മനസ്സിൽ ചിരിയുടെയും ചിന്തയുടെയും ഊഷ്മളാനുഭവങ്ങൾ സമ്മാനിക്കുന്ന അമൂല്യ വരദാനങ്ങളാണ് കലാപ്രതിഭകൾ . പിരിമുറുക്കങ്ങളുടെയും നിഷേധ ചിന്തകളുടെയും ലോകത്തുനിന്ന് അല്പസമയം വിരമിക്കുവാനും വിശ്രമിക്കുവാനും അഭിനേതാക്കൾ നമുക്ക് വേണ്ടി ഒരുക്കുന്ന കലാവിരുന്നുകൾ സ്വാദിഷ്ടമാണ്, സംതൃപ്തിദായകമാണ്.
അഭിനയ പ്രതിഭകൾ തങ്ങളുടെ യഥാർത്ഥ വ്യക്തിത്വത്തിൽ നിന്നും തികച്ചും അപരിചിതമായ ഒരു 'കഥാപാത്രമായി' പരകായപ്രവേശം ചെയ്യുമ്പോൾ, അവരുടെ ശരീരത്തിലും ബ്രയിനിലും അതിസങ്കീർണ്ണമായ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഈ പ്രക്രിയ വെറുമൊരു പ്രകടനം എന്നതിലുപരി, കൃത്യമായ മനോ ശാരീരിക പിൻബലമുള്ള ഒന്നായിട്ടാണ് ശാസ്ത്രം വിലയിരുത്തുന്നത്.
കഥാപാത്രത്തിലേക്കുള്ള കൂടുമാറ്റത്തിൽ
മറ്റൊരാളുടെ വികാരങ്ങളും അവസ്ഥകളും സ്വന്തം മനസ്സിലേക്ക് ആവാഹിക്കാൻ ഒരു കലാപ്രതിഭയെ സഹായിക്കുന്നത് ബ്രയിനിലെ 'മിറർ ന്യൂറോണുകൾ' ആണ്. ഇവയുടെ സഹായത്താലാണ് സഹാനുഭൂതിയോടെ ഒരു കഥാപാത്രത്തെ ഉൾക്കൊള്ളാൻ അവർക്ക് സാധിക്കുന്നത്. കൂടാതെ, മറ്റൊരാളുടെ ചിന്താഗതികളെയും വികാരങ്ങളെയും മനസ്സിലാക്കാനുള്ള ബ്രെയിനിന്റെ കഴിവായ 'തിയറി ഓഫ് മൈൻഡ്' അഭിനയത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നു.
താൻ വേദിയിലാണെന്ന യാഥാർത്ഥ്യം നിലനിർത്തിക്കൊണ്ടുതന്നെ, പൂർണ്ണമായും മറ്റൊരു വ്യക്തിയായി ജീവിക്കാൻ അവരെ പ്രാപ്തരാക്കുന്നത് വികാരങ്ങളെ നിയന്ത്രിക്കാനുള്ള മസ്തിഷ്കത്തിന്റെ കഴിവാണ്.
ജന്മസിദ്ധമായ കഴിവിന്റെയും ആർജ്ജിച്ചെടുത്ത പാഠവത്തിന്റെയും മനോഹരമായ ഒരു സംഗമമാണ് അഭിനയം. ഉയർന്ന വൈകാരിക ബുദ്ധിയും മറ്റുള്ളവരെ നിരീക്ഷിക്കാനും ഉൾക്കൊള്ളാനുമുള്ള കഴിവും ജന്മ സിദ്ധമായി ലഭിക്കുന്നതാണ്. എന്നാൽ, ശബ്ദനിയന്ത്രണം, ശരീരഭാഷ, മസ്തിഷ്കത്തിന്റെ വഴക്കം എന്നിവ നിരന്തരമായ പരിശീലനത്തിലൂടെയും അനുഭവങ്ങളിലൂടെയുമാണ് സ്വായത്തമാക്കുന്നത്.
