'ആഗോള ഭാഷകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിക്കുന്ന വാക്കാണ് 'സെക്സ്'. സെക്സിന് വലിയ കോമേഴ്‌ഷ്യൽ മൂല്യമുണ്ട്, അത് ക്യാമ്പസ്സുകളിലെ ഇളക്കമാണ്, സിനിമാ തിരക്കഥകളിലെ മുഖ്യ പ്രമേയമാണ്, സാഹിത്യ രചനകളിലെ താള ലയങ്ങളാണ്. അനുരാഗ ഗാനത്തിൽ മനസ്സ് മാദക നൃത്തം ചവിട്ടും.
ബ്രെയിനിന്റെ ബയോകെമിക്കൽ ഉത്സവമാണ് സെക്സ്!ലൈംഗികത യഥാർത്ഥത്തിൽ ആരംഭിക്കുന്നത് കിടപ്പുമുറിയിലല്ല, ബ്രെയിനിലെ 'ലവ് ലബോറട്ടറി'യിലാണ്. ലൈംഗിക ആകർഷണം ബ്രെയിനിലെ റിവാർഡ് സെന്ററുകളെ സജീവമാക്കുന്നുവെന്നാണ് ന്യൂറോ സയന്റിസ്റ്റുകളുടെ കണ്ടെത്തൽ. 'ഇത് അനുഭൂതിദയകമാണ് - വീണ്ടും ചെയ്യുക!' എന്ന് ഡോപാമൈൻ പോലുള്ള രാസവസ്തുക്കൾ മന്ത്രിക്കുമത്രെ!
പിന്നെ വരുന്നത് ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന 'ഓക്സിടോസിൻ' എന്ന ന്യൂറോ ഹോർമോൺ ആണ്. ഇതിനെ പലപ്പോഴും 'ബോണ്ടിംഗ് ഹോർമോൺ' എന്ന് വിളിക്കുന്നു. സ്നേഹപൂർവ്വമായ സ്പർശനം, ആത്മ ബന്ധം, വൈകാരിക അടുപ്പം എന്നിവയ്ക്കിടയിലാണ് ഇത് പുറപ്പെടുന്നത്.
ദമ്പതികൾക്ക് പരസ്പരം വിശ്വസിക്കാനും വേഗത്തിൽ ക്ഷമിക്കാനും വൈകാരിക സുരക്ഷിതത്വം അനുഭവിക്കാനും നിശബ്ദമായി സഹായിക്കുന്ന മജീഷ്യനാണ് ഓക്സിടോസിൻ.
ലളിതമായി പറഞ്ഞാൽ, ശരീരം രതി സുഖങ്ങളുടെ അടുപ്പവും ആനന്ദവും ആസ്വദിക്കുന്നതിന്റെ പിന്നിലെ രാസപ്രവർത്തനങ്ങൾ ബ്രെയിനിന്റേതാണ്. ആരോഗ്യകരമായ അടുപ്പവും ആഴത്തിലുള്ള വൈകാരിക ബന്ധവും പങ്കിടുവാൻ ദമ്പതികളെ ചേർത്തു നിർത്തുവാനുള്ള പ്രകൃതിയുടെ അമൂല്യ വരദാനങ്ങളാണിതൊക്കെ.
ദാമ്പത്യം നീണ്ടുനിൽക്കുന്നതിന്റെ പിന്നിൽ ബ്രെയിൻ കെമിസ്ട്രിയോടൊപ്പം 'ബോണ്ടിങ് കെമിസ്ട്രിയും' പ്രവർത്തിക്കുന്നുണ്ട്.
അതെന്താണ്?
ആത്മ ബന്ധം, വൈകാരിക സുരക്ഷ, പങ്കിടുന്ന അനുഭൂതിയും നർമ്മവുമൊക്കെയാണ് ബോണ്ടിങ് കെമിസ്ട്രിയുടെ ചേരുവകൾ. ജീവിത സായാഹ്നത്തിൽ പ്രണയത്തിന് രൂപവും ഭാവവും മാറുമെങ്കിലും, അനുരാഗത്തിന്റെ ആത്മഹർഷം തുടർന്നുകൊണ്ടിരിക്കുന്നതിന്റെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ് ബോണ്ടിങ് കെമിസ്ട്രിയാണ്.
