Saturday, April 29, 2017

വിഷാദത്തിന്‍റെ നൊമ്പരങ്ങള്‍

വിഷാദത്തിന്‍റെ നൊമ്പരങ്ങള്‍

മേജര്‍ ഡിപ്രഷനിലൂടെ കടന്നുപോകുന്നവരുടെ ആന്തരീയ സംഘര്‍ഷങ്ങള്‍ ഭീതിപ്രദമാണ്, വളരെ പെട്ടെന്ന് അവരുടെ ലോകം ഒരു ഇരുട്ടുമുറിയായി മാറുന്നു. തനിക്കുചുറ്റും സന്തോഷിക്കുവാനും പ്രതീക്ഷിക്കുവാനും ആശ്വസിക്കുവാനുമുള്ള യാതൊന്നുമില്ലെന്ന ശൂന്യതാബോധത്തിന്‍റേയും നിരാശയുടെയും നിത്യതടവുകാരായവര്‍ മാറുന്നു.

ജീവിത പങ്കാളിയുടെയും ഉറ്റവരുടെയും സ്നേഹം വെറും പ്രകടനമായി തോന്നും. ഇവര്‍തന്നെ ഒരിക്കലും ആത്മാര്‍ത്ഥമായി സ്നേഹിച്ചിട്ടില്ലെന്നുവരെ വഴിതെറ്റി ചിന്തിച്ചേക്കാം.  ട്രാക്കു തെറ്റിയോടുന്ന ചിന്തകള്‍ പരുഷ വാക്കുകളാകുമ്പോള്‍ പ്രിയപ്പെട്ടവര്‍ മുഷിയരുത്.
ശരീര മനസ്സുകളിലെ വിവരിക്കാനാവാത്ത വേദനകളാണ് മറ്റൊരു ദുരന്തം.  താനൊരു ജലകുമിളക്കകത്താണെന്നും എല്ലാവരും ഒഴിഞ്ഞു മാറുകയാണെന്നും ആരും ആത്മാര്‍ത്ഥതയുള്ളവരല്ലെന്നുമൊക്കെയുള്ള ചിന്തകള്‍ രോഗിയെ ആള്‍ക്കൂട്ടത്തില്‍ തനിയെ ആക്കും.

പണ്ട് ആത്മ വിശ്വാസം പകര്‍ന്നു തന്നിരുന്ന തന്‍റെ വ്യക്തിപരമായ കഴിവുകളും നേട്ടങ്ങളും പദവികളും നിഷ്പ്രഭമായിപ്പോയ തോന്നല്‍ ആത്മ വിശ്വാസത്തിന്‍റെ അടിത്തറ ഇളക്കും.  നെഗറ്റീവ് സെല്‍ഫ് ഇമേജ് മനസ്സില്‍ നിരാലംബ ബോധത്തിന്‍റെ അമാവാസി സൃഷ്ടിക്കും.  മനസ്സില്‍ മറവു ചെയ്ത കുറ്റബോധങ്ങളും പരാജയങ്ങളും അപമാന ചിന്തകളുമൊക്കെ സൈക്കിക് സ്പേസില്‍ ഭീഭത്സഭാവത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കും. അവ ഉറക്കത്തിലും ഭീകര സ്വപ്നങ്ങളിലൂടെ വേട്ടയാടിക്കൊണ്ടിരിക്കും.

ക്രൂര ശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയേപ്പോലെ, നിഷേധ ചിന്തകളുടെ തടവുകാരായ ഇവര്‍ പ്രിയപ്പെട്ടവരില്‍ നിന്നും മെല്ലെമെല്ലെ അകന്ന് നിരാശയുടെ വന്‍കയങ്ങളില്‍ വീണ് നിസ്സഹായരായി നിലയില്ലാതെ തുഴയും.

പുറമെ നോക്കുന്നവര്‍ക്ക് യാതൊരു രോഗലക്ഷണങ്ങളും കാണുവാനില്ലാത്ത ഇവരുടെ മനസ്സിലെ വികാരത്തിരമാലകളും കൊടുങ്കാറ്റുകളും ഒരു മനോരോഗ വിദഗ്ദ്ധനു മാത്രമേ ആഴത്തില്‍ നോക്കി കാണുവാന്‍ കഴിയു.

ജീവിതത്തിലെ ചില ദുരന്താനുഭവങ്ങള്‍ മൂലമുണ്ടാകുന്ന റിയാക്ടീവ് ഡിപ്രഷനും ലഘുവിഷാദ രോഗങ്ങളും കാലക്രമേണ പെയ്തൊഴിഞ്ഞു പോകുന്ന താല്‍ക്കാലിക വിഷാദ കാര്‍മേഘങ്ങളാണ്. എന്നാല്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന മേജര്‍ ഡിപ്രഷന്‍റെ പിന്നിലെ താളം തെറ്റിയ ന്യൂറോ കെമിസ്ട്രി ക്രമപ്പെടുത്തുവാന്‍ മരുന്നുകളും ശക്തമായ ആത്മഹത്യാ പ്രവണതകളുള്ള രോഗികള്‍ക്ക് ഈസിറ്റി ചികിത്സയും ആവശ്യമാണ്. വിഷാദ മേഘങ്ങള്‍ പറന്നകന്നു കഴിയുമ്പോള്‍ മനസ്സിനെ പ്രതികൂല ചിന്തകളുടെ അഗാധഗര്‍ത്തങ്ങളില്‍ നിന്നു പിടിച്ചു കയറ്റുവാന്‍ കോഗ്നിറ്റീവ് മന:ശാസ്ത്ര ചികിത്സ ആവശ്യമാണ്. മിഥ്യാഭിമാനവും മനോരോഗ ലേബലും ഭയന്ന് രോഗിക്ക് ചികിത്സ നിഷേധിക്കുന്നത് പൗരാവകാശ ധ്വംസനമാണ്.

സ്നേഹശുശ്രൂഷയോടു വിഷാദരോഗി പ്രതികരിക്കുന്നില്ലെങ്കിലും സ്നേഹപൂര്‍വ്വം ക്ഷമയോടെ പ്രിയപ്പെട്ടവര്‍ രോഗിക്ക് പ്രതീക്ഷയും പ്രത്യാശയും പകര്‍ന്ന് കൊടുക്കണം.  കുറ്റപ്പെടുത്തരുത്, ചോദ്യം ചെയ്യരുത്, പരിഹസിക്കുകയോ നിര്‍ബ്ബന്ധപൂര്‍വ്വം ചിന്താഗതി മാറ്റുവാന്‍ ശ്രമിക്കയും ചെയ്യരുത്.

