Monday, January 26, 2026

ട്രോമ റിലീസ്


           

അമിത മനോഭാരങ്ങളും അടിച്ചമർത്തപ്പെടുന്ന സംഘർഷങ്ങളും മാനസികാരോഗ്യത്തിന് വെല്ലുവിളിയാണ്.

 

 എന്തൊക്കെയാണ് മനോഭാരങ്ങൾ?


 ജോലിയിലും കുടുംബത്തിലും സാമൂഹ്യ ജീവിതത്തിലും വളരെക്കാലം  തുടർന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ, മനസ്സിൽ സൂക്ഷിക്കുന്ന കുറ്റബോധം, പ്രതികാരം,  ഭയം,  ഉണങ്ങാത്ത വൈകാരിക മുറിവുകൾ,  ഉലയുന്ന ബന്ധങ്ങൾ തുടങ്ങിയവയൊക്കെ വൈകാരിക അമിത ഭാരങ്ങളാണ്.   സംഘർഷങ്ങളും പ്രതിസന്ധികളും പരിഹാരമില്ലാതെ ദീർഘകാലം തുടരുമ്പോൾ,  ചുമക്കുവാൻ കഴിയുന്ന ലോഡ് ലിമിറ്റിന്റെ പരിധി കടന്നേക്കാം. അത് ബ്രേക്ക് ടൗണിനുള്ള സാധ്യതകൾ വർദ്ധിക്കും.


   വൈകാരിക  പ്രതികരണ രീതി,  ജീവിത സംഭവങ്ങളെയും വെല്ലുവിളികളെയും വിലയിരുത്തുന്ന രീതി

( cognitive reappraisal) തുടങ്ങിയവയൊക്കെ മനോഭാരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വളരെ പ്രധാനപ്പെട്ടതാണെന്ന് മാനസിക ആരോഗ്യ പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.  വ്യക്തിത്വ വൈകല്ല്യങ്ങളും മനോരോഗങ്ങളും അതിജീവനശക്തിയെ വികലമാക്കാറുണ്ട്.

 

 അമിത വൈകാരിക ഭാരങ്ങൾ ദീർഘകാലം ചുമക്കേണ്ടി വരുമ്പോൾ ശരീരവും മനസ്സും പലവിധത്തിൽ മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കും:

 വിട്ടു മാറാത്ത ക്ഷീണം, കർമ്മ ശേഷി കുറവ്, അപകർഷതാബോധം,  ഉൽക്കണ്ഠയും വിഷാദവും, ഉറക്കസംബന്ധമായ അസ്വസ്ഥതകൾ,  ശമനമില്ലാത്ത വേദനകൾ, തീരുമാനമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, രോഗപ്രതിരോധശേഷി കുറവ്... തുടങ്ങിയവയൊക്കെ ഭാരം ചുമന്നു തളരുന്ന ശരീരത്തിന്റെയും മനസ്സിന്റെയും വിലാപങ്ങളാണ്.


 ഒരു ദിവസം കൊണ്ട് ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുവാൻ കഴിയില്ല.   സംഘർഷങ്ങളുടെ വേലിയേറ്റത്തിന്റെ ലോകത്ത് നമുക്ക് ജീവിച്ചേ പറ്റൂ. കുത്തഴിഞ്ഞ നമ്മുടെ ജീവിത പുസ്തകം തുന്നിക്കെട്ടി,  മനോഭാരങ്ങളുടെ വരവ് ചെലവുകൾ എഴുതി,  സന്തുലിതമായ ഒരു ബാലൻസ് ഷീറ്റ് നമ്മൾ തന്നെ ഉണ്ടാക്കണം. ഇതിന്,  'ട്രോമ റിലീസ്' അഥവാ 'Catharsis' എന്നാണ് സൈക്കോ തെറാപ്പിയിൽ പറയുന്നത്. 

അതിന്  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:


  അമിത കോപം,  ഭയം,സംശയം തുടങ്ങിയ ടോക്സിക് വികാരങ്ങളെ തിരിച്ചറിയുകയും അവയുടെ ലിസ്റ്റ് ഉണ്ടാക്കുകയും ചെയ്യുന്നത് വളരെ പ്രയോജനം ചെയ്യും. നിഷേധ വികാരങ്ങളെ നിരീക്ഷണ വിധേയമാക്കുമ്പോൾ, അവയുടെ  തീവ്രത കുറയ്ക്കാനും  മെച്ചമായി പ്രോസസ് ചെയ്യാനും സാധിക്കും.


  നമ്മുടെ ചുമലിൽ മറ്റുള്ളവർ വയ്ക്കുന്ന എല്ലാ ചുമടുകളും നമ്മൾ ചുമക്കേണ്ട കാര്യമില്ല. 'സാധ്യമല്ല' എന്ന്  മാന്യമായി പ്രതികരിക്കണം.  ആരോഗ്യകരമായ അതിരുകൾ നിശ്ചയിക്കാൻ പഠിക്കണം. നിങ്ങളുടെ  സമാധാനവും സൈക്കിക് എനർജിയും സംരക്ഷിക്കേണ്ടത് നിങ്ങളുടെ വ്യക്തിപരമായ കടമയാണ്.


  വികാര നിയന്ത്രണം ശീലമാക്കുന്നതാണ് മറ്റൊരു  സമീപനം. സാഹചര്യങ്ങളെ യുക്തിപരമായും പോസിറ്റീവായും വിലയിരുത്തണം.   ധ്യാനം, മൈൻഡ് ഫുൾനെസ്സ്, റിലാക്സേഷൻ  തുടങ്ങിയവ പരിശീലിക്കുന്നത്   ഫാസ്റ്റ് ട്രാക്കിൽ ഓടുന്ന മനസ്സിനെ ശാന്തമാക്കുവാനും വൈകാരിക കുതിച്ചുചാട്ടങ്ങൾ കുറയ്ക്കാനും സന്തുലിതാവസ്ഥ പുനസ്ഥാപിക്കുവാനും സഹായിക്കും.


