Thursday, August 4, 2022

എൻഫോഴ്സ് യുവർ ബൗണ്ടറി!

 

മനസ്സിന് ആരോഗ്യകരമായ ബൗണ്ടറി ആവശ്യമാണെന്നാണ്   സോഷ്യൽവർക്കറായ കാരൻ സലെർണോയുടെ അഭിപ്രായം.

മറ്റുള്ളവരുടെ അനാവശ്യ ഇടപെടലുകളും  കടന്നുകയറ്റവും ഒഴിവാക്കാൻ മനസ്സിന്റെ ബൗണ്ടറി സഹായകമാണ്. നമ്മുടെ ഉറച്ച നിലപാടുകൾ വ്യക്തമാക്കുവാനും ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പിന് തടസ്സമുണ്ടാക്കുന്നവരെ അകറ്റി നിർത്തുവാനും ബൗണ്ടറി ഉപകരിക്കും.

മറ്റുള്ളവർ നമ്മോടും നമ്മൾ മറ്റുള്ളവരോടും എങ്ങനെ ഇടപെടണമെന്ന് തീരുമാനിക്കപ്പെടുന്നത് നാം നിലനിർത്തുന്ന ധാർമിക ബൗണ്ടറിയുടെ പേരിലാണ്. നമ്മുടെ മൂല്യങ്ങളെയും കാഴ്ചപ്പാടുകളെയും മറ്റുള്ളവർ ആദരിക്കണമെങ്കിൽ നമുക്ക്  ഉറച്ച നിലപാടും അതിർവരമ്പുകളും ആവശ്യമാണ്.

അധാർമികതയുടെയും പരദൂഷണത്തിന്റെയും മാലിന്യങ്ങൾ  മനസ്സിൽ വലിച്ചെറിയുവാൻ വരുന്നവരെ ബൗണ്ടറിക്ക് പുറത്തു നിർത്തിയില്ലെങ്കിൽ നമ്മുടെ മനസ്സമാധാനവും ശാന്തിയും പ്രതിസന്ധിയിലാകും. 

എന്താണ് ആരോഗ്യകരമായ ബൗണ്ടറിയുടെ പ്രത്യേകത?

മറ്റുള്ളവരുടെ മേൽ നിയന്ത്രണം ചെലുത്താത്തതും നമ്മുടെ സ്വകാര്യത കാത്തു സൂക്ഷിക്കുന്നതും ആണ് ആരോഗ്യകരമായ ബൗണ്ടറി.

നമ്മുടെ മൂല്യബോധവും ഫിലോസഫിയും ഇഷ്ടാനിഷ്ടങ്ങളും എന്താണെന്നും,   നമുക്ക് സന്തോഷവും സുരക്ഷിത ബോധവും നൽകുന്നത് എന്തൊക്കെയാണെന്നും  സ്വയം തിരിച്ചറിഞ്ഞാൽ മാത്രമേ സ്വകാര്യതയുടെ അതിർത്തി നിശ്ചയിക്കുവാൻ സാധിക്കുകയുള്ളൂ.

വ്യക്തിത്വവികാസത്തിന്റെ ആദ്യഘട്ടങ്ങളിൽ ചെറിയ അതിർവരമ്പുകൾ പണിത് തുടങ്ങണം. ക്രമേണ സ്വന്തം വ്യക്തിത്വശൈലിയും അഭിരുചികളും താല്പര്യങ്ങളും ഒക്കെ തിരിച്ചറിഞ്ഞുവരുമ്പോൾ  ബൗണ്ടറി ശക്തവും സുദൃഡവുമാക്കാം.  ജീവിത സാഹചര്യങ്ങളും പ്രവർത്തന മേഖലയും നിയോഗങ്ങളും മാറുന്നതിനനുസരിച്ച് ബൗണ്ടറിയും പുതുക്കി പണിയേണ്ടി വരും.

ശാന്തിയും സമാധാനവും സ്വാതന്ത്ര്യവും പ്രൈവസിയും ഒക്കെ നമ്മുടെ അവകാശമാണ്. അതിന് ചില ബൗണ്ടറികൾ നിലനിർത്തിയെ പറ്റു.   പക്ഷെ, ആളുകളെ പ്രസാദിപ്പിക്കുന്ന, അമിത ആശ്രയ മനോഭാവക്കാർ വിസമ്മതം പ്രകടിപ്പിക്കുവാൻ മടിയുള്ളവരാണ്. ഉറച്ച നിലപാടുകളുടെ ബൗണ്ടറി നിലനിർത്താൻ ഇവർക്ക് ബുദ്ധിമുട്ടാണ്. 

ആരോഗ്യകരമായ ബൗണ്ടറി ആവശ്യമുള്ള മേഖലകൾ ഏതൊക്കെയാണ്?

പ്രണയബന്ധങ്ങൾക്കിടയിലെ ബൗണ്ടറികൾ വളരെ പ്രധാനപ്പെട്ടതാണ്. കൗമാര പ്രണയ ബന്ധങ്ങൾ പരസ്പരം അടുത്തറിയാനുള്ളതാണ്. ഇണയുടെ അഭിരുചികളും കാഴ്ചപ്പാടുകളും മൂല്യബോധങ്ങളുമായി പൊരുത്തപ്പെടാൻ കഴിയുന്നുണ്ടോ എന്നു മനസ്സിലാക്കാനുള്ള സമയമാണ്. അടുപ്പത്തിനും മീഡിയ റിലേഷൻഷിപ്പിനും  അതിർത്തിയും   ആത്മസമയനവും നിഷ്കർഷയും പുലർത്തിയില്ലെങ്കിൽ അടുത്തറിയാനുള്ള ശ്രമം അതിരുകടന്ന ബന്ധങ്ങളായിത്തീരുവാൻ സാധ്യതയുണ്ട്.

വൈകാരിക പക്വതയില്ലാത്തവരും വ്യക്തിത്വ വൈകല്യമുള്ളവരും മറ്റുള്ളവരുടെ ബൗണ്ടറികളെയും അതിരുകളെയും മാനിക്കാത്തവരാണ്. ഉപായം, കൗശലം, ഭാവാഭിനയം, കാപട്യം, ഭീഷണി തുടങ്ങിയ തന്ത്രപരമായ നീക്കങ്ങളിലൂടെ ബൗണ്ടറി കടക്കാൻ ശ്രമിക്കുന്നവരെ തുടക്കത്തിൽ തന്നെ മതിൽക്കെട്ടിന് പുറത്ത് നിർത്തിയില്ലെങ്കിൽ വയ്യാവേലിയും ഒഴിയാബാധയുമാവും. ആളും തരവും അറിയുന്നതിന് മുമ്പ് വാതിൽ തുറന്നു കൊടുക്കുന്നത്  റിസ്കാണേ! ഒരാളെ കണ്ട്‌, ഒന്നു സംസാരിച്ചു കഴിയുമ്പോൾ നൂറുശതമാനവും  അയാളെ മനസ്സിലാക്കികഴിഞ്ഞു എന്ന് തീരുമാനിക്കരുത്.  മൾട്ടിപ്പിൾ റോൾ പ്രകടനത്തിൽ അപാര അഭിനയശേഷിയുള്ള മഹാനടീനടന്മാരാണ് 'ഫ്രോഡുകൾ'. ഇവരുടെ മനസ്സൊരു സമസ്യയാണ്.

കുടുംബ ബന്ധങ്ങളിൽ ഉപാധികളില്ലാത്ത സ്നേഹം പങ്കുവെക്കൽ  ആവശ്യമാണ്. എങ്കിലും  കുടുംബാംഗങ്ങളുടെ  പ്രൈവസിയും സ്വാതന്ത്ര്യവും പരസ്പരം ആദരിക്കേണ്ടതുണ്ട്. 

ദമ്പതികൾ പരസ്പരം ആദരവും ബഹുമാനവും നിലനിർത്തണം. എന്തും പറയാനും പ്രവർത്തിക്കാനുമുള്ള ലൈസൻസാണ് വിവാഹമെന്ന ചിന്ത ശരിയല്ല.  ഇണയുടെ പ്രൈവസിയും ഓട്ടോണമിയും ആദരിക്കാത്ത ജീവിതപങ്കാളിയെ മതിൽ കെട്ടി അകറ്റി  നിർത്തേണ്ടി വരുന്നത് തികച്ചും നിവർത്തികേടുകൊണ്ടാണ്. 

 മാതാപിതാക്കളുടെ  അധീശ-ഉടമസ്ഥ മനോഭാവത്തോട് കുട്ടികൾ നിഷേധാത്മകമായി പ്രതികരിക്കാറുണ്ട്.  അവരുടെ സ്വാതന്ത്ര്യത്തെയും സ്വയ ഭരണാവകാശത്തെയും പറ്റി അവർക്ക് ബോധ്യം വന്നിരിക്കുന്നു എന്നാണ് അത്തരം പ്രതികരണത്തിന്റെ അർത്ഥം. അത് മാതാപിതാക്കൾ മനസ്സിലാക്കാതെ വരുമ്പോൾ നയം വ്യക്തമാക്കാൻ കുട്ടികൾ ബന്ധങ്ങൾക്കിടയിൽ മതിലുകൾ കെട്ടിപൊക്കും. നോട്ട് ദ പോയിന്റ്!

സുഹൃത്തുക്കളുമായി മനസ്സ് തുറന്നിടപെടുമ്പോൾ പരസ്പരം ബൗണ്ടറികൾ   ചാടിക്കടക്കാറുണ്ട്. രഹസ്യങ്ങൾ പങ്കുവെക്കുമ്പോഴും ലഹരിയിൽ ഹൃദയം തുറക്കുമ്പോഴും വിശ്വസ്തത പാലിക്കുവാൻ രണ്ടു കൂട്ടരും ശ്രദ്ധിക്കണം.  ഉറ്റ സുഹൃത്തുക്കൾക്ക് അനധികൃത കടന്നുകയറ്റത്തിന്  വാതിൽ തുറന്നു കൊടുക്കുന്നത് അഭിലക്ഷണിയമല്ല. നല്ല സുഹൃത്ത് അതിരുകളെ മാനിക്കുന്നവരായിരിക്കും. അതിർത്തി ലംഘിക്കുന്ന ടോക്സിക്  സുഹൃത്തുക്കളെ അതിർത്തിക്കു പുറത്ത് നിർത്തിയില്ലെങ്കിൽ പ്രശ്നമാകും.

ജോലിയിൽ  സഹപ്രവർത്തകരും അധികാരികളും  ചൂഷണം ചെയ്യുവാനും അമിതഭാരം ചുമപ്പിക്കാനും ശ്രമിക്കുമ്പോൾ അതൃപ്തി അറിയിക്കുകയും അതിർവരമ്പുകൾ വ്യക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. ചില മൂല്യങ്ങളിലും തത്വങ്ങളിലും നമ്മൾ ഉറച്ചുനിൽക്കുന്നുവെന്ന് ബോധ്യപ്പെടുത്തിയാൽ,  ക്രോസ് ബോർഡർ ടെററിസത്തിന് ആരും വരില്ല.  വന്നാൽ വകവച്ചു കൊടുക്കുകയും വേണ്ട.

യാത്രയിലും ഷോപ്പിംഗ് മാളുകളിലും പാർക്കിലും  മനപ്പൂർവം നമ്മുടെ ഫിസിക്കൽ ബൗണ്ടറി കടന്നുവരുന്ന അപരിചിതർക്ക്  അകന്നു നിൽക്കുവാൻ സഭ്യമായ മുന്നറിയിപ്പ് കൊടുക്കണം. അത്തരം മുന്നറിയിപ്പുകൾക്ക് നിഷേധാത്മകമായ വൈകാരിക പ്രതികരണങ്ങൾ ഉണ്ടാവുകയാണെങ്കിൽ നമ്മൾ സ്വയം പിന്മാറുന്നതും സേഫ് ഡിസ്റ്റൻസ് നിലനിർത്തുന്നതുമായിരിക്കും സുരക്ഷിതം. സംഗതി കേസുകെട്ടാണ്☠️

യാത്രയിലും പൊതു പരിപാടികളിലും കണ്ടുമുട്ടുന്ന അപരിചിതർക്ക് സൗഹൃദവാതിൽ തുറന്നു കൊടുത്തു നിരന്തരം പ്രതിസന്ധികളിൽ വീഴുന്നവരുണ്ട്. സോഷ്യൽ മീഡിയയിൽ മുഖംമൂടിയണിഞ്ഞു വരുന്നവരെ തുറന്ന മനസ്സോടെ വിശ്വസിക്കുന്നവരും വ്യക്തിപരമായ വിവരങ്ങൾ പങ്കുവെക്കുന്നവരും സാമ്പത്തിക ഇടപാടിലും പ്രണയബന്ധങ്ങളിലും ഏർപ്പെടുന്നവരും അനവധിയാണ്. അതിന്റെയൊക്കെ  അനന്തര ദുരന്തഫലങ്ങളാണ് മീഡിയയിലൂടെ നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത്. കർട്ടന് പിറകിൽ  നിൽക്കുന്നവരുടേത് വിഷലിപ്ത മനസ്സും കറുത്ത കൈകളുമല്ലെന്ന് ഉറപ്പാക്കുന്നതുവരെ മതിൽക്കെട്ടിനു പുറത്തു നിർത്തുന്നതാണ് സുരക്ഷിതം.

