണ്ട് ഒരാളുടെ ഒരു ദിവസത്തെ പെരുമാറ്റത്തിന്റെ പേരിൽ അദ്ദേഹത്തെ പൂർണ്ണമായി വിധിക്കുന്നതും  വിലയിരുത്തുന്നതും ശരിയല്ല.  ഒരാളുടെ തെറ്റായ പെരുമാറ്റത്തെ ന്യായീകരിക്കണമെന്നല്ല, അതിന് പിന്നിലെ മാനസിക സാഹചര്യങ്ങളും മനസ്സിലാക്കാൻ ശ്രമിക്കണം.

  മഹത്തായ സ്വഭാവം  പക്വതയുള്ള പെരുമാറ്റമായിത്തീരുന്നതാണ്  വ്യക്തിത്വത്തിന്റെ മഹത്വം. ആളുകളുടെ മുൻപിൽ നല്ലവരായി അഭിനയിക്കുന്നതല്ല,  ഉള്ളിൽ നല്ല മനുഷ്യനായിരിക്കുന്നതാണ് വ്യക്തിത്വത്തിന്റെ  ശ്രേഷ്ഠത.   സാഹചര്യങ്ങൾ പെരുമാറ്റത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും. എന്നാൽ സ്വഭാവമാണ് ജീവിതത്തിന്റെ ദിശ നിർണ്ണയിക്കുന്നത്.
സ്വഭാവരൂപീകരണത്തിൽ നിർണായകം പാരമ്പര്യമോ (Heredity), പരിസ്ഥിതിയോ (Environment) എന്ന ഡിബേറ്റ് ഇപ്പോഴും തുടരുകയാണ്.  മനഃശാസ്ത്ര  കാഴ്ചപ്പാടിൽ, പാരമ്പര്യവും പരിസ്ഥിതിയും  സ്വഭാവരൂപീകരണത്തിൽ പ്രധാനമാണ്. എന്നാൽ പക്വമായ വ്യക്തിത്വവും ഉത്തമ സ്വഭാവവും രൂപപ്പെടുന്നതിൽ പരിസ്ഥിതിയും അതിനോടുള്ള വ്യക്തിയുടെ ബോധപൂർവമായ പ്രതികരണവുമാണ് കൂടുതൽ നിർണായകമാകുന്നത്.

പാരമ്പര്യം വ്യക്തിക്ക്  അടിസ്ഥാന പ്രവണതകൾ നൽകുന്നു. ചിലർ സ്വാഭാവികമായി ശാന്തരായിരിക്കും, ചിലർ വികാരപ്രകടനത്തിൽ തീവ്രരായിരിക്കും. ചിലർ ധൈര്യശാലികളും മറ്റുചിലർ കൂടുതൽ ജാഗ്രതയുള്ളവരുമാകാം. ഇവ ജന്മസിദ്ധമായ സ്വഭാവപ്രവണതകളാണ്. എന്നാൽ ഇവ ഒരാളുടെ ധാർമ്മിക സ്വഭാവത്തെ മുൻകൂട്ടി നിശ്ചയിക്കുന്നില്ല.
പരിസ്ഥിതി—കുടുംബം, മാതാപിതാക്കളുടെ മാതൃക, അധ്യാപകർ, സുഹൃത്തുക്കൾ, സമൂഹം, ജീവിതാനുഭവങ്ങൾ, വിജയങ്ങളും പരാജയങ്ങളും—ഇവയൊക്കെയാണ് ആ പ്രവണതകളെ രൂപപ്പെടുത്തുന്നത്. അതിലുപരി, ഓരോ സാഹചര്യത്തിലും വ്യക്തി എടുക്കുന്ന തീരുമാനങ്ങളും ആവർത്തിച്ചുള്ള നല്ല തിരഞ്ഞെടുപ്പുകളും ക്രമേണ ശീലങ്ങളായി മാറുകയും, ആ ശീലങ്ങൾ സ്വഭാവത്തെ നിർമ്മിക്കുകയും ചെയ്യുന്നു.

ക്രിസ്തീയ കാഴ്ചപ്പാടിൽ ഇതിലും മഹത്തായ ഒരു ശക്തിയുണ്ട്—പരിശുദ്ധാത്മാവിന്റെ രൂപാന്തരപ്പെടുത്തുന്ന പ്രവർത്തനം. ജന്മസിദ്ധമായ ദൗർബല്യങ്ങളോ പ്രതികൂലമായ സാഹചര്യങ്ങളോ ഉണ്ടായാലും, ദൈവകൃപയിലൂടെയും ആത്മീയ പരിശീലനത്തിലൂടെയും അനുസരണയിലൂടെയും ദൈവ സ്വഭാവം മനുഷ്യനിൽ രൂപപ്പെടാം. മത തീവ്രവാദിയായിരുന്ന ശൗൽ എന്ന പൗലോസ് സ്നേഹത്തിന്റെ അപ്പോസ്തോലനായി മാറിയത് തികച്ചും വിസ്മയമാണ്. അതുകൊണ്ടാണ് ബൈബിൾ മനുഷ്യനെ തന്റെ ഭൂതകാലത്തിന്റെ തടവുകാരനായി കാണാതെ, ദൈവകൃപയാൽ മാറാൻ കഴിയുന്ന വ്യക്തിയായി അവതരിപ്പിക്കുന്നത്.

ചുരുക്കത്തിൽ:
പാരമ്പര്യം നമുക്ക്  പ്രവണതകളെ നൽകുന്നു.
പരിസ്ഥിതി നമ്മുടെ ശീലങ്ങളെ രൂപപ്പെടുത്തുന്നു.
നമ്മുടെ തിരഞ്ഞെടുപ്പുകൾ സ്വഭാവത്തെ രൂപപ്പെടുത്തുന്നു.
പരിശുദ്ധാത്മാവ് ആ സ്വഭാവത്തെ ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടുത്തുന്നു.

'നിങ്ങളെങ്ങനെ നിങ്ങളായെന്നു നിങ്ങൾക്കറിയാമോ?'
  - കടമ്മനിട്ട

-ഫാ. ഡോ. ഏ. പി. ജോർജ്

No comments:

Post a Comment