Wednesday, March 20, 2019

ആബ്സെന്‍റ് മൈന്‍ഡ്നെസ്സ്

'ആബ്സെന്‍റ്മൈന്‍റ്നെസچ' അഥവാ അശ്രദ്ധയുണ്ടാക്കുന്ന  അസൗകര്യങ്ങള്‍ അനവധിയാണ്. കണ്ണട കാണാനില്ല, കീചെയിന്‍ എവിടെ? പേഴ്സ് കളഞ്ഞുപോയി, കാറ് പാര്‍ക്ക് ചെയ്തിരുന്നത് എവിടെ? എവിടെ?... വീട്ടുകാരെ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങളാണിതൊക്കെ. അശ്രദ്ധമൂലമുണ്ടാകുന്ന മറവി ആള്‍സൈമേഴ്സ്  പോലുള്ള മറവി രോഗത്തിന്‍റെ അത്ര ഗുരുതരമല്ലെങ്കിലും അനുദിന ജീവിതത്തില്‍ വളരെയധികം അസൗകര്യമുണ്ടാക്കുന്നതാണ്.
ഏര്‍പ്പെട്ടിരിക്കുന്ന ജോലിയില്‍ നിന്നും മനസിന്‍റെ ശ്രദ്ധ മറ്റുകാര്യങ്ങളിലേക്ക് വ്യതിചലിക്കുന്നതാണ് ആബ്സെന്‍റ് മൈന്‍റ്നെസ്സിന്‍റെ പ്രധാനകാരണമെന്നാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ദാനിയേല്‍ ഫാക്ടറിന്‍റെ അഭിപ്രായം. ഒരു കാര്യത്തില്‍ ഗഹനമായി ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ മനസ്സില്‍ കടന്നുവരുന്ന മറ്റുകാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
വണ്‍ അറ്റേ ടൈം പ്ലീസ്!
ജീവിതം തിരക്കുള്ളതും ഫാസ്റ്റ്ട്രാക്കിലോടുകയുംചെയ്യുമ്പോള്‍ ആബ്സെന്‍റ്മൈന്‍റ്നെസിന്‍റെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. ഒരു സമയത്ത് ഒന്നിലധികം കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്ന മള്‍ട്ടി ടാസ്കിംഗ്ജീവിതശൈലിയിലാണ് ആധുനിക ലോകം. സെന്‍സറി ലോഡ് വര്‍ദ്ധിക്കുമ്പോള്‍ ആബ്സെന്‍റ് മൈന്‍റ്നെസ് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് സെന്‍റ് ലൂയിസ് യൂണിവേഴ്സിറ്റിയിലെ ജെറിയാട്രിക് സൈക്യാട്രി പ്രൊഫസര്‍ ജോര്‍ജ്ജ് റ്റി.ഗ്രോസ് ബെര്‍ഗ്ഗിന്‍റെ അഭിപ്രായം. പ്രായം വര്‍ദ്ധിക്കുകയും ചുമതലകള്‍ സങ്കീര്‍ണ്ണമാവുകയും ചെയ്യുമ്പോള്‍ ശ്രദ്ധക്കുറവിന്‍റെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഇത് എല്ലാവരിലും ഓരേ പോലെ ആകണമെന്നില്ല.
ആബ്സെന്‍റ് മൈന്‍ഡ്നെസ്സും ആള്‍സൈമേഴ്സ് എന്ന മറവിരോഗവും തമ്മില്‍ വ്യത്യാസമുണ്ട്. ഓര്‍മ്മയിലുണ്ടായിരുന്ന ഒരു കാര്യം ഓര്‍മ്മിക്കാന്‍ ശ്രമിച്ചിട്ട് തല്‍ക്കാലം സാധിക്കുന്നില്ലെങ്കിലും പിന്നീട് ഓര്‍മ്മിക്കാന്‍ കഴിയുന്നത് ആബ്സെന്‍റ് മൈന്‍ഡ്നെസിന്‍റെ ലക്ഷണമാണ്. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ഓര്‍മ്മിക്കുവാനേ കഴിയാതിരിക്കുന്നത് മറവിരോഗവുമാണ്. മറന്നുവച്ച താക്കോല്‍ അന്വേഷിച്ചു നടക്കുന്നത് അശ്രദ്ധയും താക്കോല്‍ നഷ്ടപ്പെട്ടു എന്നുപോലും അറിയാത്തത് ഓര്‍മ്മകുറവുമാണ്. ആള്‍സൈമേഴ്സ് രോഗികള്‍ക്ക് മറവിയോടൊപ്പം സംസാരിക്കുവാനും എഴുതുവാനും നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കുവാനുമുള്ള ബുദ്ധിമുട്ടുണ്ടാകാം. പ്ലാനിങിനും പ്രശ്നപരിഹാരത്തിനുമുള്ള കഴിവില്ലായ്മയും ഇവരുടെ പ്രതിസന്ധികളാണ്. ഇതൊക്കെ ആള്‍സൈമേഴ്സ് രോഗികളുടെ ദൈനംദിന ജീവിതം ബുദ്ധിമുട്ടിലാക്കും. ആബ്സെന്‍റ് മൈന്‍ഡ്നെസ്സ് ചില അസൗകര്യങ്ങള്‍ ഉണ്ടാക്കാറുണ്ടെങ്കിലും സാധാരണ ജീവിതത്തെ അത്രയധികം തടസ്സപ്പെടുത്താറില്ല. 
ആബ്സെന്‍റ് മൈന്‍ഡ്നെസ്സ് പരിഹരിക്കുവാന്‍ ചില സമീപനങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
1. ജീവിതം അസങ്കീര്‍ണ്ണമാക്കുക - എല്ലാ ഭാരങ്ങളും തലയില്‍ ചുമന്ന് ഓവര്‍ലോഡ്, ഹെഡ്ലോഡ് വര്‍ക്കറാകാതെ ലോഡ്ഷെഡ്ഡിങ് നടത്തുക. കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ മാഷെ.
2. നല്ല വിശ്രമവും പോഷകാഹാരവും ശീലമാക്കുക - ബ്രെയിനെന്ന സൂപ്പര്‍ കമ്പ്യൂട്ടറിന് അത്യാവശ്യം വിശ്രമം കൊടുക്കുക. 7/24 ഉം നോണ്‍ സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റായി  ഓടിയാല്‍ ഹാര്‍ഡ്വെയറും സോഫ്റ്റ് വെയറും ഡാമേജാകും. മെയിന്‍റ്നന്‍സും റീപ്ലെയ്സ്മെന്‍റും ഹ്യൂമന്‍ കമ്പ്യൂട്ടറില്‍ സാദ്ധ്യമല്ലാട്ടോ.
3. ദൈനംദിന പരിപാടികള്‍ക്ക് പ്ലാനും പദ്ധതികളും ഉണ്ടാക്കുക. മായയാം മാരീചനെ പിടിക്കുവാനുള്ള മനസ്സിന്‍റെ ഓട്ടപ്പാച്ചിലിനൊപ്പം ഓടിയെത്താന്‍ പാവം ശരീരത്തിനാവില്ല, ബ്രേക്ക്ഡൗണാകും!
4. ശാരീരികവും മാനസികവുമായ വ്യായാമം വളരെ പ്രധാനപ്പെട്ടതാണ്. ആവര്‍ത്തന ജീവിതശൈലി മാറ്റി സൃഷ്ടിപരമായ ചിന്തകളും അഭിരുചികളും കൊണ്ട് മസ്തിഷ്കത്തെ ചലഞ്ച് ചെയ്ത് ചലനാത്മകമാക്കുക.
5. നിത്യോപയോഗ സാധനങ്ങള്‍ വയ്ക്കാന്‍ ഓരോ കൃത്യസ്ഥലം തീരുമാനിക്കുക. പേഴ്സ്, കണ്ണട, ഫോണ്‍, താക്കോല്‍ തുടങ്ങിയവ തോന്നിയയിടത്ത് എറിഞ്ഞിടുന്ന സ്വഭാവം മാറ്റുക. പവര്‍കട്ടില്‍ തപ്പിയാലും സാധനം അവിടെക്കാണും.
6. കലണ്ടറിലും സ്റ്റിക്കിനോട്സിലും ഓര്‍മ്മക്കുറിപ്പുകള്‍ ചേര്‍ക്കുക. സെല്‍ഫോണില്‍ റിമൈന്‍റേഴ്സ് ചേര്‍ക്കുക. അടുപ്പത്ത് സാധനങ്ങള്‍ വച്ചാല്‍ ടൈമര്‍ സെറ്റ് ചെയ്യുക. മറവിയെ മിറകടക്കാന്‍ ടെക്നോളജി നല്‍കുന്ന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുക.
7. ക്ലിപ്ത സമയത്ത് 79 മണിക്കൂര്‍ വരെയുള്ള ശാന്തമായ ഉറക്കം മെമ്മറി ഹെല്‍ത്തിന് വളരെ ആവശ്യമാണ്.
8.  ലഹരി ആസക്തി ഓര്‍മ്മകളുടെ ഫയലുകളെ വികലമാക്കും.
9. സംഘര്‍ഷം, ആകാംഷ, വിഷാദം തുടങ്ങിയ പ്രഷുബ്ദ മാനസികാവസ്ഥ സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ പ്രവര്‍ത്തനശേഷി നശിപ്പിക്കും. വിട്ടുകൊടുക്കാനും തോറ്റുകൊടുക്കാനും മാപ്പുകൊടുക്കാനും ചില്ലറ നഷ്ടങ്ങള്‍ സഹിക്കാനും തയ്യാറായാല്‍ ശാന്തിയും സമാധാനവും നേടാം. മെഡിക്കല്‍കെയറിലൂടെ സംഘര്‍ഷം ലഘൂകരിക്കുന്നത് മസ്തിഷ്കത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.
10. ഹൈപ്പര്‍ ടെന്‍ഷന്‍, ഡയബറ്റിക് തുടങ്ങിയ ശാരീരിക രോഗങ്ങള്‍ക്കുള്ള ചികിത്സയും ഓര്‍മ്മശക്തി നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ്.
ആബ്സെന്‍റ് മൈന്‍ഡ്നെസ്സ് സമയനഷ്ടവും ആകാംഷയുമുണ്ടാക്കും. മുന്‍പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതുമൂലമുണ്ടാകാവുന്ന പ്രതിസന്ധികള്‍  ലഘൂകരിക്കാവുന്നതാണ്. 
യെന്തിര് കാര്യങ്ങള്?
ചുമക്കാവുന്നതിലും അധികം ഭാരങ്ങള്‍ തലയില്‍ കെട്ടിവയ്ക്കാതിരിക്കുക. . എല്ലാം എന്‍റെ തലയിലൂടെ ഓടിയാല്‍ മാത്രമേ ശരിയാകൂ എന്ന അപ്രമാദിത്യചിന്തകള്‍ ഒഴിവാക്കുക. ഭാരങ്ങള്‍ പങ്കിടുക. കഴിയുന്നതും സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക. അത്യാവശ്യമുള്ളപ്പോള്‍ മാത്രം ഫാസ്റ്റ് ട്രാക്കിലോടുക, ആവശ്യം കഴിഞ്ഞാല്‍ എക്സിറ്റെടുത്ത് ലോക്കലിലോടുക. ജീവിതം ആസ്വദിക്കാനുള്ളതാണ്, ആയിരം ഓള്‍ട്ടേജില്‍ കത്തിയെരിയാനുള്ളതല്ല. 
ഈശ്വരന്‍റെ അമൂല്യദാനമായ ബ്രെയിനെന്ന സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും  കേടാകാതെ സൂക്ഷിക്കാന്‍ തൃപ്തിയും ശാന്തിയും സമാധാനവുമൊക്കെ ജീവിതശൈലിയാക്കുക.
ډ                          *                            *                       *
മനോഭീതിയുള്ളവരോട് ധൈര്യപ്പെടുവിന്‍, ഭയപ്പെടേണ്ട; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്‍റെ പ്രതിഫലവും വരുന്നു! അവന്‍ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിന്‍. (യെശയ്യ. 35:4)