ക്ലേശപൂര്‍ണ്ണമായ മതാനുഷ്ഠാനങ്ങളും കുറ്റബോധം അടിച്ചേല്‍പ്പിക്കുന്ന ദണ്ഡനാത്മമായ പ്രബോധനങ്ങളും വ്യാജവൈദ്യന്‍മാരുടെ അശാസ്ത്രീയ ചികിത്സകളും പ്രശ്നം ഗുരുതരമാക്കും. 

ശാന്തിയും സമാധാനവും നിറഞ്ഞ ഹൃദ്യമായ കുടുംബ - ആത്മീയ പശ്ചാത്തലം മാനസീകാരോഗ്യത്തിന്‍റെ അനുകൂല ചേരുവകളാണ്. ശരീരശാസ്ത്രത്തെപ്പറ്റി പഠിക്കാത്തവര്‍ ഈ വിഷയം കൈകാര്യം ചെയ്തു വഷളാക്കാതെ മെഡിക്കല്‍  വിദഗ്ദ്ധരുടെ വിലയിരുത്തലുകള്‍ക്കും ചികിത്സയ്ക്കുമയി രോഗിയെ പറഞ്ഞുവിടണം. വിഷാദരോഗിക്ക് വേണ്ടത് ശാസ്ത്രീയ ചികിത്സയാണ്,  ശിക്ഷണമല്ല.

ഭാരിച്ച ജീവിത ചുമതലകളില്‍നിന്നും കുടുംബ ചുമതലകളില്‍ നിന്നും മാനസീകാരോഗ്യം വീണ്ടെടുക്കുന്നതുവരെ രോഗിയെ ഒഴിവാക്കണം. വിശ്രമിക്കുവാന്‍ അനുവദിക്കണം.  ആവര്‍ത്തന സ്വഭാവമുള്ള വിഷാദരോഗം കുറച്ചുകാലം അസ്വസ്തത സൃഷ്ടിച്ച് പിډാറി സുഖമാകുമെന്ന ഉറപ്പും ധൈര്യവും രോഗിക്കു കൊടുക്കുന്നത് പ്രത്യാശയും പ്രതീക്ഷയും നിലനിര്‍ത്താനും രോഗസൗഖ്യം ത്വരിതപ്പെടുത്തുവാനും സാഹായിക്കും.

********

"നിഷേധ ചിന്തകള്‍ എന്‍റെ മനസ്സിനെ ബലാല്‍സംഗം ചെയ്യുമ്പോള്‍ രക്ഷപ്പെടുവാന്‍ എനിക്കു നിത്യനിദ്രയോ ബോധക്ഷയമോ തരൂ"- ലൗരി ഹാന്‍റേഴ്സണ്‍.

Sunday, November 27, 2016

അന്ധവിശ്വാസത്തിന്‍റെ ചുഴിയില്‍

ഈ ഹൈടെക് യുഗത്തിലും ലക്ഷണമൊത്ത അന്ധവിശ്വാസികള്‍ വര്‍ദ്ധിച്ചു വരികയാണ്‌.
എല്ലാ മാസവും പതിമൂന്നാം തീയതി അനേകം ആളുകള്‍ യാത്ര ചെയ്യാത്തതുകൊണ്ടും ബിസിനസ് കരാര്‍ നടത്താത്തത് കൊണ്ടും 800-900 മില്യണ്‍ ഡോളര്‍ അമേരിക്കയില്‍ നഷ്ടമുണ്ടാകുന്നു ണ്ടത്രെ! 13 നല്ല ദിവസമല്ലെന്നു ചിന്തിക്കുന്ന സെലെബ്രിറ്റിസ്  ധാരാളം.
ഒരു ഗാലപ്പോള്‍ സര്‍വേയില്‍ തങ്ങള്‍ പല കാര്യങ്ങളിലും അന്ധവിശ്വസികള്‍ ആണെന്നു 27 ശതമാനം ആളുകള്‍  തുറന്നു സമ്മതിക്കുന്നു. കറുത്ത പൂച്ച വട്ടംചാടുന്നതും ഗോവണിക്കു കീഴെ നടക്കുന്നതും കണ്ണാടി പൊട്ടുന്നതും ഒക്കെ അശുഭ ലക്ഷണങ്ങളായി കാണുന്ന വിദ്യാസമ്പന്നര്‍ അനേകമുണ്ട്.
എന്താണിവരിങ്ങനെ?
- അലസമായ വ്യക്തിത്വ ശൈലി ഒരു കാരണം.അദ്ധ്വാനിച്ചു കാര്യങ്ങള്‍ നേടുന്നതിനേക്കാള്‍ എളുപ്പമാണല്ലോ അത്ഭുതങ്ങള്‍ നടക്കുമെന്ന് പ്രതീക്ഷിച്ചു ക്രിയകളും തന്ത്രമന്ത്രങ്ങളുമായി വട്ടംകറങ്ങുന്നത്‌.
- ചിലര്‍ക്ക്‌ യുക്തിരഹിതമായ ചിന്ത ഒരു നേരംപോക്ക് ആണ്.
- ചില അനുഷ്ഠാനങ്ങളില്‍ ആശ്രയിക്കുമ്പോള്‍ കാര്യങ്ങള്‍ തന്‍റെ നിയന്ത്രണത്തില്‍ ആണെന്ന തോന്നല്‍ ചിലര്‍ക്ക്  ആശ്വാസമാകുന്നു.
- നഷ്ടപ്പെടാന്‍ ഒന്നുമില്ല കിട്ടിയാല്‍ ലാഭം എന്ന ചിന്ത.
- സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുവാനുള്ള മടി. അന്ധവിശ്വാസം ഇവര്‍ക്കൊരു ഷെല്‍ട്ടര്‍ ഹൌസ് ആണ്.
- ചില വ്യക്തിത്വ പ്രത്യേകതകളും മനോരോഗങ്ങളും മാനസിക പ്രശ്നങ്ങളും തിരുത്തുവാന്‍ കഴിയാത്ത അന്ധവിശ്വാസത്തിന്റെ പിന്നിലെ തടങ്കല്‍ പാറകളാണ്.
അപകടകരമായ ചില അന്ധവിശ്വാസങ്ങളും ഉണ്ട്: പ്രാര്‍ത്ഥന മാത്രം മതി ചികിത്സ ആവശ്യമില്ലെന്നു ചിന്തിക്കുന്നവര്‍ മരണം വരെ സ്വയം ചികിത്സിക്കുകയോ സ്വന്തക്കാരെ ചികിത്സിക്കുവാന്‍ സമ്മതിക്കുകയോ ചെയ്യില്ല.
ഇവര്‍ അടഞ്ഞ മനസ്സുള്ളവരും ചില കാര്യങ്ങളില്‍ വിമര്‍ശനാല്മകമായി ചിന്തിക്കുവാന്‍ വിസമ്മതിക്കുന്നവരുമാണെന്നാണ് റോക്കി എന്ന മനശാസ്ത്രജ്ഞന്‍റെ അഭിപ്രായo.
 യുക്തിയും ന്യായവും കൊണ്ട് തിരുത്തുവാന്‍ ശ്രമിച്ചാല്‍ എതിര്‍ ന്യായവുമായി ഇവര്‍ തിരിച്ചടിക്കും. മതമൌലികവാദികളും വര്‍ഗിയ വാദികളും മനസ്സില്‍ അന്ധവിശ്വാസത്തിന്‍റെ  കോണ്‍ക്രീറ്റ് ഭിത്തിയുള്ളവരാണ്. ഈ ഭിത്തിയില്‍ തൊട്ടാല്‍ തൊട്ടവനെ തട്ടും. ഇവരോടൊപ്പം ജീവിതം പങ്കിടുന്നവരുടെ സഘര്‍ഷo കഠിനമാണ്. 
തുറവിയും സ്നേഹവും മാനവീകതയുമുള്ള ഇശ്വരവിശ്വാസത്തെ അന്ധവിശ്വാസത്തില്‍ നിന്നും വേര്‍തിരിച്ചു കാണേണ്ടതുണ്ട്. ഫലം കൊണ്ടു മാത്രമേ വൃക്ഷത്തെ തിരിച്ചറിയുവാന്‍ കഴിയു.