ദുഷ്ടരും കശ്മലരും ഫ്രോഡുകളും സ്വതന്ത്രമായി മേഞ്ഞു നടത്തുന്ന ലോകത്തും സൈബർ മിഡിയയിലും ചുവടുവെക്കുന്ന നമുക്ക് സുരക്ഷിത മതിലുകൾ അത്യാവശ്യമാണ്. സ്വാദിഷ്ടമായി സംസാരിക്കുന്നവർക്കും സാത്വിക വേഷധാരികൾക്കും മനസ്സിന്റെ വാതിൽ തുറന്നു കൊടുക്കുന്നത് വളരെ  ആലോചിച്ചു വേണം.

എൻഫോഴ്സ് യുവർ ബൗണ്ടറി!

- -ഫാ. ഡോ. ഏ. പി. ജോർജ്



                     






Monday, June 20, 2022

ലൈഫ് ആഫ്റ്റർ ഡിവോഴ്സ്

വിവാഹമോചനവും വേർപിരിയലും വളരെ വെല്ലുവിളികൾ നിറഞ്ഞ അനുഭവങ്ങളാണ്.  വിവാഹമോചനത്തിന് ശേഷമുള്ള സഹനയാത്രയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ചില മുൻകരുതലുകളും മനസ്സൊരുക്കവും  സഹായകമാണ്.

പ്രത്യാഘാതങ്ങളായ നിരാശ, ദുഃഖം, വെറുപ്പ്, അപമാനം, വഞ്ചന തുടങ്ങിയ സമ്മിശ്ര നിഷേധ വികാരങ്ങളെ തിരിച്ചറിയുകയും അവയുടെ ആരോഗ്യകരമായ മാനേജ്മെന്റിനുള്ള മാർഗ്ഗനിർദ്ദേശം തേടുകയും ചെയ്യണം. ദാമ്പത്യ തകർച്ചയ്ക്കും വഴിപിരിയലിനും ശേഷം പുനരധിവാസത്തിനു വേണ്ടി  സ്വയം ചെയ്യേണ്ട  പലകാര്യങ്ങളുണ്ട് .

1. നിഷേധ വികാരങ്ങളെ അംഗീകരിക്കുകയും മനോ-ശാരീരിക മേഖലകളിലുണ്ടാകുന്ന അസ്വസ്ഥതകൾ അതിജീവിക്കുവാൻ തയ്യാറാകണം. ഇതൊക്കെ ദുരന്താനുഭവങ്ങളിൽ എല്ലാവരും നേരിടുന്ന വൈകാരിക പ്രതിസന്ധികളാണ്.  അത് ഒഴിവാക്കുവാൻ കഴിയില്ല. അതിൽ ശരിയുടെയും തെറ്റിന്റെയും പ്രശ്നമില്ല. പ്രതീക്ഷകൾ തകരുമ്പോൾ, ഇങ്ങനെ വരാതിരുന്നെങ്കിൽ,  അങ്ങനെ സംഭവിക്കാതിരുന്നെങ്കിൽ എന്നൊക്കെ ഓർത്തുള്ള ദുഃഖവും ആത്മസംഘർഷവും  എല്ലാവർക്കും ഉണ്ടാകും. ഈ നിഷേധവികാരങ്ങളുടെ തീവ്രതയും അതുണ്ടാക്കുന്ന യാതനകളും ക്രമേണ കുറഞ്ഞുവരും. പതറാതെ ചുവടുവെച്ച് മുമ്പോട്ട് പോയേപറ്റു.

2.  വൈകാരിക പ്രതിസന്ധികളെ കൈകാര്യം ചെയ്യുവാൻ സഹായിക്കുന്ന രണ്ടുകാര്യങ്ങളാണ്  സ്വയ പരിപാലനവും സ്വയ സാന്ത്വനവും.

വിവാഹമോചനത്തിന്റെ ആദ്യ ഘട്ടങ്ങളിലെ അമിത സംഘർഷ സമയങ്ങളിൽ സ്വന്തം ശരീര മനസ്സുകളെപ്പറ്റി പലരും ശ്രദ്ധിക്കാറില്ല. മനസ്സിന് സാന്ത്വനം ലഭിക്കുന്ന  ആത്മ സൗഹൃദം, ഈശ്വര ചിന്ത തുടങ്ങിയവയിലേക്ക് ശ്രദ്ധ തിരിക്കുമ്പോൾ ടെൻഷനും പിരിമുറുക്കവും കുറയും.

മനസ്സ് നഷ്ടബോധങ്ങളിൽ തളർന്നുറങ്ങുമ്പോൾ അനാരോഗ്യകരമായ ജീവിതശൈലി ശീലമായി പോകും. അത് അതിജീവന ശക്തിയെ ദുർബലപ്പെടുത്തും. വ്യായാമം, ഉറക്കം, ഹെൽത്തി ഡയറ്റ്,  ലഹരിവസ്തുക്കളുടെ വർജ്ജനം, ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക തുടങ്ങിയ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കണം. ആരോഗ്യമുള്ള ശരീരവും മനസ്സും റിസിലിയൻസിന് അത്യാവശ്യ ഘടകങ്ങളാണ്.

3. മാതാപിതാക്കൾ വഴിപിരിയുമ്പോൾ അനാഥത്വത്തിന്റെയും ആത്മസംഘർഷത്തിന്റെയും തിരയിലും കൊടുങ്കാറ്റിലും കുട്ടികളുടെ മനസ്സ് ആടിയുലയും. അത് അവരുടെ വ്യക്തിത്വ വികാസത്തിലും വൈകാരിക വളർച്ചയിലും സാരമായ പ്രതിസന്ധികളും ക്ഷതങ്ങളും ഉണ്ടാക്കും. കുട്ടികളുടെ ഭാവിക്ക് ഏറ്റവും അനുയോജ്യമായ ക്രമീകരണം എന്തായിരിക്കണമെന്ന കാര്യത്തിൽ വേർപിരിയുന്നതിന് മുമ്പും ശേഷവും രണ്ടുപേരും അനുകൂല തീരുമാനങ്ങൾ എടുക്കണം. പരസ്പരമുള്ള ഈഗോ യുദ്ധത്തിൽ കുട്ടികളെ വെച്ച് വിലപേശരുത്. അവരെ ബലിയാടുകൾ ആക്കരുത്.

4. ആകാംക്ഷയിലേക്കും വിഷാദത്തിലേക്കും തള്ളിവിടുന്ന  പ്രതികാര ചിന്തകളും നിരാശയും ശൂന്യത ബോധവും മനസ്സിൽ പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോൾ മെന്റൽ ഹെൽത്ത് ടീമിന്റെ സഹായം തേടുവാൻ മടിക്കരുത്. വിവാഹമോചനമുണ്ടാക്കുന്ന വൈകാരിക പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള  കഴിവും കരുത്തും എല്ലാവർക്കും ഉണ്ടായിരിക്കണമെന്നില്ല.  കുറ്റബോധം, അപമാനം, ശൂന്യതാബോധം തുടങ്ങിയ നിഷേധ വികാരങ്ങളുടെ കയങ്ങളിലേക്ക് വീണുപോയാൽ കരകയറുവാൻ ബുദ്ധിമുട്ടായിരിക്കും. മനോ- ശാരീരിക പീഡന മുറിവുകളുടെ സൗഖ്യത്തിന് മരുന്നും മനസ്സും കൊണ്ടുള്ള ചികിത്സ ആവശ്യമാണ്.

5. കുട്ടികളുടെ ഭാവി, സാമ്പത്തികപ്രതിസന്ധി, പാർപ്പിടം തുടങ്ങിയ വെല്ലുവിളികളെ നേരിടുമ്പോൾ എങ്ങനെയും കോംപ്രമൈസ് ചെയ്യുവാനുള്ള  പ്രേരണയുണ്ടാകും. പീഡനങ്ങളും വൈകൃതങ്ങളും അപമാനങ്ങളും സഹിക്കാനും കീഴടങ്ങാനുമൊക്കെ പലരും തയ്യാറാകാറുണ്ട്. അത്‌ പലപ്പോഴും നിത്യ സഹനങ്ങൾക്ക് കാരണമാകാറുണ്ട്. ജീവിത പാതയിലെ റൂട്ടും മാപ്പും പ്ലാനും വിശദീകരിച്ചു തരുവാൻ കഴിയുന്ന മെഡിക്കൽ, ലീഗൽ, സ്പിരിച്വൽ  മേഖലകളിലെ വിദഗ്ധരുമായി ആശയവിനിമയം നടത്തണം. അവർ നൽകുന്ന തിരിച്ചറിവുകൾ  മുന്നോട്ടു പോകുവാനുള്ള ഉൾക്കാഴ്ചയും ചാലകശക്തിയും നൽകും. 

6. ഒരു ബന്ധത്തിലെ തകർച്ചയും മുറിവുകളും വൈകാരിക പ്രതിസന്ധികളും മാറ്റുവാൻ മറ്റൊരു ബന്ധത്തിലേക്ക് പെട്ടെന്ന് എടുത്തു ചാടുന്നത് നല്ല തീരുമാനം  ആയിരിക്കില്ല.  ബന്ധങ്ങളുടെ തകർച്ചയുടെ വേദന  സുഖമാകാൻ കുറെ സമയം വേണ്ടിവരും.

പുതിയ ബന്ധത്തിലേക്ക് ചുവടു വെക്കുമ്പോൾ കഴിഞ്ഞ ജീവിതത്തിൽ നിന്ന് പഠിച്ച പാഠങ്ങളും അനുഭവങ്ങളും വീണ്ടും വീണ്ടും ആവർത്തിച്ച് വായിച്ചു പഠിക്കണം. സ്വയം വിശ്വസിക്കാൻ കഴിയുന്നുണ്ടോ? മറ്റൊരാളെ വിശ്വസിക്കാൻ പറ്റുമോ?  പരാജയത്തിന് സ്വന്തം മെന്റൽ സെറ്റും മനോഭാവങ്ങളും ആത്മനിയന്ത്രണമില്ലായ്മയുമൊക്കെ കാരണമായിരുന്നോ .... തുടങ്ങിയ അനേകം ചോദ്യങ്ങൾക്കുള്ള ഉത്തരം സ്വയം ചോദിച്ചു മനസ്സിലാക്കണം. അല്ലെങ്കിൽ ജീവിതം പഴയതിന്റെ ആവർത്തനമാകും. സ്വയനീതീകരണവും ന്യായീകരണവും സ്വയം തിരുത്തുന്നതിന് തടസ്സമാണ്‌. കാഴ്ചപ്പാടിലും മനോഭാവങ്ങളിലുമുള്ള  അടിസ്ഥാനപരമായ മാറ്റം  പരാജയ സാധ്യതകൾ കുറയ്ക്കുവാൻ സഹായകരമാകും.

7. Co- dependency, anger management, betrayal, grief and loss, self esteem തുടങ്ങിയവയെപ്പറ്റിയുള്ള ആരോഗ്യ വിദഗ്ധരുടെ പുസ്തകങ്ങൾ എല്ലാ ഭാഷയിലും ലഭ്യമാണ്. ഈ വായനയിലൂടെ സത്യം ഗ്രഹിക്കാനും  തെറ്റുദ്ധാരണയുടെ തടവിൽനിന്ന് സ്വതന്ത്രമാകാനും സാധിക്കും. Divocre recovery support group കളിൽ പങ്കെടുക്കുന്നത് നല്ലതാണ്. സമാന പ്രതിസന്ധികളിലായ അനേകരെ കണ്ടെത്തുവാനും ഉള്ളം പങ്കിടുവാനും സാധിക്കും

8. മുള്ളുകളിൽ ചവിട്ടിയും മുറിവുകൾ തുടച്ചും ഏകാന്ത പഥികരായി ചുവടുവെക്കാൻ മനസ്സിൽ പ്രത്യാശ നിലനിർത്തണം. താളംതെറ്റിയ ജീവിതം ശ്രുതിലയതാളത്തിലാകാൻ തീർച്ചയായും സമയമെടുക്കും. ഒരു മാസം കൊണ്ടോ ഒരു വർഷം കൊണ്ടോ അത് സാധ്യമായില്ലെന്നു വന്നേക്കാം. പ്രതികൂലതകളിലൂടെയുള്ള ഓരോ ചുവടുവയ്പിലും സന്തോഷിക്കണം. അത് വ്യക്തിപരമായ  വിജയവും നേട്ടവും ആയി കാണണം.