Monday, February 18, 2019

സ്റ്റേജ് ഫോര്‍ ചര്‍ച്ചസ്

തട്ടേമ്മേ പള്ളിവികാരി സൈമണച്ചന്‍ കാര്യവിചാരകത്വവും നീതിബോധവും കര്‍ത്താവിനോട് സമര്‍പ്പണവുമുള്ള വ്യത്യസ്തനായ ഒരു ഇടയനാണ്. 
ഇടയത്വ ശുശ്രൂഷ തുടങ്ങി വര്‍ഷം ഒന്നു കഴിയുമ്പോഴേക്കും ഹൃദയം കടുകട്ടി ഗ്രാനൈറ്റ് ആകുന്ന ചടങ്ങ് അച്ചന്‍മരില്‍ നിന്നും വ്യത്യസ്തനാണ് ഈ റവറന്‍റ്.
വളരെയധികം പള്ളി പ്രമാണികളും വെള്ളിക്കട്ടന്‍മډാരുമുള്ള തട്ടേമ്മേ പള്ളിയിലെ ആടുകളേയും മുട്ടാടുകളേയും അനുസരണത്തില്‍ കഴിഞ്ഞ അഞ്ചുകൊല്ലമായി നടത്തുന്ന സമര്‍പ്പിത ഇടയനാണീ പാതിരി.

സംഭവ ദിവസം ലൂക്കോസ് 18:18 മുതലുള്ള വേദഭാഗത്തില്‍ നിന്ന് വചനശുശ്രൂഷ നടത്തുകയായിരുന്നു അച്ചന്‍. 'നിനക്കുള്ളതൊക്കെ വിറ്റ് ദരിദ്രര്‍ക്ക് പങ്കിട്ടുകൊടുത്ത് എന്നെ അനുഗമിക്ക' എന്ന ഭാഗം വായിച്ച് അച്ചന്‍ വികാരാധീനനായി. എന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും താളടിയായി കുഴഞ്ഞു വീണു. അബോധതലങ്ങളുടെ അഗാധങ്ങളിലേക്ക് ഒഴുകി പൊയ്ക്കൊണ്ടിരുന്ന അച്ചനെ രണ്ടു കരങ്ങള്‍ പിടിച്ചുയര്‍ത്തി. കണ്ണു തുറന്നപ്പോള്‍ സ്നിഗ്ദ്ധ സുന്ദരമായ പുഞ്ചിരിയോടെ നില്‍ക്കുന്ന ആണിപ്പാടുള്ള കര്‍ത്താവിന്‍റെ കരങ്ങളിലാണച്ചന്‍.
 
'എന്താ ഫാദറെ വല്ലാതെ സെന്‍റിയായി പോയല്ലോ, ക്യാ ഹുവാ?'

'ക്ഷമിക്കണം കര്‍ത്താവേ, അങ്ങയുടെ തിരുവചനത്തിന്‍റെ മര്‍മ്മം ഹൃദയത്തില്‍ ശൂലമായി വന്നു തറച്ചപ്പോള്‍ പിടിച്ചു നില്‍ക്കാനായില്ല.'

'കൊള്ളാം, വചനം ഹൃദയത്തെ തൊടാതെ പാടുകയും പറയുകയും ചെയ്യുന്ന ജനകോടികള്‍ക്കിടയില്‍ ഹൃദയത്തില്‍ ചലനമുണ്ടാക്കുന്നവരുമുണ്ടാകുന്നത് സന്തോഷമാണ്. ഐസിയുവിന് പുറത്തിരുന്ന് അപ്സെറ്റായി കൂട്ടംകൂടിയിരിക്കയാണ.'

'അല്ല ഞാന്‍ വിട്ടു പിരിഞ്ഞ് കര്‍ത്താവിനോട് കൂടെ ആയോ?'

'ഡോണ്‍ഡ് വറി, യു ആര്‍ സ്റ്റില്‍ എലൈവ്. വാട്സ് യുവര്‍ കണ്‍സേണ്‍?'

'ഉള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കാന്‍ പറഞ്ഞപ്പോള്‍ നിത്യതയും ഉപേക്ഷിച്ച് അങ്ങയുടെ മുമ്പില്‍ നിന്ന് നിരാശയോടെ പിന്‍വാങ്ങിയ ധനവാനെപ്പോലെയാണ് ഇന്ന് സഭകള്‍. അതോര്‍ത്തപ്പോള്‍ എന്‍റെ ഹൃദയം പിടഞ്ഞു. ദൈവരാജ്യം പ്രസംഗിക്കാനും രോഗികള്‍ക്ക് സൗഖ്യം വരുത്തുവാനും ശിഷ്യരെ അയച്ചപ്പോള്‍ വഴിക്ക് വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുത്, രണ്ടുടുപ്പും അരുത് എന്നു പറഞ്ഞ് വിട്ടതല്ലെ ഞങ്ങളെ? '

'യെസ്, യു ആര്‍ റൈറ്റ്'

'കര്‍ത്താവിനറിയാലോ ന്‍റെ സഭയുടെ ഇപ്പോഴത്തെ ആസ്തി. റിലയന്‍സിനും ടാറ്റയ്ക്കും മേലെ രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് എന്ന പദവിയിലാണ് എന്‍റെ സഭ. സ്ഥാപനങ്ങളുടെ ആസ്തി മാത്രം 3 ലക്ഷം കോടിക്കു മുകളില്‍. സഭയ്ക്ക് കീഴിലുള്ളത് പതിനൊന്നായിരം സ്ഥാപനങ്ങള്‍. രാജ്യത്തിനകത്തും പുറത്തും വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള സഭയുടെ ഭൂമിയുടെ വിപണി മൂല്യം പോലും ശതകോടികള്‍ വരും. വിശ്വാസം എന്നത് ദൈവവിശ്വാസമോ വിശ്വാസികളുടെ ഉന്നമനമോ അല്ല. പുരോഹിത-പള്ളിപ്രമാണി വര്‍ഗ്ഗത്തിന്‍റെ സമാന്തര ഭരണകൂടമാണ്. ഇത് ഒരു സഭയുടെ മാത്രം കാര്യം. ആയിരക്കണക്കിനാണ് സഭകള്‍. ശവമുള്ളേടത്ത് ഓടിക്കൂടുന്ന കാപാലകഴുകന്‍മാര്‍ പണത്തിനും പദവിക്കും സ്വത്തിനും വേണ്ടി പരസ്പരം കൊത്തിക്കീറുകയാണ്. കേസുപറഞ്ഞും അടിപിടി നടത്തിയും അങ്ങയുടെ നാമം അപഹാസ്യമാക്കുകയാണ് വയ്യ കര്‍ത്താവേ! എനിക്കു വയ്യ.'
'പറഞ്ഞോളൂ.'
'ഇത്രയും സമ്പന്നമായ സഭകളില്‍ വീടില്ലാത്തവരും ഡെയ്ലിബ്രഡിനു വകയില്ലാത്തവരും പെണ്‍കുട്ടികളെ വിവാഹം ചെയ്തു വിടാന്‍ കഴിവില്ലാത്തവരും നിത്യരോഗികളും ദരിദ്രരും വിധവമാരും കോടിക്കണക്കിനുണ്ട്. അവരിന്നും വഴിപാടിടുന്ന സമര്‍പ്പിതരുമാണ്. ഒരിക്കലും വഴിപാടിടാത്തവര്‍ അതുകൊണ്ടു ധൂര്‍ത്തടിക്കുമ്പോള്‍ ഈ ചെറിയവരെ ഓര്‍ക്കുന്നില്ല. ആര്‍ത്തിപണ്ടാരങ്ങളായ സാദൂക്യരും പരീശ-ശാസ്ത്രിമാരും പുരോഹിതډാരും ഒത്തു ചേര്‍ന്നു വിശുദ്ധസ്ഥലത്ത് മ്ലേച്ഛത സൃഷ്ടിക്കുന്നുٹ മനുഷ്യഹൃദയങ്ങളില്‍ സ്ഥാപിക്കപ്പെട്ട സഭ, കല്ലിലും മരത്തിലും പണത്തിലും പദവിയിലും പാരമ്പര്യത്തിലും ആള്‍ദൈവങ്ങളിലും പുതുക്കിപണിതതിന്‍റെ ദുരന്തങ്ങളാണിതൊക്കെ. സ്റ്റേജ് ഫോര്‍ രോഗാവസ്ഥയിലായ സഭയെ സൗഖ്യമാക്കാന്‍ സ്വര്‍ഗ്ഗീയ വൈദ്യനായ അങ്ങേയ്ക്കു മാത്രമേ കഴിയൂ.' 
'ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന ഒരു ചെറിയ ആട്ടിന്‍കൂട്ടം ഇപ്പോഴുമുള്ളത് സ്വര്‍ഗ്ഗത്തിന്‍റെ സന്തോഷമാണ്. ഡിവൈന്‍ ഗവണ്‍മെന്‍റ് കാലത്തികവില്‍ കാര്യങ്ങളൊക്കെ യഥാസ്ഥാനപ്പെടുത്തും. റവറെന്‍റ് സമാധാനത്താലെ പോയി ദൈവരാജ്യത്തിന്‍റെ സുവേശേഷം ധൈര്യമായി പ്രസംഗിച്ചോളൂ.  കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ഞാനെന്നും കൂടെയുണ്ടാകും. ടേക്ക് കെയര്‍, ഓള്‍ ദി ബെസ്റ്റ്!'