Friday, September 30, 2016

സ്വപ്നകുമാരികള്‍ എവിടെ ?

സന്തുലിതമായ ഉറക്കശീലമില്ലായ്മ ആരോഗ്യ പ്രശ്നങ്ങളിലേക്കും രോഗങ്ങളിലേക്കും നയിക്കുമെന്നു മെഡിക്കല്‍ സയന്‍സ് ആണയിട്ടു പറയുന്നു.ഇന്റര്‍നെറ്റ്- ദൃശ്യമാധ്യമങ്ങള്‍ രാവേറുന്നത്‌വരെ കണ്ണഞ്ചിപ്പിക്കുന്ന വിഭവങ്ങള്‍ വിളബുമ്പോള്‍ ഉറക്കത്തിന്‍റെ സമയം അപഹരിക്കപ്പെടുകയാണ്. ഇരുപത്തിനാല് മണിക്കുറും ഓവര്‍ടൈം ജോലി ചെയ്യുന്ന ഹൃദയത്തിനും ബ്രെയിന്‍നും പറയുവാന്‍ പരാതികള്‍ ഏറെയുണ്ടെന്നോര്‍ക്കണം.
ബ്രെയിന്‍ അറ്റകുറ്റ പണികള്‍ ചെയ്യ്തു തീര്‍ക്കുന്നത് ഉറക്ക സമയത്താണ്. ഉറക്കത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ ആണ് കൂടുതല്‍ മെയിന്‍റെനന്‍സ് നടക്കുന്നത്. വൈകാരിക ഭാവങ്ങള്‍, ഹോര്‍മോണ്‍  തുടങ്ങിയവയുടെ സമീകരണം നിയന്ത്രിക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനക്ഷമതക്ക് ഉറക്കവും വിശ്രമവും അത്യാവശ്യമാണ്. അതുകൊണ്ടാണ് ഉറക്കം കുറയുമ്പോള്‍ മൂഡ് തെറ്റുന്നത്.
ഉറക്കം ദൈവത്തിന്റെ ദിവ്യക്രമീകരണം ആണെന്നും സുഖമായി ഉറങ്ങുവാന്‍ ആത്മശരീര മനസ്സുകളില്‍ ദൈവം ശാന്തത  പകരുന്നു എന്നുമാണ് ബൈബിളിലെ ദാവീദിന്റെ അഭിപ്രായം. ' ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങും, നീയല്ലോ യെഹോവേ, എന്നെ നിര്‍ഭയം വസിക്കുമറാക്കുന്നത്'. സങ്കീര്‍ത്തനങ്ങള്‍ 4:8.
ഉറക്കം ശരീരത്തിന്‍റെ വിശ്രമതീരമാണെന്ന്  ബൈബിള്‍ നുറിലധികം  പ്രാവശ്യം ആവര്‍ത്തിക്കുന്നു.
സകല പ്രപഞ്ചചാരാചരങ്ങളെയും സൃഷ്ടിച്ചശേഷം ദൈവം സ്വസ്ഥമായിരുന്നു . വര്‍ക്ക്ഹോളിക്ക് ആയ മനുഷ്യന്‍ വിശ്രമമില്ലാതെ പണിയെടുത്ത്, സൗഭാഗ്യo ആര്‍ക്കോവേണ്ടി വാരിക്കൂട്ടി, ഒടുവില്‍ RIP ആകുന്നു. ഇതല്‍പം നേരത്തേ ആയിക്കൂടേ, ന്‍റെ ചങ്ങാതി?

ജീവിതത്തിന്‍റെ വെല്ലുവിളികളും തിരക്കുകളും ഭയാശങ്കകളും ഉറക്കം നഷ്ടപ്പെടുത്താറുണ്ട്. ഉറക്ക ഗുളികകളും സ്ലീപ്‌ക്ലിനിക്കുകളും ഈ പ്രതിസന്ധികള്‍ക്ക് പരിഹാരമല്ല. ഉറങ്ങുവാന്‍ പോകുന്നതിനു മുന്‍പ് മനസ്സിനെ ഭാരപ്പെടുത്തുന്ന ഭാരങ്ങള്‍ ഇറക്കിവക്കാന്‍, ഭരമേല്പ്പിക്കാന്‍, അത്യുന്നതനും അപരിമേയനും ആയ ദൈവത്തില്‍ വിശ്വാസമുണ്ടെങ്കില്‍ സമാധാനത്തോടെ ഉറങ്ങുവാന്‍ കഴിയും. നമുക്കൊന്നും ചെയ്യുവനില്ലാ ത്തിടത്തു ദൈവം ചെയ്യട്ടെ എന്ന വിശ്വാസത്തിലും ആശ്വാസത്തിലും മനസ്സിനെ ഉറപ്പിക്കുമ്പോള്‍ ആന്തരിയ വികാരത്തിരകള്‍ ശാന്തമാകും. നിദ്രാദേവി കണ്‍പോളകളില്‍ ലാസ്യനൃത്തച്ചുവടുവക്കും. മഴവില്‍ വര്‍ണങ്ങളുടുത്ത സ്വപ്നകുമാരികള്‍ മുക്തരാഗങ്ങളും സ്നിദ്ധഭാവങ്ങളും കൊണ്ട് സ്വപ്നലോകം മായിക പ്രപഞ്ചമാക്കും.

