ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന ക്രിസ്തുവിന്റെ ഉപദേശം അനുസരിക്കുവാൻ അത്ര എളുപ്പമല്ല. ശത്രുവിനോട് തിരിച്ച് പ്രതികരിക്കാതിരിക്കാം, ഒഴിഞ്ഞുമാറാം, ദീർഘ ക്ഷമയോടെ പീഡനങ്ങൾ സഹിക്കാം. പക്ഷേ നിഷേധ ചിന്തകളും വികാരങ്ങളും ഇല്ലാതെ ശത്രുവിന് വേണ്ടി പ്രാർത്ഥിക്കുന്നതാണ് ചലഞ്ച്.
ഉപദ്രവിച്ചവർക്ക് പാപക്ഷമ കൊടുത്തു കൊണ്ടുള്ള ക്രിസ്തുവിന്റെ പ്രാർത്ഥന വ്യക്തമാക്കുന്നത് ഉപാധികളില്ലാത്ത ദൈവസ്നേഹത്തിന്റെ ആഴമാണ്. ലോക മതങ്ങളും മത നേതാക്കന്മാരും ക്രിസ്ത്യാനികളും ഈ പ്രാർത്ഥനയുടെ മുമ്പിൽ ചെറുതായി പോകുന്നു.
മുറിവേൽപ്പിച്ചവരോട് ക്ഷമിക്കുവാൻ സ്വർഗ്ഗസ്ഥ പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ മനസ്സിലെ പ്രതികാര- പ്രതിലോമ വികാരങ്ങൾ ശാന്തമാകുന്നതായി പലരും സാക്ഷ്യം പറഞ്ഞു കേട്ടിട്ടുണ്ട്. ശത്രു ദോഷത്തിനായി നിഷേധ പ്രാർത്ഥനകളും വഴിപാടുകളും കഴിക്കുന്നവരുടെ മനസ്സിലെ വികാര കൊടുങ്കാറ്റും തിരമാലകളും ഒരിക്കലും ശാന്തമാവില്ല. അനുസരണമില്ലാതെ കാട്ടുകുതിരയെ പോലെ കുതിക്കുന്ന ഇവരുടെ മനസ്സ് അക്രമത്തിൽ നിന്നും അക്രമങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കും. ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതുവരെ ഇവർക്ക് ആന്തരിക സമാധാനവും ശാന്തിയും ലഭിക്കില്ല.
ശത്രുക്കളെ കീഴ്പ്പെടുത്തുവാനും തിരിച്ചടിക്കുവാനും കൊന്നുകളയുവാനും ആയുധങ്ങളും ആപത്കരമായ സന്നാഹങ്ങളും ഒരുക്കുന്ന ലോകത്തോട് ബൈബിളിന് പറയാനുള്ളത് ക്ഷമയുടെയും ആത്മസമയമനത്തിന്റെയും സന്ദേശമാണ്:
'എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന് ശിഷ്‌ടരുടെയും ദുഷ്‌ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.'
മത്തായി 5 : 44-45
'എന്നാല്‍, നിങ്ങള്‍ ശത്രുക്കളെ സ്‌നേഹിക്കുവിന്‍. തിരിച്ചു കിട്ടും എന്നു പ്രതീക്‌ഷിക്കാതെ മറ്റുള്ള വര്‍ക്കു നന്‍മചെയ്യുകയും വായ്‌പ കൊടുക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങള്‍ അത്യുന്നതന്റെ പുത്രന്‍മാരായിരിക്കുകയുംചെയ്യും. കാരണം, അവിടുന്നു നന്‌ദിഹീന രോടും ദുഷ്‌ടരോടും കരുണ കാണിക്കുന്നു.'
ലൂക്കാ 6 : 35
'നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അതു ക്‌ഷമിക്കുവിന്‍.
അപ്പോള്‍ സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കും.'
മര്‍ക്കോസ് 11 : 25-26
'ഇതാണ് എന്റെ കല്‍പന: ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കണം.'