Tuesday, February 12, 2019

സ്വപ്നം വിരിയും മനസ്സ്



ഉല്‍പത്തി പുസ്തകം 37-ാം അദ്ധ്യായത്തില്‍ പ്രതീകാത്മകങ്ങളായ സ്വപ്നങ്ങളിലൂടെ തന്‍റെ ജീവിതത്തില്‍  ദൈവം നിവര്‍ത്തിക്കാന്‍ പോകുന്ന കാര്യങ്ങളെപറ്റിയും മഹത്വത്തിലേക്ക് ചുവടുവയ്ക്കുന്നതിനെപറ്റിയും  വെളിപ്പെടുത്തികൊടുത്തു.
തന്‍റെ കുടുംബത്തേയും ജനങ്ങളെയും കഠിന ക്ഷാമങ്ങളില്‍ നിന്ന് രക്ഷിക്കുവാനുള്ള നിയോഗം ബാലനായ ജോസഫിനെ ഭരമേല്‍പിക്കുന്നതിനെപറ്റിയുള്ള ദര്‍ശനമായിരുന്നു ആ സ്വപ്നം.
    ജോസഫ് കണ്ട കൗതുകസ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ചില കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ ചുവടുവയ്ക്കേണ്ടി വന്നു. സഹോദരന്‍മരുടെ അസൂയ, വഞ്ചന, ഈജിപ്റ്റിലെ അടിമ ജീവിതം, കാരാഗ്രഹവാസം..അങ്ങനെയങ്ങനെ തന്‍റെ സ്വപ്ന ദ്വീപിലെത്താന്‍ ജോസഫ് നീന്തിക്കടന്ന അഗ്നിക്കടലുകളനവധി.

എല്ലാ കഠിന സഹനങ്ങള്‍ക്കു പിന്നിലും ഒരു മഹത്വം ഒളിച്ചു വച്ചിട്ടുണ്ടെന്നും തളരാതെ മുന്നോട്ടു പോകണമെന്നുമൊക്കെ സ്വപ്നങ്ങള്‍ കണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജോസഫ് മനസ്സിലാക്കിയത്. ജോസഫിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമായി. ഈജിപ്റ്റിലെ രണ്ടാമത്തെ പവര്‍ഫുള്‍ സെലിബ്രിറ്റിയുമായി.
 തന്നെ പൊട്ടകുഴിയിലെറിഞ്ഞ ് അടിമയായി വിറ്റ ചേട്ടന്‍ മരുടെ മുമ്പില്‍ ജോസഫ് ഉന്നതാധികാരിയായി നിന്നപ്പോള്‍ അവര്‍ ഭയന്നു വിറച്ചു. തങ്ങളുടെ കഥ കഴിഞ്ഞെന്ന് അവര്‍ തീരുമാനിച്ചു.
ജോസഫ് പറഞ്ഞു 'ഹലോ ചേട്ടന്‍സ്, നിങ്ങള്‍ ഭയപ്പെടേണ്ട, നിങ്ങളെ ശിക്ഷിക്കാന്‍ ഞാന്‍ ദൈവത്തിന്‍റെ സ്ഥാനത്തൊന്നുമല്ലല്ലോ. നിങ്ങള്‍ എന്‍റെ നേരെ ദോഷം വിചാരിച്ചു. ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിനു ജീവരക്ഷ വരുത്തേണ്ടതിന് അതിനെ ഗുണമാക്കിത്തീര്‍ത്തു.'
തന്‍റെ ജീവിതത്തിലെ സഹനങ്ങളെല്ലാം ദൈവം നന്‍മയായി രൂപാന്തരപ്പെടുത്തി എന്നാണ് ജോസഫിന്‍റെ 'തിയോളജി ഓഫ് സഫറിംഗ് തിയറി'.

 കഠിനപ്രയത്നം കൊണ്ട് വിദ്യാര്‍ത്ഥി വിജയം നേടുന്നതും തളരാതെ ഓടി ഓട്ടക്കാരന്‍ ആദ്യം ഫിനിഷിംഗ്പോയിന്‍റിലെത്തുന്നതും മണിക്കൂറുകളുടെ ശ്രമകരമായ ശസ്ത്രക്രിയയിലൂടെ സര്‍ജന്‍ ജീവന്‍ രക്ഷിക്കുന്നതും വേദനയുടെ അഗ്നിക്കടല്‍ നീന്തി അമ്മ കുഞ്ഞിന് ജന്‍മo കൊടുക്കുന്നതുമൊക്കെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുമുമ്പുള്ള കഠിന സഹനങ്ങളാണ്. സഹനത്തിന്‍റെ തീച്ചൂളയിലാണ് സ്വപ്നങ്ങള്‍ അഗ്നിപുഷ്പങ്ങളായി  വിരിയുന്നത്.
ദൈവത്തിന് ഓരോരുത്തരെപറ്റിയും ഓരോ പദ്ധതികളുണ്ട്. അത് നമ്മുടെ ജീവിതത്തെ പറ്റി നാം കാണുന്ന മോഹസ്വപ്നങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കാം.
എഫെ. 2:10 'നാം അവന്‍റെ കൈപ്പത്തിയായി സല്‍പ്രവൃത്തികള്‍ക്കായിട്ട് ക്രിസ്തുയേശുവില്‍ സൃഷ്ടിക്കപ്പെട്ടവരാകുന്നു. നാം ചെയ്തുപോരേണ്ടതിനു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.'

1 പത്രോ. 4:10 'ദൈവകൃപയുടെ നല്ല ഗൃഹവിചാരകനായിരിപ്പാന്‍ ഓരോരുത്തനും വരം ലഭിച്ചിരിക്കുന്നു.'

സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ജോസഫിനെപ്പോലെ മുള്ളും കല്ലും നിറഞ്ഞ വഴിയിലൂടെ ആദ്യം നടക്കേണ്ടി വരും. പ്രതികൂലതകള്‍ കണ്ടു പിന്‍തിരിഞ്ഞോടുന്നവര്‍ക്കും വഴിമാറിപ്പോകുന്നവര്‍ക്കും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പറ്റില്ല. മനസ്സിന്‍റെ മെഗാസ്ക്രീനില്‍ കണ്ടു രസിക്കുവാനുള്ളതല്ല, യാഥാര്‍ത്ഥ്യമാക്കുവാനുള്ളതാണ് സ്വപ്നങ്ങള്‍. അതിന് ഫീല്‍ഡില്‍ ഇറങ്ങണം. ദൈവം സെറ്റു ചെയ്തിരിക്കുന്ന ഇടുങ്ങിയ വഴിയെത്തന്നെ നടക്കണം. കുറുക്കുവഴികളും ഷോര്‍ട്ട്കട്ടും അനുവദനീയമല്ല സുഹൃത്തെ.

കുട്ടികളെ പറ്റി വ്യാമോഹ സ്വപ്നങ്ങള്‍ കാണുവാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ട്. പക്ഷേ അതിനുള്ള അഭിരുചി അവര്‍ക്കുണ്ടോ എന്ന് ആദ്യം മനസ്സിലാക്കണം. മാതാപിതാക്കളുടെ അതിമോഹസ്വപ്ന സാക്ഷാത്ക്കാരത്തിനായി മരുഭൂയാത്ര നടത്തുന്ന കുട്ടികള്‍ ഒടുവില്‍ നിരാശരായി, നിഷേധികളായി എങ്ങും എത്താതെ പോകാറുണ്ട്. സ്വപ്നം കാണാനും അത് യാഥാര്‍ത്ഥ്യമാക്കാനും കുട്ടികളെ അനുവദിക്കൂ, പേരന്‍സേ!

