മാതാപിതാക്കളുടെ ഏറ്റവും വലിയ ഉത്തരവാദിത്വം എല്ലാം തികഞ്ഞ കുട്ടികളെ സൃഷ്ടിക്കുക എന്നതല്ല, കുട്ടികൾക്ക് ശരിയായ വഴി കാണിച്ചുകൊടുക്കുക എന്നതാണ്. കുട്ടികൾ ഒരിക്കലും തെറ്റ് ചെയ്യരുത്, പരാജയപ്പെടരുത്, എല്ലാവരിലും മികച്ചവരായിരിക്കണം എന്ന നിർബന്ധത്തേക്കാൾ പ്രധാനപ്പെട്ടത്, തെറ്റിപ്പോകുമ്പോൾ അവർ എവിടേക്ക് തിരിച്ചുവരണം എന്ന ഉൾക്കാഴ്ച അവർക്ക് നൽകുക എന്നതാണ്.
“മക്കൾ നടക്കേണ്ട വഴിയിൽ അഭ്യസിപ്പിക്ക” (സദൃശവാക്യങ്ങൾ 22:6) എന്ന വചനം കുട്ടിയെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് മാത്രമല്ല, അവന്റെ ജീവിത പാത രൂപപ്പെടുത്തുന്നതിനെകുറിച്ചുമാണ് പറയുന്നത്. നന്മയെ സ്നേഹിക്കാനും, തെറ്റിനെ തിരിച്ചറിയാനും, സത്യത്തിൽ ഉറച്ചുനിൽക്കാനും, വീഴുമ്പോൾ വീണ്ടും എഴുന്നേൽക്കാനും കുട്ടിയെ പരിശീലിപ്പിക്കുന്നതാണ് ക്രിസ്ത്യൻ പേരന്റിങ് .
ഏതാണ് കുട്ടികൾ നടക്കേണ്ട വഴി?
ലോകം ഓരോ കാലഘട്ടത്തിലും പുതിയ വഴികൾ നിർദ്ദേശിക്കും. വിജയത്തിലേക്കുള്ള വഴി, സന്തോഷത്തിലേക്കുള്ള വഴി, സമ്പത്തിലേക്കുള്ള വഴി, പ്രശസ്തിയിലേക്കുള്ള വഴി... എന്നിങ്ങനെ പല വഴികളും കുട്ടികളുടെ മുമ്പിൽ ലോകവും സോഷ്യൽ മീഡിയയും തുറന്നുകൊടുക്കും. എന്നാൽ ക്രിസ്തീയ മാതാപിതാക്കളുടെ ലക്ഷ്യം കുട്ടികളെ കർത്താവിന്റെ വഴിയിലേക്ക് നയിക്കലാണ്.
കർത്താവ് പറഞ്ഞു: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു” (യോഹന്നാൻ 14:6). വഴിയും സത്യവുമായ കർത്താവിനെ വേണ്ടവിധത്തിൽ അറിഞ്ഞ മക്കൾക്ക് വഴി തെറ്റിയാലും പരിശുദ്ധാത്മാവ് എന്ന ഡിവൈൻ നാവിഗേഷൻ സിസ്റ്റം അവരെ നേർവഴിയിലേക്ക് കൊണ്ടുവരും.
ആശയക്കുഴപ്പം ഉണ്ടാകുമ്പോൾ — ക്രിസ്തുവിലേക്ക് തിരിയുക.
പാപത്തിൽ വീഴുമ്പോൾ — ക്രിസ്തുവിലേക്ക് കൈ നീട്ടുക
ഭയപ്പെടുമ്പോൾ — ക്രിസ്തുവിനെ മുറുകെ പിടിക്കുക.
പരാജയപ്പെടുമ്പോൾ — ക്രിസ്തുവിൽ പ്രത്യാശ കണ്ടെത്തുക.
വിജയിക്കുമ്പോൾ — ക്രിസ്തുവിന് നന്ദി പറയുക... ഇതൊക്കെയാണ് മാതാപിതാക്കളുടെ ജീവിതത്തിൽ നിന്ന് മക്കൾ പഠിക്കേണ്ട ആത്മീയ പാഠങ്ങൾ.
മാതാപിതാക്കളും അധ്യാപകരും സഭാസമൂഹവും കുട്ടികൾക്ക് നൽകേണ്ടത് ഐഡിയൽ ജീവിതത്തിന്റെ മാതൃകയല്ല, നിത്യ രക്ഷകനായ ക്രിസ്തുവിന്റെ മാതൃകയാണ്.
ജീവിതത്തിലെ വീഴ്ച താഴ്ചകളിൽ യേശുകർത്താവിലും തിരുവചനത്തിലും ആശ്രയിക്കുന്ന സ്വഭാവം കുഞ്ഞുങ്ങളിൽ രൂപപ്പെടുത്തുന്നതാണ് യഥാർത്ഥ ക്രിസ്ത്യൻ പേരെന്റ്ങ്. അപ്പന്റെ മനസ്സിൽ സ്നേഹം ബാക്കിയുണ്ടെന്നും മടങ്ങി ചെന്നാൽ ഉപേക്ഷിക്കില്ലെന്നുമുള്ള പ്രതീക്ഷ ഉണ്ടായിരുന്നതുകൊണ്ടാണ് ധൂർത്ത പുത്രൻ മടങ്ങി വന്നത്. അല്ലെങ്കിൽ അവൻ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോകുമായിരുന്നു. ക്ഷമിക്കുന്ന സ്നേഹം സ്വന്തം മാതാപിതാക്കളിൽ ഉണ്ടെന്ന് ഉറപ്പുള്ള മക്കൾ വലിയ വീഴ്ചയ്ക്ക് ശേഷവും കുറ്റ ബോധത്തോടെ മടങ്ങി വരും. അതില്ലെങ്കിൽ അവർ തിരഞ്ഞെടുക്കുന്ന വഴികൾ വളരെ അപകടം നിറഞ്ഞതായിരിക്കും.
മാതാപിതാക്കൾ മക്കളോട് ക്ഷമിക്കുകയും വീണ്ടും അവസരം നൽകുകയും ചെയ്യുമ്പോൾ, ഉപാധികളില്ലാതെ സ്നേഹിക്കുന്ന സ്വർഗ്ഗത്തിലെ അപ്പനെയാണ് മക്കൾ പരിചയപ്പെടുന്നത്. മക്കളോട് ക്ഷമിക്കേണ്ടിവരുമ്പോൾ, സ്വർഗ്ഗസ്ഥ പിതാവും നമ്മുടെ മാതാപിതാക്കളും നമ്മളോട് ക്ഷമിച്ചതും ഇപ്പോൾ ക്ഷമിച്ചുകൊണ്ടിരിക്കുന്നതും മാതാപിതാക്കൾ ഓർമിക്കുന്നത് നല്ലതാണ്. ഒരിക്കൽ നമ്മൾ ഇടറുകയും വീഴുകയും വഴിതെറ്റുകയും ചെയ്ത ജീവിത പാതയിലൂടെയാണ് ഇന്ന് നമ്മളുടെ മക്കളും നടക്കുന്നത് എന്ന് ധാർമിക രോഷം കൊള്ളുന്ന മാതാപിതാക്കൾ ഓർമ്മിക്കണം. കുൾ ഡൗൺ ഡാഡി, കുൾ ഡൗൺ!
☆
-ഫാ. ഡോ. ഏ. പി. ജോർജ്
No comments:
Post a Comment