യോഹന്നാന്‍ 15 : 12
എന്തിനാണ് ശത്രുക്കളെ സ്നേഹിക്കുവാനും അവർ വരുത്തുന്ന കഷ്ടനഷ്ടങ്ങൾക്ക് പകരം ചോദിക്കാതിരിക്കുവാനും ക്രിസ്തു പഠിപ്പിച്ചത്? മുറിവേറ്റവർ മുട്ടുമടക്കുകയും പ്രതികരിക്കാതിരിക്കുകയും ചെയ്താൽ ശത്രു വെറുതെ ഇരിക്കുമോ? പൗരാവകാശം സംരക്ഷിക്കുവാൻ നിയമവും നിയമപാലകരും ഉള്ള ആധുനിക സംസ്കാരത്തിൽ ക്രൂരതയ്ക്ക് മുമ്പിൽ കീഴടങ്ങുന്നത് നിയമവ്യവസ്ഥയോടുള്ള നിസ്സഹകരണമല്ലേ ?
പൗരന് നിയമ വ്യവസ്ഥിതികളോട് സഹകരിക്കാനും വിധേയത്വം നിലനിർത്തുവാനും തീർച്ചയായും ബാധ്യതയുണ്ട്. അതോടൊപ്പം തന്നെ, 'ഞാനൊരു ക്രിസ്ത്യാനിയാണ്, എന്റെ ശത്രുവിന് ഞാൻ മാപ്പ് കൊടുക്കുന്നു' എന്നു പറയുന്നത് ഒരിക്കലും നിയമലംഘനം അല്ല.
ഒരാൾ ക്രിസ്തുവിൽ പുതിയ സൃഷ്ടിയാകുമ്പോൾ, പ്രതികാരം ഉപേക്ഷിക്കുവാനും ശത്രുക്കൾക്ക് മാപ്പ് കൊടുക്കുവാനും തീരുമാനമെടുക്കുന്നത് എത്ര ഉദാത്തമാണ് അല്ലേ? ഈ ജീവിത സമീപനങ്ങൾ കൊണ്ടാണ് ആദ്യകാല ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ സാക്ഷികളായി അണിനിരന്നത്.
ശത്രുക്കൾക്ക് വേണ്ടി സ്വർഗ്ഗസ്ഥ പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ, ആശ്വാസപ്രദൻ മുറിവേറ്റവരുടെ ആന്തരിക മുറിവുകളെ സൗഖ്യമാക്കും. മുറിവേൽപ്പിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥനകളിലൂടെ പ്രതിയോഗിയുടെ ഹൃദയത്തിലേക്കും പരിശുദ്ധാത്മാവ് കടന്നുചെല്ലും.
മുറിവേറ്റവരുടെ പ്രാർത്ഥന കൊണ്ട് കാട്ടാള മനസ്സ് ദിവ്യ ചൈതന്യം കൊണ്ട് നിറഞ്ഞ സാക്ഷ്യങ്ങൾ തിരുവചനത്തിൽ അനവധിയുണ്ട്. കാൽവരി കുരിശിലെ കള്ളനാണ് ഒന്നാം സാക്ഷി. ക്രിസ്തുവിന്റെ ശത്രുക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയായിരിക്കണം തസ്കരന്റെ ഹൃദയത്തിൽ കുറ്റബോധവും പറുദീസയ്ക്ക് വേണ്ടിയുള്ള താൽപര്യവും ഉണർത്തിയത്.
ആഗ്രഹ സാക്ഷാത്കാരത്തിനുള്ള ജനസഹസ്രങ്ങളുടെ പ്രാർത്ഥനകൾക്കിടയിൽ സ്വർഗ്ഗസ്ഥ പിതാവ് പ്രത്യേകം ശ്രദ്ധിക്കുന്ന പ്രാർത്ഥനയാണ്, ശത്രുക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥന. ക്രിസ്തുവിനും സ്റ്റീഫനും ആദ്യകാല ക്രിസ്ത്യാനികൾക്കും ശേഷം വിശ്വാസികൾ വളരെ കുറച്ചു മാത്രം പ്രാർത്ഥിക്കുന്ന ഒരു മിറക്കിൾ പ്രയർ ആണ് ഇത്.