   പുതിയ അനുഭവങ്ങളും അനുഭൂതികളും ഉൾക്കൊണ്ട് ജീവിതകഥയിലെ പുതിയ ചാപ്റ്റർ എഴുതി തുടങ്ങണം. കഴിഞ്ഞകാല  ജീവിതാനുഭവങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട്, ജീവിതത്തിന്റെ പുതിയ താളുകളിൽ ജീവിത ദിനവൃത്താന്തം കുറിക്കണം.

you can do it.

ആരോഗ്യകരമായ പുതിയ വ്യക്തിബന്ധങ്ങളും സാമൂഹ്യ ഇടപെടലുകളും തുടങ്ങുവാൻ നിങ്ങൾക്ക് സാധിക്കും. വീണ്ടും ജീവിതത്തിൽ വസന്തവും ഗ്രീഷ്മവും കടന്നുവരും. ദൈവം ഏൽപ്പിച്ച നിയോഗങ്ങൾ പൂർത്തിയാക്കാൻ നിങ്ങൾക്ക് തീർച്ചയായും കഴിയും.

എന്താണ് ഇതിനുള്ള തെളിവ്?

'നിങ്ങളില്‍ സത്‌പ്രവൃത്തി ആരംഭിച്ചവന്‍ യേശുക്രിസ്‌തുവിന്റെ ദിനമാകുമ്പോഴേക്കും അതു പൂര്‍ത്തിയാക്കും...

എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.'  ഫിലിപ്പി 1 : 6; 4 : 13


   - ഫാ. ഡോ. ഏ. പി. ജോർജ്


Tuesday, January 25, 2022

Impact of dysfunctional family

 വിതക്കാരന്റെ ഉപമയിൽ ദൈവവചനമാകുന്ന വിത്തു വീഴുന്ന മുള്ളും പാറയും പെരുവഴിയുമാകുന്ന നിലങ്ങളെപ്പറ്റി കർത്താവ് പറയുന്നുണ്ട്. സ്വർഗ്ഗീയ കൃഷിക്കാരൻ വിതയ്ക്കുന്ന കുട്ടികളാകുന്ന വിത്ത് ചെന്ന് വീഴുന്ന രോഗബാധിതമായ കുടുംബാന്തരീക്ഷങ്ങൾക്കും ഈ ഉപമ അനുയോജ്യമാണ്. ദൈവത്തിന്റെ വിലപ്പെട്ട പല കുഞ്ഞുങ്ങളും  നിർഭാഗ്യവശാൽ ജനിക്കുന്നത് മുള്ളുകൾക്കിടയിലും, പാറപോലെ ഹൃദയകാഠിന്യമുള്ള മാതാപിതാക്കളുടെ കൈകളിലുമൊക്കെയാണ് . നല്ല കുടുംബാന്തരീക്ഷത്തിൽ ജനിക്കുവാനും വളരുവാനും അവസരം ലഭിക്കുന്ന കുഞ്ഞുങ്ങൾ ഭാഗ്യമുള്ളവരാണ്. 

രോഗബാധിതമായ കുടുംബാന്തരീക്ഷത്തിൽ വീഴുന്ന കുട്ടികൾക്ക് നല്ല ഫലം കായ്ക്കുവാനും ദൈവനിയോഗം പൂർത്തിയാക്കാനും സാധിക്കാതെ വന്നേക്കാം.

കുട്ടിയുടെ അനുകൂല വ്യക്തിത്വ വികാസത്തിന് വൈകാരിക ഭദ്രതയുള്ള കുടുംബാന്തരീക്ഷവും കരുതലും സ്നേഹവും ഉള്ള പേരന്റിങ്ങും അനിവാര്യ ഘടകങ്ങളാണ്.

മാതാപിതാക്കളുടെ അവഗണന, അമിത നിയന്ത്രണം, ലഹരി ആസക്തി, പീഡനം തുടങ്ങിയ പ്രതികൂലതകൾ കുടുംബത്തിൽ തുടർച്ചയായ ഏറ്റുമുട്ടലുകളും വാദപ്രതിവാദങ്ങളും ടെൻഷനും ഉണ്ടാകും. ഇത്തരം കുടുംബാന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾ അതൊക്കെ നോർമലാണെന്നു ചിന്തിക്കുകയും ഭാവിയിൽ അവരുടെ കുടുംബത്തിൽ അതൊക്കെ ആവർത്തിക്കുകയും ചെയ്യും.

എന്താണ് രോഗബാധിതമായ കുടുംബം?

സംഘട്ടനങ്ങളും സംഘർഷങ്ങളും അവഗണനയും നിരന്തരമായി അരങ്ങേറുന്ന കുടുംബാന്തരീക്ഷം ആണ് ഇത്.

രോഗബാധിതമായ കുടുംബത്തിൽ ബന്ധങ്ങൾക്കിടയിൽ അവിശ്വസ്തതയും വിരുദ്ധതയും, വികാര പ്രകടനങ്ങൾക്ക് സ്വാതന്ത്ര്യം നൽകാത്തതും മാപ്പ് കൊടുക്കാത്തതും ക്ഷമാപണം സ്വീകരിക്കാൻ തയ്യാറാകാത്തതും  ഒക്കെ തകർന്ന കുടുംബത്തിലെ പ്രതിസന്ധികളാണ്.

കുടുംബം രോഗബാധിതമാകുന്നതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ട്.

ലഹരി ആസക്തി ഒരു പ്രധാനപ്പെട്ട കാര്യമാണ്. ലഹരി മരുന്ന്‌, മദ്യം, പോർണോഗ്രാഫി,  ചൂതുകളി ആധാർമിക കൂട്ടുകെട്ട് തുടങ്ങിയവക്ക് അടിമകളായ മാതാപിതാക്കൾ അവരുടെ ചുമതലകൾ  അവഗണിക്കുന്നവർ ആയിരിക്കും. ആസക്തരുടെ മനസ്സിൽ കുട്ടികളോടും ജീവിത പങ്കാളിയോടും കരുതലും സ്നേഹവും ഉണ്ടാവില്ല. എപ്പോഴും ആസക്തിക്ക് ആയിരിക്കും അവർ മുൻഗണന കൊടുക്കുന്നത്. അവർ യാഥാർത്ഥ്യത്തിന്റെ ലോകത്തു നിന്നും അകന്നു ആസക്തിയുടെ മായാലോകത്തിൽ ജീവിക്കുന്നവരാണ്.

ഒന്നോ അതിലധികമോ  കുടുംബാംഗങ്ങളുടെ അക്രമസ്വഭാവമാണ് കുടുംബത്തെ രോഗബാധിതമാക്കുന്ന മറ്റൊരു പ്രതിസന്ധി. ഇത്‌ കുടുംബ സമാധാനത്തിനന്റെ അടിത്തറ ഇളക്കും. കുടുംബാംഗങ്ങൾ  ശാരീരികമായും വൈകാരികമായും മുറിവേൽക്കും. പരസ്പരം ഭയന്ന് അകന്നു പോകും. കുടുംബത്തിലെ സ്‌നേഹ കൂട്ടായ്മയുടെ അഭാവം സംശയവും അവിശ്വസ്തതയും ഭയവും ഉണ്ടാകും

സാമ്പത്തിക പ്രതിസന്ധി ആണ് മൂന്നാമത്തെ കാരണം. സാമ്പത്തികാടിത്തറ സന്തുഷ്ട കുടുംബാന്തരീക്ഷത്തിന്  അത്യാവശ്യമാണ്. കുടുംബത്തിനു വേണ്ടി അധ്വാനിക്കാത്തവരും  സാമ്പത്തിക കടബാധ്യതകൾ വരുത്തുന്നവരുംമായ മാതാപിതാക്കൾ ദാരിദ്രവും അപര്യാപ്തതയും ഉണ്ടാക്കും.

കുടുംബത്തിലെ നേതൃത്വമില്ലായ്മയാണ് നാലാമത്തെ പ്രതിസന്ധി. പൊതുകാര്യങ്ങൾക്കും സ്ഥാനാമാനങ്ങൾക്കും സമ്പത്തിനും പിറകെ മാതാപിതാക്കൾ ഓടി അലയുമ്പോൾ കുടുംബത്തിന് നേതൃത്വം കൊടുക്കാൻ ആളില്ലാതാകും.  കുടുംബനേതൃത്വം കൊടുക്കുന്നവർ ഡിക്റ്റേറ്ററാകുന്നതും പ്രശ്നമാണ്.  മറ്റുള്ളവർ സ്വാതന്ത്ര്യവും അവകാശവും ഇല്ലാത്ത അടിമകൾ ആകും. അത് വ്യക്തിബന്ധങ്ങൾ വികലമാക്കും.  ആരും നേതൃത്വം നൽകാനില്ലാത്ത  അവസ്ഥ അനാർക്കിയും ആശയക്കുഴപ്പവുമുണ്ടാക്കും. എല്ലാവരും അധികാരം കൈയാളുന്ന കുടുംബത്തിലെ അവനവൻ മനോഭാവവും മത്സരങ്ങളും നിരന്തരം അരങ്ങേറും.

മാതാപിതാക്കളിലെ ഗുരുതര മനോരോഗങ്ങൾ കുട്ടികളിൽ പ്രതികൂലമായ സ്വാധിനം ചെറുത്തും. രോഗലക്ഷണങ്ങളായ മിഥ്യാ ധാരണകളും ദർശനങ്ങളും സംശയം, pathological anger, അക്രമ സ്വഭാവം തുടങ്ങിയവയും കുടുംബത്തിലെ വൈകാരിക സന്തുലിതാവസ്ഥ താളംതെറ്റാനും കുട്ടികൾ അനുകരിക്കാനും ഇടയാകും. മനസികാരോഗ്യവിദഗ്ധരുടെ മാർഗ്ഗനിർദ്ദേശങ്ങളും ഫാമിലി കൗൺസലിങ്ങും കുട്ടികൾക്ക്  ഉൽക്കഴ്ച്ചയും സ്വാന്തനവും നൽകാൻ സഹായകമാണ്.

റിലീജിയസ് ഫണ്ട് മെന്റ്റലിസം ആണ് കുടുംബത്തെ രോഗബാധിത മാക്കുന്ന അഞ്ചാമത്തെ ഘടകം.  മത രാഷ്ട്രീയ മൗലികവാദികളും കൾട്ടിസ്റ്റ് അനുഭവികളുമായ മാതാപിതാക്കൾ കുട്ടികളുടെ മേൽ കർക്കശമായ നിയമങ്ങളും സിദ്ധാന്തങ്ങളും ഉപസനാ ശൈലിയും അടിച്ചേൽപ്പിക്കും.  ദൈവത്തിന്റെ ഉപാധികളില്ലാത്ത സ്നേഹം കുട്ടികൾക്ക്  പരിചയപ്പെടുത്തുന്നതിന് പകരം കർക്കശമായ ആചാരാനുഷ്ഠാനങ്ങളുടെ മതിൽകെട്ടിനുള്ളിൽ അവരെ തളച്ചിടും.   മതിലുകൾ കെട്ടി സമൂഹത്തിൽനിന്ന് വേർതിരിക്കപ്പെടുന്ന കുട്ടികളുടെ സോഷ്യലൈസേഷനും ഓട്ടോണമിയും തടസ്സപ്പെടും. ഇത്തരം അന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾക്ക് അടഞ്ഞ മനസ്സും സങ്കുചിത വീക്ഷണവും ഉണ്ടാകാൻ സാധ്യതയുണ്ട്.

രോഗബാധിതമായ കുടുംബാന്തരീക്ഷത്തിൽ വളരുന്ന  കുട്ടികളിൽ കണ്ടുവരുന്ന വ്യക്തിത്വ വൈകല്യങ്ങൾ  പലതാണ് :

ഇവർ എപ്പോഴും മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നവരായിരിക്കും.

മറ്റുള്ളവരുടെ അവഗണനയും അപ്രീതിയും ഒഴിവാക്കുവാനും സ്നേഹം ലഭിക്കുവാനും വേണ്ടി എന്ത് ത്യാഗത്തിനും കീഴടങ്ങലിനും ഇവർ തയ്യാറാകും. അമിത ആശ്രയ ബോധമുള്ള ഇവർ സ്വന്തം താൽപര്യങ്ങൾ ഉപേക്ഷിച്ചും ''പീപ്പിൾ പ്ലീസേഴ്സ് ' ആയി പെരുമാറും.

അമിത കുറ്റബോധമാണ് രണ്ടാമത്തെ പ്രത്യേകത. മറ്റുള്ളവരുടെ വീഴ്ചക്കും ജീവിത പ്രതിസന്ധികൾക്കുമുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് കുറ്റബോധത്തിന്റെ ഭാരം ചുമക്കും.

പെർഫെക്ഷനിസമാണ് മൂന്നാമത്തെ പ്രത്യേകത. അമിത വിമർശനത്തിൽ വളർന്നവർ തെറ്റുകളും വീഴ്ചകളും  ഒഴിവാക്കുവാൻ  പെർഫക്ഷനിസ്‌റ്റുകളാകും.

