Friday, January 16, 2026

അപ്പന്റെ ഇഷ്ടം

ഗെത്സമനിലെ ദുഃഖം പലതായിരുന്നു. മനുഷ്യവർഗ്ഗത്തിന്റെ പാപം ചുമക്കുന്ന ക്രിസ്തുവിനെ ക്രൂശിൽ കാണുമ്പോൾ വിശുദ്ധനായ പിതാവ് മുഖം തിരിക്കുന്നതും താൽക്കാലികമായി പിതാവുമായി ഉള്ള ബന്ധം മുറിഞ്ഞു പോകുന്നതും ആയിരുന്നു ക്രിസ്തുവിന്റെ ഏറ്റവും വലിയ വേദന. ആ വേദനയുടെ ആഴക്കയത്തിലേക്ക് മുങ്ങിത്താഴ്ന്നപ്പോൾ ദൈവപുത്രൻ പൊട്ടിക്കരഞ്ഞു: 'ഏലി, ഏലി, ലമ്മാ ശബക്താനി'


 നമ്മുടെ ജീവിതത്തിലും ദുഃഖങ്ങൾ അനവധിയുണ്ട്. നമുക്കും അപ്പനും ഇടയിൽ പാപത്തിന്റെ കറുത്ത കാർമേഘങ്ങൾ ഇരുട്ട് പരത്തുമ്പോൾ ഒറ്റപ്പെടലിന്റെ നൊമ്പരം അനുഭവപ്പെടുന്നതാണ് അതിൽ ഏറ്റവും വലിയ ദുഃഖം. അപ്പനുമായുള്ള അകലത്തിന്റെ കഥയറിയാതെ നമ്മൾ മറ്റു പല കാരണങ്ങൾ പറയും. ശൂന്യതാ ബോധത്തിന്റെ പിന്നിലെ കാരണങ്ങൾ അന്വേഷിച്ച് വഴിതെറ്റും. ഭൗതിക നഷ്ടത്തിന്റെ അളവുകോൽ കൊണ്ട് ദൈവബന്ധത്തിന്റെ തകർച്ചയുടെ ഗ്രാവിറ്റി അളക്കുവാൻ കഴിയില്ല. 


 ദൈവമേൽപ്പിച്ച നിയോഗങ്ങൾക്കായി സഹനങ്ങളുടെ കഷ്ട നഷ്ട ശോധനകൾ അനുഭവിക്കേണ്ടിവരുമ്പോൾ നിരാശപ്പെടരുത്. നമ്മുടെ സഹനത്തിനു പിന്നിലെ ദൈവ ഉദ്ദേശം മനസ്സിലാക്കാത്തവർ ദുഷിക്കുകയും നിന്ദിക്കുകയും പരിഹസിക്കുകയും പരദൂഷണം പറയുകയും ചെയ്തേക്കാം. അതൊന്നും നമ്മൾ കാര്യമായി എടുക്കരുത്. അപ്പന്റെ ഇഷ്ടം ചെയ്യുവാൻ വിളിക്കപ്പെടുന്ന ചുരുക്കം ചില മക്കളിൽ ഒരാൾ ആകുവാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷിക്കണം. 


'പത്രോസും അപ്പോസ്തോലന്മാരും, യേശുവിന്റെ നാമത്തെപ്രതി അപമാനം സഹിക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ട്‌ സംഘത്തിന്റെ മുമ്പില്‍ നിന്നു പുറത്തുപോയി.' പ്രവൃ. 5 : 41


 ഇയ്യോബിന്റെ സഹനത്തിന്റെ തനിയാവർത്തനം നമ്മുടെ ജീവിതത്തിൽ സംഭവിക്കുമ്പോൾ നമ്മൾ അപ്പനോട് ചേർന്ന് നിൽക്കണം. കഷ്ടതകളുടെ കുരിശുമായി നടക്കുമ്പോൾ അപ്പൻ നമ്മോടൊപ്പം ഉണ്ടാകും. 'ഞാൻ നിങ്ങളെ ഒരു നാളും കൈവിടില്ല' എന്ന കർത്താവിന്റെ വാക്കുകളിൽ മനസ്സുറപ്പിക്കണം.