മുറിവേൽപ്പിക്കുന്നവർ വ്യക്തിത്വ വൈകല്യമുള്ള വരും അവഗണനയും അസമത്വവും ചെറുപ്പത്തിൽ അനുഭവിച്ചു വരും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുമായിരിക്കാം. ഹൃദയത്തിൽ പ്രതികാര -നിഷേധ വികാരങ്ങളുടെ കൊടുങ്കാറ്റ് അടിക്കുന്നവരും ചിന്തകളിലും മനോഭാവത്തിലും മൂല്യബോധത്തിന്റെ വേലിക്കെട്ടുകൾ ഇല്ലാത്തവരുമാണ് ഇവർ. കഠിന ശിക്ഷകൾ കൊണ്ടൊന്നും അവരിലെ പ്രതികാരദാഹം തീരില്ല. ഹൃദയശൂന്യർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും വിശുദ്ധ കുർബാന ചൊല്ലുവാനും ഹൃദയം പങ്കിടുവാനും തയ്യാറുള്ള ക്രിസ്ത്യാനികളിലൂടെ മാത്രമേ ഇവരിൽ ആത്മ നവീകരണം സംഭവിക്കുകയുള്ളൂ.
മുറിവേൽപ്പിക്കുന്ന വരെ സ്നേഹിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും അത്ര എളുപ്പമല്ല. അതിന് സ്വന്തം മുൻവിധിയുടെ മതിലുകൾ ചാടി കടക്കണം. ശത്രുവിന്റെ വികല വ്യക്തിത്വത്തിലെ പൈശാചിക ഭാവത്തിന്റെ പിന്നാമ്പുറത്തേക്ക് കടന്നുചെല്ലണം . അതിന്, ക്രൂശിന്റെ ചുവട്ടിൽ നിന്ന് പരിഹസിക്കുന്ന പൗരോഹിത്യ പടയ്ക്കും പരീശക്കൂട്ടത്തിനും വേണ്ടി പ്രാർത്ഥിച്ച ക്രിസ്തുവിനോളം നമ്മൾ വളരണം. ഇത്ര ഉയരത്തിൽ വളരാനും വലിയ മനസ്സുള്ളവർ ആകാനും ആർക്കാണ് സാധിക്കുക? മനുഷ്യന് അസാധ്യമായത് ദൈവത്തിന്റെ സാധ്യമാണ്.
ജീവിത മുൾക്കാടുകളിൽ മുള്ളിലും കല്ലിലും വീണ് മുറിവേറ്റവർ പ്രതികാരദാഹികൾ ആയിരിക്കും. ഇവർക്ക് വേണ്ടി സ്വർഗസ്ഥ പിതാവിനോട് പ്രാർത്ഥിക്കുന്നവർക്ക് ക്രിസ്തുവോളം വളർന്ന ഒരു പുതിയ ഹൃദയം ദൈവം നൽകും , കൃപ കൊണ്ട് നിറഞ്ഞ വലിയൊരു ഹൃദയം.
ആത്മീയ വേദികളിൽ ആർത്തിരമ്പുന്ന ആരാധകർക്കിടയിൽ ക്രിസ്തു പ്രത്യേകം തിരയുന്നത് ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കളെയാണ്. അവരിൽ ഒരാൾ ആകുവാൻ ഇനിയും എനിക്ക് കഴിഞ്ഞിട്ടില്ലല്ലോ എന്നതാണ് എന്റെ ആത്മീയ പ്രതിസന്ധി.
☆
-ഫാ. ഡോ. ഏ. പി. ജോർജ്
No comments:
Post a Comment