സ്വന്തം കാര്യങ്ങൾ അവഗണിച്ച്‌ മറ്റുള്ളവരുടെ കാര്യങ്ങൾക്ക് മുൻഗണന കൊടുത്ത് അവരുടെ ഗുഡ് ബുക്കിൽ  നിലനിൽക്കുവാനുള്ള ശ്രമമാണ് ഇതിനു പിന്നിൽ.

ചെറുപ്പത്തിൽ വളരെ വിമർശനം ഏറ്റുവാങ്ങിയ കൊണ്ട് ആത്മവിമർശന സ്വഭാവം കൂടുതലായിരിക്കും .. സ്വന്തം പോസ്റ്റിലേക്ക് ഗോൾ അടിക്കുന്ന സ്ഥിരം ലൂസേഴ്സ് ആണിവർ.

കാര്യങ്ങളെല്ലാം ഭംഗിയായി പോകുമ്പോഴും അതൃപ്തിയും എന്തൊക്കെയോ ദുരന്തങ്ങൾ സംഭവിക്കാൻ പോകുന്നു എന്ന അമിത് ഉൽക്കണ്ഠയും ആൻന്റി സിപ്പേറ്ററി ഫിയറും ഇവരെ അസ്വസ്ഥരാക്കും.  ഈ ആകുല ചിന്തകൾ ഇവരുടെ മനസ്സമാധാനം നഷ്ടപ്പെടുത്തും.

കാര്യങ്ങൾ തുറന്നു പറയുവാനുള്ള ആത്മവിശ്വാസവും ധൈര്യവും ഉണ്ടാവില്ല. ഏകാധിപതിയുടെ കാൽക്കീഴിൽ അടിമയായി വളർന്നതിന്റെ പ്രത്യാഘാതമാണ് ഇത്. ചെറുപ്പത്തിൽ മാതാപിതാക്കളുമായി  മെച്ചമായ ആശയവിനിമയം സാധ്യമാകാത്തതുകൊണ്ട് കമ്മ്യൂണിക്കേഷൻ സ്കിൽ കുറവായിരിക്കും.

അപര്യാപ്തതാ ബോധവും ആത്മവിശ്വാസക്കുറവും എപ്പോഴും ഇവരെ പിന്തുടരും.  അതുകൊണ്ട് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള പ്രവണത കൂടുതലായിരിക്കും.

വ്യക്തിബന്ധങ്ങൾ നിലനിർത്തുവാനുള്ള ബുദ്ധിമുട്ട്, മുൻകോപം, പിന്മാറ്റ പ്രവണത എന്നിവയും രോഗബാധിതമായ കുടുംബാന്തരീക്ഷം ഏൽപ്പിക്കുന്ന ക്ഷതങ്ങളാണ്.

ഇതിൽ ഒന്നോ രണ്ടോ പ്രതിസന്ധികൾ ഉള്ളതുകൊണ്ട് രോഗബാധിതമായ കുടുംബത്തിൽ വളർന്നവരായിരിക്കണമെന്നില്ല. എന്നാൽ വ്യാപകമായ വ്യക്തിത്വ - വൈകാരിക പ്രതിസന്ധികൾ രോഗബാധിതമായ കുടുംബാന്തരീക്ഷത്തിൽ നിന്നേറ്റ മുള്ളുകളും മുറിവുകളും ആകാൻ സാധ്യതയുണ്ട്.

രോഗബാധിതമായ കുടുംബാന്തരീക്ഷത്തിന്റെ പ്രതികുല സ്വാധീനത്തിൽ നിന്ന്  നിരന്തര പരിശ്രമംകൊണ്ട് കുറെയൊക്കെ    വിമുക്തമാകാൻ കുറെയൊക്കെ സാധിക്കും.

സ്വഭാവവൈകല്യങ്ങളും നിഷേധ വൈകാരിക പ്രതികരണ രീതികളും രോഗബാധിതമായ കുടുംബാന്തരീക്ഷത്തിന്റെ സ്വാധീനം ആണെന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. പ്രതിസന്ധി നിറഞ്ഞ കുടുംബാന്തരീക്ഷത്തിൽ അതിജീവിക്കുവാൻ ശീലിച്ച പ്രതിരോധമാർഗങ്ങളും സ്വഭാവങ്ങളും പ്രതികരണ രീതികൾളും ഇന്ന്  ആവശ്യവുമില്ല പ്രസക്തിയുമില്ല.

കുടുംബാംഗങ്ങളുമായി ആരോഗ്യകരമായ വൈകാരിക ബന്ധവും ആശയവിനിമയവും നിലനിർത്തുവാൻ ശ്രമിക്കണം.

കുടുംബത്തിൽ നിന്നേറ്റ ആന്തരിയ മുറിവുകൾ മറ്റുള്ളവരുമായി വിശ്വസ്തത പുലർത്തുന്നതിൽ പ്രതിസന്ധി ഉണ്ടാക്കിയേക്കാം. ചെറുപ്പത്തിൽ കുടുംബത്തിലുണ്ടായ ട്രസ്റ്റ് ഇഷ്യൂ സാമൂഹ്യ ബന്ധങ്ങളിൽ പ്രസക്തമല്ല എന്ന് സ്വയം തിരിച്ചറിയണം.  ക്ഷമയും പരിശ്രമവും കൊണ്ട്  വ്യക്തിബന്ധങ്ങളിൽ വിശ്വസ്തത പുലർത്തുവാൻ ശ്രമിക്കണം. ദോഷത്തിന്റെ കണക്ക് സൂക്ഷിക്കാത്ത ക്രിസ്തീയ സ്നേഹം കൊണ്ട് ഹൃദയം നിറക്കാൻ പ്രാർത്ഥിക്കണം.

ബാല്യത്തിൽ മുറിവേൽപ്പിച്ചവർക്ക് മാപ്പു കൊടുക്കുന്നതാണ് അടുത്ത സമീപനം. വ്യക്തിത്വ വൈകല്യങ്ങൾ മൂലമായിരിക്കാം കുടുംബാംഗങ്ങളിൽ ചിലർ പീഡകരും മുറിവേൽപ്പിച്ചവരുമായത്.   അവർക്ക് മാപ്പ് കൊടുക്കുന്നത് സ്വന്തം മുറിവുണക്കാനും ശാന്തി ലഭിക്കാനും സഹായകമാകും.  ദൈവം ഇപ്പോൾ  തന്നിരിക്കുന്ന കുടുംബ ബന്ധങ്ങളിൽ നല്ല പേരൻന്റും ജീവിതപങ്കാളിയുമാകാൻ  ശ്രമിക്കുക.

ബാല്യത്തിലെ കോൺഫ്ലിക്റ്റ് കളും കോംപ്ലക്സുകളും വളരെ  പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെങ്കിൽ വിദഗ്ധ സഹായം തേടുന്നതിനെപ്പറ്റി ചിന്തിക്കാവുന്നതാണ്.

വ്യക്തിത്വ വികസത്തിനും സൈക്കിക് ഹീലിങ്ങിനുമുള്ള മിറക്കിൾ മാന്വലാണ് ആണ്  ബൈബിൾ. വിമോചകനും യഥാസ്ഥാനം പെടുത്തുന്നവനുമായ സ്വർഗ്ഗീയ വൈദ്യന്റെ സൗഖ്യദായക ഔഷധ വചനങ്ങളാണ് അതുമുഴുവൻ.  ദരിദ്രർക്ക് സുവിശേഷവും ബന്‌ധിതര്‍ക്ക്‌ മോചനവും അന്‌ധര്‍ക്കു കാഴ്‌ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്യ്രവും കര്‍ത്താവിനു സ്വീകാര്യമായ വത്‌സരവും വിവരിക്കുന്ന, ദൈവാത്മാവിനാൽ ആത്‌മാവിനാൽ എഴുതപ്പെട്ട വിശുദ്ധ തയ്യാറിപ്പാണ്  ഈ വിസ്മയ ഗ്രന്ഥം.

വ്യക്തിത്വവികാസത്തിനും സ്‌ട്രെസ്  മാനേജ്മെന്റിനും  സഹായകമായ ഒട്ടേറെ ബുക്കുകൾ ഇന്ന് ലഭ്യമാണ്. അതിൽ മെഡിക്കൽ വിദഗ്ധരുടെ ആധികാര്യ രചനകൾ തിരഞ്ഞെടുത്ത് വായിക്കുകയും ജീവിതശൈലിയും മനോഭാവവും ചിട്ടപ്പെടുത്തുവാൻ ശ്രമിക്കുന്നതുമൊക്കെ ദുരനുഭവങ്ങളുടെ വൈകാരിക ബന്ധനങ്ങളിൽ  നിന്ന് വിമോചിതരാകാൻ സഹായിക്കും.

മനസ്സിന്റെ ബിൽഡറും ടെക്നീഷ്യനുമായ ദൈവത്തിന് മുറിവുകൾ സൗഖ്യമാക്കാനും തകർന്ന മനസ്സിനെ പുതുക്കി പണിയുവാനും സാധിക്കും . തകർച്ചയിൽനിന്ന് സമർപ്പണത്തിലേക്കും, നിസ്സഹായതയിൽ നിന്ന് ധീരതയിലേക്കും, ബന്ധനത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കും ദൈവം കൈപിടിച്ച് നടത്തിയ ജനകോടികൾ സാക്ഷികളായി നമുക്ക് ചുറ്റുമുണ്ട്.  ക്രിസ്തുവിൽ പുതിയ സൃഷ്ടിയായി ആകുമ്പോൾ പഴയത് മാറി പുതിയ മനസ്സും മനോഭാവവും തരാൻ ദൈവത്തിന് കഴിയും. സുഖമാക്കുവാൻ മനസ്സുണ്ടെങ്കിൽ സുഖമാക്കാൻ കർത്താവ് അടുത്തുണ്ട്. ഒന്നുവിളിച്ചാൽ മതി.

2 കൊരിന്ത്യർ 5:17-18

ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ  പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.

അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതൻ; അവൻ  നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു.

ദൈവത്തിന്റെ വിസ്മയ പദ്ധതിയാണ് കുടുംബം.  അതിന്റെ ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുന്ന മാതാപിതാക്കൾ ദൈവമുമ്പാകെ കണക്ക് ബോധിപ്പിക്കേണ്ടിവരാണ്. പരസ്പരം സഹിച്ചും ക്ഷമിച്ചും മാപ്പുകൊടുത്തും ദൈവാശ്രയത്തോടെ നിഷേധ ശക്തികളോട് എതിർത്തുനിന്ന് നല്ല കുടുംബവും നന്മനിറഞ്ഞ മക്കളെയും വളർത്തിയെടുക്കുവാൻ ശ്രമിക്കുന്ന മാതാപിതാക്കൾക്ക് നിത്യതയിലെ പ്രതിഫലം വലുതാണ്. ദൈവം ഏൽപ്പിക്കുന്ന അമൂല്യ താലന്തുകൾ ആണ് മക്കൾ. അവരെ ദൈവസ്നേഹത്തിലും കരുതലിനും പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത് നന്മനിറഞ്ഞ മക്കളായി സമൂഹത്തിന് നൽകുമ്പോൾ ഏറ്റവും വലിയ ദൈവീക നിയോഗമാണ് മാതാപിതാക്കൾ പൂർത്തിയാക്കുന്നത്. അതിന് ഓരോ കുടുംബവും ദേവാലയങ്ങൾ ആകണം, കുടുംബം സുഖം ആകണം. മാതാപിതാക്കൾ ക്രിസ്തുവിൽ ആകണം.

സാമൂഹ്യവിരുദ്ധ പ്രവണതകളുള്ള മക്കൾ സമൂഹത്തിൽ വലിയ വിപത്തുകൾ വിതയ്ക്കുമ്പോൾ സമൂഹമനസാക്ഷി ചോദിക്കുന്ന ഒരു പ്രധാന ചോദ്യമുണ്ട് : 'ഇവരെങ്ങനെ  ഇങ്ങനെയായി' ?

ആരാണ് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത്?