യുക്തിരഹിതമായി വിശ്വസിക്കുന്ന വിശ്വാസിക്കു ലഭിക്കുന്ന ഈ നിദ്രാഭാഗ്യം സെല്‍ഫ്മെയ്‌ഡ് വിവേകികള്‍ക്കും ജ്ഞാനികള്‍ക്കും കിട്ടാറില്ല. അവര്‍ ബുദ്ധികൊണ്ടും യുക്തികൊണ്ടും കൂട്ടിക്കുറയ്ക്കുമ്പോള്‍ കിട്ടുന്നത് ഭിന്നസംഖ്യകള്‍ മാത്രമാണ്. പിന്നെയും തിരിഞ്ഞും മറിഞ്ഞും കിടന്നുകൂട്ടി ക്കൊണ്ടിരിക്കും, അപ്പോഴേക്കും കോഴി കൂകും.
" Each night, when I go to sleep, I die. And the next morning, when I woke up, I am reborn"- Mahatma Gandhi.    

Monday, September 19, 2016

മനസ്സിന്‍റെ കണ്‍ട്രോള്‍ ടവ്വര്‍

മനസ്സിന്‍റെ കണ്‍ട്രോള്‍ ടവ്വര്‍ ചിന്തകളാണ്. നമ്മളെയും മറ്റുള്ളവരെയും ജീവിത സാഹചര്യങ്ങളെയും വിലയിരുത്തുന്നതില്‍ നമ്മുടെ ചിന്തകള്‍ അനുകുല-പ്രതികുല സ്വാധീനo ചെലുത്തുന്നു. അതുകൊണ്ട് ചിന്തകളുടെ മേല്‍ ഒരു ചിന്തയും നിയന്ത്രണവും   ഉണ്ടായിരിക്കണo.

വിതെയും വിളവും വിളവെടുപ്പും നടക്കുന്നത് ചിന്തകളിലാണ്. ചിന്തകള്‍ വിതെക്കുമ്പോള്‍ പ്രവര്‍ത്തികള്‍ വിളയുന്നു,  പ്രവര്‍ത്തികള്‍ വിതെക്കുമ്പോള്‍ ശീലം വിളയുന്നു, ശീലം വിതെക്കുമ്പോള്‍ സ്വഭാവo വിളയുന്നു.സ്വഭാവമാണ്
ജീവിതത്തിന്റെ ഭാഗധേയം (destiny) തീരുമാനിക്കുന്നത്‌. ഇതിന്റെ പിന്നില്‍ നമ്മള്‍, നമ്മള്‍ മാത്രമാണ് കാരണക്കാര്‍. ആരെയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല.

 മനസ്സിന്റെ വയല്‍പറമ്പില്‍ നല്ല ചിന്തകള്‍ വിതെച്ചാല്‍ വ്യക്തിത്വത്തില്‍ നുറുമേനി നന്മകള്‍ വിലയും, അത് നമുക്കും മറ്റുള്ളവര്‍ക്കും കൊയ്യാം.
ചിന്തകള്‍ക്കുള്ള ജൈവചേരുവകള്‍ മനസ്സു വലിച്ചെടുക്കുന്നത് കുടുംബം, ജീവിത സാഹചര്യങ്ങള്‍, സുഹ്രുബന്ധങ്ങള്‍, മീഡിയ തുടങ്ങിയവയില്‍ നിന്നാണ്. ഈ ബാഹ്യസാഹചര്യങ്ങള്‍ ആരോഗ്യകരമാണെങ്കില്‍ ചിന്തകളും അതിലുടെ രൂപപ്പെടുന്ന വാക്കുകളും പ്രവര്‍ത്തികളും മഹിതവും അന്തസ്സുറ്റതും ആയിരിക്കും.

ബൈബിളിലെ പൗലോസ്‌, ശൌല്‍ ആയിരുന്ന കാലത്ത് സങ്കുചിതമതമൌലികവാദങ്ങളുടെ പ്രചരകനും വക്താവും ആയിരുന്നു. മനസ്സിന്റെ മതില്‍ക്കെട്ടുകള്‍ പൊളിഞ്ഞു ദൈവത്തെ വിശാല ക്യാന്‍വാസില്‍ കാണുവാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം സ്നേഹത്തിന്റെ അപ്പോസ്തോലനായി. ചിന്തകളിലും മനോ ഭാവങ്ങളിലും വന്ന ഈ മാറ്റത്തിനു പിന്നില്‍ രോഗബാധിതമായ ഭൌതിക സാഹചര്യങ്ങളില്‍ നിന്നുള്ള  മനസ്സിന്റെ ചുവടുമാറ്റമായിരുന്നു പ്രധാന കാരണം. സുകൃതപൂര്‍ണമായ ദൈവോന്മുഖതയിലേക്കു മനസ്സിന്റെ ശ്രദ്ധ തിരിച്ചാല്‍ മാത്രമേ സദ്‌ഗുണങ്ങളും സദ്‌ചിന്തകളും സല്‍പ്രവര്‍ത്തികളും വ്യക്തിത്വത്തില്‍ വിളങ്ങുകയുള്ളു എന്നാണ് സെന്‍റ പോളിന്‍റെ സാക്ഷ്യം: " ഭൂമിയില്‍ ഉള്ളതല്ല ഉയരത്തിലുള്ളതു തന്നെ ചിന്തിപ്പിന്‍".
'ഈശ്വര ചിന്തയിതൊന്നെ മനുഷ്യനു ശാശ്വതമീയുലകില്‍...'

മനസ്സില്‍ സംശുദ്ധമായ ചിന്തകളും ആശയങ്ങളും മുളക്കുവാന്‍ നല്ല വായനയും നല്ല സുഹൃബന്ധവും വേണം. അനുസരണം പഠിക്കാത്ത അനുസരണംകെട്ട ചിന്തകള്‍ക്കു പിറകെ ഓടുന്നവര്‍ക്ക് എന്നും അസ്വസ്ഥതയും ആവലാതിയും ആയിരിക്കും.

തീവ്രമായ ആത്മീയാനുഷ്ടാനങ്ങളും ആചരണങ്ങളും അനുഷ്ടിച്ചിട്ടും വാക്കുകളിലും പ്രവര്‍ത്തികളിലും നന്മ വിരിയാത്ത വിശ്വാസികളുടെ പ്രശ്നം, പഴയ തുരുത്തി യും പുതിയ വീഞ്ഞുമാണെന്ന് ക്രിസ്തു പറയുന്നു.

