ശരീര മുറിവുകളേക്കാൾ വേദനയും വൈകാരിക പ്രതിസന്ധികളുമുണ്ടാക്കുന്നതാണ് മനസ്സിലെ മുറിവുകൾ. ബാഹ്യ ക്ഷതങ്ങൾ എല്ലാവർക്കും കാണുവാൻ കഴിയും. അപമാനവാക്കുകൾ, സ്നേഹനിഷേധം, തിരസ്കരണം, കുടുംബപ്രശ്നങ്ങൾ, വിശ്വാസവഞ്ചന, പരാജയങ്ങൾ, നിരന്തര വിമർശനങ്ങൾ...ഇവയെല്ലാം മനസ്സിൽ അദൃശ്യ മുറിവുകൾ ഉണ്ടാക്കുന്ന ദുരന്തങ്ങൾ ആണ്.
സുഖപ്പെടാത്ത മാനസിക മുറിവുകൾ വ്യക്തിത്വവികാസത്തെയും ബന്ധങ്ങളെയും ആത്മവിശ്വാസത്തെയും ആത്മീയ ജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് മനഃശാസ്ത്ര വീക്ഷണം. അമിത ഭയം, ക്ഷിപ്രകോപം, ട്രസ്റ്റ് ഇഷ്യൂസ്, സാമൂഹ്യ പിന്മാറ്റം, നിരാശ, ഉറക്കക്കുറവ്, ആശങ്ക, ആത്മനിന്ദ, ആത്മഹത്യാ ചിന്തകൾ... തുടങ്ങിയവക്ക് പിന്നിൽ വളരെ സങ്കിർണ്ണമായ മനോ -ശാരീരിക പ്രതിസന്ധികളുടെ അടിയൊഴുക്കുകളുണ്ട് .
വൈകാരിക പ്രതിസന്ധികളെ “ആത്മീയത” കൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്നവരുണ്ട്. പ്രശ്നങ്ങളിൽ നിന്നുള്ള ഒളിവിടമായി (shelter house) പലരും വൈകാരിക ആത്മീയ പ്രകടനങ്ങളിൽ അഭയം തേടാറുണ്ട്. ബൈബിൾ മാനുഷിക വികാരങ്ങളെയും മാനസിക പോരാട്ടങ്ങളെയും സംഘർഷങ്ങളെയും യാഥാർത്ഥ്യമായി അംഗീകരിക്കുകയാണ് ചെയ്യുന്നത്. അധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും അത്താണിയായ കർത്താവിന്റെ മുമ്പിൽ മനോഭാരങ്ങൾ ഇറക്കി വെക്കണമെന്ന സാന്ത്വന സന്ദേശമാണ് തിരുവചനം.
സങ്കിർത്തനങ്ങളിൽ ദാവീദ് പലവട്ടം തന്റെ ഭയവും വിഷാദവും തുറന്ന് പറയുന്നുണ്ട് : “എന്റെ കണ്ണുനീർ എനിക്കു രാവും പകലും ആഹാരമായിരിക്കുന്നു.” (സങ്കീർത്തനം 42:3)
ഇയ്യോബ് തന്റെ മാനസിക തകർച്ച തുറന്ന് സമ്മതിച്ചു.
വലിയ ആത്മീയ വിജയത്തിനുശേഷവും ഏലിയാവ് മനസ്സിലെ വികാര വേലിയേറ്റത്തിൽ മരിക്കണമെന്ന് ആഗ്രഹിച്ചു.
കർത്താവ് ഗെത്സെമനയിൽ പറഞ്ഞു: 'എന്റെ ഉള്ളം മരണവേദനപോലെ അതി ദുഃഖിതമായിരിക്കുന്നു...'
സമർപ്പിത വിശ്വാസികൾക്കും ആത്മസംഘർഷങ്ങളും തകർച്ചകളും സംഭവിക്കാമെന്ന വലിയ സത്യമാണ് ബൈബിളിലെ ഭക്തർ വെളിപ്പെടുത്തുന്നത്.
സംഘർഷങ്ങൾ ലഘുകരിക്കാൻ മൂന്ന് സമീപനങ്ങൾ വളരെ പ്രധാനപ്പെട്ടതാണ് :
1. അംഗീകരിക്കൽ (Acceptance)
മനോസംഘർഷങ്ങളും വേദനയും മറച്ചു പിടിക്കുന്നതിനു പകരം അംഗീകരിക്കണം. ഹൃദയ മുറിവുകൾ അവഗണിക്കുകയോ മറച്ചു പിടിക്കുകയോ ചെയ്യുന്നതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. ആത്മാവിന്റെ നിലവിളി അടിച്ചമർത്തിയാൽ അത് പിന്നീട് കോപം, വിഷാദം, നിരാശ പോലുള്ള വൈകാരിക പ്രതിസന്ധികളായി പുറത്തുവരും.
2. പങ്കുവെക്കൽ (Healthy Expression)
വിശ്വസ്ത സുഹൃത്തുക്കളുമായി ആത്മ നൊമ്പരങ്ങൾ പങ്കുവയ്ക്കുന്നത് ആശ്വാസമാണ്, സൗഖ്യദായകമാണ്.