കലാകാരന്മാരുടെ വ്യക്തിത്വ സവിശേഷതകൾ മനഃശാസ്ത്ര ലോകത്ത് ഏറെ കൗതുകമുണർത്തുന്ന ഒന്നാണ്. 'ബിഗ് ഫൈവ്' വ്യക്തിത്വ സിദ്ധാന്തത്തിൽ പ്രതിപാദിക്കുന്ന 'പുതിയ അനുഭവങ്ങളോടുള്ള തുറന്ന സമീപനം' ആണ് പ്രതിഭാശാലികളായ താരങ്ങളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. വ്യവസ്ഥാപിതമായ ചിന്തകൾക്കപ്പുറം സഞ്ചരിക്കാനും, അപരിചിതമായ ആശയങ്ങളെയും വികാരങ്ങളെയും വളരെപെട്ടെന്ന് ഉൾക്കൊള്ളുവാനും ഈ സവിശേഷത അവരെ സഹായിക്കുന്നു.
മാത്രവുമല്ല, കലാ പ്രതിഭകൾ തീവ്രമായ വൈകാരിക സംവേദനക്ഷമതയുള്ളവരാണ്. ചുറ്റുമുള്ള മനുഷ്യരുടെ വേദനകളും സന്തോഷങ്ങളും അതിന്റെ ഏറ്റവും സൂക്ഷ്മമായ തലത്തിൽ ഉൾക്കൊള്ളാനുള്ള നൈസർഗ്ഗികമായ കഴിവാണ് അവരുടെ പ്രകടനങ്ങൾക്ക് ജീവൻ നൽകുന്നത്. കലയോടുള്ള അടങ്ങാത്ത അഭിനിവേശവും പരിപൂർണ്ണതയ്ക്ക് വേണ്ടിയുള്ള നിരന്തരമായ അന്വേഷണവുമൊക്കെ മാനസിക സംഘർഷങ്ങളെ അതിജീവിക്കാനുള്ള അതിശയകരമായ പ്രതിരോധശേഷി (Psychological resilience) ഈ പ്രതിഭകൾക്ക് നൽകുന്നു. കരുത്തും കർമ്മ ശേഷിയും അതിശയകരമാംവിധം ഇഴചേർന്ന അതിസങ്കീർണ്ണമായ ഒരു മാന്ത്രിക ലോകമാണ് ഓരോ കലാകാരന്റെയും മനസ്സ്.
ദുരന്തനായികയായി സ്ക്രീനിൽ ജീവിക്കുമ്പോൾ അഭിനേത്രിയുടെ ശരീരം യഥാർത്ഥത്തിൽ കരയുകയാണ്. ഹൃദയമിടിപ്പ് വർദ്ധിക്കുകയും, ശ്വാസോച്ഛ്വാസം വേഗത്തിലാവുകയും, ശരീരത്തിൽ സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ ഒരു വിജയശ്രീലാളിതനായ നായകനായോ, കാണികളെ ചിരിപ്പിക്കുന്ന ഹാസ്യകഥാപാത്രമായോ മാറുമ്പോൾ, തലച്ചോറിൽ ഡോപാമിൻ, എൻഡോർഫിനുകൾ തുടങ്ങിയ 'സന്തോഷ ഹോർമോണുകൾ' നിറയുന്നു. യഥാർത്ഥവും കൃത്രിമവുമായ വികാരങ്ങൾക്കിടയിലുള്ള ഈ ശാരീരിക സംഘർഷം ഒരു അഭിനേതാവിന് വലിയ ഊർജ്ജം നഷ്ടപ്പെടുത്തുന്ന പ്രക്രിയയാണ്. വികാരങ്ങളെ വേഗത്തിൽ സ്വിച്ച് ചെയ്യാൻ അവരെ സഹായിക്കുന്നത് തലച്ചോറിന്റെ 'വൈജ്ഞാനിക വഴക്കം' (Cognitive flexibility)ആണ്.
നമ്മെ എന്റർടൈൻ ചെയ്യുവാൻ സ്വന്തം കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളും, സ്വകാര്യതയും, മാനസികവും ശാരീരികവുമായ വിശ്രമവും പൂർണ്ണമായും ബലികഴിച്ചാണ് ഓരോ കലാപ്രതിഭകളും വേദിയിലും ക്യാമറയ്ക്ക് മുന്നിലും എത്തുന്നത്. അഭിനയിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രത്തിന്റെ വൈകാരിക ഭാരം ഷൂട്ടിംഗ് കഴിഞ്ഞാലും ദിവസങ്ങളോളം അവരെ വേട്ടയാടാറുണ്ട്. അതെ, ഇവർ കാണാപ്പുറങ്ങളിലെ നമ്മുടെ കാവലാളുകളാണ്.
