Thursday, March 26, 2026

വിരുദ്ധ ചിന്തകളുടെ തടവുകാർ

              


'ഇവരോട് ക്ഷമിക്കണമെ' എന്ന കർത്താവിന്റെ ക്രൂശിലെ പ്രാർത്ഥന അനേകർക്ക് വേണ്ടിയായിരുന്നു: രക്തദാഹികളായ പൗരോഹിത്യ വൃന്ദം, റോമാ പടയാളികൾ, യൂദാസ്,  കള്ള സാക്ഷികൾ,  ചേവകർ,  പള്ളി പ്രമാണികൾ,  'അവനെ ക്രൂശിക്ക' എന്ന് ഏറ്റുപറഞ്ഞ ജനസമൂഹം, 'ഈ മനുഷ്യനിൽ ഞാൻ യാതൊരു തെറ്റും കാണുന്നില്ല, അവനെ കൊണ്ടുപോയി ക്രൂശിക്കുക' എന്ന് വിധിയെഴുതിയ പീലാത്തോസ്... ലിസ്റ്റ് അപൂർണ്ണമാണ്.

ക്രിസ്തു മാപ്പ് കൊടുത്ത ക്രൂശകരെ ശപിച്ചു പ്രാർത്ഥിക്കേണ്ട ബാധ്യത ക്രിസ്ത്യാനിക്കില്ല. മാനസാന്തരപ്പെടുവാൻ മനസ്സില്ലാത്തവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിൽ യുക്തിയുണ്ടെന്ന് ഈ പ്രാർത്ഥനയിലൂടെ ക്രിസ്തു നമ്മെ പഠിപ്പിക്കുകയായിരുന്നു.

ഘാതക ധിക്കാരികളോട് ക്ഷമിക്കേണ്ടതിന്റെ ആവശ്യം കൂടി ഈ പ്രാർത്ഥനയിൽ   ക്രിസ്തു പറഞ്ഞു:
'ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല,  അതുകൊണ്ട് ഇവരോട് ക്ഷമിക്കേണമേ.'

' അവന്റെ രക്തം ഞങ്ങളുടെയും ഞങ്ങളുടെ മക്കളുടെയും മേൽ വീഴട്ടെ' എന്ന് ആത്മിയ നേതൃത്വം അലറിയപ്പോൾ അണികൾ ആവേശത്തോടെ ഏറ്റുചൊല്ലി. ഈ സമൂഹത്തിൽ അജ്ഞരും ദിവസക്കൂലിക്ക് വിളിച്ച കള്ള സാക്ഷികളും പത്തു കൽപ്പനകൾ കേട്ടിട്ട് പോലും ഇല്ലാത്ത വിജാതീയരും യുവാക്കളും ശിശുക്കളും ഒക്കെ ഉണ്ടായിരുന്നിരിക്കാം. അവരെയൊക്കെ അറിവില്ലാതെ അപരാധം ചെയ്തവരുടെ ലിസ്റ്റിൽപ്പെടുത്താം.

പക്ഷേ, പീലാത്തോസിനെ ഭയപ്പെടുത്തി,  കൊലവിധി നേടിയെടുത്ത മഹാപുരോഹിതന്മാരും ശാസ്ത്രി -പരീശൻന്മാരും അറിവില്ലാത്തവരായിരുന്നോ? ന്യായപ്രമാണം ആഴത്തിൽ പഠിച്ച ഇവർക്ക്,  കൊല ചെയ്യരുത്,  കള്ള സാക്ഷ്യം പറയരുത് തുടങ്ങിയ ദൈവ കൽപ്പനകൾ അറിയാമായിരുന്നില്ലേ? അവരുടെ പാപക്ഷമക്കു വേണ്ടിയുള്ള പ്രാർത്ഥനയുടെ യുക്തിയെന്താണ്?

ഇതിനും യേശുവിന് തൃപ്തികരമായ ഉത്തരമുണ്ട്.

പാരമ്പര്യം,  അഹന്ത,  അധികാരം,  കപട ഭക്തി,  ഇടുങ്ങിയ ചിന്താഗതികളുടെ തടവറയ്ക്കുള്ളിലെ നിത്യ തടവുകാരായ, പാവം  ആത്മീയ കുരുടന്മാരായിരുന്നു ഇവർ. ഇവരുടെ രൂപാന്തരത്തിനു വേണ്ടി ക്രിസ്തു വിജനതയിലിരുന്ന്  ഏറെനേരം പ്രാർത്ഥിച്ചിട്ടുണ്ട്. ക്രൂശിൽ മരണവേദനയോടെ പ്രാർത്ഥിച്ചു. ഇന്നും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു.