ലൈംഗിക സ്വഭാവത്തിലെ വ്യതിയാനങ്ങളെപ്പറ്റി ആധുനിക മനഃശാസ്ത്രം ശ്രദ്ധേയ പഠനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.
ധാർമിക ബോധമില്ലാത്ത, വഴിതെറ്റിയ ലൈംഗികത മറ്റുള്ളവരുടെ സ്വകാര്യതയിലെ കടന്നുകയറ്റമാണ്. പരസ്പര ബഹുമാനം, ഉത്തരവാദിത്വം, സൗഹൃദം എന്നിവയിൽ അധിഷ്ഠിതമല്ലാത്ത ലൈംഗികത, സ്വയം കേന്ദ്രീകൃതമായ ഉത്തേജനം മാത്രമായിത്തീരുന്നു. ഇത് ബന്ധത്തെ ശക്തിപ്പെടുത്തുന്നതിന് പകരം ബോണ്ടിംഗ് കെമിസ്ട്രി ദുർബലമാകുന്നു.
വ്യക്തിത്വ വൈകല്യങ്ങളും ചില മനോരോഗങ്ങളും ലൈംഗിക അടുപ്പത്തെ വികലമാക്കും. ആരോഗ്യകരമായ ബന്ധങ്ങൾക്ക് അത്യന്താപേക്ഷിതമായ വൈകാരിക നിയന്ത്രണം, വിശ്വാസം, അടുപ്പം, സെൽഫ് ഇമേജ് എന്നിവയെ രോഗവും വൈകല്യവും വികലമാക്കുന്നതാണ് കാരണം. അനിയന്ത്രിതമായ ലൈംഗിക പെരുമാറ്റം, സെക്സ് ഫോബിയ, സാഡിസം, മിഥ്യാധാരണകൾ, വൈകാരിക അകൽച്ച, ഇണയെ നിയന്ത്രിക്കുവാൻ ലൈംഗികത ഉപയോഗിക്കുക തുടങ്ങിയ അനാരോഗ്യ പെരുമാറ്റങ്ങൾ ഇണക്ക് പ്രതിസന്ധികളാണ്. തൽഫലമായി, ലൈംഗിക പ്രവർത്തനങ്ങൾ സ്നേഹത്തിൻ്റെയും പരസ്പര ബന്ധത്തിൻ്റെയും അനുഭവമാകുന്നതിനു പകരം സ്വാർത്ഥ ആവശ്യങ്ങൾക്കുള്ള ഒരു ഉപാധിയായി തീർന്നേക്കാം .
വിശ്വാസത്തിൻ്റെയും ഐക്യത്തിൻ്റെയും സമർപ്പണമായും പരസ്പര ഉടമ്പടി ബന്ധത്തിന്റെ ഒരു വിശുദ്ധ ഭാഷയായും ലൈംഗികതയെ ബൈബിൾ അവതരിപ്പിക്കുന്നു.
ദാമ്പത്യത്തെ പറ്റിയുള്ള, "ഇരുവരും ഒന്നായിത്തീരുന്നു" എന്ന പുരാതന ആശയം, ആത്മീയ ഉൾക്കാഴ്ചയെയും ആധുനിക ന്യൂറോ സയൻസിന്റെ കണ്ടെത്തലുകളെയും പ്രതിഫലിപ്പിക്കുന്നു. ഇമോഷണൽ ബോണ്ടിംഗ്, ഹോർമോണൽ ട്രിഗറിങ്ങ്, റിലേഷണൽ പ്രതിബദ്ധത എന്നിവയെല്ലാം ഒരേ ദിശയിൽ നീങ്ങുന്ന ദാമ്പത്യ സൗഹൃദം ഭൂമിയിലെ സ്വർഗ്ഗിയ അനുഭവമാണ്. ആ സുകൃതാനുഭവത്തിന്റെ ഹർഷോന്മോദത്തിൽ ശലോമോൻ പടി :
'അത്തിമരം കായ്‌ച്ചുതുടങ്ങി. മുന്തിരിവള്ളികള്‍ പൂത്തുലഞ്ഞ് സുഗന്‌ധം പരത്തുന്നു. എന്റെ ഓമനേ, എന്റെ സുന്‌ദരീ,എഴുന്നേല്‍ക്കുക; ഇറങ്ങി വരിക.