മനഷ്യരെ ഉപാധികളില്ലാത്ത സ്നേഹത്തിന്റെ കണ്ണു കൊണ്ടു കാണുവാന്‍ മനസ്സുപുതുക്കി രൂപാന്തരപ്പെടണo.
അതിന്, മനസ്സിന്റെ ടെക്നീഷ്യന്‍റെ വര്‍ക്ക്ഷോപ്പില്‍ ജീവവണ്ടി സറണ്ടര്‍ ചെയ്യണം.

Tuesday, August 16, 2016

തോല്‍ക്കാന്‍ മനസ്സില്ലെങ്കിലോ ?

പ്രതികൂല ജീവിതാനഭവങ്ങളില്‍ തളര്‍ന്നുപോകാതെ ലക്ഷ്യത്തിലേക്കു മുന്നേറുവാനുള്ള കഴിവിനാണ് അതിജീവനശക്തി (resilience)യെന്നു പറയുന്നത്. അതിജീവനശക്തിയും മാനസികാരോഗ്യവും തമ്മില്‍ വളരെ ബന്ധമുണ്ടെന്നാണ് വിദക്ധരുടെ അഭിപ്രായം. അനിഷ്ടസംഭവങ്ങളില്‍ വൈകാരിക സഘര്‍ഷവും തളര്‍ച്ചയും തോന്നുക സ്വഭാവികമാണ്. മാനസികാരോഗ്യമുള്ള വ്യക്തി അധികം താമസിക്കാതെ ഈ ഷോക്കില്‍ നിന്ന് വിമുക്തമായി ജീവിതം ചലനാത്മകമാക്കും. വൈകാരികബുദ്ധി, പ്രശ്നപരിഹാരത്തിനുള്ള കഴിവ്, സഹനശക്തി, സാമുഹ്യബന്ധങ്ങള്‍, ആത്മീയശക്തി  തുടങ്ങിയ അനുകുല ഘടങ്ങള്‍ സമന്വയിപ്പിച്ചാണ് ഇക്കുട്ടര്‍ ആരോഗ്യകരമായ മുന്നേറ്റം  സാദ്ധ്യമാക്കുന്നത്. ഈ കഴിവുകള്‍ കുറഞ്ഞവര്‍ ദുരന്തജീവിതാനഭവങ്ങളുടെ തേരില്‍ അര്‍ജുനനെപോലെ വാടിതളര്‍ന്നു പോകും.

അതിജീവനശക്തി എങ്ങിനെയാണ് വളര്‍ത്തിയെടുക്കുക?

ശ്രദ്ധാപൂര്‍വമായ പരിശീലനങ്ങളും മനോഭാവങ്ങളുടെ തിരുത്തിയെഴുതലും കൊണ്ടു സാധ്യമാകുമെന്നാണ് വിദക്ധാഭിപ്രായം.

 എന്താ ഒരു കൈ നോക്കുന്നോ?

1. ദുരന്തങ്ങളില്‍ തട്ടി വീണു കഴിഞ്ഞാല്‍ വീണിടത്തു തന്നെ കിടക്കാതെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സപ്പോര്‍ട്ട്ഗ്രൂപ്പൂo ഉള്‍പ്പെടുന്ന സാമുഹ്യബന്ധങ്ങളില്‍ ഷെല്‍ട്ടര്‍ കണ്ടെത്തണo. പിടിച്ചതു കൈവിട്ടു പോകുബോള്‍  കാല്‍ചവുട്ടി നില്‍ക്കാനും വിതക്കാനും കൊയ്യാനും കിളിയെ,  നമുക്കും വേണം ഒരു പിടി ഉറച്ചമണ്ണ്.

2. ഒരിക്കല്‍ അനുഭവിച്ച പ്രതിസന്ധിയുടെ തനിയാവര്‍ത്തനമാണ് ഇപ്പോഴത്തേതെങ്കില്‍  പണ്ട് സ്വീകരിച്ച ആരോഗ്യകരമായ സമീപനങ്ങള്‍ സ്വീകരിക്കുക. പരാജയപ്പെട്ട സമീപന മാര്‍ഗങ്ങള്‍ ഒഴിവാക്കുക.

3. മാറ്റം ജീവിതത്തിന്‍റെ യാഥാര്‍ത്ഥൃമാണെന്ന് അoഗീകരിക്കുക. നമ്മള്‍ വിഭാവനം ചെയ്യുന്നത് എപ്പോഴും സാധ്യമാക്കിത്തരാമെന്ന ഗ്യാരണ്ടിയൊന്നും ജീവിത മര്‍ക്കറ്റിലെ പ്രോഡക്റ്റിനില്ല. ദൌര്‍ഭാഗ്യങ്ങളെ ഓര്‍ത്ത് ദുഖിക്കാതെ വന്നതിനെ വന്നതുപോലെ  വന്നിടത്തുവച്ച് വരുന്നത്പോലെ നേരിടുക. ദാറ്റ്‌സ്‌ ററ്,  പിന്നല്ലാതെ.

4. പ്രതിസന്ധി കുറച്ചുകാലം തുടര്‍ന്നേക്കാം. അതുവരെ കരിംപട്ടിണിയും കണ്ണുനീരുമായി ചത്തുജീവിച്ചിട്ടൊന്നും  കാര്യമില്ല. നമ്മുടെ ശരീരമനസ്സിന്‍റെ  ഉന്നമനത്തിന് ആവശ്യമായ ഭക്ഷണം, വ്യായാമം, വിശ്രമo, വിനോദം, സൌഹൃദം തുടങ്ങിയ ആരോഗ്യചേരുവകള്‍ ഒന്നും ഒഴിവാക്കരുത്. റോം കത്തുമ്പോഴുo ചിലപ്പോള്‍ വീണ വായിക്കേണ്ടി വരും. ശൈത്യവും വസന്തവും ജീവിത യഥാര്‍ത്ഥങ്ങളാണ്. അതിന്‍റെ മേല്‍ നമുക്കു നിയന്ത്രണമില്ല. അത് അതിന്‍റെ വഴിക്ക് വരട്ട്, പോകട്ട്.

5. മറ്റുള്ളവരുമായി താരതമ്യ പഠനങ്ങള്‍ നടത്തിയും നഷ്ട്ടസ്വപ്നങ്ങള്‍ ആവര്‍ത്തിച്ചു വായിച്ചുo മനസ്സിലുണര്‍ത്തുന്ന നിഷേധ ചിന്തകള്‍ ആല്‍മപീഡനവും സ്വയപീഡനവുമാണ്. ബി പോസിറ്റീവ്, എല്ലാകാര്യങ്ങള്‍ക്കും പ്രതികൂല വശങ്ങള്‍ മാത്രമല്ല, അനുകൂല വശങ്ങളുമുണ്ട്. പെട്ടെന്ന് വായിക്കാന്‍ എളുപ്പം പ്രതികൂല വശങ്ങളാണ്. അനുകൂല വശങ്ങള്‍ വരികള്‍ക്കിടയിലും ചിന്തയുടെ ആഴത്തില്‍ വലയിറക്കിയാല്‍ മാത്രം കിട്ടുന്നതുമാണ്. പടകിന്റെ വലത്തുവശത്തു വലയിറക്കു, നിങ്ങളുടെ വല നിറയും.