വിശ്വസ്തരായ സുഹൃത്തുക്കളുമായി ദുഃഖങ്ങൾ പങ്കുവെക്കുന്നത് ബലഹീനതയല്ല; അത് രോഗശാന്തിയുടെ ആരംഭമാണ്. പല കൗൺസിലിംഗ് രീതികളുടെയും അടിസ്ഥാനം “healing through expression” എന്നതാണ്. കരച്ചിൽ പോലും ചിലപ്പോൾ വൈകാരിക പ്രതിസന്ധികൾക്കുള്ള ചികിത്സയാണ്.
3.അർത്ഥം കണ്ടെത്തൽ (Meaning and Hope)
വേദനയിലൂടെയും ദൈവം മനുഷ്യനെ തന്റെ ലക്ഷ്യത്തിലേക്ക് നയിക്കുന്നു എന്ന തിരിച്ചറിവ് പ്രതിസന്ധികളെ പ്രത്യാശയോടെ അഭിമുഖീകരിക്കുവാൻ സഹായിക്കും. പ്രത്യാശ നഷ്ടപ്പെടുമ്പോഴാണ് ഉള്ളം തകർന്നു പോകുന്നത്.
“ഹൃദയം തകർന്നവരെ യഹോവ സൗഖ്യമാക്കുന്നു; അവരുടെ മുറിവുകളെ കെട്ടുന്നു.” — സങ്കീർത്തനം 147:3
ചില മുറിവുകൾ അതിവേഗം സുഖമാവില്ല. ചില ദുരന്ത സ്മരണകൾ വർഷങ്ങളോളം വേദനിപ്പിക്കും. എന്നാൽ ഓരോ ദിവസവും ദൈവസന്നിധിയിൽ ഹൃദയം സമർപ്പിക്കുമ്പോൾ, അല്പാല്പമായി ആന്തരിക മുറിവുകൾ സൗഖ്യമാകും. ഉള്ളവും ഉള്ളതും പങ്കുവയ്ക്കുമ്പോൾ ഉള്ളിൽ ശ്വസിക്കാൻ ഇടം കിട്ടും.
'അവിടുന്ന് എന്റെ അലച്ചിലുകള്‍എണ്ണിയിട്ടുണ്ട്;
എന്റെ കണ്ണീര്‍ക്കണങ്ങള്‍ അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്;
അവ അങ്ങയുടെ ഗ്രന്‌ഥത്തിലുണ്ടല്ലോ.' സങ്കീര്‍ത്തനങ്ങള്‍ 56 : 8
ഹൃദയം നുറുങ്ങിയവർക്ക് സമീസ്ഥനായ ദൈവം എല്ലാ മുറിവുകളും കണ്ണുനീരും അറിയുന്നുണ്ട്. തന്റെ മക്കളുടെ ഓരോ മുറിവുകളും സ്വർഗ്ഗസ്ഥ പിതാവിന്റെയും മുറിവുകളാണ്.
മാനസികാരോഗ്യം നിലനിർത്തുവാൻ മെഡിക്കൽ കെയറും പ്രാർത്ഥനയും കൗൺസലിംഗും ആവശ്യമാണ്. ദൈവം പ്രവർത്തിക്കുന്നത് ചിലപ്പോൾ വചനത്തിലൂടെയും, ചിലപ്പോൾ ഒരു സുഹൃത്തിലൂടെയും, ചിലപ്പോൾ ഒരു കൗൺസിലറിലൂടെയും ആകാം.
സാധ്യതകളുടെ തമ്പുരാന് തുറക്കാൻ സൗഖ്യത്തിന്റെ വാതിലുകൾ അനവധിയുണ്ട്.
നിരാശയുടെയും നഷ്ടബോധത്തിന്റെയും ഇരുട്ടിൽ ഹൃദയ വാതിലടച്ചു ഒറ്റയ്ക്ക് ഇരിക്കരുത്. വാതുക്കൽ മുട്ടുന്ന, സമീപസ്ഥനായിരിക്കാൻ ആഗ്രഹിക്കുന്ന ഇമ്മനുവേലിനു ഹൃദയം തുറന്നു കൊടുക്കണം. തിരുവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ ഇമ്മാനുവൽ ഹൃദയത്തിന്റെ അകത്ത് കടന്നുവന്ന് നമ്മോട് ചേർന്നിരുന്ന് സംസാരിക്കുകയാണ്. രോഗികളെയും മുറിവേറ്റ വരെയും അന്വേഷിച്ചുവന്ന സൗഖ്യമാക്കുന്നവനാണ് ഇമ്മാനുവേൽ ദൈവം. എന്തൊരു ഭാഗ്യമാണ് ഇത് അല്ലേ?
നമ്മുടെ തകർന്ന മനസ്സിനെ സൗഖ്യമാക്കാനും പുനർനിർമ്മിക്കാനും കഴിയുന്ന മനസ്സിന്റെ ഡിവൈൻ ടെക്നീഷ്യന്റെ വിസ്മയ കരങ്ങളിൽ മുറിവേറ്റ ഹൃദയം സമർപ്പിക്കുമ്പോൾ സൗഖ്യവും ആശ്വാസവും സാധ്യമാകും. നമ്മുടെ ദൈവം സൗഖ്യമാക്കുന്ന ദൈവമാണ്.
ഹല്ലേലുയ്യ!
☆
-fr. dr. a. p. george
(Courtesy)
No comments:
Post a Comment