ദൈവമേ, അവിടുന്ന് അനുഗ്രഹിച്ചും ആശിർവദിച്ചും കൂട്ടിച്ചേർത്ത ദാമ്പത്യ സൗഹൃദത്തിൽ നിന്ന് വിരിയുന്ന കുഞ്ഞുങ്ങളും കുടുംബവും ദൈവ ഭക്തിയുടെയും പരസ്പര സ്നേഹത്തിന്റെ യും അനുഗ്രഹ കൂട്ടായ്മയായിത്തീരാൻ അവിടുന്ന് സഹായിക്കേണമേ. കുടുംബത്തെ തകർക്കുവാൻ അണിനിരക്കുന്ന നിക്ഷേധ ശക്തികളെ നിരോധിക്കണമേ. ഓരോ കുടുംബത്തിന്റെയും നന്മക്കും സുരക്ഷിതത്വത്തിനും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു :

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെപിതാവേ, അവിടുത്തെ ഇഷ്ടം ഓരോ കുടുംബത്തിനും യാഥാർത്ഥ്യം ആകേണമേ.  സ്വർഗ്ഗ രാജ്യത്തിന്റെ അനുഭവം ഓരോ ഭവനത്തിലും നിറയേണമേ. അന്നന്നത്തെ ആവശ്യത്തിനുള്ള അപ്പം നൽകേണമേ.  പരീക്ഷണങ്ങളെയും ദുഷ്ടനെയും ഭവനങ്ങളിൽ നിന്ന് അകറ്റേണമേ.  മഹാവ്യാധിയുടെ  കരാളഹസ്തങ്ങളിൽ ഞെരുക്കപ്പെടുന്ന ഭവനങ്ങളെ ശാശ്വത ഭൂജങ്ങളിൽ വഹിച്ച്‌ സൗഖ്യവും ആരോഗ്യവും ബലവും ശക്തിയും നൽകി താങ്ങി നിർത്തേണമേ. കുടുംബത്തിന്റെ വരുമാന മാർഗങ്ങളും കുട്ടികളുടെ വിദ്യാഭ്യാസവും ജോലി സാധ്യതകളും തടയപ്പെട്ടിരിക്കുന്ന ഈ പ്രതികൂലസാഹചര്യങ്ങളിൽ, ദൈവമേ, അവിടുന്ന്  സൗഖ്യം അയച്ച് ലോകത്തിൽ സമാധാനവും ശാന്തിയും  പുനഃസ്ഥാപിക്കണമെന്ന് 


Sunday, January 16, 2022

Prayer for media detox

 


                      

ദൈവമേ, ആശയവിനിമയത്തിനും വിവരസാങ്കേതിക വളർച്ചയ്ക്കുംമായി അവിടുന്ന് നൽകിയ സോഷ്യൽ മീഡിയയ്ക്കും ഹൈടെക് സ്കില്ലുകൾക്കുമായി സ്തോത്രം!

മറ്റുള്ളവരിലെ നല്ല ഗുണങ്ങളെ ആദരിക്കാനും സത്യസന്ധമായ ആശയവിനിമയത്തിനും വേദനിക്കുന്നവരെ ആശ്വസിപ്പിക്കാനും സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്താൻ എന്നെ സഹായിക്കേണമേ. മീഡിയയിൽ പ്രവേശിക്കുമ്പോൾ ചില തിരുവചന മാർഗ്ഗനിർദ്ദേശങ്ങൾ എന്റെ വികാര വിചാരങ്ങളെ നിയന്ത്രിക്കേണമേ :
'നാം ഓരോരുത്തരും അയല്‍ക്കാരന്റെ നന്‍മയെ ഉദ്‌ദേശിച്ച്‌ അവന്റെ ഉത്‌കര്‍ഷത്തിനായി അവനെ പ്രീതിപ്പെടുത്തണം.'  റോമാ 15 : 2

ദൈവമേ,  മറ്റുള്ളവർക്ക് അവിടുന്ന് നൽകിയ സവിശേഷതകളെയും താലന്തുകളെയും  പരിപോഷിപ്പിച്ച്, അവർ നേടിയ നേട്ടങ്ങളെയും അനുഗ്രഹങ്ങളെയും അഭിനന്ദിക്കാനും ദൈവത്തിനു സ്തോത്രം ചെയ്യുവാനുള്ള വേദിയായി മീഡിയ  പ്രയോജനപ്പെടുത്താൻ എന്നെ സഹായിക്കേണമേ. മറ്റുള്ളവരെ ആദരിക്കുവാൻ പൗലോസ് അപ്പോസ്തോലൻ നൽകിയ ഉപദേശം എപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ നിലനിർത്തേണമേ.

'മാത്‌സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്‌. മറിച്ച്‌, ഓരോരുത്തരും താഴ്‌മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്‌ഠരായി കരുതണം.
യേശുക്രിസ്‌തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ.' ഫിലിപ്പി 2 : 3-5

ദൈവമേ, മീഡിയ പ്ലാറ്റ്ഫോമിൽ  നിൽക്കുമ്പോൾ  അസൂയ, പരിഹാസം, വെറുപ്പ് തുടങ്ങിയ ദൈവ തിരുനാമ മഹത്വത്തിന് കളങ്കം ഉണ്ടാക്കുന്ന നിഷേധ വികാരങ്ങളുടെ മേൽ നിയന്ത്രണം നിലനിർത്തുവാൻ സഹായിക്കേണമേ. ദൈവത്തിന്റെ പ്രിയ സൃഷ്ടികളും ദൈവാത്മാവ് വസിക്കുന്നവരും ആയ സഹോദരങ്ങൾക്ക് അപകീർത്തിയും വേദനയുണ്ടാക്കുന്ന പ്രതികരണങ്ങൾ എന്നിൽനിന്ന് ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലും വിവേചനബുദ്ധിയും നൽകേണമേ. ദിവ്യസ്നേഹത്തിന്റെ തിരുവചന മർമ്മങ്ങളാൽ എന്റെ വികാരവിചാരങ്ങൾ നിയന്ത്രിക്കപ്പെടേണമെ.

ദൈവമേ, മീഡിയയിലെ ചപ്പുചവറുകൾ കൊണ്ട് മനസ്സു നിറയ്ക്കുന്നതുമുലം മാനസികാരോഗ്യത്തിലുണ്ടാകുന്ന പ്രതിസന്ധിയും പിരിമുറുക്കവും  ഒഴിവാക്കുവാൻ മീഡിയയിലെ നല്ല തിരഞ്ഞെടുപ്പിന് എനിക്ക് വിവേചന വരം തന്ന്‌ സഹായിക്കേണമെ.  പ്രാർത്ഥനയ്ക്കും തിരുവചന ധ്യാനത്തിനും കുടുംബ സൗഹൃദങ്ങൾക്കുമായി ഹൃദയം തുറക്കുവാനുള്ള താൽപര്യവും ദൃഢനിശ്ചയവും നൽകേണമേ. സോഷ്യൽ മീഡിയ, വിഗ്രഹവും ആസക്തിയും ആകുമ്പോൾ ഉറച്ച തീരുമാനത്തോടെ ആരോഗ്യകരമായ ജീവിതശൈലിയിലേക്കും വ്യക്തിബന്ധങ്ങളിലേക്കും ദൈവ ബന്ധത്തിലേക്കും ശ്രദ്ധ തിരിപ്പിക്കുവാനുള്ള ഇച്ഛാശക്തി നൽകേണമേ .

സോഷ്യൽ മീഡിയ  എന്നിലുണ്ടാക്കിയ മുൻവിധികളും തെറ്റുദ്ധാരണകളും പാപമാലിന്യ ചിന്തകളും വികാരങ്ങളും എന്റെ ഹൃദയത്തിൽ നിന്ന് പുണ്യ രക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ. അനുകൂല കാഴ്ചപ്പാടും മനോഭാവവും പുനസ്ഥാപിക്കേണമേ.
'ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്‌ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!'
സങ്കീര്‍ത്തനങ്ങള്‍ 51 : 10

മാനുഷികവും ജഡീകവും ലൗകികമായതു മാത്രം ചിന്തിക്കാതെ ദൈവീകമായതും കൂടെ ചിന്തിക്കുവാനുള്ള പരിശുദ്ധാത്മ പ്രേരണയും താല്പര്യവും നൽകേണമേ. ദൈവത്തോട് ചേർന്ന് നടക്കുവാനുള്ള തിരുവചന മാർഗ്ഗനിർദ്ദേശം സ്വീകരിക്കുവാൻ എന്നെ സഹായിക്കേണമേ.
'നിങ്ങള്‍ ഈലോകത്തിന്‌ അനുരൂപരാകരുത്‌; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത്‌ എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കുമെന്ന റോമാലേഖനത്തിലെ ഉപദേശം എന്റെ ചിന്തകൾക്ക് വഴിയും വെളിച്ചവുമാകേണമേ

ദൈവത്തിന്റെ പരിശുദ്ധാത്മാവ് വസിക്കുന്ന ആലയമാകുന്ന എന്റെ ശരീരവും അങ്ങയുടെ മഹത്വം കാണുവാനുള്ള എന്റെ കണ്ണുകളും സ്തുതി പാടുവാനും സ്തുതി കേൾക്കാനുമുള്ള അധരങ്ങളെയും കേൾവിശക്തിയെയും വിശുദ്ധമായി സൂക്ഷിക്കാനും എന്നെ തന്നെ  തിരുസന്നധിയിൽ തിരുമുൽ കാഴ്ചയായി സമർപ്പിക്കാനുമുള്ള കൃപ തന്ന് സഹായിക്കണമെ.

മാതാപിതാക്കൾ ചെയ്തു കാണുന്നത് മക്കളും അനുകരിക്കുമെന്ന് അരുളിച്ചെയ്ത കർത്താവേ, ഞങ്ങളിലെ മീഡിയ അഡിക്ഷനും അതുണ്ടാക്കിയ സ്വഭാവബലഹീനതകളും കുട്ടികളിൽ സ്വാധീനം ചെലുത്താതിരിക്കുവാൻ വിവേചനത്തോടും ആത്മനിയന്ത്രണത്തോടും കൂടെ മീഡിയ ഉപയോഗിക്കാനുള്ള പക്വത തന്ന് സഹായിക്കേണമേ.

   സോഷ്യൽ മീഡിയയിലൂടെ തിരുവചന സത്യങ്ങൾ പഠിക്കുവാനും സുവിശേഷം കേൾക്കുവാനും  ആരാധിക്കുവാനും കൂട്ടായ്മ ആചരിക്കുവാനും ക്രിസ്തു സമർപ്പിതരായ നല്ല മോഡലുകളെ കണ്ടെത്താനുമുള്ള അനന്ത സാധ്യതകളിലേക്ക് എന്നെ കൈപിടിച്ചു നടത്തേണമേ.

പാപഫലം പുറപ്പെടുവിക്കാൻ സാത്താൻ മീഡിയ ദുരുപയോഗപ്പെടുത്തുമ്പോൾ, ദൈവ തിരുനാമ മഹത്വത്തിനും ആരാധനയ്ക്കും സ്തോത്ര സമർപ്പണത്തിനും തിരുവചന ഘോഷണത്തിനുമുള്ള വിശുദ്ധ പ്ലാറ്റ്ഫോം ആക്കി സോഷ്യൽ മീഡിയയെ  പ്രയോജനപ്പെടുത്തുവാൻ കൂടുതൽ സമർപ്പിത ദൈവ മക്കളെ അണിനിരത്തേണമേ.

ലഹരി മാഫിയകളും ലൈംഗിക വ്യവസായികളും വ്യക്തിത്വ വൈകല്യമുള്ള സാമൂഹ്യദ്രോഹികളും സോഷ്യൽ മീഡിയയിൽ ഒരുക്കുന്ന ചതിക്കുഴികളിൽ വീഴാതിരിക്കാൻ ഞങ്ങളുടെ മക്കൾക്ക് ദിശാബോധവും  തിരിച്ചറിവും നൽകേണമേ. ദുരന്ത കെണിയിൽ വീണു പോയ ഇടംവലമറിയാത്ത കുഞ്ഞുങ്ങളെ അവിടുന്ന് മോചിപ്പിക്കണമേ.

ലോകം മുഴുവൻ വിരിച്ചിരിക്കുന്ന ഇന്റർനെറ്റ് ആകുന്ന വൻ വലയിൽ ബന്ദികളാക്കപെട്ടിരിക്കുന്ന ആത്മാക്കൾക്ക് തിരിച്ചറിവും പ്രതികരണശേഷിയും നൽകി രക്ഷപ്പെടുവാൻ വിമോചനത്തിന്റെ ആത്മാവിനെ നൽകേണമേ.

ആകെയല്പ നേരം മാത്രമുള്ള ഈ ഭൂമിയിലെ ജീവിതം ദൈവ നിയോഗങ്ങൾക്കും നിത്യതയ്ക്കുമായി ഒരുങ്ങുവാനും പ്രയോജനപ്പെടുത്തുവാനും സഹായിക്കേണമേ. എന്റെ ആയുസ്സിന്റെ കലണ്ടറിൽ അവിടുന്ന് അനുവദിച്ചിട്ടുള്ള വിലപ്പെട്ട സമയങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തി എന്ന ചോദ്യത്തിന് തൃപ്തികരമായി കണക്കു പറയുവാൻ തക്കവണ്ണം സമയം തക്കത്തിലും പ്രയോജനകരമായും ഉപയോഗിക്കാനുള്ള ഉൾക്കാഴ്ച നൽകേണമേ.

