Tuesday, May 29, 2018

ഇരയുടെ നൊമ്പരങ്ങള്‍!

ബാല ലൈംഗീകപീഡന വാര്‍ത്തകള്‍ ഭ്രമജനകമായ വിധത്തില്‍ കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ സംസ്കാരങ്ങളിലും മതവിഭാഗങ്ങളിലും വിദ്യാസമ്പന്നര്‍ക്കിടയിലും കുട്ടികളുടെ മേലുള്ള ലൈംഗീകപീഡനം തുടര്‍ക്കഥയാണ്.
കേരളബാലവകാശ കമ്മീഷന്‍റെ കണക്കു പ്രകാരം 2014-ല്‍ 2360 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്തും രണ്ടാം സ്ഥാനം കോഴിക്കോടിനുമാണത്രേ. റിപ്പോര്‍ട്ട് ചെയ്യാതെ ഒതുക്കിതീര്‍ത്തത്  ഇതിലും എത്രയോ ഇരട്ടി ആയിരിക്കും.
മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഓരോ പീഡനങ്ങളും സെന്‍സേഷണലാക്കി സെലിബ്രേറ്റ് ചെയ്ത് വലിച്ചെറിഞ്ഞ് അടുത്ത ഇരയുടെ പിന്നാലെ ഓടും. വര്‍ഷങ്ങളോളം ഇത്തരം കേസുകള്‍ വിചാരണചെയ്ത,് ചില്ലറ ശിക്ഷകളും കൊടുത്ത് കോടതി ഫയല്‍ ക്ലോസ് ചെയ്യും. പിഞ്ചുമനസ്സില്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ആഴമുള്ള മുറിവുകളും അതിന്‍റെ ആത്മസംഘര്‍ഷങ്ങളുടെ ദുഃഖസങ്കീര്‍ത്തന വിലാപങ്ങളും ആരറിയാന്‍? ആരു കേള്‍ക്കാള്‍?
കുട്ടികളിലെ  ലൈംഗീകപീഡനങ്ങളുടെ ആഘാതവും അനന്തരദുരന്തഫലങ്ങളും പലകാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്: പീഡന സമയത്തെ കുട്ടികളുടെ പ്രായം, പീഡകര്‍ ആരാണെന്നത് (മാതാപിതാക്കളാണെങ്കില്‍ ആഘാതത്തിന്‍റെ ആഴം അധികമായിരിക്കും), പീഡനസാഹചര്യങ്ങളും അതുണ്ടാക്കിയ ഭീതിയും നിസ്സഹായതയും, പീഡനം എത്ര കാലം തുടര്‍ന്നു, കുട്ടിയുടെ വ്യക്തിത്വഘടനയും മാനസികാരോഗ്യ നിലവാരവുംٹ. അങ്ങനെ പിഞ്ചു പളുങ്കുപാത്രം വീണുടയുന്നത് ഇത്തരം പല ഘടകങ്ങളെ ആശ്രയിച്ചാണ്.
ലൈംഗീക പീഡനം മൂലം കുട്ടിക്ക് രണ്ടുതരത്തിലുള്ള പരിണിതഫലങ്ങളാണുണ്ടാകുന്നത്: ബാലിശസ്വഭാവാങ്ങളിലേക്കുള്ള പിډാറ്റം, ആകാംഷ, വിഷാദം, സ്കൂള്‍ പഠനനിലവാരം താഴുക, കുട്ടിയുടെ പ്രസന്നഭാവം മങ്ങുക, അമിതലൈംഗികാര്‍ഷണം, ഒറ്റപ്പെടല്‍, ആത്മഹത്യ തുടങ്ങിയവയാണ് അല്പകാലദുരന്തപ്രത്യാഘാതങ്ങള്‍.
ഉറക്കപ്രശ്നം, ദുഃസ്വപ്നം, വിഷാദം, ആത്മവിശ്വാസകുറവ്, ലൈംഗീകവ്യക്തിബന്ധങ്ങളിലെ പ്രതിസന്ധികള്‍ തുടങ്ങിയവയാണ് ലൈംഗീകപീഡനങ്ങള്‍ക്ക് ശേഷമുള്ള ദീര്‍ഘകാല ദുരന്തപ്രത്യാഘാതങ്ങള്‍. ഇതിനുപുറമെ സുഷുപ്താവസ്ഥയിലുള്ള മനോരോഗപ്രവണതകള്‍ പൊട്ടിപുറപ്പെടാനും വഴിതെറ്റിയ ലൈംഗീകവൈകൃതങ്ങളിലേക്ക് ചുവടുവയ്ക്കാനും ആത്മഹത്യപ്രവണതകള്‍ക്കുമൊക്കെയുള്ള സാദ്ധ്യതകളുമുണ്ട്.
ആശ്വാസവാക്കുകകളോ തെറ്റ് ഒതുക്കാന്‍ കൊടുക്കുന്ന സമ്മാനങ്ങളോ അടിച്ചമര്‍ത്തല്‍ ഭീഷണികളോ ആന്തരീയ മുറിവുണക്കാന്‍ സഹായകമല്ല. ആഴത്തിലുള്ള മുറിവുകളും സങ്കീര്‍ണ്ണമായ കോണ്‍ഫ്ളിക്ടുകളും സൗഖ്യമാക്കാന്‍ മെഡിക്കല്‍ ടീമിന്‍റെ നേതൃത്വത്തിലുള്ള വിലയിരുത്തലും ദീര്‍ഘകാല സൈക്കോ തെറാപ്പിയും ആവശ്യമാണ്.
മനോരോഗികളും വ്യക്തിത്വ വൈകല്യങ്ങളുമുള്ളവരും ലഹരി ആസക്തരുമായ നിഷ്ഠൂരപീഡകډാര്‍ പിച്ചിച്ചീന്തുന്ന സ്ത്രീകളും കുട്ടികളും ലക്ഷംലക്ഷങ്ങളാണ്. അനിയന്ത്രിത വൈകാരിക തേരോട്ടം നടത്തുന്ന വീണ്ടുവിചാരമില്ലാത്തവരുടെ മനസ്സിനെ തളക്കാന്‍ പോലീസിനോ കോടതിയ്ക്കോ മനുഷ്യാവകാശകമ്മീഷനോ കാരാഗൃഹവാസത്തിനോ ശിക്ഷകള്‍ക്കോ ആവില്ല. ഈ ഹിംസ്ര മൃഗങ്ങളെ അല്പകാലം ജയിലിലിട്ട്, ജാമ്യത്തില്‍ തുറന്നുവിട്ടാല്‍ വീണ്ടും ഇരപിടുത്തം തുടങ്ങും.
പിന്നെന്താണു ചെയ്യുക?
ഇവര്‍ രോഗികളാണ്, മനോരോഗാശുപത്രിയിലെ കസ്റ്റോഡിയല്‍ കെയറില്‍ വിദഗ്ദ്ധ ചികിത്സയാണ് ഇവര്‍ക്ക് വേണ്ടത്. ഇന്നാട്ടിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി മനസ്സമാധാനത്തോടെ ജീവിക്കുവാന്‍ സ്മാര്‍ട്ട്സിറ്റിയും എയര്‍പോര്‍ട്ടുകളും മാളുകളുമല്ല വേണ്ടത്. 
പിന്നെ?
അടിയന്തിരമായി മനോരോഗചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. മാനസീകാരോഗ്യ ബോധവല്‍ക്കരണം നടത്തണം. 
എന്നാലുമുണ്ട് ചില പ്രശ്നങ്ങള്‍ٹ
അതെന്താണുപോലും?
മാന്യതയുടെ കുപ്പായമണിഞ്ഞ വികലമനസ്കരും പീഡകരുമായ മതരാഷ്ട്രീയ നോതാക്കډാരുടെ ചികിത്സ അത്ര എളുപ്പമായിരിക്കില്ല. വിളവുതിന്നുന്ന വേലികളാണല്ലോ അവര്‍.
സൈക്യാട്രി ശൈശവദശയിലായിരുന്ന 1892 കാലഘട്ടത്തില്‍ കേരളത്തിലെത്തിയ സ്വാമി വിവേകാനന്ദന്‍ ദൈവത്തിന്‍റെ നാട്ടിലെ അസുരജډങ്ങളെ തിരിച്ചറിഞ്ഞ് നല്‍കിയ ക്ലിനിക്കല്‍ ഡയഗ്നോസിസ് എത്ര പ്രസക്തവും ആനുകാലിക പ്രാധാന്യവുമുള്ളതാണല്ലേ?
സ്വാമി യെന്തിരുപറഞ്ഞു?

' Kerala a lunatic asylum'!

Monday, April 16, 2018

മനസ്സിന്‍റെ രസതന്ത്രം

മനസ്സിന്‍റെ രസതന്ത്രം
ഫാ.ഡോ. ഏ.പി.ജോര്‍ജ്ജ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ബെത്സാദാ മെന്‍റല്‍ ഹെല്‍ത്ത് സെന്‍റര്‍

മസ്തിഷ്കത്തിലെ ന്യൂറോണുകള്‍ക്കിടയില്‍ ഇലക്ട്രിക് സിഗ്നലുകള്‍ വഹിക്കുന്ന കെമിക്കല്‍ മെസഞ്ചേഴ്സാണ് ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍. ബ്രെയിനിലെ അനേകം ന്യൂറോ ട്രാന്‍സ്മിറ്ററുകളില്‍ മാനസികാരോഗ്യവുമായി ഏറ്റവും ബന്ധപ്പെട്ടവ ഡോപമൈനും സെറോട്ടോണിനുമാണ്. ഓര്‍മ്മശക്തി, വിശപ്പ്, സെക്സ്, മൂഡ് എന്നിവയെ സ്വാധീനിക്കുന്ന  ഈ ഘടകങ്ങളുടെ അസന്തുലിതാവസ്ഥ ആസക്തി, ഏകാഗ്രത കുറവ്, ഓര്‍മ്മശക്തി തകരാറുകള്‍, വൈകാരിക ക്രമക്കേടുകള്‍ എന്നിവയ്ക്ക് കാരണമാകാറുണ്ട്.

ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഏറ്റക്കുറച്ചിലുകള്‍ ഫലപ്രദമായി നിയന്ത്രിക്കുവാന്‍ കഴിയുന്ന മരുന്നുകള്‍ ഫാര്‍മക്കോളജി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങളുള്ളതുകൊണ്ട് മരുന്ന് ഒഴിവാക്കി മറ്റുവഴികളിലൂടെ പരിഹാരം തേടുന്ന രോഗികള്‍ അനവധിയാണ്. അവരെ ചൂഷണം ചെയ്യുന്ന സിദ്ധൗഷധലോബികള്‍ മെഡിക്കല്‍ വിദഗ്ദ്ധരെക്കാള്‍ നൂറിരട്ടിയാണ് മാര്‍ക്കറ്റില്‍.

മസ്തിഷ്കത്തിലെ ഡോപമൈന്‍, സെറോട്ടോണിന്‍ ഉല്‍പാദനവും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിപ്പിക്കുന്ന ചില സ്വാഭാവിക ഉപാധികള്‍ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. എല്ലാവര്‍ക്കും പ്രത്യേകിച്ച് മാനസികപ്രതിസന്ധിയുള്ളവര്‍ക്ക് പരീക്ഷിച്ചുനോക്കാവുന്ന കാര്യങ്ങളാണിവ. ഗുണം മെച്ചം, വില സീറോ.

വ്യായാമം
ദിവസം മുപ്പതുമിനിട്ടെങ്കിലുമുള്ള വ്യായാമം മസ്തിഷ്കത്തിലെ സെറോട്ടോണിന്‍ നിലവാരം ഉയര്‍ത്തുമെന്നും വിഷാദവികാരങ്ങളേയും നിഷേധചിന്തകളേയും ലഘൂകരിക്കുമെന്നും പഠനത്തില്‍ വെളിപ്പെടുത്തുന്നു. ചലോ ഭായ്, ചലോ...

മദര്‍ നേച്വറിനോടൊപ്പം
മനുഷ്യന്‍ 24 മണിക്കൂറും പ്രകൃതിയില്‍ നിന്നകന്ന് അടച്ചിട്ട മുറികള്‍ക്കുള്ളില്‍ കൃത്രിമവൈദ്യുതി വെളിച്ചത്തിലാണ്. സൂര്യപ്രകാശപ്രഷാളനം വൈകാരിക സ്ഥിതിയും മനസ്സിന്‍റെ ഉന്‍ഷമെഷവും വര്‍ദ്ധിപ്പിക്കുമെന്നും സെറോട്ടോണിന്‍ ഡോപമൈന്‍ ഘടകങ്ങളുടെ സമന്വയത്തില്‍ സഹായകമാകുമെന്നും ഗവേഷണഫലങ്ങള്‍ വെളിപ്പെടുത്തുന്നു. പ്രകൃതം മാറ്റാന്‍ പ്രകൃതിയിലേക്ക് മടങ്ങൂ.

മൈന്‍റ് യുവര്‍ മെനു
കഫീന്‍ സെറോട്ടോണി ഡോപമൈന്‍ ലവല്‍ ഉയര്‍ത്തുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പക്ഷേ കഫീന്‍ അമിതമാകുമ്പോഴും നിര്‍ത്തുമ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാറുണ്ട്. സാല്‍മണ്‍ പോലുള്ള മത്സ്യങ്ങളില്‍ കാണുന്ന ഓമേഗ -3 സെറോട്ടോണിന്‍ നിലവാരം ഉയര്‍ത്തുന്നതായും വിഷാദാവസ്ഥ ലഘൂകരിക്കുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉരുളക്കിഴങ്ങ്, തവിടുകളയാത്ത ഗോതമ്പ്ബ്രഡ്, ചോളം എന്നിവയിലെ ട്രിപ്റ്റോഫാന്‍ സെറോട്ടോണിന്‍ ഉറവകളെ സജീവമാക്കുമത്രേ. ഓമേഗ -3 ആളു പുലിയാണുകേട്ടോ.

ധന്യമാണ് ധ്യാനം
ധ്യാനവും ബ്രീത്തിംഗ് എക്സര്‍സൈസും ഡോപമൈന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതായും സംഘര്‍ഷം ലഘൂകരിച്ച് ആന്തരീക സമാധാനം വര്‍ദ്ധിപ്പിക്കുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. മനസ്സിനെ ഇളക്കി മറിക്കുന്ന ഉപാസനാരീതികളല്ല ധ്യാനം കൊണ്ട് ഉദ്ദേശിക്കുന്നത്.

നന്ദി നമസ്കാരം!
ഉപകാരസ്മരണ മസ്തിഷ്കത്തിലെ റിവാര്‍ഡ് സിസ്റ്റത്തെ സ്വാധീനിക്കുന്നതായും കൂടുതല്‍ ഡോപമൈനും സെറോട്ടോണിനും ഉദ്ദീപിപ്പിക്കുന്നതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഓരോ ദിവസവും പരിഭവങ്ങളും പരാതിയും പറയുന്നതിനു പകരം ദൈവത്തോടും മനുഷ്യരോടും നന്ദി പറയാനുള്ള മൂന്നു കാര്യങ്ങളെങ്കിലും ഡയറിയില്‍ എഴുതുമെങ്കില്‍ സന്തോഷം വര്‍ദ്ധിക്കുകയും വിഷാദം കുറയുകയും ചെയ്യുമത്രേ! ഇതിനെ' three blessing exercise' എന്നാണ് പറയുന്നത്. ബി താങ്ക്ഫുള്‍ ആന്‍റ് ഗ്രേറ്റ്ഫുള്‍!

റോള്‍ സെറ്റിംഗ്
മനസ്സില്‍ ലക്ഷ്യങ്ങളുണ്ടാവുകയും ലക്ഷ്യത്തിലെത്തുവാന്‍ പരിശ്രമിക്കുകയും വിജയിക്കുകയും ചെയ്യുമ്പോള്‍ മസ്തിഷ്കം ഡോപമൈന്‍ റിലീസ് ചെയ്യുമത്രേ! കയ്യെത്തിപ്പിടിക്കുവാന്‍ കഴിയുന്ന ലക്ഷ്യങ്ങളുമായി ജീവിതയാത്ര തുടങ്ങൂ...

മധുരിക്കുന്നോര്‍മ്മകള്‍
ദുഃഖസ്മരണകളേക്കാള്‍ ആത്മഹര്‍ഷത്തിന്‍റെപഴയ ഫയലുകള്‍ മറിച്ച് വായിക്കുമ്പോള്‍ സെറോട്ടോണിന്‍ ഫാക്ടറി പ്രവര്‍ത്തന ക്ഷമമാകുമത്രേ. 'മധുരിക്കുന്നോര്‍മ്മകളെ മലര്‍മഞ്ചല്‍ കൊണ്ടു വരൂ കൊണ്ടുപോ ഞങ്ങളെയാ മാഞ്ചുവട്ടില്‍...'

ഹാവ് സം നോവല്‍ ഐഡിയാസ്
പുത്തന്‍ അനുഭവങ്ങളോട് മസ്തിഷ്കം പ്രതികരിക്കുന്നത് കൂടുതല്‍ ഡോപമൈന്‍ ചുരത്തിയാണ്. ആവര്‍ത്തനവിരസതയുടെ തടവറവിട്ട് പുത്തന്‍ അനുഭവങ്ങളിലേക്കും അഭിരുചികളിലേക്കും പഠനങ്ങളിലേക്കും കടന്നു ചെല്ലൂ.

സൈക്കോതെറാപ്പി
സൈക്കോ തെറാപ്പിയിലൂടെ വൈകാരികാവസ്ഥ ക്രമപ്പെടുത്തി മനോഭാവങ്ങള്‍ അനുകൂലമാക്കി മാറ്റുമ്പോള്‍ സെറോട്ടോണിന്‍റെ സംസ്ലേഷണം മസ്തിഷ്കത്തില്‍ നടക്കുകയും വിഷാദമേഘങ്ങള്‍ പറന്നകലുകയും ചെയ്യും. മരുന്നുപോലെ പ്രധാനമാണ് മനശ്ശാസ്ത്ര ചികിത്സയും.

ഈ സമീപനങ്ങളൊക്കെ മസ്തിഷ്കത്തിലെ ന്യൂറോട്രാന്‍സ്മിറ്ററുകളെ ഉദ്ദീപിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. എന്നാല്‍ അത് മെഡിക്കല്‍ കെയറിന് പകരമല്ല. മനോരോഗ വിദഗ്ദ്ധരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടൊപ്പം ഈ ഉപാധികളും പരിഗണിക്കുന്നത് സ്വാഗതാര്‍ഹമാണ്.