6. ഒരു നല്ല നാളെക്കുള്ള മോഹം നല്ലതുതന്നെ. പക്ഷെ, അത് ഒറ്റച്ചാട്ടത്തിന് സാധ്യമാവില്ല. നമ്മള്‍ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലെത്തിയവരുമായി സംസാരിക്കുക, മാര്‍ഗങ്ങള്‍ അന്വഷിച്ചു കണ്ടുപിടിക്കുക. മനസ്സൊരുക്കി  ലക്ഷ്യത്തിലേക്കു ചുവടുവക്കുക. ഒടുവില്‍ ചിറകുവിരിച്ചു നീലാകാശത്തിലേക്കു പറക്കുക. ആര്‍ക്കാണ് നിങ്ങളെ തടയുവാന്‍ കഴിയുക?

7. ജീവിതത്തില്‍ ഒറ്റപ്പെടല്‍ പലര്‍ക്കും ഒരു ഞെട്ടലാണ്. മീഡിയ-ഗോസിപ്പുകളിലൂടെ മറ്റുള്ളവരുടെ കാര്യങ്ങളും കാര്യക്കേടുകളും കണ്ടും കേട്ടും തളര്‍ന്ന നമുക്ക് നമ്മെപ്പറ്റി എന്തറിയാം? നിങ്ങളിലെ നിങ്ങളാരെന്നറിയുവാനുള്ള വിലപ്പെട്ട സമയങ്ങളാണ് ഏകാന്ത നിമിഷങ്ങള്‍. നിങ്ങളെപറ്റി നിങ്ങളെഴുതു-നിങ്ങളുടെ ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, അറിവുകള്‍, കാഴ്ചപ്പാടുകള്‍, വികൃതികള്‍ ... എല്ലാം എഴുതു, എഴുതികൊണ്ടേയിരിക്കു. പത്തും, അറുപതും കൊല്ലം ജീവിച്ചിട്ടും നിങ്ങളെ നിങ്ങള്‍ക്ക്‌ അപരിചിതമായിരിക്കുന്നത് എത്ര വിചിത്രമാണ്. ഒരു കപ്പു കാപ്പിയുമായി, ഫോണും ടീവിയും മാറ്റിവച്ച്, സുഹൃത്തുക്കളില്ലാതെ, നിങ്ങള്‍  നിങ്ങളോടോപ്പം തനിച്ചിരിക്കു- ഇതില്‍പ്പരം ശാന്തിയും സമാധാനവും അനുഭവിക്കുന്ന നിമിഷങ്ങളുണ്ടോ? എന്‍ജോയ് ദ പവര്‍ ഓഫ് ലോണ്‍ലിനെസ്സ്!

8. ആത്മീയനുഭവങ്ങള്‍ക്കായി മനസ്സുതുറക്കുക. ആചാരാനുഷ്ഠാനങ്ങളും ആള്‍ദൈവങ്ങളും ഇഷ്ടമല്ലെങ്കില്‍ അതിനുമപ്പുറത്തെ അപരിമേയനും കരുണാമയനുമായ ആത്യന്തികശക്തിയില്‍ വിശ്വസിക്കുക, ആശ്രയിക്കുക. മനസ്സിനെ മടുപ്പിക്കുന്ന മീഡിയയില്‍ നിന്നു ധ്യാനത്തിലേക്കും സര്‍ഗസംഗീതത്തിലേക്കും ജീവനുണര്‍ത്തുന്ന വചനങ്ങളിലേക്കും മനസ്സിനെ തിരിപ്പിക്കുക.

  ഡണ്‍!
 ഗുഡ് ലക്ക് ബഡി !!




   

Sunday, August 7, 2016

സൂക്ഷിക്കുക, ഞാന്‍ കൊത്തും

വിമര്‍ശനം വേദനാപൂര്‍ണമായ ഒരനുഭവമാണ് . ദേഷ്യം,ഭയം, ലജ്ജ, സുരക്ഷിത ബോധക്കുറവ് തുടങ്ങിയ മിശ്രവികാരങ്ങള്‍ ഉണര്‍ത്തുന്ന ദുരനുഭവം.

വിമര്ശനം വ്യക്തിത്വവളര്‍ച്ചക്ക് സഹായകമാണന്നാണ് വിന്‍സ്ടന്‍ ചര്‍ച്ചില്‍ പറയുന്നത്. ആയിക്കോട്ടെ ചര്‍ച്ചില്‍ സാര്‍.

മറ്റുള്ളവരുടെ വിമര്‍ശനത്തിന്റെ പിന്നിലെ അടിയൊഴുക്കുകള്‍ മനസിലാക്കിയാല്‍ സ്വയം തിരുത്തുവാനും വായില്‍ വാക്കത്തിയുമായി വരുന്നവരില്‍നിന്നു സുരക്ഷിത ദൂരം പാലിക്കുവാനും കഴിയും.

അറ്റന്‍ഷന്‍ ! വിമര്‍ശനത്തിന്റെ പിന്നിലെ വിവിധ ഉദ്ദേശ്യ താല്പര്യങ്ങള്‍ ഇതൊക്കെയാണ്:

നിങ്ങളുടെ കഴിവിലും വ്യക്തിത്വ സവിശേഷതകളിലും അപകര്‍ഷത തോന്നി ഫണം വിടര്‍ത്തുകയാണ് വിമര്ശകന്‍ -
  കൂള്‍ ഡൌണ്‍.