  സോഷ്യൽ മീഡിയ അഡിക്ഷൻമൂലം തകർന്ന വ്യക്തികൾക്കും കുടുംബത്തിനും കുട്ടികൾക്കും ദാമ്പത്യ പങ്കാളികൾക്കും വേണ്ടി  അങ്ങ് ചൊല്ലിയ മഹാപുരോഹിത പ്രാർത്ഥന ഒരിക്കൽ കൂടി ആവർത്തിക്കുവാൻ എന്നെ അനുവദിക്കേണമേ:

'പരിശുദ്‌ധനായ പിതാവേ, ഇനിമേല്‍ ഞാന്‍ ലോകത്തിലല്ല; എന്നാല്‍, ഇവര്‍ ലോകത്തിലാണ്‌...
ലോകത്തില്‍നിന്ന്‌ അവരെ അവിടുന്ന്‌ എടുക്കണം എന്നല്ല, ദുഷ്‌ടനില്‍നിന്ന്‌ അവരെ കാത്തുകൊള്ളണം എന്നാണു ഞാന്‍ പ്രാര്‍ഥിക്കുന്നത്‌.
അവരെ അങ്ങ്‌ സത്യത്താല്‍ വിശുദ്‌ധീകരിക്കണമേ! അവിടുത്തെ വചനമാണ്‌ സത്യം.

-ഫാ. ഡോ. ഏ. പി. ജോർജ്
പിതാവേ, ലോകസ്‌ഥാപനത്തിനുമുമ്പ്‌, എന്നോടുള്ള അവിടുത്തെ സ്‌നേഹത്താല്‍ അങ്ങ്‌ എനിക്കു മഹത്വം നല്‍കി. അങ്ങ്‌ എനിക്കു നല്‍കിയവരും അതു കാണാന്‍ ഞാന്‍ ആയിരിക്കുന്നിടത്ത്‌ എന്നോടുകൂടെ അവരും ആയിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
യോഹന്നാന്‍ 17 : 11-24







Friday, October 8, 2021

സ്‌ട്രെസ് ആൻഡ്‌ റിസൈലെൻസ്

 ലോകമെമ്പാടുമുള്ള മനുഷ്യസമൂഹത്തെ ഒരുപോലെ ഗ്രസിച്ചിരിക്കുന്ന കോവിഡ്‌ പകർച്ചവ്യാധി ഉണ്ടാക്കുന്ന പിരിമുറുക്കവും മനോസംഘർഷവും ടെൻഷനും ആകാംക്ഷയും നിയന്ത്രണാതീതമാണ്.

ആധിയും മനക്ലേശവും  മൂന്ന് പ്രതികൂല പ്രതികരണങ്ങളാണ് മനസ്സിലുണ്ടാക്കുന്നത് :
- വൻ ദുരന്തം സംഭവിക്കുവാൻ പോകുന്നു എന്ന ഭയം.
- ദുരന്ത സാധ്യതകളെ വളരെ അതിശയോക്തിപരമായി 
    ചിന്തിക്കുന്ന പ്രവണത.
-ദുരന്തങ്ങളെ അഭിമുഖീകരിക്കാൻ ആശക്തരാണെന്ന നിസ്സഹായ
    ചിന്ത വർദ്ധിക്കും.

ഇത്തരം അതിരുകടന്ന ആകുല ചിന്തകളെ കുറെയൊക്കെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും .

ആകുല ചിന്തകൾ മനസ്സിൽ ആഞ്ഞടിക്കുമ്പോൾ അവയെ അപ്പാടെ അംഗീകരിക്കുന്നതിന് പകരം യുക്തി ചിന്തകളോടെ നേരിടുന്നതാണ് ഏറ്റവും പ്രധാന സമീപനം. നിഷേധ ചിന്തകളെ അനുകൂല ചിന്തകൾ ആക്കി മാറ്റുവാനുള്ള കഴിവ് നമുക്കുണ്ട്. പക്ഷേ പലപ്പോഴും നാം അതിന് തയ്യാറാകാതെ ആകുല ചിന്തകളുടെ തിരകളിൽപ്പെട്ട് അസ്വസ്താരാകാറാണ് പതിവ്.
ആകുല ചിന്തകൾ മനസ്സിൽ കടന്നു വരുമ്പോൾ അനുകൂല ചിന്തകളെ നമ്മൾ പ്രോത്സാഹിപ്പിക്കണം ആകാംഷ കുറേക്കുവാൻ അത്‌ സഹായകമാകും.

ഇതിന് നമ്മൾ നമ്മളോട് പറയേണ്ട ചില കാര്യങ്ങളുണ്ട് :

പ്രതികൂല ചിന്തകൾ ചൂണ്ടിക്കാണിക്കുന്ന ദുരന്തങ്ങൾ യാഥാർത്ഥ്യമാകുവാനുള്ള സാധ്യത വളരെ വളരെ കുറവാണ്.

വലിയ ദുരന്തങ്ങളെപറ്റി വളരെയധികം ആകാംഷപ്പെടാറുണ്ടെങ്കിലും മിക്കപ്പോഴും ചെറിയ പ്രതിസന്ധികൾ മാത്രമായിരിക്കും സംഭവിക്കുക. വൻതിരകൾ തീരത്തണയുമ്പോൾ ദുർബലമാകുന്നതുപോലെ.

വ്യാകുലപ്പെടുന്നത് കൊണ്ട് ദുരന്തങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ചിന്തകൾ വെറും ചിന്തകളാണ്. അതിന് സംഭവിക്കാൻ പോകുന്ന യഥാർഥ്യങ്ങളുമായി വലിയ ബന്ധമില്ല. നമ്മുടെ നിഗമനങ്ങൾ എപ്പോഴും ശരിയാകും എന്ന ചിന്താഗതി അബദ്ധമാണ്.

ഇതുപോലുള്ള യുക്തി ചിന്തകൾ വ്യാകുലചിന്തകൾക്കെതിരെയുള്ള ആന്റി ഡോട്ട് ആയി പ്രവർത്തിക്കുകയും ടെൻഷൻ കുറയുകയും ചെയ്യും.

ലൂക്കോസ് 12:25-26
വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തിൽ ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?
ആകയാൽ ഏറ്റവും ചെറിയതിന്നുപോലും നിങ്ങൾ പോരാത്തവർ എങ്കിൽ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നതു എന്തു?

മറ്റൊരു സമീപനം കൂടി സ്വീകരിക്കാവുന്നതാണ്. ഏറ്റവും കൂടുതൽ പിരിമുറുക്കവും ഭയവും ഉണ്ടാക്കുന്ന അഞ്ച് ചിന്തകളെ ഒരു പേപ്പറിൽ എഴുതുക. ഓരോ ആകുല ചിന്തകളെയും പറ്റി ചില ചോദ്യങ്ങൾ ചോദിക്കുകയും അതിനുള്ള ഉത്തരം പേപ്പറിൽ എഴുതുകയും ചെയ്യുക.

1.  ഇപ്പോൾ ഭയപ്പെടുന്ന സാഹചര്യത്തെ  എങ്ങനെ വ്യത്യസ്തമായി കാണുവാൻ കഴിയും? ഉദാഹരണമായി മഹാ വ്യാധികൾ ജീവന് അപകടം ആണെന്നു ഭയപ്പെടുത്തുന്ന ചിന്തകൾ എല്ലാവർക്കുമുണ്ട്. അതിനുള്ള പോസിറ്റീവ് മറുപടി : സുരക്ഷാ നടപടികളും വാക്സിനേഷനും അപകടസാധ്യത കുറയ്ക്കും, അത്രയ്ക്ക് ഭയപ്പെടേണ്ട കാര്യമില്ല  എന്നാണ്.

2. ഭയപ്പെടുത്തുന്ന ദുരന്തം സംഭവിക്കാനുള്ള സാധ്യത എത്രമാത്രമുണ്ട്?

3.  ഭയപ്പെടുന്ന സാഹചര്യം സംഭവിക്കുമെന്നതിന്  എന്തെങ്കിലും തെളിവുണ്ടോ? അതോ വെറും ചിന്ത
    മാത്രമാണോ?

4. ഇത് എന്റെ വെറും തോന്നലും ഭയവും മാത്രമാണോ?

5. പണ്ട് ഇതുപോലുള്ള പ്രതികൂലസാഹചര്യങ്ങളെ എങ്ങനെയാണ് അഭിമുഖീകരിച്ചത്?

6. ഇപ്പോൾ ഭയപ്പെടുന്ന കാര്യങ്ങൾക്ക് അടുത്ത അഞ്ചു അഞ്ചുവർഷത്തേക്ക് എന്തെങ്കിലും
     പ്രസക്തിയുണ്ടോ?

പ്രതികൂല ചിന്തകളോട് ഭയാശങ്കകളോടെ പ്രതികരിക്കുന്നതിന് പകരം യാഥാർഥ്യബോധത്തോടെ, യുക്തിപരമായി സമീപിക്കുവാൻ നമ്മൾ കണ്ടെത്തുന്ന ഉത്തരങ്ങൾ മനസ്സിന് ധൈര്യവും ഉറപ്പുനൽകും.  അപ്പോൾ ആകുല ചിന്തകളുടെ ശക്തമായ വേലിയേറ്റവും മനസ്സിന്റെ മേലുള്ള നിഷേധ ചിന്തകളുടെ നിയന്ത്രണം ഒഴിവാക്കുവാനും കഴിയും.

നമ്മുടെ മനസ്സിലെ ഭയങ്ങൾക്ക് യാഥാർഥ്യവുമായി അധികം ബന്ധം ഉണ്ടാകണമെന്നില്ല.  അനുകൂല ചിന്തകൾ  മനസ്സിനെ ശാന്തമാക്കും. ആത്മധൈര്യത്തോടെ പ്രതികൂലതകളെ അഭിമുഖീകരിക്കാനുള്ള മനക്കരുത്തും ധൈര്യവും നൽകും. പുഴയുടെ അക്കരെ തൊടലിൽ കെട്ടിയിരിക്കുന്ന പട്ടിയെ നോക്കി, 'തൊടൽ എങ്ങും പൊട്ടിപ്പോയി, കടൽ എങ്ങും വറ്റിപ്പോയാൽ കടി പറ്റില്ലെ' എന്നു വ്യാകുലപ്പെടുന്ന  മനുഷ്യനെ പോലെയാണ് മിഥ്യഭയത്തിൽ അസ്വസ്ഥരാകുന്നവർ. ഇത് വൈകാരിക പ്രതിസന്ധി ഉണ്ടാക്കുന്ന വ്യക്തിത്വ വൈകല്യമാണ്. മുൻപറഞ്ഞ സമീപനങ്ങൾക്കു ശേഷവും ആകാംഷയും ഭയവും ആത്മനിയന്ത്രണത്തിന്റെ അതിരു കടക്കുന്നുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം ആവശ്യമായേക്കാം.

നമ്മുടെ ജീവിതത്തിന്റെ സുരക്ഷിതത്വം നമ്മൾ പൂർണ്ണമായി ഏറ്റെടുത്താൽ പിന്നെ മനസ്സമാധാനത്തോടെ ജീവിക്കുവാനും ഉറങ്ങുവാനും നമുക്ക് കഴിയില്ല. പലരുടേയും പ്രശ്നം ഇതാണ്. അവരാണ് അവരുടെ ദൈവം. പ്രാർത്ഥിക്കുകയും ആത്മീയ അനുഷ്ഠാനങ്ങൾ നിവർത്തിക്കുകയും ചെയ്താലും കാര്യങ്ങളെല്ലാം തങ്ങളുടെ കയ്യിലും കഴിവിലും വിഭവശേഷിയിലും ആണെന്ന് ചിന്തിക്കുന്നവർക്ക് മനസ്സമാധാനവും സുരക്ഷിതത്വബോധവും ഉണ്ടാവില്ല.
കരുതുകയും കാക്കുകയും ചെയ്യുന്ന ഒരു കർത്താവ് നമുക്കുള്ളപ്പോൾ 'മനമേ നീ എന്തിനാണ് വിഷമിക്കുന്നത്,  വ്യാകുലപ്പെടുന്നത്‌?'

മത്തായി 6:25-27
അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലേയോ?
ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല; എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?
വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?

സദൃശ്യവാക്യങ്ങൾ 3:5-6
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു.
നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ  നിന്റെ പാതകളെ നേരെയാക്കും;

1 പത്രൊസ് 5:7
അവൻ  നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.

സങ്കീർത്തനങ്ങൾ 4:8
ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.