മരുന്നുകഴിക്കുന്നതിലും സൈക്കോതെറാപ്പി സ്വീകരിക്കുന്നതിലും ലജ്ജിക്കേണ്ട കാര്യമില്ല. ശരീരത്തിലെ മറ്റവയവങ്ങളുടെ ചികിത്സപോലെ സാധാരണവും അത്യന്താപേക്ഷിതവുമാണ് മസ്തിഷ്കത്തിലെ രാസഘടകങ്ങളുടെ അസന്തുലിതാവസ്ഥയ്ക്കുള്ള ചികിത്സയും.
reference:
Young, S.N. (2007). How to increase serotonin in the human brain without drugs. Journal of Psychiatry and Neuroscience, 32(6), 394-399.

Monday, April 9, 2018

വീട്ടിലെ കൊച്ചു കള്ളന്‍മാര്‍

കുട്ടികളില്‍ കാണുന്ന മോഷണ സ്വഭാവം മാതാപിതാക്കളെ അസ്വസ്ഥരാക്കാറുണ്ട്. അപമാനം ഭയന്ന് സ്വഭാവ വൈകല്യമുള്ള കുട്ടികള്‍ക്ക് മാനസീകാരോഗ്യ വിദഗ്ദ്ധരുടെ സേവനം നല്‍കുന്നതില്‍ മാതാപിതാക്കള്‍ വിമുഖത കാണിക്കാറുണ്ട്. കുടുംബാന്തരീക്ഷവും മാതാപിതാക്കളുടെ സമീപന രീതികളും മാറുന്നതിലൂടെ കുട്ടികളിലെ മോഷണ സ്വഭാവ പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാവുന്നതാണ്.

കമോണ്‍ പേരന്‍സ്!

കാണുന്നതും കയ്യെത്തുന്നതുമെല്ലാം തനിക്കവകാശപ്പെട്ടതാണെന്ന് ചിന്തിക്കുന്ന നേഴ്സറി പ്രായത്തില്‍ ഷോപ്പിംഗ് മാളില്‍ നിന്നും ബന്ധുവീടുകളില്‍ നിന്നും കൗതുക വസ്തുക്കള്‍ എടുത്താല്‍ കുട്ടിയിലൊരു പെരുങ്കള്ളനുണ്ടെന്ന ധാരണയില്‍ വികാരപ്രകടനങ്ങളും കൊടുംശിക്ഷകളും കൊണ്ട് കുട്ടിയെ ഭയപ്പെടുത്തരുത്. മറ്റുള്ളവരുടെ സാധനങ്ങളോട് ബഹുമാനവും ആഗ്രഹസാക്ഷാത്ക്കാരത്തിന് സാവകാശ വും വേണമെന്നും കുട്ടികളെ പഠിപ്പിക്കാനുമുള്ള അവസരങ്ങളാണ് ഇത്തരം സാഹചര്യങ്ങള്‍.
ഉടമസ്ഥാവകാശത്തെപറ്റിയുള്ള ധാരണ കുട്ടിയില്‍ ഉറയ്ക്കുന്നത് നാലുവയസിന് ശേഷമാണ്. കാണുന്നതെല്ലാം എന്‍റേത്, എനിക്കെല്ലാം സ്വന്തമാക്കാമെന്നൊക്കെയുള്ള രണ്ടുവയസ്സുകാരന്‍റെ അപക്വചിന്താഗതിയെ ഗര്‍ജ്ജിച്ചും അടിച്ചും തിരുത്തുവാന്‍ ശ്രമിക്കരുത്. എന്‍റേത്, നിന്‍റേത്, അവരുടേത്, മേരിയുടേത് തുടങ്ങിയ അതിര്‍വരമ്പുകള്‍ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഭാഷയില്‍ കുഞ്ഞിനെ പഠിപ്പിക്കണം. ഫാദര്‍ ഡാഡി ഹോട്ടാകരുത്.

മോഷ്ടിച്ച വസ്തുക്കള്‍ കുട്ടിയെകൊണ്ട് ഉടമസ്ഥന് തിരിച്ചേല്‍പിച്ചു മാപ്പു പറയിക്കുമ്പോള്‍ മോഷണം തെറ്റാണെന്ന മൂല്യ ബോധം കുട്ടിയുടെ മനസ്സിലെഴുതപ്പെടുകയാണ്. ആളുകള്‍ എന്തു വിചാരിക്കും, കുട്ടിയുടെ മനസ്സില്‍ മുറിവുണ്ടാകുമോ തുടങ്ങിയ മിഥ്യാഭിമാന ചിന്തകള്‍ മൂലം കൊള്ളമുതല്‍ ഒതുക്കുവാന്‍ കൂട്ടുനില്‍ക്കരുത്. കുട്ടിയെകൊണ്ട് പ്രായശ്ചിത്തം ചെയ്യിക്കുന്നത് മോഷണത്തിനുള്ള കഠിന ശിക്ഷയായി ചിത്രീകരിക്കാതെ ചെയ്ത തെറ്റ് തിരുത്തുകയാണെന്ന ധാരണ കുട്ടികളിലുണ്ടാക്കുന്ന വിധമായിരിക്കണം തിരുത്തുന്നത്. അല്ലെങ്കില്‍ കുഞ്ഞു മനസ്സില്‍ പ്രതികാര മനോഭാവം രൂപപ്പെടും.

മാതാപിതാക്കളുമായി ഊഷ്മള വൈകാരിക ബന്ധം പുലര്‍ത്തുന്ന കുട്ടികളില്‍(connected children)ധാര്‍മ്മീക ബോധത്തിന്‍റെയും മനസ്സാക്ഷിയുടെയും അതിര്‍ വരമ്പുകള്‍ ശക്തമായിരിക്കും. തങ്ങളുടെ മാതാപിതാക്കളുടെ സ്നേഹവും വിശ്വസ്തതയും നഷ്ടപ്പെടുവാന്‍ കാരണമാകുന്ന നുണ, ചതി, മോഷണം തുടങ്ങിയ സ്വഭാവ ബലഹീനതകള്‍ ഒഴിവാക്കാന്‍ ഈ കുട്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കുമത്രേ. ഇവര്‍ മാതാപിതാക്കളുടെ തിരുത്തലും ഉപദേശങ്ങളും സ്വീകരിക്കുന്നവരുമായിരിക്കും. കുഞ്ഞുങ്ങളുമായി ഉള്ളുതുറന്ന് ഉള്ളം പങ്കിടുന്ന മാതാപിതാക്കള്‍ക്ക് നല്ല നമസ്കാരം!

എത്ര ഉപദേശിച്ചിട്ടും വീണ്ടും മോഷണ സ്വഭാവം ആവര്‍ത്തിക്കപ്പെടുമ്പോള്‍ മോഷണത്തിനു പിന്നിലെ പ്രേരക ശക്തികള്‍ (triggers) എന്തൊക്കെയാണന്നന്വേഷിക്കണം. ആവശ്യങ്ങള്‍ നേരേ ചൊവ്വേ മാതാപിതാക്കളോട് ചോദിച്ചാല്‍ മുറിവേല്‍പിക്കുന്ന പരുഷമായ മറുപടിയാണ്, മോഷ്ടിക്കാതെ കാര്യം നടത്താന്‍ മറ്റുവഴികളില്ല എന്നതാണോ വീട്ടിലെ സ്ഥിതി? ചോദിക്കുന്നതെല്ലാം കുട്ടിക്കു കൊടുക്കണമെന്നല്ല, എന്തുകൊണ്ടു കൊടുക്കുന്നില്ല, എപ്പോള്‍ കൊടുക്കും തുടങ്ങിയ പ്രസാദാത്മകമായ വാക്കുകളാണ് 'ഇല്ല, സാദ്ധ്യമല്ല' തുടങ്ങിയ അന്ത്യ ശാസനങ്ങളേക്കാള്‍ നല്ലത്. വിവരാവകാശ സ്വാതന്ത്ര്യമുള്ള, ലീഗല്‍ റൈറ്റുള്ള ഇന്ത്യന്‍ പൗരനാണ് വീട്ടിലെ പയ്യനെന്ന ഓര്‍മ്മവേണം.

ഇനിയുമുണ്ട് പ്രേരകഘടകങ്ങള്‍: വികാരനിയന്ത്രണം കുറഞ്ഞവര്‍, കോപിഷ്ട സ്വഭാവക്കാര്‍, മറ്റുള്ളവരുടെ വികാരങ്ങളോട് നിര്‍വ്വികാരത്വമുള്ളവര്‍, വിലപിടിച്ച മോഷണ വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ച് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന ആത്മവിശ്വാസം കുറഞ്ഞവര്‍, ആഡംബര ജീവിത ഭ്രമമുള്ളവര്‍, ലഹരി ആസക്തര്‍ തുടങ്ങിയവര്‍ വികാര പ്രസരണത്തിനും കാര്യ സാദ്ധ്യത്തിനും മോഷണത്തിന്‍റെ കുറുക്കുവഴി ചാടാറുണ്ട്.