 പ്രതിസന്ധികൾക്ക് പരിഹാരം തേടി ആൾദൈവങ്ങളുടെ പിറകെ പോകരുത്. 'വരു, കടന്നു വരു, എല്ലാം ശരിയാക്കാം' എന്ന ആത്മീയ കൊമേഴ്സ്യൽ പരസ്യങ്ങളിൽ വീണുപോകരുത്. അവർ നമ്മുടെ മനസ്സ് കലക്കും, ആശയക്കുഴപ്പത്തിലാക്കും. നിത്യതയെ ലക്ഷ്യമാക്കിയുള്ള ആത്മീയ യാത്രയുടെ ലക്ഷ്യം തെറ്റിക്കും. ജീവന്റെ വചനം നൽകുന്ന പ്രത്യാശയിൽ, സുബോധത്തിന്റെ ആത്മാവ് നൽകുന്ന ദിശാബോധത്തിൽ ചുവടുറപ്പിച്ച് പതറാതെ മുന്നോട്ടുപോകണം. 


 അപ്പന്റെ ഇഷ്ടത്തിനുവേണ്ടി തന്റെ ജീവിതം സമർപ്പിച്ച ദാവീദ് പറഞ്ഞു : 'യഹോവ എനിക്ക് വേണ്ടി സമാപ്തി വരുത്തും.' സങ്കി. 138:8. 

ഈ ആശയം കടമെടുത്തായിരിക്കാം പൗലോസ് പറഞ്ഞത്: 'ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണയപ്രകാരം വിളിക്കപ്പെട്ടിരിക്കുന്നവർക്ക് തന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു.'


 ഭൗതിക അനുഗ്രഹങ്ങളിൽ മനസ്സുറച്ചുപോയ ലോത്തിന്റെ ഭാര്യയെ പോലുള്ളവർ, 'എന്തിനാണ് ഈ സഹന ജീവിതം, ഭക്തി ഉപേക്ഷിച്ച് ജീവിതം ആസ്വദിക്കു ' എന്നൊക്കെ ദുഷ്പ്രേരണ നൽകും.

ദുഃഖത്തിന്റെ പാനപാത്രം അപ്പൻ കയ്യിൽ തരുമ്പോൾ, സന്തോഷത്തോടെ വാങ്ങി കുടിക്കുവാൻ നമുക്കൊരു യുക്തി വേണം. സഹനത്തിന് രക്തസാക്ഷികൾ കണ്ടെത്തിയ 'അപ്പന്റെ ഇഷ്ടം' എന്നതാണ് ഏറ്റവും ശ്രേഷ്ഠമായ യുക്തി. കരാഗ്രഹത്തിൽ കിടന്നപ്പോഴും പ്രത്യാശ നഷ്ടപ്പെടാതിരിക്കുവാൻ പഴയ നിയമത്തിലെ ജോസഫും പൗലോസ് അപ്പോസ്‌തോലനും നെൽസൺ മണ്ടേലയും മനസ്സിൽ സൂക്ഷിച്ച യുക്തി:

'Thy kingdom, Thy will'


ഇത് ലോകത്തിന് മനസ്സിലാകാത്ത വിശുദ്ധ യുക്തിയാണ്.

ഭൗതിക സമൃദ്ധി മാത്രമാണ് ദൈവാനുഗ്രഹത്തിന്റെ ലക്ഷണങ്ങൾ എന്ന് ചിന്തിക്കുന്ന ജഡീക മനുഷ്യൻ പുച്ഛിച്ചു തള്ളുന്ന യുക്തിയാണിത്.


 പ്രിയ സുഹൃത്തേ, ദൈവം ഏൽപ്പിച്ച കുടുംബ-ദാമ്പത്യ- ഇടയത്വ നിയോഗങ്ങളുടെ തീച്ചൂളയിൽ എരിയാതെ എരിഞ്ഞു കത്തുവാൻ നിങ്ങൾക്കും ഈ യുക്തിമാത്രം മതി:

' അപ്പന്റെ ഇഷ്ടം '

-ഫാ. ഡോ. ഏ. പി. ജോർജ്

No comments:

Post a Comment