മാതാപിതാക്കളുടെ സ്വാര്‍ത്ഥ സ്വപ്നങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്ഥവും വിചിത്രവുമായ സ്വപ്നം കാണുന്ന കുട്ടികളെ അടിച്ചമര്‍ത്തരുത് . സാധാരണക്കാര്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്ഥമായ സ്വപ്നങ്ങള്‍ കാണാനും അത് കഠിന പ്രയത്നങ്ങളിലൂടെ യാഥാര്‍ത്ഥ്യമാക്കാനും ചില കുസൃതിക്കുരുന്നുകള്‍ പരിശ്രമിച്ചതുകൊണ്ടും അതിനവരെ മാതാപിതാക്കള്‍ അനുവദിച്ചതുകൊണ്ടുമാണ് കലാസാംസ്കാരിക ശാസ്ത്രസാങ്കേതികമേഖലകളില്‍ പല അത്ഭുതങ്ങള്‍ വിരിയാനും വിടരാനും ഇടയായത്. കുട്ടികള്‍ ദൈവത്തിന്‍റെ സ്വപ്നങ്ങളാണ്. നോട്ട് ദ പോയിന്‍റ്.

സ്വയവും സ്വന്തവും സ്വത്തും ഉപേക്ഷിച്ച് ക്രിസ്തുവിനെ പിന്തുടരുവാന്‍ തയ്യാറായ സമര്‍പ്പിതരുടെ രക്തവും വിയര്‍പ്പുമാണ് സഭയുടെ പണിക്ക് മുതല്‍ക്കൂട്ടായത്. അവരുടെ മാതാപിതാക്കള്‍ അവര്‍ക്കു വേണ്ടി കണ്ട ഭൗതീക സ്വപ്നങ്ങളേക്കാള്‍ വിഭിന്നമായി സ്വര്‍ഗ്ഗരാജ്യത്തെ പറ്റിയുള്ള അനന്ത സ്വപ്നങ്ങള്‍ കാണാനും അതിനായി സഹനത്തിന്‍റെ വഴിയേ നടക്കാനും അവര്‍ തയ്യാറായപ്പോള്‍ സമര്‍പ്പിത സഹദേന്‍മാരായി. കംഫര്‍ട്ട് സോണില്‍ പരമസുഖജീവിതം അനുഭവിക്കുന്ന ഇന്നത്ത കുട്ടികള്‍ ഇതുപോലെ റിസ്കുള്ള സ്വപ്നം കാണുമെന്നു തോന്നുന്നില്ല. അവര്‍ക്ക് ത്യാഗസ്വപ്നങ്ങള്‍ കാണുവാനുള്ള ആത്മീയ മോഡലുകളും അന്യംനിന്നുപോയിരിക്കുന്നു!

ജീവിത പങ്കാളിയെപറ്റി സ്വാര്‍ത്ഥവും അപ്രായോഗികവുമായ സ്വപ്നങ്ങള്‍ കാണുന്നവരും അത് യാഥാര്‍ത്ഥ്യമാക്കാന്‍ പടവെട്ടുന്നവരും ശ്രദ്ധിക്കുക: അവരെപറ്റി ദൈവത്തിന് ചില സ്വപ്നങ്ങളുണ്ട്. അതിനുള്ള വ്യക്തിത്വ പ്രത്യേകതകളോടെയാണ് അവരെ ദൈവം സൃഷ്ടിച്ചിരിക്കുന്നത്. അവരെ അവരായി അംഗീകരിച്ചു പ്രോത്സാഹിപ്പിക്കുമ്പോള്‍ ദാമ്പത്യം സൗഹൃദപൂര്‍ണ്ണമാകും. അവരിലൂടെ വിരിയുന്ന ദൈവത്തിന്‍റെ സ്വപ്നങ്ങള്‍ കുടുംബത്തിനും തലമുറയ്ക്കും മുതല്‍ക്കൂട്ടാകും.

'നിങ്ങള്‍ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാന്‍ തക്കവണ്ണം ഞാന്‍ നിങ്ങളെ ക്കുറിച്ച് നിരൂപിക്കുന്ന നിരൂപണങ്ങള്‍ ഇന്നവ എന്നു ഞാന്‍ അറിയുന്നു. അവ തിന്‍മക്കല്ല നന്‍മക്കത്രെയുള്ള നിരൂപണങ്ങള്‍ എന്നു യെഹോവയുടെ അരുളപ്പാട് - യിരെമ്യ. 29:11

Friday, January 18, 2019

ഓര്‍മ്മയുണ്ടോ സാര്‍ ഈ മുഖം?

പേഴ്സണാലിറ്റി ഡിസോര്‍ഡറുകളുടെ ലിസ്റ്റില്‍ ഷോക്കിംഗ് വ്യക്തിത്വ ശൈലിയാണ് നാര്‍സിസ്റ്റുകാരുടേത്.
ആരിവര്‍?
സ്വന്തം വ്യക്തിഗുണങ്ങളില്‍ മതിമറക്കുന്ന, ആത്മരതിപരമായ അഡിക്ഷന്‍ മനോഭാവക്കാരാണിവര്‍. 
പ്രശംസയില്‍ മതിമയങ്ങുന്ന, നിഗൂഢഭാവമുള്ള സമസൃഷ്ടി സ്നേഹമില്ലാത്ത, സ്നേഹപ്രവാഹം വറ്റിവരണ്ട വ്യക്തിത്വ ശൈലിയാണിവരുടേത്. ധാര്‍ഷ്യഭാവവും, സ്വയകേന്ദ്രീകൃത പ്രകൃതവും ഡിമാന്‍റിംഗ് നേച്വറുമൊക്കെ ഇവരുടെ വ്യക്തിത്വത്തിലെ മുഖ്യചേരുവകളാണ്. 
സ്വന്തം കഴിവിലും ശരീരസൗന്ദര്യത്തിലും വ്യക്തിപ്രഭാവത്തിലും അയഥാര്‍ത്ഥ്യമായി, അതിശയോക്തിപരമായി ചിന്തിക്കുന്ന നാര്‍സിസ്റ്റുകള്‍ എപ്പോഴും എവിടെയും സ്പെഷ്യല്‍ ട്രീറ്റ്മെന്‍റ് ആഗ്രഹിക്കുന്ന, ക്രിസ്തുവിന്‍റെ ശൈലിയില്‍, അങ്ങാടിയില്‍ വന്ദനവും 'ഗുരു' വിളിയും ഇഷ്ടപ്പെട്ടവരാണ.് സിംഹാസനത്തിലേ ഇരിക്കൂ, ചതുരാക്ഷരത്തിലേ സംസാരിക്കൂ.
ഇവര്‍ സെലിബ്രിറ്റികളുടെ പാരസൈറ്റുകളായി പറ്റിക്കൂടി അവരുടെ മഹത്വം ഷെയര്‍ ചെയ്യും. സെലിബ്രിറ്റികള്‍ക്ക് സ്പെഷ്യല്‍ ട്രീറ്റ് കൊടുത്ത്, അവരെ പ്ലീസ് ചെയ്യ്തു അവരോടൊപ്പം ഇടിച്ചുകേറി, മീഡിയയില്‍ തിളങ്ങി സായൂജ്യമടയുന്നവരാണിവര്‍. മതരാഷ്ട്രീയ സെലിബ്രിറ്റികളുടെ എര്‍ത്തായി നടക്കുന്ന ഇവര്‍ റ്റൈറ്റിലുകള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി പണമെത്രമുടക്കാനും മടിയില്ലാത്തവരാണ്.
ഇവര്‍ക്ക് വിമര്‍ശനം തീരെ ഇഷ്ടമല്ല. വിമര്‍ശനത്തിന്‍റെ പിന്നിലെ ഉദ്ദേശശുദ്ധി മനസ്സിലാക്കാതെ വ്യക്തിപരമായ കടന്നുകയറ്റമായെടുക്കും. വിമര്‍ശകരെ നേരിട്ടും വളഞ്ഞവഴിയിലൂടെയും കൈകാര്യം ചെയ്തിരിക്കും.

കുടുംബം, ജീവിതപങ്കാളി, കുഞ്ഞുങ്ങള്‍ തുടങ്ങിയവയൊക്കെ ഇവര്‍ക്ക് ലീസ്റ്റ് പ്രിയോറിട്ടി ശല്യങ്ങളാണ്. സ്വന്തം കാര്യം ആന്‍റ് സ്വന്തം കംഫര്‍ട്ട് സിന്ദാബാദ്! ഇവരോടൊപ്പം കൂട്ടുകൂടുന്നവരുടെ കാര്യം അയ്യോ കഷ്ടം! അധോഗതി!

മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍, യാതനകള്‍, നിസ്സഹായത എന്നിവയൊക്കെ അറിയാനും അംഗീകരിക്കാനും താദാത്മ്യപ്പെടുവാനും സഹായിക്കുന്ന, ഇവരുടെ 'എംപതി' ഡിപ്പാര്‍ട്ട്മെന്‍റ് പ്രവര്‍ത്തനക്ഷമമല്ല. ഫാക്ടറി ഡിഫാള്‍ട്ട് സെറ്റിംഗ്സ് അങ്ങനാണ്. 
ഏതെങ്കിലും പ്രശ്നങ്ങളില്‍ കോംപ്രമൈസും അനുരജ്ഞനവും  ഉണ്ടാകുന്നത് ബലഹീനതയായി കാണുന്നവരാണ് നാര്‍സിസ്റ്റുകാരെന്നാണ് പോളീഷ് മനശാസ്ത്രജ്ഞ മാര്‍ത്ത മാര്‍ലേശ്വയുടെ അഭിപ്രായം. അതുകൊണ്ട് ഇക്കൂട്ടരുമായി സന്ധിസംഭാഷണം നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഒരു മദ്ധ്യസ്ഥനും വ്യാമോഹിക്കണ്ട. താന്‍ പിടിച്ച മുയലിന് കൊമ്പ് പത്ത്!