മാതാപിതാക്കളുടെ കലഹം, ലഹരി ആസക്തി, വിവാഹമോചനം തുടങ്ങിയ സംഘര്‍ഷങ്ങളോട് ചില കുട്ടികള്‍ പ്രതികരിക്കുന്നത് മോഷണം, ദുഷിച്ച സുഹൃദ്ബന്ധം, സമൂഹ്യ വിരുദ്ധപ്രവര്‍ത്തനം തുടങ്ങിയവയിലൂടെയാണ്.  കുടുംബത്തിലെ ഇത്തരം സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാതെ കഠിന ശിക്ഷയും ആവര്‍ത്തന വിരസതയുമുള്ള ഉപദേശങ്ങളും തുടര്‍ന്നാല്‍ മനസാക്ഷി മരവിച്ച കുറ്റബോധമില്ലാത്ത ലക്ഷണമൊത്ത ക്രിമിനല്‍ വളര്‍ന്നുവരും. കുടുംബം സുഖമായാല്‍ കുട്ടികളും സുഖമാകും.

ജനിതകവൈകല്യങ്ങളും ചില മനോ-ശാരീരിക രോഗങ്ങളും വ്യക്തിത്വവൈകല്യങ്ങളും മസ്തിഷ്കത്തിലെ സെറോട്ടോണിന്‍, ഡോപമൈന്‍, ഓപ്പിയോയിഡ് സിസ്റ്റം തുടങ്ങിയ രാസപ്രക്രിയകളിലെ അസന്തുലിതാവസ്ഥയും ഈ സ്വഭാവ വൈകല്യങ്ങള്‍ക്കു പിന്നാമ്പുറത്തെ താളം തെറ്റലുകളാണ്. 

അനിയന്ത്രിതമായ മോഷണാഭിരുചിക്കു(kleptomania)പിന്നില്‍ മോഷണവസ്തുക്കളോടുള്ള താല്‍പര്യത്തേക്കാള്‍ മോഷണം എന്ന പ്രവൃത്തിയിലൂടെ ആകാംഷയും ടെന്‍ഷനും ലഘൂകരിക്കപ്പെടുന്നതിനാണ് പ്രാധാന്യം.

മനോ-ശാരീരിക വൈകല്യങ്ങള്‍ മൂലം സ്വഭാവവൈകല്യങ്ങളില്‍ ഇടറിവീഴുന്നവര്‍ക്ക് വേണ്ടത് ഇരുമ്പഴികളും 'തേഡ് ഡിഗ്രി' പീഡനങ്ങളും കൈവിലങ്ങുകളും സദാചാര പോലീസ് ക്രിമിനലുകളുടെ നീതി നടപ്പാക്കലുമല്ല, മെഡിക്കല്‍ വിദഗ്ദ്ധരുടെ ഗഹനമായ വിലയിരുത്തലും ചികിത്സയുമാണ്. അനശ്വര കവിയായ അയ്യപ്പപണിക്കരുടെ സാമൂഹ്യനീതിയുടെ വാക്കുകള്‍ ഓര്‍ക്കണം: "വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്നു വിളിച്ചില്ലേ, നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലേ?"

സഹസ്രകോടികള്‍ മോഷ്ടിക്കുന്ന വൈറ്റ്കോളര്‍ ക്രിമിനലുകള്‍ മതത്തിലും രാഷ്ട്രീയത്തിലുമുണ്ടാകുന്നതെന്തുകൊണ്ട്?

 മനുഷ്യന്‍റെ ഭക്ഷണത്തിലും മരുന്നിലും മായം ചേര്‍ത്ത് കോടികള്‍ ലാഭമുണ്ടാക്കുന്ന നിഷ്ഠൂരരായ ഫ്രോഡുകളുടെ അധഃപതിച്ച സമൂഹമായി കേരളം മാറിയതെന്തുകൊണ്ടാണ്?
 
ഉത്തരം പറയാമോ നാട്ടുകാരെ?

ലക്ഷണമൊത്ത വ്യാജന്‍മാരായ മതരാഷ്ട്രീയ നേതാക്കന്‍മാരെ പത്രദൃശ്യമാധ്യമങ്ങളിലും നേരിലും കണ്ട് നമ്മുടെ കുട്ടികള്‍ വളര്‍ന്നു വരുന്നതു കൊണ്ട്,
 മോഷ്ടിച്ച് ചതിച്ച് വീട്ടിലേക്ക് കോടികള്‍ കൊണ്ടു വരുന്ന മാതാപിതാക്കളെ ഹീറോ മോഡലുകളായി കണ്ട് കുട്ടികള്‍ വളരുന്നതുകൊണ്ട്,
ഏതു വഴിയിലൂടെയും നാലു തുട്ടുണ്ടാക്കുന്നതാണ് ജീവിത വിജയമെന്നു നമ്മുടെ കുട്ടികളെ  നാം പഠിപ്പിച്ചതുകൊണ്ട്,
അതുകൊണ്ട്??
മനസാക്ഷിയില്‍ സ്റ്റേജ് ഫോര്‍ കാപട്യരോഗം ബാധിച്ച് അത്യാസന്ന നിലയിലായി നമ്മുടെ 'ഗോഡ്സ് ഓണ്‍കണ്‍ട്രി'.

'പിതാവും മാതാവും ചെയ്തു കാണുന്നതുപോലെയല്ലാതെ മക്കള്‍ക്ക് സ്വതവേ ഒന്നും ചെയ്യുവാന്‍ കഴിയില്ല. നല്ലവൃക്ഷം ഒക്കെ നല്ല ഫലം കായ്ക്കുന്നു, ആകാത്തവൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. മുള്ളുകളില്‍ നിന്ന് മുന്തിരിപഴങ്ങളും ഞെരിഞ്ഞിലുകളില്‍ നിന്ന് അത്തിപ്പഴവും പറിക്കാറുണ്ടോ?' (കടപ്പാട്: യേശുക്രിസ്തു) 

Tuesday, February 20, 2018

ക്രേസി ഷൂട്ടേഴ്സ്

കൂട്ടകൊല നടത്തി  സ്വയം മരിക്കുന്ന ഘാതക ധിക്കാരികളുടെ മനസ്സിന്‍റെ പിന്നാമ്പുറം സ്വഭാവ ശാസ്ത്രജ്ഞര്‍ക്ക് ഇന്നും സമസ്യയാണ്.

2015-ല്‍ അമേരിക്കയില്‍ 375 കൂട്ടക്കൊലകളാണ് നടന്നത്. ഇതില്‍ 475 പേര്‍ മരിക്കുകയും 1870 പേര്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ലോകത്താകമാനമുള്ള കൂട്ടക്കൊലകളുടെ കണക്ക് ഭ്രമജനകമാണ്.

ആത്മഹത്യാ പ്രവണതകളുള്ള കൊലയാളികള്‍ കൂട്ടകൊലപാതകങ്ങളിലൂടെ തന്നോടൊപ്പം മരണത്തിലേക്ക് സഹയാത്രികരെ കണ്ടെത്തുകയാണെന്നു ചിന്തിക്കുന്ന വിദഗ്ദ്ധരുണ്ട്. പക്ഷെ കൂട്ടകൊലയാളിയുടെ താളം തെറ്റിയ മനസ്സ് പൂര്‍ണ്ണമായി വായിച്ചറിയുവാന്‍ മനശ്ശാസ്ത്ര ലോകത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.

അമേരിക്കയിലെ കഴിഞ്ഞ വര്‍ഷത്തിലെ  മൂന്ന് കൂട്ടകൊലപാതകങ്ങള്‍ സ്വഭാവശാസ്ത്രജ്ഞര്‍ പഠനവിഷയമാക്കി. ഫ്ളോറിഡയിലെ ജോലിസ്ഥലത്ത് അഞ്ചു സഹപ്രവര്‍ത്തകരെ കൊന്നശേഷമാണ് ഘാതകന്‍ സ്വയം വെടിവച്ച് മരിച്ചത്. സഹപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തതിന് ഇദ്ദേഹത്തിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു.

മിസ്സിസിപ്പിയില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പടെ എട്ടുപേരെയാണ് ഘാതകന്‍ കൊന്നൊടുക്കിയത്. പിണങ്ങി മാതാപിതാക്കളോടൊപ്പം താമസിക്കുന്ന ഭാര്യയേയും മക്കളേയും വീട്ടുകാരേയും സഹായത്തിനെത്തിയ അയല്‍ക്കാരേയും പോലീസുകാരനേയും പ്രതികാരദാഹി വകവരുത്തി.

ഇന്ത്യാനയില്‍ രണ്ട് സ്ത്രീകളെ വെടിവച്ച് സ്വയം മരിച്ച ഘാതകന്‍റെ പ്രകോപനം കുടുംബപ്രശ്നമായിരുന്നു.

ഒരാള്‍ ഇടം തിരിഞ്ഞ ഒറ്റയാന്‍ കൊലയാളിയാകുന്നതിന്‍റെ പിന്നിലെ അടിയൊഴുക്കുകള്‍ അനവധിയാണ്:

വ്യക്തിത്വ വൈകല്യങ്ങളും മനോരോഗങ്ങളുമായി സഹനയാത്ര തുടങ്ങുന്നവര്‍ക്ക്  അപകര്‍ഷതാബോധവും സംശയരോഗവും  യാതനാപൂര്‍ണ്ണമായ ബാല്യവും മറ്റുള്ളവരില്‍ നിന്നും അവഗണനയും മുറിവും ഉണ്ടാകുക സ്വാഭാവികമാണ്. അതൊക്കെ പ്രതികാരാഗ്നിയായി ആളിക്കത്തുവാന്‍ പെട്ടെന്നുണ്ടാകുന്ന ഏതെങ്കിലും പ്രകോപനം കാരണമാകും.