ഇവരുടെ  രോഗബാധിതമായ  വികല വ്യക്തിത്വത്തിന്റെ പ്രൊഫൈൽ, സ്വാർഗ്ഗിയ വൈദ്യനായ ക്രിസ്തു  എത്ര ഭാവാത്മകമായിട്ടാണ് വിവരിച്ചത് :

' കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങികളയുകയും ചെയ്യുന്നവർ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നവർ, അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നവർ... '
( മത്തായി 23)
അധികാരമോഹമാകുന്ന ഭീകര രോഗം ബാധിച്ച് മനസ്സാക്ഷി മരവിച്ച,  ഇവർക്കു വേണ്ടിയാണ് ക്രിസ്തു പ്രാർത്ഥിച്ചത്. ഇവർക്ക് അറിവുണ്ട്, പക്ഷെ പരിശുദ്ധാത്മാവ് നൽകുന്ന തിരിച്ചറിവില്ല.

'പാരനോയിഡ് മതഭ്രാന്ത്' ഗുരുതര രോഗമാണ്. സ്കിസോഫ്രീനിയ,  സംശയരോഗം, ഒബ്സഷൻ തുടങ്ങിയ രോഗബാധിത വ്യക്തിത്വമുള്ളവർ മതത്തിൽ ചേക്കേറുകയും ഉന്നതസ്ഥാനത്ത് എത്തുകയും ചെയ്താൽ സർവ്വ ലോകത്തിനും ഭീഷണിയാകും. മാറ്റത്തിന് തയ്യാറില്ലാത്ത,   യുക്തിരഹിതമായി കടിച്ചു തൂങ്ങുന്ന ശിഥിലവ്യക്തിത്വങ്ങൾ ദൈവീക മൂല്യങ്ങളെ ചവിട്ടിമെതിക്കും.  ഇവരുടെ സൗഖ്യം മാത്രമാണ് ലോകസമാധാനത്തിനുള്ള ഏക വഴി.

കോൺ ക്രീറ്റ് സൗധങ്ങളായ ഇവരുടെ മനോഭാവങ്ങൾക്കുള്ളിൽ സ്നേഹവും കരുണയും കൊതിക്കുന്ന ഒരു പാവം മനുഷ്യൻ ഉണ്ട്. ചെറുപ്പത്തിൽ സമൂഹവും കുടുംബവും വികലമാക്കിയ ഇവരുടെ മനസ്സിന്റെ ആഴത്തിൽ കുഴിച്ചാൽ,  ദൈവസാദൃശ്യമുള്ള യഥാർത്ഥ മനുഷ്യനെ കണ്ടെത്താൻ കഴിയും. ഇവർക്ക് വേണ്ടത് കല്ലായ ഹൃദയം മാറ്റി,  മാംസള ഹൃദയം സ്ഥാപിക്കുവാനുള്ള സൗഖ്യദായക പ്രാർത്ഥനയാണ്. അതിന് വേണ്ടിയാണ് ക്രിസ്തു ക്രൂശിൽ പാപക്ഷമയുടെ പ്രാർത്ഥന ചൊല്ലിയത്. എനിക്കും നിങ്ങൾക്കും വേണ്ടി ക്രിസ്തു ഇപ്പോഴും ഈ പ്രാർത്ഥന സ്വർഗ്ഗത്തിൽ തുടർന്നുകൊണ്ടിരിക്കുന്നു.
മനുഷ്യ മനസ്സിന്റെ  രൂപാന്തരത്തിന് പ്രാർത്ഥനയേക്കാൾ ശക്തമായ മറ്റൊന്നും ഇതുവരെ മെഡിക്കൽ സയൻസിനും ടെക്നോളജിക്കും  കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. രക്തസാക്ഷിയായ സ്തേഫാനോസിന്റെ പ്രാർത്ഥനയായിരിക്കാം മൗലികവാദിയായ ശൗലിനെ സ്നേഹത്തിന്റെ അപ്പോസ്തോലനാക്കി മാറ്റിയത്.

'സഹോദരരേ, ഒരുവന്‍ എന്തെങ്കിലും തെറ്റിലകപ്പെട്ടാല്‍ ആത്‌മീയരായ നിങ്ങള്‍ സൗമ്യതയോടെ അവനെ വീണ്ടെടുക്കുവിന്‍. നിങ്ങളും പ്രലോഭിതരാകാതിരിക്കാന്‍ ശ്രദ്‌ധിച്ചുകൊള്ളുവിന്‍.
പരസ്‌പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട്‌ ക്രിസ്‌തുവിന്റെ നിയമം പൂര്‍ത്തിയാക്കുവിന്‍.'
ഗലാത്തിയാ 6 : 1-2

നമുക്കും മറ്റുള്ളവർക്കും വേണ്ടി കർത്താവിന്റെ ക്രൂശിലെ പ്രാർത്ഥന  സമർപ്പണത്തോടെ ചൊല്ലാം:
'യേശു പറഞ്ഞു: പിതാവേ, അവരോടു ക്‌ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന്‌ അവര്‍ അറിയുന്നില്ല. '
ലൂക്കാ 23 : 34

-ഫാ. ഡോ. ഏ. പി. ജോർജ്

No comments:

Post a Comment