ടീം വര്‍ക്കില്‍ നിങ്ങള്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യാത്തതിന്റെ പ്രതികരണമാണ് ചില  വിമര്ശനങ്ങള്‍ -
വായടച്ചു പണിയെടുക്കു മിസ്റ്റര്‍.
ബഹുമാനവും കരുതലും നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നു, കിട്ടുന്നില്ല- അല്പം കൊടുത്തേക്കെന്നേ, നതിംഗ് ടു ലൂസ്
മത്സരഓട്ടത്തില്‍ നിങ്ങളെ പിന്നിലാക്കി മുന്നേറാന്‍ ബോസിന്റെ മുന്പില്‍  കളിക്കുന്ന കള്ളകളിയാണ് വിമര്‍ശനം  - 
കരുക്കള്‍ സുക്ഷിച്ചു നീക്കണമിഷ്ടാ.
വിമര്‍ശകന്‍ അധീശ മനോഭാവക്കാരനാണ്, പക്ഷെ അത് നിങ്ങളുടെ അടുത്ത് നടക്കുന്നില്ല- 
ഓര്‍ഡര്‍, ഓര്‍ഡര്‍!
സുരക്ഷിത ബോധമില്ലാത്ത , സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാത്ത സംശയ രോഗി- 
ടൈം ബോംബാണ്, ബി കെയര്‍ഫുള്‍.
നിങ്ങളുടെ ഫലിതവും നര്‍മവും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അരസികന്‍- 
ബീ സീരിയസ്, നോ കോമഡി പ്ലീസ്‌! 
തങ്ങളുടെ അറിവിന്റെ ഓഹരി നിങ്ങള്‍ക്കു പകര്‍ന്നുതന്നു നിങ്ങളെ ധന്യരാക്കുവാന്‍ ശ്രമിക്കുന്നു, പക്ഷേ നിങ്ങള്‍ ശ്രദ്ധിക്കുന്നില്ല - 
സെ, ആമ്മീന്‍.
നിങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുവാനുള്ള എളിയ ശ്രമമാണ്- 
വിജയിച്ചില്ലെ ങ്കില്‍  എറിഞ്ഞു വീഴ്ത്തും( കൌമാരക്കാരും മിഡിലേജുകാരുമാണ് പ്രതികള്‍ )
വിമര്‍ശകന്റെ ലക്ഷ്യത്തിലെത്താന്‍ നിങ്ങള്‍ തടസ്സമാണ്- 
സൈഡ് പ്ലീസ്സ്.

നിങ്ങളുടെ ധിക്കാരമനോഭാവത്തിനു ബൌണ്ടറി ഇടുവാനുള്ള  ശ്രമമാണ്  വിമര്‍ശനം- 
ഉരുക്കുമുഷ്ട്ടി കൊണ്ടു തിരിച്ചടിച്ചിരിക്കും, കട്ടായം.

നിങ്ങളുടെ പെരുമാറ്റങ്ങള്‍ അസഹ്യമായതു കൊണ്ടുള്ള  വിമര്‍ശനം - 
ലീവ് മി എലോണ്‍.
അവരുടെ തെറ്റുകള്‍ മറച്ചുവക്കാന്‍ നിങ്ങളുടെ ബലഹീനതകളെ ഉയര്‍ത്തി ക്കാണിക്കുകയാണ്- 
ആളു സീബീഐ ആണ് കെട്ടോ, സൂക്ഷിക്കണം.
മെച്ചമായ ആശയവിനിമയത്തിനുള്ള കഴിവ് കുറഞവര്‍, ചക്കെന്നു പറയുന്നത് കൊക്കെന്നായിപ്പോകും-  
അയ്യോ പാവം, പ്രോഡക്റ്റ് ഡിഫെകറ്റ്.  
        
എല്ലാവരാലും ആദരിക്കപ്പെടണമെന്നു നിര്‍ബന്ധമുള്ള കാരണവന്‍മാര്‍- വൃദ്ധന്‍മാരെ സൂക്ഷിക്കുക!
സ്വന്തം മുറിവുകള്‍ വിമര്‍ശനം കൊണ്ടു മറയ്ക്കുന്നവര്‍- 
ഒട്ടിക്കു, സാന്ത്വനത്തിന്റെ   രണ്ടു മൂന്ന് ബാന്‍റെജുകള്‍.

സ്വയം ദൈവമായി കാണുന്ന, വിമര്‍ശനം സഹിക്കാത്ത, നാര്‍സിസ്റ്റുകള്‍ - പ്രേയ്സ്  ദ  ബോസ്!

 ലഹരി പോലുള്ള ദുശീലങ്ങള്‍ കൊണ്ടു സ്വന്തം ജീവിതം നശിപ്പിച്ച,  ഉപദേശം അലെര്‍ജിയായവരുടെ തിരിച്ചടി - 
ഞാന്‍ നന്നാവില്ലമ്മാവാ...

അധികാര കസേരയ്ക്കു വേണ്ടിയുള്ള പക്കാ പവ്വര്‍ പ്ലേ വിമര്‍ശനങ്ങള്‍-  
ധിം തരികിടകള്‍,  ജീവനുംകൊണ്ടോടിക്കോ....

                                                       ~~~~~~~~~~~~~~~~          

നീതിനിമിത്തം ഉപ്ദ്രവിക്കപ്പെട്ട ഒരു ദൈവത്തിന്റെ കഥയുണ്ട് ബൈബിളില്‍. ആ  ദൈവത്തിന്റെ പേര്‍ യേശുക്രിസ്തു എന്നായിരുന്നു. അദ്ദേഹത്തിനു ചുറ്റും എപ്പോഴും  ശത്രുക്കളും വിമര്‍ശകരും പീഡകരും ആയിരുന്നു. വിമര്‍ശനത്തിന്‍റെ മുള്ളുകളില്‍ ചവുട്ടി നിര്‍ഭയം നടന്ന അദ്ദേഹം വിമര്‍ശനത്തിന്‍റെ മുറിവേറ്റു പിടയുന്നവര്‍ക്ക് അനുകരിക്കാവുന്ന സമുന്നത മോഡലും അദ്ദേഹത്തിന്‍റെ വാക്കുകള്‍ സാന്ത്വനവുംമാണ്. 

Wednesday, July 20, 2016

ഒരുവട്ടം കൂടി...

വെറുപ്പിന് മനുഷ്യചരിത്രത്തിന്റെ തന്നെ പഴക്കമുണ്ട്. കമ്മ്യൂണിക്കേഷന്‍ മീഡിയയാണ് മനുഷ്യനിലെ വെറുപ്പിന്‍റെ ഭീഭത്സരൂപം പുറത്തുകൊണ്ടുവന്നത്. രോഗബാധിതമായ വ്യക്തിത്വത്തിന്റെ വികൃത മുഖവും മനസ്സിലെ വെറുപ്പിന്റെ കയ്പ്പും സംസ്ക്കാരതിന്റെ ജീര്‍ണതയും വെളിപ്പെടുത്തുന്നതാണ് മീഡിയയിലെ കമന്റ്കളും  ക്ലിപ്പുകളും.

പരിഹാസം, മുറിവേല്‍പ്പിക്കല്‍, ശപിക്കല്‍, വര്‍ഗവര്‍ണ്ണ ജാതികളുടെ പേരിലുള്ള താഴ്ത്തികെട്ടല്‍ ഒക്കെ മനസ്സിലെ വെറുപ്പിന്റെ പ്രകടനങ്ങളാണ്.