നിഷേധവികാരങ്ങളുടെ വേലിയേറ്റത്തില്‍ യുക്തിബോധവും വിവേകവും ആത്മനിയന്ത്രണവും നഷ്ടപ്പെട്ട് താല്‍ക്കാലികമായി സൈക്കോട്ടിക് മാനസികാവസ്ഥയിലാകുന്നവരില്‍ ചിലര്‍ ചാവേറായി മാറുന്നു. ഇപ്പോള്‍ മനശ്ശാസ്ത്രത്തില്‍ അധികം ഉപയോഗിക്കാത്ത څഇമമേവ്യോശമچ എന്ന വിഭ്രമ മാനസികാവസ്ഥയാണിത്. ഈ അപകടകര മാനസികാവസ്ഥയില്‍ മൂന്നു തരത്തില്‍ മനസ്സ് പാളം തെറ്റാം:

ഒന്ന്, നിഷേധവികാരങ്ങള്‍ അഗ്നി പര്‍വ്വതംപോലെ ഉള്ളില്‍ തിങ്ങിവിങ്ങി തിളച്ചുമറിഞ്ഞ് സഹനത്തിന്‍റെ ബ്രേക്കിംങ് പോയിന്‍റിലെത്തുമ്പോള്‍ അക്രമമല്ലാതെ മറ്റു വഴികളില്ലെന്ന് ചിന്തിക്കുന്ന ഘാതകന്‍ കാഞ്ചി വലിക്കുന്നു. നിരപരാധികള്‍ ചത്തു വീഴുമ്പോള്‍ സാഡിസ്റ്റായ ഘാതകന്‍റെ ആന്തരീയ സംഘര്‍ഷത്തിന്‍റെ തിരകള്‍ ശാന്തമാകുന്നു.

രണ്ടാമത്, അനേകനാളുകള്‍കൊണ്ട് രൂപപ്പെടുന്ന നഷ്ടബോധത്തിന്‍റെയും വിദ്വേഷത്തിന്‍റെയും പകയുടെയും ന്യൂനമര്‍ദ്ദത്തിന്‍റെ ദുസ്സഹമായ ടെന്‍ഷനും വികാരവേലിയേറ്റവുമായി നടക്കുന്ന ഘാതകന്‍ തന്‍റെ ദുരവസ്ഥയ്ക്കുള്ള കാരണക്കാരെ കണ്ടെത്തുമ്പോള്‍ മനോനിയന്ത്രണം കൈവിട്ടു പോകുകയും മരണവിധി നടപ്പിലാക്കുകയും ചെയ്യുന്നു.

മൂന്നാമത്, മനസ്സില്‍ പ്രതികാരത്തിന്‍റെ പകയുമായി നടക്കുന്നവരുമായി അപ്രതീക്ഷിതമായി ഏറ്റുമുട്ടേണ്ടി വരുന്ന അപരിചിതര്‍ ഇരകളാകാറുണ്ട്. ചെറിയ ട്രാഫിക് തര്‍ക്കങ്ങളും ഓഫീസിലെ പരുഷസംസാരവുമൊക്കെ നിഗൂഢകൊലയാളികളിലെ സംഹാര ജ്വാല ആളിക്കത്തിക്കാം.

ജീവനില്‍ കൊതിയുള്ളവരുടെ സത്വര ശ്രദ്ധയ്ക്ക്:

സ്വന്തം ജീവന് വില കല്‍പിക്കാത്ത, മനസ്സില്‍ സ്ഫോടനാത്മകമായ ടൈംബോംബുമായി നടക്കുന്ന ചാവേര്‍ ഘാതകര്‍ സമൂഹത്തിന് വന്‍ഭീഷണിയാണ് . മിഥ്യാഭിമാനികളും ക്ഷിപ്രകോപികളും ബാല്യത്തില്‍ മുള്ളും മുറിവുമേറ്റു വളര്‍ന്നവരുമായുള്ള വൈകാരിക ഏറ്റുമുട്ടല്‍ ഒഴിവാക്കുക. നയപരമായി ഇടപെട്ട് ശാന്തമായി പ്രശ്നം പരിഹരിക്കണം. ഇവരുടെ ഉള്ളിലുറങ്ങുന്ന ക്രൂരമൃഗത്തെ ഉണര്‍ത്തരുത്. എത്ര പ്രകോപനമുണ്ടായാലും അപരിചിതരോട് ഏറ്റുമുട്ടാതിരിക്കുക. ക്ഷമാപൂര്‍വ്വം ഇടപെടുക. മനുഷ്യര്‍ ചില നേരങ്ങളില്‍ വല്ലാത്ത ഇബലീസുകളായി മാറുവാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് സാമൂഹ്യ ഇടപെടലുകളില്‍, ഓഫീസ് കാര്യ നിര്‍വ്വഹണങ്ങളില്‍, ദാമ്പത്യകലഹങ്ങളില്‍ ആത്മസംയമനം പാലിക്കുക. അല്ലെങ്കില്‍ ചാവേറിനൊപ്പം നിങ്ങളും "റസ്റ്റിന്‍ പീസാകും."

ചിലരുടെ പ്രതികാര സൂചനകളെ നിസ്സാരമായെടുക്കാതെ അവരെ മനോരോഗനിദഗ്ദ്ധരുടെ വിലയിരുത്തലിനും മെഡിക്കല്‍ കെയറിനും വിധേയരാക്കുക.

കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍ സ്ട്രെസ്സ് മാനേജ്മെന്‍റില്‍ പരിശീലനം കൊടുക്കുക. മാതാപിതാക്കള്‍ വികാരപക്വതയ്ക്ക് നല്ല മാതൃകകളാകണം. പരസ്പരം അടിപിടി കൂടുന്ന മാതാപിതാക്കളെ കണ്ടു വളരുന്ന കുട്ടികള്‍ ആത്മനിയന്ത്രണത്തിന്‍റെ സമീപനങ്ങളും ആവശ്യങ്ങളും പഠിച്ചിട്ടുണ്ടാവില്ല.

അസുരജന്മങ്ങളെ കൂട്ടകശാപ്പ് ചെയ്ത് സ്വയം നീതി നടത്തുന്ന അഭ്രപാളിയിലെ ഉലകനായകന്‍മാര്‍ ഫാന്‍സിന്‍റെ കയ്യടി വാങ്ങുമെങ്കിലും അവരുടെ നരഹത്യപ്രകടനം പ്രതികാരദാഹികളായ  വികലമനസ്കര്‍ക്ക് ദുഷ്പ്രേരണയാകുമോ എന്നും സംവിധായകര്‍ ചിന്തിക്കേണ്ടതാണ്. കലാകാരന്‍റെ അഭിയന സിദ്ധിയെ അനാദരിക്കുകയല്ല കേട്ടോ.

മതരാഷ്ട്രീയ നേതാക്കന്മാര്‍ സ്വന്തം നേട്ടത്തിനായി വികാരപക്വതയില്ലാത്തവരെക്കൊണ്ട് ചാവേര്‍കൊലനടത്തിക്കുമ്പോള്‍ പ്രതികളെ മാത്രമല്ല അവ"ര്‍ക്ക് ദുഷ്പ്രേരണ കൊടുക്കുന്ന പിന്നണിയിലെ അധമനേതാക്കളെയും നിയമത്തിനുമുമ്പില്‍ കൊണ്ടുവ'രണം.

സത്യവും ധര്‍മ്മവും ഇല്ലാത്ത മനസ്സാക്ഷി മരവിച്ച സാമൂഹ്യവിരുദ്ധരോടിടപെടുമ്പോള്‍ ക്രിസ്തുവിന്‍റെ ഉപദേശം എപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നതു നല്ലതാണ്:

"ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടുക" - ലൂക്കോസ് 21:19

Tuesday, December 26, 2017

പീഢകരായ സെലിബ്രെറ്റികളുടെ മനശാസ്ത്രം

അധികാരം കയ്യാളുന്ന പുരുഷന്‍മാരില്‍ പലരും അക്രമാസക്തരും ലൈംഗീക പീഢകരുമാകുന്നതിന്‍റെ പിന്നിലെ മന:ശാസ്ത്രമെന്താണ്?
ഈ മേഖലയില്‍ വളരെ ഗൗരവമായ പഠനങ്ങള്‍ നടന്നുവരികയാണ്. സ്ത്രീത്വത്തിന്‍മേല്‍ കടന്നുകയറുന്നതും കീഴ്ജീവനക്കാര്‍ക്കുമേല്‍ ഉരുക്കുമുഷ്ടികള്‍ പ്രയോഗിക്കുന്നതും തങ്ങളുടെ അവകാശവും അധികാരവുമാണെന്നു ചിന്തിക്കുന്ന ധാരാളം ധിക്കാരികളായ അധികാരികളുള്ള ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ ഈ പഠനങ്ങക്ക് ഏറെ പ്രസക്തിയുണ്ട്.
അധികാരികളാകുന്ന എല്ലാ പുരുഷന്‍മാരും സ്ത്രീപീഢകരാകുന്നില്ല. എന്നാല്‍ ചിലരിലെ സാഡിസവും ഫാസിസവും തലപൊക്കി ഭീഭത്സമാകുന്നത് അധികാര കസേരയില്‍ കയറിപ്പറ്റുമ്പോഴാണ് - എന്തുകൊണ്ട്?
മൂന്നു കാരണങ്ങളാണ് പഠനങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്:
1. അധികാരത്തെ ലൈംഗീക ചൂഷണത്തിനുള്ള ലൈസന്‍സായി കാണുന്നത്.
ഈ ചിന്താഗതിക്കാര്‍ സെക്സിനുവേണ്ടി അധികാരത്തെ ദുര്‍വിനിയോഗം ചെയ്യുന്നു. സെക്സും അധികാരവും തമ്മില്‍ ബന്ധപ്പെടുത്തി ചിന്തിക്കുന്നവരാണ് ലൈംഗിക അതിക്രമങ്ങള്‍ക്ക് മുതിരുന്നതെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ ജോലി സ്ഥലത്തും പുറമെയും ഇരകളെ ഭീഷണിപ്പെടുത്തി കീഴടക്കുന്നവരാണ്.
2. തങ്ങളുടെ അധികാരത്തെയും വ്യക്തിപ്രഭാവത്തേയും ബഹുമാനിക്കുവാന്‍ ബാദ്ധ്യസ്ഥരായ സ്ത്രീകള്‍ തന്‍റെ ഇഷ്ടത്തിനു കീഴടങ്ങുവാന്‍ തയ്യാറാണെന്ന് അയഥാര്‍ത്ഥ്യമായി ചിന്തിക്കുന്നവരാണ് മറ്റൊരു കൂട്ടം പീഢകര്‍. 78 ഓഫീസ് ജോലിക്കാരില്‍ നടത്തിയ പഠനത്തില്‍ ഉന്നതാധികാരികളില്‍ പലരും തങ്ങളുടെ കീഴിലെ സ്ത്രീ ജീവനക്കാര്‍ തങ്ങളുടെ ലൈംഗീകാ ആഗ്രഹങ്ങള്‍ക്ക് കീഴ്പ്പെടുവാന്‍ സന്നദ്ധരായിരിക്കുമെന്നു ചിന്തിക്കുന്നവരാണെന്നു കണ്ടു. ഡിഗ്നിറ്ററിയും സെലിബ്രിറ്റിയുമായ തന്‍റെ ഏതാഗ്രഹങ്ങള്‍ക്കും കീഴ്പ്പെടുവാന്‍ സډനസ്സുള്ളവരാണ് തന്‍റെ അധികാരത്തിന്‍ കീഴിലുള്ള സ്ത്രീ തൊഴിലാളികള്‍ എന്ന അപ്രമാദിത്വ ചിന്ത തലയ്ക്കടിച്ച ഉന്നത ശ്രേഷ്ടര്‍ കരുണയും കരുതലുമില്ലാതെ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ചവുട്ടിക്കയറും.
3. സുരക്ഷിതബോധക്കുറവുള്ളവരും താഴ്ന്ന ജീവിത സാഹചര്യങ്ങളില്‍നിന്ന് അത്യുന്നതങ്ങളിലേക്ക് പെട്ടെന്ന് ഉയര്‍ത്തപ്പെട്ടവരും ലൈംഗിക പീഢന സ്വഭാവത്തില്‍ മുമ്പന്‍മാരാണത്രെ! അപകര്‍ഷതാ ബോധവും ആത്മവിശ്വാസക്കുറവുമുള്ള ഉന്നതാധികാരി താന്‍ ശക്തനാണെന്നു സ്ഥാപിക്കുവാന്‍ തിരഞ്ഞെടുക്കുന്ന വളഞ്ഞവഴികളാണ് പീഢനങ്ങളെന്നാണ് മെലീസ എന്ന സ്വഭാവശാസ്ത്രജ്ഞയുടെ നിഗമനം.  ഭീരുവും സംശയാലുവുമായ ഉന്നതാധികാരി ഡെയ്ഞചറസ് ടൈംബോംബാണത്രെ!
എല്ലാ അധികാരികളും പീഢകരല്ല. എന്നാല്‍ ചിലര്‍ അധികാര കസേരയില്‍ കയറുമ്പോള്‍ സമഷ്ടി സ്നേഹവും മറ്റൊരാളുടെ വികാരങ്ങളുമായി താദാത്മ്യം പ്രാപിക്കുവാനുള്ള കഴിവും നഷ്ടപ്പെട്ട് കഠിനഹൃദയരാകാറുണ്ട്. ഇരകളുടെ ആത്മാഭിമാനവും അവര്‍ വിലമതിക്കുന്ന മൂല്യങ്ങളുമൊക്കെ നിസ്സാരമായി കാണുകയും തന്‍റെ ആഗ്രഹപൂരണത്തിനുള്ള ഉപഭേ.ാഗ വസ്തുവാണെന്നു കരുതുകയും ചെയ്യുന്ന അധികാരി വളരെ അപകടകാരിയാണ്.
അധികാരത്തിലേറുന്ന ചിലര്‍ക്ക് മൂല്യപ്രതിബദ്ധതയില്ലാത്തവരും പീഢകരും നിഷ്ഠൂരരുമൊക്കെ ആകുന്നതെന്തുകൊണ്ടാണെന്നറിയാന്‍ അവരുടെ വ്യക്തിത്വം, ജീവിത സാഹചര്യം, വളര്‍ന്നുവന്ന പശ്ചാത്തലം തുടങ്ങിയവയൊക്കെ വിശദമായി വിലയിരുത്തേണ്ടതുണ്ട്. അതോടൊപ്പം മനോരോഗങ്ങളും മാനസീക പ്രശ്നങ്ങളും വ്യക്തിത്വ വൈകല്യങ്ങളും വികല സ്വഭാവങ്ങള്‍ക്കു പിന്നിലുണ്ടോ എന്നും മെഡിക്കല്‍ ടീം പരിശോധിക്കേണ്ടി വരും.
ആത്മീയത്തിലും രാഷ്ട്രീയത്തിലും ഔദ്യോഗിക തലങ്ങളിലുമുള്ള അധികാരികളുടെ ലൈംഗീകപീഢനം ദൂരവ്യാപകമായ ദോഷഫലങ്ങളാണുണ്ടാക്കുക. ഇരയെ ഭീഷണിപ്പെടുത്തുവാനും തെറ്റുകള്‍ മറയ്ക്കുവാനും ഔദ്യോഗിക അധികാരങ്ങളും സ്വാധീനങ്ങളും ദുരുപയോഗപ്പെടുത്തുന്നവര്‍ സുരക്ഷിത ബോധത്തോടെയും അഭിമാനത്തോടെയും ജോലി ചെയ്യുവാനുള്ള സ്ത്രീകളുടെ അവകാശത്തെയാണ് ചവുട്ടി മെതിക്കുന്നത്. ഇത്തരം അധികാരികളുടെ രോഗബാധിതമായ സ്വഭാവം നിയന്ത്രിക്കപ്പെടേണ്ടതാണ്, ചികിത്സിക്കപ്പെടേണ്ടതാണ്. ആവശ്യമെങ്കില്‍ ഇവരെ അഴികള്‍ക്കുള്ളിലാക്കി പാവംപൗരന്‍മാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുമുണ്ട്.
ബൈബിളിലെ ദാവീദ് രാജാവ് തന്‍റെ സൈനികനായ ഊരിയാവിന്‍റെ ഭാര്യയെ സ്വന്തമാക്കാന്‍ അദ്ദേഹത്തെ ചതിച്ചു കൊന്നപ്പോള്‍ തെറ്റ് ഒതുക്കുവാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരെപ്പോലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇന്നും മതരാഷ്ട്രീയ നിയമ മേഖലകളില്‍ കാണുന്നത്. സ്ത്രീകളുടെ സ്വൈരജീവിതം തടസ്സപ്പെടുത്തുന്ന അധികാരദണ്ഡ് കയ്യിലുള്ള സൂപ്പര്‍ ബോസുമാരെ ആരു പിടിച്ചുകെട്ടുമെന്നതാണ് പ്രധാന പ്രശ്നം.
നീതി നടത്തുന്ന സര്‍വ്വേശ്വരനിലും പ്രതിബദ്ധതയുള്ള മാദ്ധ്യമങ്ങളിലും മാത്രമാണ് പ്രതിക്ഷ!