 വിശ്വസ്തരായ സുഹൃത്തുക്കൾ,  കുടുംബാംഗങ്ങൾ,  മാനസികാരോഗ്യ വിദഗ്ധർ തുടങ്ങിയവരുമായി   പ്രതിസന്ധികൾ പങ്കുവെക്കുന്നത്, ആശ്വാസവും സാന്ത്വനവും ഉൾക്കാഴ്ചയും ലഭിക്കുവാൻ സഹായകമാകും.


 ഉറക്കം, വ്യായാമം,  നല്ല ഭക്ഷണ ശീലം,  ഹോബികൾ തുടങ്ങിയവ വൈകാരിക ഊർജ്ജം പുതുക്കുവാൻ സഹായിക്കുന്ന ജീവിത ശൈലികളാണ്.


  ആത്മീയതയ്ക്കും ഇക്കാര്യത്തിൽ പങ്കുണ്ട്. ആന്തരിക സമാധാനവും വൈകാരിക സന്തുലിതാവസ്ഥയും പ്രതിരോധശേഷിയും വളർത്തുവാൻ

 ചില ആത്മീയ ശീലങ്ങൾ സഹായകമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രാർത്ഥന, ധ്യാനം, ആരാധന, കൂട്ടായ്മ, കടക്കാരോട് ക്ഷമിക്കൽ... തുടങ്ങിയ ആത്മീയ സമീപനങ്ങളുടെ ഔഷധമൂല്യം ശ്രദ്ധേയമാണ്. 


എന്നാൽ,   പ്രതിസന്ധികളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഉപാധിയായി  ആത്മീയതയെ കാണുന്നത് ആരോഗ്യകരമല്ല. ജീവിത പ്രതിസന്ധികളെ സ്വധൈര്യം നേരിടുകയും അതിജീവിക്കുകയും ചെയ്യുമ്പോൾ മാത്രമേ വ്യക്തിത്വവികാസം സാധ്യമാവുകയുള്ളൂ.  നമ്മുടെ മനോഭാരങ്ങൾ നമ്മുടെ വ്യക്തിപരമായ ബാധ്യതയാണ്.  അത് നമുക്കു മാത്രമേ സൃഷ്ടിപരമായി പ്രോസസ് ചെയ്യുവാൻ കഴിയുകയുള്ളൂ. അതിന് ആൾദൈവങ്ങളുടെ പിറകെ പോയിട്ട് കാര്യമില്ല. 

'കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉണ്ടാക്കുന്നു'  എന്ന സെന്റ് പോളിന്റെ വാക്കുകൾ വ്യക്തിത്വവികാസത്തിന്റെ വിസ്മയ ഫോർമുലയാണ്.


 അമിത വൈകാരിക ഭാരങ്ങൾ മാനസികാരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാകുന്നതിനു മുമ്പ് മുൻകരുതലുകൾ എടുക്കുന്നതിനാണ്, 'ട്രോമ റിലീസ്'  'ഇമോഷണൽ ലോഡ് ഷെഡ്‌ഡിങ്ങ്' എന്നൊക്കെ പറയുന്നത്. ഇതിന് വ്യക്തിപരമായി നമുക്ക് പല കാര്യങ്ങളും ചെയ്യുവാൻ സാധിക്കും:


 ഭൗതിക നേട്ടങ്ങളും ആധിപത്യങ്ങളും അധികാരങ്ങളും പിടിച്ചടക്കാനുള്ള പടയോട്ടത്തിന് വലിയ വില കൊടുക്കേണ്ടി വരും.  പടയോട്ടത്തിൽ ശരീര- മനസ്സുകൾ തമ്മിലുള്ള ബാലൻസ്

ശിഥിലമായി പോകുന്നത് ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.


 സർവ്വം ഭരിക്കുന്ന സർവ്വേശ്വരനിൽ മനസ്സുറപ്പിച്ചും   ജീവിതത്തിന് ആവശ്യമുള്ളത് മാത്രം ആഗ്രഹിച്ചും മനസ്സിനെ വിഷലിപ്തമാക്കുന്ന മീഡിയ, അവിശുദ്ധ സൗഹൃദം, ലഹരി തുടങ്ങിയവയിൽ നിന്നും 'സേഫ് ഡിസ്റ്റൻസ്'  പാലിച്ചും ജീവിക്കുമ്പോൾ, സമാധാനവും സന്തോഷവും സംതൃപ്തിയും മനസ്സിൽ വിരുന്നുകാരായി എത്തും.


 എല്ലാ മനോഭാരങ്ങളും ജീവിതകാലം മുഴുവൻ ചുമക്കുവാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല.  മറന്നും മാപ്പ് കൊടുത്തും മനോഭാരങ്ങൾ ഒഴിവാക്കുമ്പോൾ ആത്മാവിന് ശ്വസിക്കുവാൻ ഇടം കിട്ടും. ചിലതൊക്കെ വിട്ടുകളയുവാനും അതിന്റെ നഷ്ടം സഹിക്കുവാനും  തയ്യാറാകുന്നതിലൂടെയാണ് ഹോളിസ്റ്റിക് ഹീലിംഗ് സാധ്യമാകുന്നത്.  വൈകാരിക ഭാരങ്ങളുടെ 'ലോഡ് ഷെഡ്‌ഡിങ്ങ് 'ഹൃദയത്തോട് കാണിക്കുന്ന കരുണയാണ്.

-ഫാ. ഡോ. ഏ. പി. ജോർജ്

No comments:

Post a Comment