സംസ്കാരത്തിന്റെ അമൂല്യസമ്പത്തുകളായി കണക്കാക്കപ്പെടുന്ന പല  മഹാസാഹിത്യ കൃതികളും, ആനുകാലിക  ആക്ഷ്ന്‍ ത്രില്ലര്‍ സിനിമകളും സീരിയലുകളും, മത-രാഷ്ട്രിയ സoഘട്ടനങ്ങളുമൊക്കെ അടുത്ത തലമുറയെ  വെറുപ്പിന്റെ ജീര്‍ണപാഠo  പഠിപ്പിക്കുന്ന വേദികളാണ്.

 നിരുപദ്രവകാരികളായ പക്ഷിമൃഗാദികളെപ്പോലും പകവീട്ടുന്ന പ്രതികാരദാഹികളായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ് സീരിയലുകള്‍ ശിശുമനസ്സില്‍ വെറുപ്പിന്റെ കരിമഷിക്കോലങ്ങള്‍ വരയ്ക്കുകയാണ്.

വെറുപ്പും പ്രതികാരവും ആണത്വത്തിന്റെ ലക്ഷണമാണെന്നും അവരെ മറ്റുള്ളവര്‍ ഭയബഹുമാനത്തോടെ കാണുന്നു എന്നൊക്കെയുള്ള  ചിന്താഗതി ശരിയല്ല. വെറുപ്പ്‌ നമ്മെ ശക്തരാക്കുന്നില്ല. മനസ്സിലെ ആദ്രവികാരങ്ങളുടെ നീര്‍ച്ചാലുകള്‍ വറ്റിക്കുന്ന, ഹൃദയം കഠിനമാക്കുന്ന, കറുത്ത സൂര്യനാണ് വെറുപ്പ്‌.

വെറുപ്പും വിദ്വേഷവുമാകുന്ന നിഷേധ വികാരങ്ങള്‍ സംഘര്‍ഷo വര്‍ദ്ധിപ്പിക്കുകയും ശരീരം സ്‌ട്രെസ് ഹോര്‍മോണ്‍ അമിതമയി പുറപ്പെടുവിക്കുകയും അത് പല മനോ-ശാരിരിക രോഗങ്ങള്‍ക്കു കാരണമാവുകയും ചെയ്യുന്നു- ശാസ്ത്രo സാക്ഷി!

തോക്കുകളെക്കാള്‍ മനുഷ്യന് ഭീഷണിയുണ്ടാക്കുന്നത്‌  മനുഷ്യമനസ്സിലെ പകയും വെറുപ്പുമാകുന്ന അപകട മിസൈലുകളാണ്.

 അധാര്‍മ്മികമായി പെരുമാറിയവരെ വെറുക്കാതിരിക്കുവാന്‍ നമ്മള്‍ വിശുദ്ധന്മാര്‍ ആണോ എന്ന് ചോദിച്ചേക്കാം. വെറുപ്പെന്ന വികാരം തെറ്റല്ല, സ്വാഭാവികവും നൈസര്‍ഗ്ഗികവുമാണ്. വെറുപ്പ്‌ പ്രകടിപ്പിക്കുമ്പോള്‍ വികാരസമ്മര്‍ദം താത്കാലികമായി കുറയുന്നു എന്നതും  ശരിയാണ്. പക്ഷെ, വെറുപ്പ്‌ പ്രകടിക്കുമ്പോഴുണ്ടാകുന്ന ആന്തരീയ കോളിളക്കത്തിനും  അസ്വസ്തക്കും ആരു സമാധാനം പറയും? അപ്പോഴും നഷടമാര്‍ക്കാണ്?

ജീവിതകാലം മുഴുവന്‍ മുറിവേല്‍പ്പിച്ചവരോടുള്ള  പ്രതികാര ചിന്തകള്‍ മനസ്സില്‍ സുനാമിയായി ആഞ്ഞടിക്കുമ്പോള്‍ എങ്ങനെ സമാധാനം കിട്ടാനാണ്‌? ആത്മീയവേദികളില്‍ കയറിയിറങ്ങുന്ന പലര്‍ക്കും ശാന്തി ലഭിക്കാത്തതിന്‍റെ കാരണം  വെറുപ്പിന്റെ  മേഘാവൃതമായ അന്തരംഗമാണ്.

കള്‍ച്ചറല്‍ ആന്ത്രോപ്പോളജിസ്റ്റ്  Janice Harper പറയുന്നത്‌, മനസ്സിലെ വെറുപ്പിനെ പുറത്തുകടത്തി പടിയടച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ദുരന്ത നായികാനായകന്‍മാരായി  തുടരേണ്ടി വരുമെന്നാണ്. ഒരാള്‍ നമ്മുടെ ശരിരത്തില്‍ മുറിവുണ്ടാക്കിയാല്‍ മുറിവുകെട്ടി, മരുന്ന് വച്ച്, പെട്ടന്ന് മുറിവുണക്കും. ഹൃദയത്തിലെ മുറിവുകളെ  നിത്യ മുറിവുകളായി സുക്ഷിക്കുന്നതെന്തിനാണന്നാണ് മാഡം ചോദിക്കുന്നത്.

ന്യുറോ കെമിക്കല്‍ ആലേഖനങ്ങളായ വെറുപ്പിന്റെ ഫയലുകള്‍ ഡിലീറ്റു ചെയ്യല്‍ അത്ര എളുപ്പമല്ല. പക്ഷേ, പ്രതിയോഗിക്ക് നിരുപാധികം മാപ്പുകൊടുത്താല്‍  പിന്നെ ആ ഫയലുകള്‍ വീണ്ടും മറിച്ചു വായിക്കാനുള്ള മനസ്സിന്റെ താല്പര്യം കുറയും. ക്രമേണ അത്തരം ഫയലുകള്‍ മറവിയുടെ സ്റ്റോര്‍ റൂമിലേക്ക് മാറ്റപ്പെടുകയും ഡീ ആക്ടിവേറ്റു ചെയ്യപ്പെടുകയും ചെയ്യും.

കടക്കാരോട് ക്ഷ്മിക്കുമ്പോള്‍ നിഷേധചിന്തകളുടെയും വെറുപ്പിന്റെയും ആയുധപ്പുരയാകുന്ന മനസ്സ് വെടിപ്പാക്കപെടുകയാണ്. അപ്പോള്‍ നീതിയും സമാധാനവുo സന്തോഷവുമാകുന്ന സ്വര്‍ഗം താഴ്ന്നിറങ്ങും.

Someday, we'll forget the hurt,the reason we cried and who caused us pain.
We will finally realize that the secret of being free is not revenge, but letting things unfold in their own way and own time.
After all, what matters is not the first, but the last chapter of or life which shows how well we ran the race. 
So smile, laugh, forgive, believe, and love all over again!

-saying images.com