Thursday, November 16, 2017

വിഷാദനിഴല്‍ താഴ്വരയില്‍



വികാരങ്ങള്‍ക്കുമേല്‍ കനത്ത സാഷയും കടുംകെട്ടുമിടുന്ന വിഷാദ രോഗ ത്തിന്‍റെ പിടിയിലായവര്‍ക്കും അവരോട് അടുത്തിടപെടുന്നവര്‍ക്കും സങ്കീര്‍ണ്ണ വൈകാരിക പ്രതിസന്ധികളാണ് അനുഭവപ്പെടുന്നത്.
തന്‍റെ വൈകാരിക പ്രതിസന്ധികളെന്തൊക്കെയാണെന്ന് പറഞ്ഞു മനസ്സിലാക്കുവാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയാണ് വിഷാദരോഗിയുടേത്.
വിഷാദരോഗിയുടെ പരിചരണത്തില്‍ സുഹൃത്തുക്കളും ഉറ്റവരും ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്:
അകാരണമായി പ്രിയപ്പെട്ടവരില്‍ വൈകാരിക പ്രതിസന്ധിയും പിډാറ്റവും നിഷ്ക്രിയത്വവും നിരാശയുമൊക്കെ കാണുമ്പോള്‍ വഴിതെറ്റിയ അന്വേഷണങ്ങള്‍ നടത്താതെ ഒരു വിദഗ്ദ്ധ സൈക്യാട്രിക് ടീമിന്‍റെ വിലയിരുത്തലിനും മെഡിക്കല്‍ കെയറിനും സൗകര്യമുണ്ടാക്കുവാന്‍ പ്രിയപ്പെട്ടവര്‍ ശ്രദ്ധിക്കണം.
മസ്തിഷ്കത്തിലെ ന്യൂറോ കെമിക്കല്‍ തലങ്ങളിലുണ്ടാകുന്ന മാറ്റങ്ങളാണ് വിഷാദരോഗത്തിന്‍റെ പിന്നിലെ കാരണങ്ങള്‍. ശരീരശാസ്ത്രത്തിന്‍റെ പ്രാഥമിക അറിവുപോലുമില്ലാത്ത വ്യാജസിദ്ധന്‍മാര്‍ നിര്‍ദ്ദേശിക്കുന്ന വഴികളിലൂടെ ഒരിക്കലും പോകാതിരിക്കുക. നിങ്ങളുടെ പണവും ആരോഗ്യവും സമയവും വിലപ്പെട്ടതാണ്.
 വിഷാദരോഗിയോട് അടുത്തിടപെടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:
രോഗിയുടെ പ്രതിസന്ധികളില്‍ അവര്‍ തനിച്ചല്ലെന്ന് അവരെ ബോദ്ധ്യപ്പെടുത്തണം. ഈ ലോകത്ത് താന്‍ തനിച്ചാണെന്നും തന്‍റെ ദു:ഖവും പ്രതിസന്ധിയും തന്‍റേതു മാത്രമാണെന്നും അതിനൊക്കെ താന്‍തന്നെ പരിഹാരം കാണേണ്ടതുണ്ടെന്നുമുള്ള പ്രതികൂല ചിന്തകളുടെ തടവറയിലാണ് വിഷാദരോഗികള്‍.  ആര്‍ക്കും തന്‍റെ ദു:ഖം മനസ്സിലാക്കുവാന്‍ കഴിയുന്നില്ല, തന്നെ സഹായിക്കുവാന്‍ ആര്‍ക്കും കഴിയില്ല തുടങ്ങിയ നിസ്സഹായ ചിന്തയുടെ വന്‍ ചുഴിയിലായ രോഗിക്ക് ഉറപ്പ് കൊടുക്കുക:
'വിഷമിക്കണ്ട, ഞാനുണ്ട് കൂടെ'.
അടുത്തവരുടെ സ്നേഹസ്പര്‍ശവും ആശ്ലേഷവുമൊക്കെ സുരക്ഷിബോധവും ഉറഞ്ഞുപോയ വികാരങ്ങളില്‍ ഊഷ്മള ഉറവുകള്‍ തുറക്കുന്ന സൗഖ്യദായക അനുഭവങ്ങളുമാണ്.
ബുദ്ധിമുട്ടിപ്പിക്കുന്ന ചോദ്യശരങ്ങളെയ്ത് രോഗിയെ ഭാരപ്പെടുത്തരുത്. എന്തിനാണിങ്ങനെ  ജീവിതം പാഴാക്കുന്നത്, വിഷാദത്തിന്‍റെ കാരണമെന്താണ്, എന്തിനാണ് പ്രിയപ്പെട്ടവരെ വിഷമിപ്പിക്കുന്നത്, ജോലിക്കുപോകാത്തതെന്ത്, പഠിക്കാത്തതെന്ത്, തുടങ്ങിയ ശല്യപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഒഴിവാക്കുക. കുറച്ചു പറയാനും കൂടുതല്‍ കേള്‍ക്കുവാനും തയ്യാറാവുക.
രോഗം വന്നതുകൊണ്ട് നിങ്ങളുടെ പ്രസക്തിയും വ്യക്തിത്വത്തിന്‍റെ  മൂല്യവും കുറഞ്ഞുപോയിട്ടില്ലെന്നും ഈശ്വരനും സുഹൃത്തുക്കള്‍ക്കും നിങ്ങള്‍ ഇപ്പോഴും പ്രിയപ്പെട്ടവര്‍തന്നെയെന്നും രോഗം ആരുടേയും കുറ്റമല്ലെന്നും മാന്യത നഷ്ടപ്പെടുത്തുന്നതല്ലെന്നും പറഞ്ഞു മനസ്സിലാക്കുക. സാന്ത്വനപ്രദവും ശാന്തിപ്രദാനവുമായ ആത്മീയാനുഷ്ഠാനങ്ങള്‍ക്ക് ഹീലിംഗ് ഇഫക്ട് ഉണ്ട്. എന്നാല്‍ മനസ്സിനെ ഇളക്കിമറിക്കുന്ന തീവ്രവും സുദീര്‍ഘവുമായ ആത്മീയ അനുഭവങ്ങളും അമിത കുറ്റബോധം അടിച്ചേല്‍പ്പിക്കുന്ന പീഢനാത്മകമായ പ്രഭാഷണങ്ങളും നിസ്സഹായതയുടെ കയത്തില്‍ മുങ്ങിത്താഴുന്ന മനസ്സിനെ ചവിട്ടിത്താഴ്ത്തും. ഈ ചെറിയവരില്‍ ഒരുവനു ഇടര്‍ച്ചയുണ്ടാക്കുന്നവന്‍റെ കഴുത്തില്‍ തിരികല്ലു കെട്ടി ആഴത്തില്‍ ചവുട്ടിത്താഴ്ത്തണമെന്ന് ക്രിസ്തു പറഞ്ഞതിന്‍റെ  അര്‍ത്ഥവും ആഴവും ശ്രദ്ധേയമാണ്. മുറിവേറ്റവരോടും തകര്‍ന്നവരോടും ദൈവസ്നേഹത്തെപ്പറ്റിയാണ് സംസാരിക്കേണ്ടത്.
രോഗത്തിന്‍റെ പ്രതിസന്ധികള്‍ തികച്ചും താല്‍ക്കാലികമാണെന്നും കുടുംബത്തിലും സമൂഹത്തിലും ആത്മീയമേഖലയിലുമൊക്കെ ചെയ്തുവരുന്ന ചുമതലകള്‍ തുടര്‍ന്നും നിറവേറ്റേണ്ടതുണ്ടെന്നും ലോകത്തിന് നിങ്ങളെക്കൊണ്ട് ആവശ്യമുണ്ടെന്നും ബോദ്ധ്യപ്പെടുത്തുക.
എന്താവശ്യമുണ്ടെങ്കിലും തുറന്നു പറയണമെന്നും അതു ചെയ്തു തരുന്നതില്‍ സന്തോഷമേയുള്ളു എന്നും രോഗിയെ ഓര്‍മ്മപ്പെടുത്തുക. 'എനിക്ക് ഒരാവശ്യവുമില്ല, എന്നെ ശല്യപ്പെടുത്താതെ ഒന്നുപോയി തന്നാല്‍ മതി' എന്നൊക്കെയുള്ള നിഷേധാത്മകമായ മറുപടിയില്‍ മടുത്തുപോകാതെ, ഉപാധികളില്ലാത്ത സ്നേഹവുമായി ചേര്‍ന്നു നടന്നുകൊണ്ടേയിരിക്കുക.
സാക്ഷയിട്ട മനസ്സിന്‍റെ വാതില്‍തുറന്ന് സഹായവും സാന്ത്വനവും രോഗി ആവശ്യപ്പെടുന്നത് രോഗിയുടെ മാനസീകാരോഗ്യ നില മെച്ചപ്പെടുന്നതിന്‍റെ ലക്ഷണമാകാം. രോഗിക്കു കൊടുക്കുന്ന പ്രോമിസ് നിറവേറ്റുവാന്‍ എപ്പോഴും ശ്രമിക്കണം. സഹായങ്ങള്‍ ചെയ്തുതരുന്നത് ഭാരമല്ലെന്നും സന്തോഷമാണെന്നുമുള്ള അടിക്കുറിപ്പ് രോഗിയുടെ മിഥ്യാഭിമാനചിന്ത ലഘൂകരിക്കുവാന്‍ സഹായിക്കും. രോഗിയോടൊപ്പം പ്രാര്‍ത്ഥിക്കുന്നത് രോഗിക്ക് പ്രത്യാശയും ആത്മഹര്‍ഷവും ഉണ്ടാക്കുവാന്‍ സഹായിക്കും.