വെള്ളിത്തിരയിൽ വെട്ടിത്തിളങ്ങുന്ന താരങ്ങൾക്കൊപ്പം തന്നെ നാം ഹൃദയത്തോട് ചേർത്തുപിടിക്കേണ്ടവരാണ് ക്യാമറയ്ക്ക് പിന്നിൽ അഹോരാത്രം വിയർപ്പൊഴുക്കുന്നവർ. ഒരു കഥാപാത്രത്തിന് ജീവൻ നൽകാൻ താരങ്ങളെ പ്രാപ്തരാക്കുന്ന സംവിധായകരും വെളിച്ചവും ശബ്ദവും നിറങ്ങളും ചാലിച്ച് സങ്കൽപ്പ ലോകത്തെ യാഥാർത്ഥ്യമാക്കുന്ന സാങ്കേതിക പ്രവർത്തകരും കലാസൃഷ്ടികൾക്കു പിന്നിലെ അദൃശ്യ നായകരാണ്. ഓരോ ദൃശ്യ കലാരൂപങ്ങളും യാഥാർത്ഥ്യമാകുന്നതിന്റെ പിന്നിൽ അവരുടെ സമർപ്പണം നിസ്തുലമാണ്.
കല കേവലം വിനോദം മാത്രമല്ല; അത് മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്കുള്ള ഒരു തീർത്ഥാടനമാണ്. അതിന് വഴിയൊരുക്കുന്ന ഈ പ്രതിഭകൾ തീർച്ചയായും സമൂഹത്തിന്റെ അഭിമാനമാണ്. അവർക്ക് അഭിവാദ്യങ്ങൾ, ആയിരമായിരം അഭിവാദ്യങ്ങൾ!
ദൃശ്യ വേദികളിൽ പകർന്നാടി, കലാവിരുന്ന് കൊണ്ട് ജനകോടികളുടെ ഹൃദയം നിറച്ച്, അരങ്ങിൽ നിന്നും സുഷുപ്തിയുടെ ഗ്രീൻ റൂമിലേക്ക് വിടവാങ്ങിയ അനശ്വര കലാപ്രതിഭകൾക്കും പിന്നണി പ്രവർത്തകർക്കും സ്നേഹപ്രണാമം!
പ്രപഞ്ചമാകുന്ന വിശാലമായ ക്യാൻവാസിൽ ജീവന്റെയും പ്രകൃതിയുടെയും വർണ്ണങ്ങൾ ചാലിച്ച സർവ്വകലകളുടെയും പൂർണ്ണതയായ മഹാശില്പീ, അതിശയകരമായ സർഗ്ഗശേഷിയുള്ള മനുഷ്യമനസ്സ് അങ്ങയുടെ കരവിരുതിൻ്റെ ഏറ്റവും ഉദാത്തമായ സൃഷ്ടിയാണ്. ഓരോ കലാകാരന്റെയും വിരൽത്തുമ്പിലും സ്വരമാധുരിയിലും ഭാവപ്പകർച്ചകളിലും തുടിക്കുന്നത്, ശൂന്യതയിൽ നിന്ന് ഈ ലോകം തീർത്ത അങ്ങയുടെ അനന്തമായ സർഗ്ഗവൈഭവത്തിന്റെ ഒരു ചെറിയ പ്രതിഫലനം മാത്രമാണ്. മനുഷ്യന് സാന്ത്വനമേകാൻ അങ്ങ് പകർന്നുനൽകിയ ഈ അമൂല്യമായ കലാവരങ്ങൾക്കും വർണ്ണനകൾക്കതീതമായ ശില്പചാതുര്യത്തിനും മുന്നിൽ, ആയിരമായിരം വിനീത പ്രണാമം!
☆
-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )
No comments:
Post a Comment