എന്റെ മാടപ്പിറാവേ, പാറയിടുക്കുകളിലും ചെങ്കുത്തായ മലയോരത്തിലെ പൊത്തുകളിലും ജീവിക്കുന്ന നിന്റെ മുഖം ഞാനൊന്നു കാണട്ടെ. ഞാന്‍ നിന്റെ സ്വരമൊന്നു കേള്‍ക്കട്ടെ. നിന്റെ സ്വരം മധുരമാണ്; നിന്റെ മുഖം മനോഹരമാണ്...'
(ഉത്തമഗീതം 2 : 13-14)
Sex is not merely recreation—it is relation.
ആരോഗ്യകരമായ ദാമ്പത്യത്തിലെ 'ജേർണി ഓഫ് ലവ്' പുരോഗമിക്കുമ്പോൾ, അടുപ്പവും ട്രസ്റ്റും ലൈംഗികതയുടെ അനുബന്ധ സാധ്യതകളായി വളരുന്നു. 'ഞാൻ നിങ്ങൾക്കൊപ്പമുണ്ട്,' ന'മ്മൾ ഒരുമിച്ച് സുരക്ഷിതരാണ്...' തുടങ്ങിയ ബോണ്ടിങ് ഫീലിംഗ് ഉണ്ടാക്കുന്ന മെന്റൽ സെറ്റ് ലൈംഗികതയിൽ നിന്ന് ഉൽഭവിക്കുന്ന സൂപ്പർ പവർ ആണ്.
ദാമ്പത്യത്തിൽ പരസ്പരം പങ്കുവയ്ക്കുന്ന നർമ്മം, വൈകാരിക സൗഹൃദം, ക്ഷമ, മാന്യമായ അടുപ്പം എന്നിവ ഏകാന്തതയ്ക്കും സംഘർഷങ്ങൾക്കും എതിരെ പ്രതിരോധം സൃഷ്ടിക്കുന്നു. സൗഹൃദ പങ്കാളികൾ മെച്ചപ്പെട്ട മാനസികാരോഗ്യവും കുറഞ്ഞ ഉത്കണ്ഠയും അനുഭവിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.
വികാരങ്ങളിൽ പൊതിഞ്ഞ ജീവശാസ്ത്രം, മൂല്യങ്ങളാൽ നയിക്കപ്പെടുന്ന മനഃശാസ്ത്രം, മനുഷ്യബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള ഒരു ദൈവിക സമ്മാനം... എന്നൊക്കെ സെക്സെന്ന മാന്ത്രിക രസതന്ത്രത്തെ നിർവചിക്കാം.
മസ്തിഷ്ക രസതന്ത്രം, ഉപാധികളില്ലാത്ത സ്നേഹം, ധാർമ്മിക ജ്ഞാനം എന്നിവ സഹകരിക്കുമ്പോൾ, പങ്കാളികൾക്കിടയിലെ അടുപ്പം കേവലം "സെക്സി" ആകുന്നതിന് പകരം ആഴമുള്ള ദിവ്യാനുഭവം ആയിത്തീരുന്നു.
സന്തുഷ്ടരായ ദമ്പതികൾ ഒടുവിൽ കണ്ടെത്തുന്ന ഒരു വിസ്മയ സത്യമുണ്ട് :
ആകർഷണത്തിൽ നിന്ന് ആരംഭിക്കുന്ന പ്രണയം, ഉള്ളവും ഉള്ളതും പങ്കുവെക്കുന്ന സ്‌നേഹം, ചിരി, ക്ഷമ എന്നിവയിലൂടെ അടർത്തി മാറ്റാനാവാത്ത ശാശ്വത ആത്മ ബന്ധമായി വളരുന്നു. അതുകൊണ്ട്, കൂടുവിട്ട് ഇണക്കിളി പറന്നുപോകുന്നതും, കടത്തുവള്ളം യാത്രയാകുമ്പോൾ കടവിൽ ഒറ്റക്കാകുന്നതും സഹിക്കാനാവില്ല...
വിരഹ ദുഃഖത്തിന് ഫാർമക്കോളജി ഇനിയും മരുന്ന് കണ്ടുപിടിച്ചിട്ടുമില്ല.
Great sex is less about performance and more about presence!
--ഫാ. ഡോ. ഏ. പി. ജോർജ്
No comments:
Post a Comment