Thursday, November 9, 2017

കുട്ടികളെ തോല്‍ക്കാനും അനുവദിക്കു


തങ്ങളുടെ കുട്ടികള്‍ എല്ലാക്കാര്യത്തിലും വിജയിച്ചും ഒന്നാമനായും കാണുവാനാണ് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത് നല്ലത്. പക്ഷെ എന്നും വിജയിക്കുന്ന കുട്ടികള്‍ക്ക് തോല്‍ക്കുമ്പോള്‍ മാത്രം പഠിക്കുവാന്‍ കഴിയുന്ന പാല പാഠങ്ങളും പഠിക്കാനാവില്ലെന്നോര്‍ക്കണം.
ഓ, അതെന്താണ് തോല്‍ക്കുമ്പോള്‍ പഠിക്കുന്ന പാഠങ്ങള്‍?
പരാജയപ്പെടുമ്പോള്‍ സുരക്ഷിതബോധക്കുറവ്, ഭയം,  നിരാശ, അപകര്‍ഷതാബോധം തുടങ്ങിയ നിഷേധ വികാരങ്ങളുടെ വേലിയേറ്റങ്ങളുണ്ടാകും. അതിനെ അതിജീവിക്കുവാനുള്ള പ്രാപ്തിയും കരുത്തും നേടാന്‍ വല്ലപ്പോഴും തോല്‍ക്കുന്നതും തോറ്റു കൊടുക്കുന്നതും നല്ലതാണ്.
അമിത മോഹങ്ങളുള്ള പെര്‍ഫെക്ഷനിസ്റ്റുകളായ മാതാപിതാക്കള്‍ പെര്‍ഫെക്ഷനിസ്റ്റുകളായി കുട്ടികളെ വളര്‍ത്തുമ്പോള്‍ പഠനത്തില്‍ അവരെ ജീനിയസ്സുകളാക്കുവാന്‍ കഴിഞ്ഞേക്കാം. പക്ഷെ എന്നെങ്കിലും ജീവിതത്തില്‍ പരാജയപ്പെട്ടല്ലേ മതിയാകു. അപ്പോള്‍ പെര്‍ഫെക്ഷനിസ്റ്റ് കുട്ടികള്‍ക്ക് അമിത മിഥ്യാഭിമാനവും നിരാശയുമൊക്കെ വലിയ പ്രശ്നങ്ങളാകും. കാരണം അവര്‍ ഒരിക്കലും തോറ്റിട്ടില്ല, തോല്‍ക്കാന്‍ മാതാപിതാക്കള്‍ സമ്മതിച്ചിട്ടുമില്ല. ഗ്രേഡു കുറഞ്ഞാല്‍ മരിച്ചുകളയുമെന്നു ഭീഷണി മുഴക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് തോല്‍ക്കുവാന്‍ സ്വാതന്ത്ര്യമില്ലല്ലോ?
ജീവിത പരീക്ഷയില്‍ തോറ്റാല്‍ ഗുണങ്ങള്‍ പലതാണ്.
(1) സഹിഷ്ണുത, ക്ഷമ, സഹനശക്തി തുടങ്ങിയവ വളര്‍ത്തിയെടുക്കാന്‍ പരാജയം സഹായിക്കും.
പരാജയം നിസ്സഹായതയും നിരാശയുമുണ്ടാക്കും. പക്ഷെ പരാജയത്തെ പരിശ്രമംകൊണ്ട് വിജയമാക്കാന്‍ കഴിയുമെന്നും പരാജയപ്പെടുന്നതുകൊണ്ട് ജീവിതം മുഴുവന്‍ പ്രതിസന്ധിയിലാവില്ലെന്നുമുള്ള പ്രായോഗിക ജ്ഞാനം സ്കൂള്‍ സിലബസ്സില്‍നിന്നും പഠിക്കാനാവില്ല. പരാജയത്തെ കഠിന പരിശ്രമംകൊണ്ട് വിജയമാക്കാന്‍ കഴിയും, തോറ്റു പിډാറേണ്ട കാര്യമില്ല, പരിശ്രമിക്കാന്‍ മനസ്സുണ്ടെങ്കില്‍ ഏതു വെല്ലുവിളികളും വീഴ്ചകളും വിജയമാക്കാന്‍ കഴിയുമെന്നു പഠിക്കുന്നത് പരാജയപ്പെടുമ്പോഴാണ്.
തങ്ങളുടെ കുട്ടിയെ കുട്ടിദൈവമാക്കി ആരാധിക്കുന്ന മാതാപിതാക്കള്‍ കുട്ടി തോല്‍ക്കുമ്പോള്‍ അതിന്‍റെ കാരണം അദ്ധ്യാപകരിലും സ്കൂള്‍ കരിക്കുലത്തിലും ചാരി കുട്ടിയുടെ പരാജയത്തെ മൂടിവയ്ക്കാറുണ്ട്. കുട്ടിയുടെ പരാജയത്തിനു മൂടുപടമിടുന്നതിനു പകരം പരാജയ കാരണങ്ങളും വിജയത്തിനുള്ള വഴികളും കുട്ടികളുമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്.
(2) ആരോഗ്യകരമായ സാഹസിക മനോഭാവം വളര്‍ത്തിയെടുക്കുവാന്‍ തോല്‍വി സഹായിക്കും.
റിസ്ക്കും ചാന്‍സും എടുക്കുവാനുള്ള ധൈര്യം കിട്ടുന്നത് ജയപരാജയങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്. വരുന്നിടത്തുവച്ചു കാണാം, ഏറ്റവും കൂടിയാല്‍ ഒന്നു തോല്‍ക്കുകയല്ലെയുള്ളു, തോറ്റാല്‍ ആകാശം ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ല തുടങ്ങിയ സ്വയപ്രതിരോധചിന്തകള്‍ ആരോഗ്യകരമാണ്, തോല്‍വിയെ വിജയമാക്കുമ്പോള്‍ പഠിക്കുന്ന പാഠങ്ങളാണ്.
(3) പരാജയം ഈശ്വരാശ്രയ മനോഭാവമുണ്ടാക്കും.
ജീവിതത്തില്‍ ചില കനത്ത പരാജയങ്ങളും  വൈകാരിക പ്രതിസന്ധികളുമുണ്ടാകുമ്പോള്‍ ലോകം ആദരിക്കുന്ന പല സെലിബ്രിറ്റികളും ആത്മഹത്യ ചെയ്യാറുണ്ട്. വഴിമുട്ടിയ ജീവിത പ്രതിസന്ധികളെ അഭിമുഖീകരിക്കുവാന്‍ തന്‍റെ കഴിവുകൊണ്ടാവില്ല, സഹായത്തിന് ആരുമില്ല തുടങ്ങിയ നിസ്സഹായ ചിന്തകളാണ് അവരെ മരണചുഴിയിലേക്കു തള്ളിയിടുന്നത്. സര്‍ഗ്ഗാത്മ ജീവശക്തിയുടെ ഉറവിടമായ ഈശ്വരനില്‍ മനസ്സുറപ്പിക്കുന്നവര്‍ക്കു പ്രതിസന്ധികളില്‍ മുന്നോട്ടു പോകുവാന്‍ കഴിയും. തന്‍റെ ജഡത്തിലെ തീരാവ്യാധി മാറ്റാന്‍ സെന്‍റ്പോള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം നല്‍കിയ മറുപടി: 'എന്‍റെ കൃപ നിനക്കുമതി, എന്‍റെ ശക്തി ബലഹീനതയില്‍  തികഞ്ഞു വരുന്നു' എന്നായിരുന്നു.  ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും മാറ്റുവാന്‍ കഴിഞ്ഞില്ലെങ്കിലും ദൈവത്തെ ആശ്രയിച്ച്, യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിച്ച് മുന്നോട്ടുപോകാന്‍ സെന്‍റ് പോള്‍ പഠിച്ചു.
സ്വാശ്രയബോധം നല്ലതാണ്, പക്ഷെ താന്‍പാതി ദൈവംപാതിയെന്ന ചിന്ത കൂടുതല്‍ നല്ലതാണെന്ന് പഴമക്കാര്‍ പറയുന്നതിലും കാര്യമുണ്ട്.
പരാജയം ജീവിതത്തിലെ അനിവാര്യതയാണ്. പരാജയങ്ങളെ സൃഷ്ടിപരമായി അഭിമുഖീകരിക്കുവാന്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം കൊടുക്കണം. കുട്ടിയൊന്നു തോറ്റുപോയാല്‍, പിറകിലായിപ്പോയാല്‍ എല്ലാം തകര്‍ന്നു,
ഇനി ജീവിച്ചിട്ടു കാര്യമില്ല എന്നു പറഞ്ഞ് മാതാപിതാക്കള്‍ ബഹളം വയ്ക്കരുത്. കുട്ടികളെ കുപ്പിയിലിട്ടു വളര്‍ത്താതെ, കംഫര്‍ട്ട്സോണില്‍ പൂട്ടിയിടാതെ, പുറംലോകത്തേക്കിറങ്ങുവാനും, വീഴുവാനും തോല്‍ക്കുവാനും അനുവദിക്കണം. അപ്പോള്‍ ആരോഗ്യകരമായ റിസ്ക്കെടുക്കാനും, നിരാശയെ അതിജീവിക്കാനുമുള്ള കഴിവ് കുട്ടികള്‍ നേടും. വന്‍വിജയം നേടുന്നതിലും  വെട്ടിപ്പിടിക്കുന്നതിലും ഓടി മുമ്പില്‍ കയറുന്നതിലും മാത്രമല്ല ജീവിതവിജയം, വീഴ്ചകളില്‍, തോല്‍വികളില്‍ തളര്‍ന്നുപോകാതെ ദൈവാശ്രയത്തോടെ വിജയം നേടുന്നതും ദൈവീക മൂല്യങ്ങളില്‍  ചുവടുറപ്പിച്ചു മുന്നോട്ടുപോകുന്നതും ജീവിതഓട്ടക്കളത്തിലെ വിജയത്തിന് ആവശ്യമാണെന്ന് കുട്ടികളെ പഠിപ്പിക്കണം, പരിശീലിപ്പിക്കണം.