താനൊരു മഹാസംഭവമാണെന്നു സ്വയം ചിന്തിക്കുന്ന ഇവരെ സ്വാഗതപ്രസംഗകരും ബെനഫിഷറീസും ചേര്‍ന്ന് ഗ്ലോറിഫൈ ചെയ്ത് നശിപ്പിക്കും. സ്വന്തം സൗന്ദര്യം, ശക്തി, ജീവിത വിജയം,ഐഡിയല്‍ റൊമാന്‍സ് തുടങ്ങിയ ഫാന്‍റസി പട്ടത്തില്‍ നീലാകാശത്തു പറക്കുന്ന പാവം പാവം രാജകുമാരډാരാണിവര്‍.
തന്‍റെ മഹത്വം മറ്റുള്ളവര്‍ അംഗീകരിച്ചിരിക്കണം, ആദരിക്കണം എന്നൊക്കെ നിര്‍ബന്ധമുള്ള ഇവര്‍ വേദിയില്‍ സ്പെക്ടേറ്റര്‍ഷിപ്പും ജോലിയില്‍ 'സാര്‍' വിളിയും ആത്മീയവേദികളില്‍ 'പരിശുദ്ധന്‍ നീ പരിശുദ്ധന്‍' എന്ന മംഗളസ്തുതിയും കീഴാളډാരുടെ പാദപൂജയും റൊമ്പം ഇഷ്ടപ്പെടുന്നു.

ആരുടെ മുതുകിലും ചവുട്ട ികയറി സ്വന്തം ലക്ഷ്യത്തിലെത്തുകയും അതുകഴിഞ്ഞ് തിരിഞ്ഞ് ചവിട്ടുകയും ചെയ്യും. വിഭാഗീയ ചിന്തയും വിഘടനവാദവും ചേരിപ്പോരും നടത്തി കലക്കവെള്ളത്തില്‍ ഫിഷിംഗ് നടത്തും.
സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാത്ത ഇവര്‍ അല്പം സംശയത്തോടുകൂടെ മാത്രമേ മറ്റുള്ളവരെ കാണുകയുള്ളൂ.
 
സ്ത്രീകളെക്കാള്‍ പുരുഷډാരില്‍ കാണുന്ന ഈ വ്യക്തിത്വശൈലി രൂപപ്പെടുന്നതിന്‍റെ  പിന്നിലെ ജനറ്റിക്, ന്യൂറോ ഫിസിയോളജിക്കല്‍, പേരന്‍റിംഗ് കാരണങ്ങള്‍ ഇനിയും പഠിച്ചു തീര്‍ന്നിട്ടില്ല.

ഇവരുടെ വ്യക്തത്വശൈലി മോഡിഫൈ ചെയ്യുവാന്‍ Mentalization based therapy, transference focused psycho therapy, schema focused psycho therapy തുടങ്ങിയ പലസമീപനങ്ങളുണ്ടെങ്കിലും പിടിതരാത്ത പിടികിട്ടാപ്പുള്ളിയായി ഒഴിഞ്ഞുമാറുന്ന നാര്‍സിസ്റ്റുകള്‍ മനശാസ്ത്രജ്ഞര്‍ക്ക് വെല്ലുവിളിയാണ്. 


       *              *                *               *               *              *

 'You will recognize them by their fruits. Are grapes gathered from thorn bushes, or figs from thistles?'- Mathew 7:16