Friday, August 6, 2021

മനസ്സിന്റെ ശ്രുതിലയം

 സൈക്യാട്രി- സൈക്കോളജി മേഖലകളിലെ ഗവേഷണങ്ങളും പഠനങ്ങളും മനോരോഗത്തെയും മാനസികാരോഗ്യത്തെയും പറ്റി വളരെ പ്രയോജനകരമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

മനോരോഗങ്ങൾ പൈശാചിക സ്വാധീനം കൊണ്ടാണെന്ന തെറ്റിദ്ധാരണ നിലനിന്നിരുന്ന കാലമുണ്ടായിരുന്നു. ശരീര ശാസ്ത്രത്തെ പറ്റിയുള്ള  ആധികാരിക പഠനങ്ങൾ  രോഗങ്ങൾക്ക് പിന്നിലെ കാരണങ്ങളും അടിയൊഴുക്കുകളും കണ്ടുപിടിച്ചു. മസ്തിഷ്കത്തിലെ രാസപ്രവർത്തനത്തിലെ അസന്തുലിതാവസ്ഥയും ഘടനയിലെ വ്യതിയാനവും ജനിതക സ്വാധീനവുമാണ് മനോരോഗങ്ങൾക്ക് പിന്നിലെ കാരണങ്ങൾ എന്ന കണ്ടെത്തലുകൾ രോഗങ്ങൾ സുഖപ്പെടുത്തുവാനും നിയന്ത്രിക്കുവാനും സഹായകമായി. മാത്രവുമല്ല, മനോരോഗികൾക്ക് മറ്റു രോഗികളെപ്പോലെ അഭിമാനത്തോടെ സമൂഹത്തിൽ ജീവിക്കുവാനും പ്രവർത്തിക്കുവാനും സാധിച്ചു.


മനോരോഗ വിഭാഗങ്ങളിൽ കൂടുതലായി കാണപ്പെടുന്നത് ആകാംക്ഷയും വിഷാദരോഗവും ആണ്. വ്യക്തിത്വ വൈകല്യങ്ങൾ, ഗുരുതര മനോരോഗങ്ങൾ അഥവാ സൈക്കോട്ടിക് ഡിസോർഡേഴ്സ്,  ദുരന്ത അനുഭവങ്ങളിൽനിന്ന് ഉദ്ദീപിപ്പിക്കപ്പെടുന്ന പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, ഭക്ഷണ ആസക്തി- വിരക്തി രോഗങ്ങൾ  രോഗങ്ങൾ അഥവാ ഈറ്റിംഗ് ഡിസോർഡേഴ്സ് തുടങ്ങി അനേകം രോഗ വിഭാഗങ്ങളുണ്ട്.


മനോരോഗങ്ങൾ മൂലം പ്രതിസന്ധിയിലായവരോട് അനുഭാവപൂർണമായ സമീപനമാണ്  സ്വീകരിക്കേണ്ടത്. അവരെ ഒരിക്കലും പരിഹസിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യരുത്. ഇക്കാര്യത്തിൽ കർത്താവിന്റെ കൽപ്പന ക്രിസ്ത്യാനികൾ പൂർണമായി അനുസരിക്കണം :

ഞാന്‍ പുതിയൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു.

നിങ്ങള്‍ പരസ്‌പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്‌പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന്‌ അതുമൂലം എല്ലാവരും അറിയും.

യോഹന്നാന്‍ 13 : 34-35


മനോരോഗ പ്രതിസന്ധികളിൽ ആയവർക്ക് സഹായം നൽകുവാൻ വേണ്ടിയുള്ള ദൈവത്തിന്റെ ക്രമീകരണമാണ് ഡോക്ടർമാരും തെറാപ്പിസ്റ്റുമടങ്ങുന്ന മെഡിക്കൽ ടീം. അത് പ്രയോജനപ്പെടുത്തുവാൻ രോഗിക്ക് മാർഗ്ഗനിർദ്ദേശം നൽകേണ്ടത്  ബന്ധുക്കളുടെയും ദൈവ ശുശ്രൂഷകരുടെയും കടമയാണ്.


ആകാംക്ഷ ഒരു സാധാരണ വികാരമാണ്. എന്നാൽ, ദൈനംദിന  ജീവിതം തടസ്സപ്പെടുത്തുന്ന തരത്തിൽ ആകാംക്ഷ ശക്തമാകുമ്പോൾ 'ആങ്ങ്സൈറ്റി ഡിസോർഡർ' ആയി കണക്കാക്കുന്നു.  മരുന്നു കൊണ്ടും സൈക്കോതെറാപ്പി കൊണ്ടും ആകാംക്ഷ രോഗങ്ങളുണ്ടാക്കുന്ന പ്രതിസന്ധികളെ ലഘൂകരിക്കാൻ സാധിക്കും. ആകാംക്ഷ രോഗത്തിന്റെ പ്രതിസന്ധികളിൽ ദൈവത്തിന്റെ കരങ്ങൾ സാന്ത്വനവും സമാധാനവും നൽകുമെന്ന് ബൈബിൾ ഉറപ്പിച്ച് പറയുന്നു :


ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌.

1 പത്രോസ് 5 : 6


പ്രാർത്ഥനയും ധ്യാനവും തിരുവചന പഠനവും  ആകാംഷാ കൊടുങ്കാറ്റുകളെ ശാന്തമാക്കി, മനസ്സിനെ  പ്രത്യാശയിൽ ഉറപ്പിക്കുവാൻ  സഹായകമാണ്.


മറ്റൊരു പ്രധാന മെന്റൽ ഹെൽത്ത് പ്രശ്നമാണ് വിഷാദരോഗം.  സാഹചര്യങ്ങളും വ്യക്തിപരമായ പ്രതിസന്ധികളും ജനിതക പ്രത്യേകതകളും ഇതിനു പിന്നിലെ കാരണങ്ങൾ ആണ്. മനസ്സിന്റെ പ്രവർത്തനശേഷിയും പ്രതികരണശേഷിയും ശുഭാപ്തിവിശ്വാസവും വികലമാക്കുന്ന മൂഡ് ഡിസോഡർ മരുന്നും സൈക്കോതെറാപ്പിയും കൊണ്ട് ഫലപ്രദമായി  നിയന്ത്രിക്കുവാൻ കഴിയുന്നതാണ്.


ദൈവത്തിലുള്ള ആശ്രയ ബോധവും തിരുവചന ധ്യാനവും പ്രാർത്ഥനയും വിഷാദാവസ്ഥയുടെ കാഠിന്യം ലഘൂകരിക്കാൻ സഹായകമാണ്. വിഷാദരോഗത്തിന്റെ നിരാശയിലും നിസ്സഹായതയിലും ദൈവത്തോട് ചേർന്ന് ചുവടുവച്ച് മുന്നേറിയ അനേകം ഭക്തരെ നമുക്ക് ബൈബിളിൽ കാണാം. ജീവിത പ്രതിസന്ധികളിൽ മനസ്സ് തളർന്നും തകർന്നും ഏകനായി നടന്നപ്പോൾ ദാവീദ് ദൈവത്തിന്റെ സാമിപ്യം അനുഭവിച്ചിരുന്നു എന്നാണ് ഇരുപത്തിമൂന്നാം സങ്കീർത്തനത്തിൽ വെളിപ്പെടുത്തുന്നത് :


മരണത്തിന്റെ നിഴല്‍വീണതാഴ്‌വരയിലൂടെയാണുഞാന്‍ നടക്കുന്നതെങ്കിലും,അവിടുന്നു കൂടെയുള്ളതിനാല്‍ഞാന്‍ ഭയപ്പെടുകയില്ല;അങ്ങയുടെ ഊന്നുവടിയുംദണ്‍ഡും എനിക്ക്‌ ഉറപ്പേകുന്നു.

സങ്കീര്‍ത്തനങ്ങള്‍ 23 : 4


വിലാപത്തെ നൃത്തമാക്കി, വിഷാദ മനസ്സിൽ പ്രത്യാശാ സൂര്യനായി, ദൈവം പ്രതികൂല ദിനങ്ങളിൽ  അടുത്തുതന്നെ ഉണ്ടായിരുന്നു എന്നാണ് ദാവീദിന്റെ മറ്റൊരു സാക്ഷ്യം  :


അവിടുന്ന്‌ എന്റെ വിലാപത്തെആനന്‌ദനൃത്തമാക്കി മാറ്റി;അവിടുന്ന്‌ എന്നെ, ചാക്കുവസ്‌ത്രമഴിച്ച്‌,ആനന്‌ദമണിയിച്ചു.

ഞാന്‍ മൗനംപാലിക്കാതെ അങ്ങയെപാടിപ്പുകഴ്‌ത്തും; ദൈവമായ കര്‍ത്താവേ, ഞാനങ്ങേക്ക്‌എന്നും നന്‌ദിപറയും.

സങ്കീര്‍ത്തനങ്ങള്‍ 30 : 11-12


വികാര തിരമാലകളും കൊടുങ്കാറ്റുകളും മനസ്സിൽ ആഞ്ഞടിക്കുമ്പോൾ ദൈവത്തിന്റെ തിരുവചനം ശാന്തതയും സ്വസ്ഥതയും നിലനിർത്തുവാൻ സഹായിക്കും.

*

ഭക്ഷണത്തോടുള്ള അമിത ആസക്തിയും പൂർണ്ണ വിരക്തിയും ഈറ്റിംഗ് ഡിസോർഡേഴ്സിൽ ഉൾപ്പെടുന്ന രോഗങ്ങളാണ്. ദൈവത്തിന്റെ ദാനമായ ശരീരത്തെ തെറ്റായ ഭക്ഷണശീലവും വിശ്രമമില്ലാത്ത ഓട്ടവും കൊണ്ട് നശിപ്പിക്കരുതെന്ന് തിരുവചനം മുന്നറിയിപ്പ് തരുന്നുണ്ട് :


നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്‌ധാത്‌മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന്‌ നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല.

നിങ്ങള്‍ വിലയ്‌ക്കു വാങ്ങപ്പെട്ടവരാണ്‌. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍.

1 കോറിന്ത്യർ 6 : 19-20


നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്‌മാവ്‌ നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?

ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്‌ധമാണ്‌. ആ ആലയം നിങ്ങള്‍ തന്നെ.

1 കോറിന്ത്യർ 3 : 16-17


അമിതമായി വീഞ്ഞു കുടിക്കുകയും മാംസം ഭക്‌ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍പ്പെടരുത്‌.

എന്തെന്നാല്‍ മദ്യപനും ഭോജനപ്രിയനും ദാരിദ്യ്രത്തിലകപ്പെടും; മത്തുപിടിച്ചു മയങ്ങുന്നവന്‌ കീറത്തുണി ഉടുക്കേണ്ടിവരും.

ദുരിതവും ദുഃഖവും കലഹവും ആവലാതിയും ആര്‍ക്കാണ്‌?ആര്‍ക്കാണ്‌ അകാരണമായ മുറിവുകള്‍?ആരുടെ കണ്ണാണു ചുവന്നു കലങ്ങിയത്‌?

വീഞ്ഞു കുടിച്ചു സമയം പോക്കുന്നവര്‍ക്കും വീഞ്ഞുകലര്‍ത്തി രുചിപരീക്‌ഷിക്കുന്നവര്‍ക്കും തന്നെ.

ചഷകങ്ങളില്‍ വീഞ്ഞു ചെമന്നു തിളങ്ങി കവിഞ്ഞൊഴുകുന്നതു നോക്കിയിരിക്കരുത്‌.

അവസാനം അതു പാമ്പിനെപ്പോലെ കടിക്കുകയും അണലിയെപ്പോലെ കൊത്തുകയും ചെയ്യും.

നീ നടുക്കടലില്‍ അകപ്പെട്ടവനെപ്പോലെയും പാമരത്തിന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്നവനെപ്പോലെയും ആയിത്തീരും.

സദൃ. 23 : 20-34


ദൈവത്തിന്റെ പ്രതിച്ഛായയിൽ അത്ഭുതകരമായി സൃഷ്ടിക്കപ്പെട്ട ശരീരം വിശുദ്ധിയോടും കരുതലോടെ കൂടെ സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ശരീര മനസ്സുകളുടെ കാര്യവിചാരകത്വത്തെപറ്റി ദൈവമുമ്പാകെ കണക്ക് ബോധിപ്പിക്കേണ്ടി വരും.


ഫുഡ് - കോസ്മെറ്റിക് ഇൻഡസ്ട്രിയുടെ സ്വാധീനവും  പ്രലോഭനവും അമിത ഭക്ഷണത്തിനും   ഭക്ഷണ തിരസ്കരണത്തിനും പ്രേരണയുണ്ടാക്കുന്നുണ്ട്. വൈകാരിക പ്രതിസന്ധികളും ജീവിത പ്രശ്നങ്ങളും ഭക്ഷണ ആസക്തിരോഗങ്ങൾക്ക് പിന്നിലെ കാരണമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭക്ഷണകാര്യങ്ങളിൽ മിതത്വവും നിയന്ത്രണവും പാലിക്കാതിരിക്കുന്നതും വിശ്രമമില്ലാത്ത ജീവിത ശൈലി തുടരുന്നതും ശരീരത്തെ രോഗാവസ്ഥയിലേക്ക് നയിക്കുവാൻ കാരണമാകും . 


മനസ്സിലെ നിഷേധ ചിന്തകളെ പ്രതിരോധിക്കുവാനും വഴിതിരിച്ചുവിടുവാനും കഴിയുന്നു സർവ്വായുധ വർഗ്ഗം നമുക്ക് നൽകിയിട്ടുണ്ടെന്ന് എഫെസ്യ ലേഖനം ആറാം അധ്യായത്തിൽ പറയുന്നു.  നിഷേധ ചിന്തകളാകുന്ന തീയമ്പുകളെ പ്രതിരോധിക്കാൻ പര്യാപ്തമായ  ഈ ആയുധങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ  ദൈവകൃപയും നിരന്തര പരിശ്രമവും ആവശ്യമാണ്.