Tuesday, December 4, 2018

താങ്ക് യു ജീസസ്


രോഗം ക്യാന്‍സറാണെന്ന് ഡയഗ്നോസ് ചെയ്തു കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ അലക്സ്-മേരി ദമ്പതികളോട് പറഞ്ഞു: 'ഇനി വേണ്ടത് കീമോ തെറാപ്പിയാണ്. അത് എത്രയും പെട്ടെന്ന് തുടങ്ങണം'.
മേരി പറഞ്ഞു: 'അപകടരോഗമാണെന്ന് അറിഞ്ഞതു മുതല്‍ അലക്സ് ഭക്ഷണം കഴിക്കുന്നില്ല, ഉറങ്ങുന്നില്ല, സംസാരമില്ല, ജോലിക്കുപോകുന്നുമില്ല പള്ളിക്കാര്യങ്ങളിലും ആരാധനയിലും വലിയ താല്‍പര്യമുള്ള ആളായിരുന്നു. ഇപ്പോള്‍ അതില്‍ നിന്നെല്ലാം പിന്‍മാറി. എപ്പോഴും മുറിയടച്ചിരുപ്പാണ്. ടെന്‍ഷനും ആകാംഷയും നിരാശയും ശരീരമനസുകളെ തളര്‍ത്തിയിരിക്കുകയാണچ്'.
ഡോക്ടര്‍ പറഞ്ഞു: 'ക്യാന്‍സറിന് ഇന്ന് വളരെ ഫലപ്രദമായ ചികിത്സയുണ്ട്. രോഗത്തെ നിയന്ത്രിക്കാനോ പൂര്‍ണ്ണമായി സൗഖ്യമാക്കാനോ ഒക്കെ ഇന്നു മെഡിക്കല്‍ സയന്‍സിന് കഴിയും. പക്ഷെ രോഗഭയത്തിനും ടെന്‍ഷനും നിരാശയ്ക്കും മരുന്നില്ല. ആധിയും ടെന്‍ഷനും വര്‍ദ്ധിക്കുന്നത് രോഗസൗഖ്യത്തിന് തടസ്സമാകും. മാത്രവുമല്ല, രോഗം വര്‍ദ്ധിക്കാന്‍ കാരണവുമായേക്കാം'.
'എന്തു പറഞ്ഞാണ് ഇദ്ദേഹത്തെ ആശ്വസിപ്പിക്കേണ്ടതെന്നെനിക്കറിയില്ല. ഒന്നിനും ഒരു സന്തോഷവുമില്ല. എപ്പോഴും ദേഷ്യമാണ' - പൊട്ടിക്കരഞ്ഞുകൊണ്ട് ഭാര്യ പറഞ്ഞു.
'മരണം വാറണ്ടുമായി പിറകെ നടക്കുമ്പോള്‍ എങ്ങനെയാണ് ഡോക്ടറെ ചിരിക്കാന്‍ പറ്റുക? എന്‍റെ വിഷമം പറഞ്ഞാല്‍ ഇവള്‍ക്ക് മനസ്സിലാവില്ല' - അലക്സ് വികാരാധീനനായി.
പൊട്ടിച്ചിരിച്ചുകൊണ്ട് ഡോക്ടര്‍ പറഞ്ഞു: څഞാന്‍ ചിരിക്കുന്നതുപോലെ ചിരിക്കണം മിസ്റ്റര്‍'
'ഡോക്ടര്‍ക്കു ചിരിക്കാമല്ലോ രോഗമൊന്നുമില്ലല്ലോ. രോഗികള്‍ക്ക് മരുന്നെഴുതി കാശുവാങ്ങി കൂളായി കസേരയില്‍ ഇരുന്നാല്‍ പോരേ? സഹിക്കുന്നത് രോഗിയും കുടുംബവുമല്ലേ?' - വളരെ പരുഷമായിട്ടാണ് അലക്സ് പ്രതികരിച്ചത്.
സൗമ്യമായി ചിരിച്ചു കൊണ്ട് ഡോക്ടര്‍ പറഞ്ഞു:  'ഞാനും നിങ്ങളെപ്പോലൊരു ക്യാന്‍സര്‍ രോഗിയാണ്. നിങ്ങളെക്കാള്‍ രണ്ടുപടി മുമ്പിലാണെന്‍റെ രോഗം. ആദ്യം രോഗിയാണെന്നറിഞ്ഞപ്പോള്‍ നിങ്ങളേപ്പോലെ ഞെട്ടലും നിരാശയും ജീവിതത്തോട് വെറുപ്പുമൊക്കെയാണ് എനിക്കുണ്ടായത്. ജോലിനിര്‍ത്തി കൂറേ ദിവസം മരണവും കാത്തിരുന്നു. ആ സമയത്താണ് ജീവിതത്തില്‍ ആദ്യമായി ബൈബിള്‍ വായിച്ചത്. രണ്ടു ബൈബിള്‍ വാക്യങ്ങള്‍ ഹൃദയത്തില്‍ ചലനമുണ്ടാക്കി:
സദൃശ്യവാക്യങ്ങള്‍ 17:22 'സന്തുഷ്ട ഹൃദയം ആരോഗ്യദായകമാണ്. തളര്‍ന്ന മനസ്സ് ആരോഗ്യം കെടുത്തുന്നു'.
ഫിലിപ്യര്‍ 4:6 'ഒന്നിനെകുറിച്ചും ആകുലരാകേണ്ട സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍'.
ബൈബിള്‍ നല്‍കിയ ഉള്‍ക്കാഴ്ചയില്‍ ദിവസവും അഞ്ചു കാര്യങ്ങള്‍ക്ക് ദൈവ ത്തിന് നന്ദിപറയുവാന്‍ തുടങ്ങി. സുഖകരമായ ഉറക്കം തന്നതിന്, വേദന കുറച്ചതിന്, നല്ല മഴ ലഭിച്ചതിന്. കുട്ടികള്‍ വിജയിച്ചതിന്, പ്രിയപ്പെട്ടവര്‍ക്ക് ധൈര്യം കൊടുത്തതിന്ٹ അങ്ങനെയങ്ങനെ എണ്ണിയാല്‍ തീരാത്ത സൗജന്യ അനുഗ്രഹങ്ങള്‍ക്കെല്ലാം നന്ദിയും സ്തോത്രവും പറയുന്നത് ശീലമാക്കി.
ദൈവത്തോട് നന്ദി പറയാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലെ ടെന്‍ഷനും ദുഃഖവും പരിഭവവും നിരാശയുമൊക്കെ അപ്രത്യക്ഷമായി. എന്‍റെ ഹൃദയം തെളിഞ്ഞപ്പോള്‍ കുട്ടികളുടെ മുഖത്ത് ചിരിയും കളിയും തിരിച്ചു വന്നു. മരണവീടു പോലെ ശോകമൂകമായിരുന്ന വീട്ടിലെ ആ അന്തരീക്ഷം ആകെ മാറി. പൊട്ടിച്ചിരികളും കൂട്ടച്ചിരികളും വീണ്ടും പെയ്തിറങ്ങി. ഞാന്‍ ഒരു രോഗിയാണെന്നു പോലും പലപ്പോഴും മറന്നുപോയി.
സന്തുഷ്ടഹൃദയം ആരോഗ്യദായകമാണെന്ന് ബൈബിളിലെ ഡോ. ശലോമോന്‍ പറഞ്ഞതെത്ര ശരിയാണെന്ന് മനസ്സിലായി. 'ഭീരു പലപ്രാവശ്യം മരിക്കും.  എന്നാല്‍ ധൈര്യശാി ഒരിക്കലേ മരിക്കൂ' എന്ന ജൂലിയസ് സീസറിന്‍റെ വാക്കുകളിലെ ധൈര്യശാലിയായി മാറി ഞാന്‍'.
ഡോക്ടര്‍ തുടര്‍ന്നു പറഞ്ഞു: 'അലക്സെ, മരണത്തെ സ്വീകരിക്കാന്‍ നമ്മള്‍ ഒരുങ്ങിയിരുന്ന് സമയം കളയേണ്ട കാര്യമില്ല. ദൈവം ഓര്‍ഡറിട്ടു കഴിഞ്ഞാല്‍ മരണദൂതന്‍ വന്ന് നമ്മളേയും കൊണ്ടു പോകും. അതിന് ക്യാന്‍സര്‍ രോഗം വരണമെന്നില്ല. വന്നാലും പെട്ടെന്ന് മരണം നടക്കണമെന്നുമില്ല. നല്ല ആരോഗ്യത്തോടെ ജീവിതം കത്തിനില്‍ക്കുന്ന സമയത്തും മരണം കടന്നു വന്ന് എത്രപേരെയാണ് ദിവസും ഹൈജാക്ക് ചെയ്തുകൊണ്ടു പോകുന്നത്? ചിരിച്ചാലും മരിക്കും കരഞ്ഞാലും മരിക്കും. എന്നാല്‍ പിന്നെ സന്തോഷമായി ചിരിച്ച് ജീവിച്ചുകൂെ?.
ഡോക്ടറുടെ സാക്ഷ്യം അലക്സില്‍ പുതിയ ഉള്‍ക്കാഴ്ചയുണ്ടാക്കി. ഓരോ ദിവസവും അദ്ദേഹം പത്തുകാര്യങ്ങള്‍ക്ക് ദൈവത്തിന് നന്ദി പറയാന്‍  തുടങ്ങി. മനസ്സിന്‍റെ ദുഃഖഭാരം കുറഞ്ഞു. നഷ്ടപ്പെട്ടുപോയ സന്തോഷം തിരികെ വന്നു.  രോഗം തോറ്റു അലക്സ് ജയിച്ചു!
ഹൃദയത്തിലൂടെ ഒന്നല്ല ഒരായിരം വാളുകള്‍ കടന്നുപോയവളാണ് മേരി മാതാവ്. മരിച്ചവരെ ജീവിപ്പിക്കുന്ന, അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ തൃപ്തരാക്കി മിച്ചം വരുത്തിയ, കാറ്റിനെയും കടലിനെയും ശാസിച്ചു ശാന്തമാക്കിയ ദൈവം, സ്വന്തം മകനായിരുന്നെങ്കിലും മേരി മാതാവിന്‍റെ ജീവിതം ദുരന്തവും ദുഃഖപൂര്‍ണ്ണവുമായിരുന്നു. തന്‍റെ കൈകളില്‍ വളര്‍ന്ന മകന്‍ ക്രൂരമായി കൊലചെയ്യപ്പെടുന്നത് കാണേണ്ടി വന്നതും സ്വന്തമായി ഒരു വീടുപോലും ഇല്ലാതെ നിരാശ്രയയായതും മേരി മാതാവിന്‍റെ ബഹുദുഃഖങ്ങളായിരുന്നു. എന്നിട്ടും പരിഭവവും പരാതിയും പറയുന്നതിന് പകരം ദൈവത്തെ സ്തുതിച്ച് പ്രത്യാശയും ആശ്വാസവും കണ്ടെത്തുന്നതായിരുന്നു മറിയാമിന്‍റെ ജീവിത സമീപനം. മറിയാം പറഞ്ഞു: 'എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്‍റെ ഹൃദയം രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. ആ ദാസിയുടെ ജീവിതം അവിടുത്തേക്ക് സമര്‍പ്പിക്കുന്നു. അവിടുത്തെ ഇഷ്ടം പോലെ എനിക്ക് ഭവിക്കട്ടെ.'
സുഹൃത്തുക്കളെ, നിങ്ങളുടെ ഇപ്പോഴത്തെ ജീവിത സാഹചര്യം രോഗങ്ങളും സാമ്പത്തീക പ്രതിസന്ധികളും കുടുംബദാമ്പത്യ പ്രശ്നങ്ങളും നിറഞ്ഞതായിരിക്കാം. നിഷേധചിന്തകളും ആകാംഷകളും കൊണ്ട് ഹൃദയം തകര്‍ക്കാതെ ദൈവത്തിനും മനുഷ്യര്‍ക്കും സ്തോത്രവും നന്ദിയും പറഞ്ഞു നോക്കൂ. സുഖമാകും. ആന്തരീയ സൗഖ്യവും സമാധാനവും ലഭിക്കും. ഈ സമ്പൂര്‍ണ്ണ സൗഖ്യത്തിന്‍റെ വഴികള്‍ തിരിച്ചറിഞ്ഞവരാണ് ഭൂമിയില്‍ ശാന്തിയും സമാധാനവും അനുഭവിക്കുന്ന ദൈവപ്രസാദമുള്ള മനുഷ്യര്‍. അവരിലൊരാളാകാന്‍ ചെയ്യേണ്ടത് ഒന്നേ ഒന്നു മാത്രം:
 count your blessings!

Monday, November 19, 2018

അസ്വസ്ഥ മനസ്സുകളില്‍ സ്നേഹസ്പര്‍ശം

മനോരോഗികള്‍ക്കിടയിലുള്ള സ്നേഹ ശുശ്രൂഷ വളരെ വിലപ്പെട്ടതും അത്യാവശ്യ സര്‍വ്വീസുമാണ്. ജീവിതപങ്കാളി, മക്കള്‍, മാതാപിതാക്കള്‍, അയല്‍ക്കാര്‍, സുഹൃത്തുക്കള്‍ അപരിചിതര്‍ തുടങ്ങിയവര്‍ മാനസികസംഘര്‍ഷത്തിലും രോഗത്തിലും ആകുമ്പോള്‍ സാന്ത്വനവും സഹായവും കൊടുക്കുന്നത് പുണ്യമാണ്, ജീവിതസുകൃതമാണ്.
മനോരോഗികള്‍ക്ക് വൈകാരിക പിന്തുണ കൊടുക്കുവാന്‍ സൈക്യാട്രിയിലും ക്ലിനിക്കല്‍ സൈക്കോളജിയിലും ഡിഗ്രിയോ അഗാധ ജ്ഞാനമോ ഒന്നും ആവശ്യമില്ല. ഉള്ളവും ഉള്ളതും പങ്കുവക്കുവാനുള്ള മനസ്സും മനോഭാവവും ക്ഷമയും ഉണ്ടെങ്കില്‍ താളംതെറ്റിയ മനസ്സിനെ യഥാസ്ഥാനപ്പെടുത്തുന്നതില്‍ സൈക്യാട്രി ടീമിനോടൊപ്പം വളരെയധികം കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും.
എന്തൊക്കെയാണത്?

അടിസ്ഥാനആവശ്യങ്ങള്‍ ചെയ്തുകൊടുക്കുക:

മനോരോഗികള്‍ മനുഷ്യരാണ്. എല്ലാ മനുഷ്യരേയും പോലെ അവര്‍ക്കും ആവശ്യങ്ങളുണ്ട്. അവര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, സുരക്ഷിതത്വം,സാമൂഹ്യബന്ധം, പണം, മരുന്ന് തുടങ്ങിയ ആവശ്യങ്ങളുണ്ട്. ഇതൊക്കെ ചെയ്തു കൊടുക്കാന്‍ സൈക്യാട്രി പഠിക്കണമെന്നില്ല.

അവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുക:

അവരുടെ വാക്കുകളില്‍ വികലതയും ആവര്‍ത്തന വിരസതയും ജല്പനങ്ങളും ലക്ഷ്യമില്ലായ്മയും ഒക്കെ ഉണ്ടാകാം. വെറുക്കാതെ, പരിഹസിക്കാതെ, എതിര്‍ ചോദ്യങ്ങള്‍ ചോദിച്ചു മുറിവേല്‍പിക്കാതെ ക്ഷമാപൂര്‍വ്വം കേള്‍ക്കാന്‍ ഒരാള്‍ തയ്യാറാകുന്നത് അവര്‍ക്ക് ആശ്വാസമാണ്. സൗഖ്യദായമാണ്. അവരുടെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരമുണ്ടാക്കാന്‍ നിങ്ങള്‍ക്കാവില്ല. അതൊക്കെ വിഷയത്തില്‍ വിദഗ്ദ്ധരായവര്‍ ചെയ്യട്ടെ. കേള്‍ക്കൂ, കേള്‍ക്കൂ, കേട്ടുകൊണ്ടേയിരിക്കൂ.

സമീപസ്ഥരാകണം:

മനോരോഗികളില്‍ നിന്ന് അകന്ന് മാറുവാനുള്ള പ്രവണതയാണ് പൊതുവെ കാണുന്നത്. അതുകൊണ്ടാണവര്‍ക്ക് ഏകാന്തതയും അപകര്‍ഷതാബോധവുമൊക്കെ തോന്നുന്നത്. അടുപ്പത്തിന്‍റെയും ആത്മബന്ധത്തിന്‍റെയും ചുവടുകള്‍ വച്ച് അവരിലേക്ക് കടന്നു ചെല്ലുന്നത് ആശ്വാസദായക അനുഭവമായിരിക്കും.

തിരകള്‍ കണ്ട് തിരിഞ്ഞോടരുത്:

മനോരോഗികളുടെ സംസാര പെരുമാറ്റങ്ങളിലെ അപാകതകള്‍ മൂലം ഇടപെടുവാനും ആശയവിനിമയത്തിനും ഭയവും ബുദ്ധിമുട്ടും തോന്നുവാനിടയുണ്ട്. നമ്മുടെ മുന്‍വിധികളും വികലമായ കാഴ്ചപ്പാടുകളുമാണ് പ്രശ്നം. സ്നേഹത്തിന്‍റെ മുമ്പില്‍ തുറക്കാത്ത വാതിലുകളില്ല, ശാന്തമാകാത്ത വികാര തിരമാലകളുമില്ല.

അവരെ അവരായി അംഗീകരിക്കുക:

മനോരോഗികളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനും അയാളെ മറ്റൊരാളാക്കുവാനുമുള്ള പരിശ്രമവുമൊക്കെ ദോഷം ചെയ്യും. സൗഹൃദബന്ധത്തിന് തടസ്സമാകും. അതൊന്നും നിങ്ങളുടെ ചുമതലയില്‍പെട്ട കാര്യങ്ങളല്ല. അവരെ അവരുടെ പരിമിതികളോടെ സ്നേഹിക്കുന്ന വിശ്വസ്തനായ സുഹൃത്താവുക, അതുമതി.

പഠിക്കുന്ന മനസ്സാണ് പഠിപ്പിക്കുന്ന മനസ്സല്ല വേണ്ടത്:

രോഗത്തെയും പ്രതിസന്ധികളെയുംപറ്റി അനേകം ചോദ്യങ്ങള്‍ രോഗികള്‍ ചോദിക്കും. അതിനൊക്കെ ഉത്തരം പറയാന്‍ മാത്രം പ്രാവീണ്യം ആ വിഷയത്തില്‍ നമുക്കുണ്ടായിരിക്കണമെന്നില്ല. രോഗങ്ങളും ചികിത്സയും പുനരധിവാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് വിദഗ്ദ്ധരാണെന്ന് സൗമ്യമായി അവരെ പറഞ്ഞു മനസ്സിലാക്കണം. സൗഹൃദകൂട്ടായ്മയും സാന്ത്വനശുശ്രൂഷയുമാണ് നമ്മുടെ ലക്ഷ്യമെന്ന് മനസ്സിലാക്കുമ്പോള്‍ അവരുടെ ചോദ്യങ്ങളും സമീപനങ്ങളും മാറും. മനോരോഗികളുമായി വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന്‍റെ അടിസ്ഥാനതത്വങ്ങളും സമീപനരീതികളും കാലക്രമേണ നമുക്ക് മനസ്സിലാകും. അറിയാത്ത കാര്യങ്ങളെപറ്റി ബുദ്ധി പ്രകടനം നടത്താതിരിക്കുകയും തെറ്റായ വാഗ്ദാനം നല്‍കാതിരിക്കുകയും ചെയ്താല്‍ നമ്മോടുള്ള വിശ്വസ്തത വര്‍ദ്ധിച്ചു വരും.

ചികിത്സയുടെ ആവശ്യം ബോദ്ധ്യപ്പെടുത്തണം:

രോഗചികിത്സ ലഭിക്കാത്തവര്‍, തുടങ്ങിയചികിത്സ നിര്‍ത്തിക്കളഞ്ഞവര്‍, തെറ്റുദ്ധാരണമൂലം ചികിത്സ നിഷേധിക്കുന്നവര്‍ തുടങ്ങിയവരെ മെഡിക്കല്‍ ടീമുമായി ബന്ധപ്പെടുത്തുവാന്‍ സ്നേഹനിര്‍ബന്ധങ്ങളും പ്രോത്സാഹനങ്ങളും ആവശ്യമാണ്. സപ്പോര്‍ട്ട് ഗ്രൂപ്പ് മീറ്റിംഗുകളില്‍ പങ്കെടുപ്പിച്ച് കൗണ്‍സലിംഗ് നല്‍കിയും ചികിത്സയുടെ ആവശ്യം ബോദ്ധ്യപ്പെടുത്താവുന്നതാണ്.

മനോരോഗികളോടൊപ്പം ജീവിക്കുന്നവരും അവരുടെ സ്നേഹശുശ്രൂഷ നിര്‍വ്വഹിക്കുന്നവരും തളര്‍ന്നു പോകാറുണ്ട്. മനസ്സിനെ തുയിലുണര്‍ത്താന്‍ ബന്ധുക്കള്‍ക്ക ും സാന്ത്വന ശുശ്രൂഷ നല്‍കുന്നവര്‍ക്കും മനശാസ്ത്രജ്ഞരുടെ കൗണ്‍സലിംഗ് സഹായകമാണ്.

മനോരോഗിയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ നിങ്ങള്‍ക്കാവില്ല. മറ്റുള്ളവരുടെ സഹായം തേടുന്നവരില്‍ നിന്ന് അവരെ തടയരുത്. പുനരധിവാസം ഒരു ടീം വര്‍ക്കാണ്. നിങ്ങള്‍ അതിന്‍റെ ഒരു ഭാഗം മാത്രമാണ്.

യാഥാര്‍ത്ഥ്യത്തെ വികൃതമാക്കി വളച്ചൊടിച്ചു ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന രോഗാവസ്ഥകളാണ് സൈക്കോസിസ്, ഡെലൂഷന്‍ തുടങ്ങിയവ. അവരോട് സ്നേഹത്തിന്‍റെയും സൗമ്യതയുടെയും സമീപനത്തില്‍ യാഥാര്‍ത്ഥ്യവും അയഥാര്‍ത്ഥ്യവും ഏതെന്ന് പറഞ്ഞു കൊടുക്കണം.

 അതിരുകളും ഉപാധികളുമില്ലാത്ത സ്നേഹ സമീപനം നല്ലതാണ്, പക്ഷേ മാന്യതയുടെയും ധാര്‍മ്മികതയുടെയും വരമ്പുകള്‍ സൂക്ഷിക്കാനും മറക്കരുത്.


മനുഷ്യത്വവും ദൈവീകമൂല്യങ്ങളോട് ബഹുമാനവുമുള്ള ആര്‍ക്കും മനോരോഗികളുടെ സാന്ത്വന ശുശ്രൂഷ ഏറ്റെടുക്കാവുന്നതാണ്.

ഞാന്‍ രോഗിയാണ്, നിങ്ങളെന്നെ കാണുവാന്‍ വരുമോ?

Friday, September 21, 2018

കുട്ടികള്‍ മുറിവേല്‍ക്കട്ട


ഡോ.കെവിന്‍ ലിമാന്‍റെ 'when your child is hurting’ എന്ന പുസ്തകം മാതാപിതാക്കള്‍ക്കുള്ള വിലപ്പെട്ട മാര്‍ഗ്ഗരേഖയാണ്.
മാതാപിതാക്കള്‍വളര്‍ന്നു വന്ന ജീവിതസാഹചര്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ സംസ്കാരത്തിലും ജീവിതവീക്ഷണത്തിലുമാണ് കുട്ടികള്‍ വളര്‍ന്ന് വരുന്നത്. അവരുടെ ചിന്താഗതികളും മനോഭാവങ്ങളും മാതാപിതാക്കള്‍ക്ക് തികച്ചും അപരിചിതവും അജ്ഞാതവുമാണ്. അതുകൊണ്ട് കുട്ടികളുടെ പ്രതിസന്ധികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതില്‍ മാതാപിതാക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടാകാറുണ്ട്.
സംഘര്‍ഷങ്ങളിലൂടെ കുട്ടികള്‍ കടന്നുപോകുമ്പോള്‍ അവരുടെ വൈകാരിക പ്രതികരണങ്ങളിലൂടെ മാതാപിതാക്കള്‍ക്ക് വായിക്കുവാന്‍ കഴിയുന്ന അനേകം സന്ദേശങ്ങളുണ്ട്. ഇതൊക്കെ ക്ഷമാപൂര്‍വ്വം വായിക്കുന്ന മാതാപിതാക്കള്‍ക്ക് കുട്ടിയിലെ ആന്തരീകസംഘര്‍ഷത്തിന്‍റെ അടിയൊഴുക്കും സമ്മര്‍ദ്ദങ്ങളും മനസ്സിലാക്കുവാന്‍ കഴിയും.
എന്തൊക്കെയാണത്?
ഉള്‍വലിയുകയും അധികം സംസാരിക്കാതിരിക്കുകയും ചെയ്യുക. സ്കൂളിലും കോളേജിലും കുട്ടി ഒറ്റപ്പെടുകയോ ഒറ്റപ്പെടുത്തപ്പെടുകയോ ചെയ്യുന്നു. വഴിതെറ്റുന്ന ലൈംഗീക താല്‍പര്യങ്ങളും പ്രതികരണ രീതികളും. കുട്ടിയെപറ്റി സുഹൃത്തുക്കള്‍ മീഡിയയില്‍ മോശമായ കമന്‍റുകള്‍ ഇടുന്നു. മാതാപിതാക്കളോടുള്ള നിഷേധാത്മകമായ സംസാരവും പെരുമാറ്റവും... ഈ പ്രതികരണങ്ങളൊക്കെ കുട്ടി ഉള്ളിലൊതുക്കുന്ന വികാരപ്രതിസന്ധികളുടെ ബാഹ്യ ലക്ഷണങ്ങളുമാകാം.
അതെ കുട്ടി ഏതോ പ്രതിസന്ധിയിലാണ്, മുറിവേറ്റിരിക്കയാണ്.
മുറിവേറ്റകുട്ടി മാതാപിതാക്കളെ മുറിവേല്‍പിക്കുമ്പോള്‍ കുട്ടിയോട് വൈകാരികമായി പ്രതികരിക്കരുത്. ശാപവും ശിക്ഷണ നടപടികളുമായി മാതാപിതാക്കള്‍ ആഭ്യന്തരയുദ്ധത്തിന് ഇറങ്ങിത്തിരിക്കരുത്. അവരുടെ മുറിവുകളുടെ വേദന ആരോടാണ് പറയുക?
 മാതാപിതാക്കള്‍ ഈ സമയത്ത് എങ്ങിനെയാണ് പ്രതികരിക്കേണ്ടത്?
 കുട്ടിപറയുന്നത് ശ്രദ്ധയോടെ കേള്‍ക്കാന്‍ ചെവിയുള്ളവരാവുക. ചിലപ്പോള്‍ ചോദ്യങ്ങള്‍ക്ക് ഒറ്റവാക്കാലുള്ള മറുപടിയോ മൗനമോ ഒക്കെ ആയിരിക്കും പ്രതികരണം. ധിക്കാരി, അഹങ്കാരി എന്നൊക്കെ വിളിച്ച് കുട്ടിയുമായി പടവെട്ടിനിറങ്ങരുത്.
'എന്താണ് പ്രശ്നം, പറയ് പെട്ടെന്ന് പറയ്' എന്നു പറഞ്ഞ് കുട്ടിയെ ദേഷ്യം പിടിപ്പിക്കരുത്.
കുട്ടിയുടെ പ്രശ്നമെന്താണെന്ന് ഊഹിച്ച് പ്രശ്നപരിഹാര ഉപദേശപ്രസംഗം തുടങ്ങുന്നതും നല്ലതല്ല. ചിലഉടമസ്ഥവകാശക്കാരായ മാതാപിതാക്കള്‍ കുട്ടിയുടെ അനുവാദം ചോദിക്കാതെ പ്രശ്നങ്ങളെല്ലാം ഇടിച്ചുകേറിയങ്ങു പരിഹരിക്കും. അത് കുട്ടിയുടെ ആന്തരീയ സംഘര്‍ഷങ്ങളും വികാരവേലിയേറ്റങ്ങളും അറിയാതെയുള്ള ബലപ്രയോഗവും കടന്നുകയറ്റവുമായിരിക്കും. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനുള്ള കുട്ടിയുടെ കഴിവിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. കുട്ടിക്ക് അനിഷ്ടമായ രീതിയില്‍ മാതാപിതാക്കള്‍ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ കുട്ടിയുടെ പ്രശ്നങ്ങള്‍ തീരില്ല. മാതാപിതാക്കളറിയാതെ കുട്ടികള്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമ്പോള്‍ അപക്വവും അപകടകരമാകാനും ഇടയുണ്ട്.  
'സ്കൂളില്‍ ഒറ്റപ്പെടുന്നു' എന്ന് പരാതി പറയുന്ന കുട്ടിയോട് 'ഒറ്റപ്പെട്ടാല്‍ നിനക്കെന്താണ്, സ്കൂളില്‍ പോയി പഠിച്ച് തിരിച്ചു പോന്നാല്‍ മതി' എന്നു പറയുന്നത് സാന്ത്വന മറുപടിയല്ല. എന്തുകൊണ്ട,് ഏതെല്ലാം സാഹചര്യങ്ങളില്‍ കുട്ടി ഒറ്റപ്പെടുന്നു എന്ന് സ്നേഹത്തോടും ക്ഷമയോടും കൂടി ചോദിച്ചറിയണം. പ്രശ്നപരിഹാരത്തിനുള്ള വഴികള്‍ കുട്ടിയെക്കൊണ്ട് പറയിപ്പിച്ച് ആവശ്യമായ തിരുത്തലുകളോടെ പ്രയോഗമാക്കാന്‍ സഹായിക്കണം.
മനുഷ്യത്വമില്ലാത്തവരും കശ്മലരുമായവരുടെ ലോകത്ത് രണ്ടുകാലില്‍ ഉറച്ചുചവുട്ടിനില്‍ക്കാന്‍ നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. പട്ടില്‍പൊതിഞ്ഞ്, കുപ്പിയിലിട്ട് അമുല്‍ബേബികളായി വളര്‍ത്തപ്പെടുന്ന കുട്ടികള്‍ക്ക് ഇതിനുള്ള ആത്മധൈര്യമുണ്ടാവില്ല. അവര്‍ തൊട്ടാവാടിപാവങ്ങളായിരിക്കും.
ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്ക എന്നാണ് ബൈബിള്‍ പറയുന്നത്. തലയില്‍ വച്ചും ഏപ്രണ്‍തുമ്പില്‍ കെട്ടിയിട്ടും വളര്‍ത്തുന്ന കുട്ടികള്‍ സ്വയം പര്യാപ്തതയും പ്രാപ്തിയും അഭ്യസിപ്പിക്കപ്പെടാത്ത ദുര്‍ബലജന്മങ്ങളായിരിക്കും. വീണും എഴുന്നേറ്റും വീണ്ടും വീണും പഠിക്കാന്‍ അവസരം നല്‍കുന്നതാണ് അഭ്യാസം. ജീവിതകളരിയില്‍ പ്രശ്നങ്ങളും പ്രശ്നക്കാരുമായി ഏറ്റുമുട്ടുന്നവര്‍ക്കുമാത്രമേ സ്വയം പര്യാപ്തതയും മനക്കരുത്തും ചെറുത്തുനില്‍പും പഠിക്കാനാവും. എം.ടെക് കാരന് ചോറുവാരിക്കൊടുക്കുന്ന അമ്മ സ്നേഹവതിയാണെന്നു തോന്നും, പക്ഷേ ഈ സ്നേഹം പയ്യന്‍റെ സ്വാശ്രയ മനോഭാവത്തെ നശിപ്പിക്കുന്ന രോഗബാധിതമായ ഉടമസ്ഥാവകാശ പ്രകടനമാണ്. വിവാഹിതനായാലും അമ്മയെ വിട്ട് ഭാര്യയോട് ചേരാന്‍ പയ്യന് ബുദ്ധിമുട്ടുണ്ടാകും. അമ്മ വിടുകയുമില്ല, പയ്യന്‍ വിട്ടുപോവുകയുമില്ല.
ജീവിതപാതയിലെ മുള്ളുകളില്‍ ചവുട്ടി മുറിവുകള്‍ തുടച്ച് മുന്നോട്ട് പോകുവാന്‍ കുട്ടികളെ അനുവദിക്കണം. അവരുടെ മുമ്പിലെ എല്ലാ പ്രശ്നങ്ങളും മാതാപിതാക്കള്‍ പരിഹരിച്ച് പ്രശ്നരഹിതമായ പാതയൊരുക്കുന്നതിനേക്കാള്‍ പ്രശ്നച്ചുഴികളില്‍ ചാടുവാനും സ്വയം നീന്തിക്കയറുവാനും അവരെ അനുവദിക്കുന്നതാണ് ആരോഗ്യകരമായ പേരന്‍റിംഗ്. മുങ്ങിത്താഴുമ്പോള്‍ മാത്രം കൈകൊടുത്താല്‍ മതി.
മുറിവിന്‍റെ വേദന അറിയാനും മറ്റുള്ളവരെ മുറിവേല്‍പിക്കാതിരിക്കാനും മുറിവേല്‍ക്കുന്നവരോട് സഹതപിക്കാനുമൊക്കെ പഠിക്കാന്‍ കുട്ടികള്‍ മുറിവേല്‍ക്കുന്നത് നല്ലതാണ്. മാത്രവുമല്ല, മുറിവേല്‍പിക്കുന്നവരില്‍നിന്ന് വിദഗ്ദ്ധമായി ഒഴിഞ്ഞുമാറാനും അവരെ സെയിഫ് ഡിസ്റ്റന്‍സില്‍ അകറ്റി നിര്‍ത്താനും മുറിവേല്‍ക്കുന്ന കുട്ടികള്‍ പഠിക്കും.
മുറിവുകള്‍ തരുന്ന മുന്നറിവുകള്‍ അതിജീവനത്തിനുള്ള ശക്തിസ്രോതസ്സുകളാണ്.