മനസ്സിന്റെ ആകുല വ്യാകുലതകളെ ശാന്തമാക്കാനും സൗഖ്യമാക്കാനും, പ്രതിരോധിക്കുവാനും തിരുവചന വായനയും  ധ്യാനവും വളരെ സഹായകമാണ്. സൗഖ്യദായകനായ  ദൈവത്തിന്റെ ഹീലിംഗ് പവറുള്ള തിരുവചനം ആത്മശരീര മനസ്സുകളിൽ അത്ഭുത പ്രതികരണങ്ങൾ ഉണ്ടാക്കുമെന്നാണ് പൗലോസ് അപ്പോസ്തോലന്റെ സാക്ഷ്യം:


ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.

അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.

ഫിലിപ്പി 4 : 6-8


മനോരോഗം ശാപവും പാപത്തിന്റെ അനന്തരഫലവും ആണെന്ന വിലയിരുത്തൽ പൂർണ്ണമായും ശരിയല്ല.   വിജയകരമായ ക്രിസ്തീയ ജീവിതത്തിനും ആത്മ വിശുദ്ധിക്കും മനോരോഗം തടസ്സമല്ല.

മനോരോഗത്തെപ്പറ്റി സമൂഹം പല ദുഷ്കീർത്തികൾ പറഞ്ഞു പരത്തിയിട്ടുണ്ട്. അതൊക്കെ അജ്ഞതയും  തെറ്റിദ്ധാരണകളുമാണ്. ദൈവം ഏൽപ്പിച്ച നിയോഗം നിർവഹണത്തിന് മനോരോഗങ്ങൾ തടസ്സമാകുമ്പോൾ  മെഡിക്കൽ കെയറും പ്രാർത്ഥനയുമായി മുന്നോട്ടുപോകണം.


ഡയബറ്റിക്, ക്യാൻസർ തുടങ്ങിയ രോഗങ്ങളെപ്പോലെ മനോരോഗവും സുഖമായാലും ഇല്ലെങ്കിലും ജീവിതാവസാനംവരെ ദൈവം നമ്മുടെ കൂടെ ഉണ്ടാകും. ഭാരങ്ങൾ പങ്കിടാനും സാന്ത്വനം പകരാനും ദൈവത്തിന്റെ സാന്നിധ്യം നമ്മോടൊപ്പമുണ്ടാകും.


രോഗങ്ങളുടെ മുള്ളും മുറിവും നിറഞ്ഞ ജീവിത സഹനയാത്രയുടെ അവസാനത്തിൽ  നെടുവീർപ്പും കണ്ണുനീരും വേദനകളും രോഗങ്ങളും ഇല്ലാത്ത നിത്യതയുടെ സാന്ത്വന തീരത്ത് നമ്മളെല്ലാവരും എത്തിച്ചേരും . അതുവരെ  ദൈവമേ, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്‍ഡും എനിക്ക്‌ ഉറപ്പേകും.

എന്റെ ശത്രുക്കളുടെ മുന്‍പില്‍അവിടുന്ന്‌ എനിക്കു വിരുന്നൊരുക്കുന്നു;എന്റെ ശിരസ്‌സു തൈലംകൊണ്ട്‌അഭിഷേകം ചെയ്യുന്നു;എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

അവിടുത്തെ നന്‍മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; ഒടുവിൽ  കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.

സങ്കീര്‍ത്തനങ്ങള്‍ 23 : 4-6



Sunday, July 18, 2021

സങ്കടക്കടലിൽ മുങ്ങിപ്പോയവർക്ക്‌

 പ്രിയപ്പെട്ടവരുടെ വേർപാട് ശരീരമനസ്സുകളിൽ വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. കാലങ്ങളും സമയങ്ങളും കഴിയുമ്പോൾ ഇത്തരം വൈകാരിക പ്രതിസന്ധിയിൽ നിന്ന് അധികംപേരും വിമുക്തരാകും. എന്നാൽ ചിലർക്ക് വ്യസനക്കടലിൽ നിന്ന് കരകയറുവാൻ കഴിയാറില്ല. ഈ സങ്കീർണമായ  വിയോഗദുഃഖത്തെ  കോംപ്ലികേറ്റഡ് ഗ്രീഫ് / പെർസിസ്റ്റന്റ് കോംപ്ലക്സ് ബിറീവ്മെന്റ് ഡിസോർഡർ എന്നാണ് പറയുക. സാധാരണ ജീവിതത്തിൽ വൈകാരിക പ്രതിസന്ധികളുണ്ടാക്കുന്ന അവസ്ഥയാണിത്.

വേർപാടിന്റെ ദുഃഖത്തിൽ നിന്ന് സാധാരണ നാല് സമീപനങ്ങളിലൂടെ ആണ് അധികംപേരും കരകയറുന്നത്:നഷ്ടം യാഥാർത്ഥ്യമാണെന്ന സത്യം ക്രമേണ അംഗീകരിക്കും.നഷ്ട ബോധത്തിന്റെ വേദനയും സംഘർഷവുംഅതിജീവിക്കുവാനുള്ള മനക്കരുത്ത് സാവധാനം നേടിയെടുക്കും. നഷ്ടപ്പെട്ട വ്യക്തിയില്ലാത്ത ജീവിതത്തെ അംഗീകരിക്കാനും അതുമായി പൊരുത്തപ്പെടാനുമുള്ള കഴിവ് നേടും. സാമൂഹ്യ ഇടപെടലുകളിലൂടെ സാധാരണ ജീവിതശൈലി സ്വായത്തമാക്കും.

ഇത്തരം ആരോഗ്യകരമായ  ചുവടുവയ്പ്പുകളിലൂടെയാണ്‌ അധികം പേരും സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തുന്നത്.

എന്നാൽ വളരെക്കാലം  കഴിഞ്ഞിട്ടും മനസ്സിലെ വൈകാരിക മരവിപ്പും നിസ്സഹായതയുമായി ഉൾവലിഞ്ഞു കഴിയുന്നവരുണ്ട്. ഇത് രോഗബാധിതമായ വിരഹാവസ്ഥയുടെ ലക്ഷണങ്ങളാണ്.

ദീർഘകാലം നീണ്ടുനിൽക്കുന്ന വിയോഗ ദുഃഖത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന്  നോക്കാം :

നഷ്ടത്തെപറ്റിയുള്ള  ചിന്തകളുടെ ശക്തമായ അടിയൊഴുക്ക് മനസ്സിനെ സദാ വിഷാദ പൂർണമാക്കും. വേർപെട്ടുപോയ വ്യക്തിയെയും മരണ സാഹചര്യങ്ങളെയുംപറ്റിയുള്ള ചിന്തകളായിരിക്കും എപ്പോഴും മനസ്സിൽ. വേർപാട് യാഥാർത്ഥ്യമായി അംഗീകരിക്കാൻ കഴിയാത്തതുകൊണ്ട് നഷ്ടപ്പെട്ട വ്യക്തിയുമായി ആത്മബന്ധത്തിനുള്ള ശക്തമായ ആഗ്രഹം തുടർന്നു കൊണ്ടിരിക്കും. വൈകാരിക മരവിപ്പും സാമൂഹ്യ ബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റവുമൊക്കെ ഏകാന്തത സൃഷ്ടിക്കും. 

ജീവിതത്തിലെ സന്തോഷവും പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യവും ആസ്വദിക്കാൻ കഴിയാതെ വരും.

ദൈനംദിന കാര്യങ്ങൾ ചെയ്യുവാനുള്ള താൽപര്യക്കുറവ്, അമിത വിഷാദം, വിശപ്പില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയ മനോ-ശാരീരിക ബുദ്ധിമുട്ടുകൾ തുടർന്നുകൊണ്ടിരിക്കും.

ദുരന്തം സംഭവിച്ചത് തന്റെ ശ്രദ്ധക്കുറവു കൊണ്ടാണെന്നകുറ്റബോധവും ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന തോന്നലും ശക്തമാകും. 

വേർപാടിന്റെ ആദ്യഘട്ടങ്ങളിൽ എല്ലാവർക്കും തന്നെ അനുഭവപ്പെടുന്ന പ്രതിസന്ധികളാണ് ഇതൊക്കെ. ക്രമേണ  ഇവയുടെ  കാഠിന്യം കുറയുകയും സാധാരണ അവസ്ഥയിലേക്ക് അധികംപേരും തിരിച്ചു വരികയും ചെയ്യും.

എന്നാൽ ഒരു വർഷത്തിനു ശേഷവും വിയോഗ ദുഃഖവും നിസ്സഹായതയും ആത്മഹത്യാപ്രവണതയും ഒക്കെ തുടരുന്നുണ്ടെങ്കിൽ അടിയന്തര മെഡിക്കൽ കെയർ നൽകേണ്ടതുണ്ട്.

ജീവിത ദുരന്തങ്ങളിൽ  അടിപതറി വീഴുന്നവരിൽ ചിലർക്ക് എഴുന്നേൽക്കാൻ സാധിക്കാതെ വരുന്നതിന്റെ പിന്നിൽ പല കാരണങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് :

വേർപാട് ഉണ്ടാക്കുന്ന ആഘാതത്തിന്റെ കാഠിന്യം, നിലവിലുള്ള മനോരോഗങ്ങൾ,  ലഹരി ആസക്തി,  വ്യക്തിത്വ വൈകല്യങ്ങൾ, സംഘർഷ സാഹചര്യങ്ങളോടുള്ള അനാരോഗ്യകരമായ പ്രതികരണ രീതി, അത്യാഹിത മരണം,  കുട്ടികളുടെ വേർപാട്, സാമ്പത്തികപ്രതിസന്ധി,  വാർദ്ധക്യം തുടങ്ങിയവയൊക്കെ ചിലരെ നിത്യ ദുഃഖതിലാക്കുന്ന ഘടകങ്ങളാണ്.

വിയോഗ ദുഃഖത്തിലായിരിക്കുന്ന വ്യക്തിയെ സാന്ത്വനിപ്പിക്കാൻ   വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഇടയന്മാർക്കും പലതും ചെയ്യുവാൻ കഴിയും :

നഷ്ടബോധവും നിരാശയും  പങ്കുവെക്കാനും  കരയുവാനും രോഗിയെ  അനുവദിക്കുക. പറയുന്ന വികാരങ്ങൾക്ക് പാതി ഘനമേ ഉള്ളൂ എന്നതാണ് സത്യം. വളരെയധികം ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്.

ദുരന്തങ്ങളിൽ തട്ടിവീണ് ചിതറിപ്പോയ ജീവിതം കൂട്ടി ചേർക്കുവാൻ സാമ്പത്തികവും വൈകാരികവുമായ പിന്തുണ നൽകുവാൻ ഫെയ്ത് കമ്മ്യൂണിറ്റിയും അയൽക്കാരും സുഹൃത്തുക്കൾക്കും തയ്യാറാകുന്നത് ദുഃഖത്തിൻറെ കാഠിന്യം ലഘൂകരിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും  സഹായിക്കും.

ബിറീവ്മെന്റ് കൗൺസിലിങ്ങിനും മെഡിക്കൽ കെയറിനുമായി ആരോഗ്യ വിദഗ്ധരും പരിശീലനം ലഭിച്ച ക്രിസ്ത്യൻ കൗൺസിലേഴ്സുമായി  ബന്ധപ്പെടുന്നത് വളരെ  സഹായകമാണ്.

തീച്ചൂളയിൽ ഡാനിയേലിന്റെ കൂട്ടുകാരോടൊപ്പം നടന്ന ദൈവത്തിൽ പ്രത്യാശ ഉറപ്പിക്കാൻ സ്നേഹപൂർവ്വം തിരുവചനം പങ്കുവെക്കുന്നത് സാന്ത്വന പ്രദവും സൗഖ്യദായകവുമാണ്. ദൈവകോപം, ശാപദോഷം, പാപത്തിന്റെ ദുരന്തഫലം തുടങ്ങിയ വാക്ക് മിസൈലുകൾ കൊണ്ട് തകർന്ന മനസ്സിനെ വീണ്ടും ചിതറിച്ചു കളയാതെ, കണ്ണുനീരിലും കഷ്ടതയിലും കൈവിടാത്ത കർത്താവിലുള്ള പ്രത്യാശയിൽ സ്നേഹപൂർവ്വം മനസ്സിന്റെ അടിസ്ഥാനമുറപ്പിക്കണം .

യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ  നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു. -ആവർത്തനം 31:8

ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ  രക്ഷിക്കുന്നു.-സങ്കീർത്തനങ്ങൾ 34:18

നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും -യോഹന്നാൻ14:1-3