Wednesday, May 5, 2021

 ജീവിതത്തിൽ നമ്മെ മുറിവേൽപ്പിച്ചവർ പലരാണ്, പലതരത്തിലുമാണ്. എപ്പോഴും കുറ്റപ്പെടുത്തുന്ന മാതാപിതാക്കൾ,  അസൂയാലുവായ അയൽക്കാരൻ, നിഷേധ വികാരങ്ങളുമായി ഏറ്റുമുട്ടുന്ന ജീവിതപങ്കാളി, പരിഭവക്കാരായ മക്കൾ... അങ്ങനെ ക്ഷതമേൽപ്പിക്കുന്നവർ അനവധിയുണ്ട്.

ഇതിനും പുറമേ മനുഷ്യത്വമില്ലാത്ത കരാളമനസ്കരായ  വേട്ടക്കാർ ഏൽപ്പിച്ച ആഴത്തിലുള്ള മുറിവുകൾ വേറെയുമുണ്ട്.
 ശാരീരികവും വൈകാരികവുമായ പീഡനങ്ങളുടെ മുറിവുകൾ ഒരിക്കലും  ഉണങ്ങാത്തതും ഉറക്കംകെടുത്തുന്നതുമാണ്. ഇത് മനസ്സിന്റെ സന്തുലിതാവസ്ഥയുടെ താളം തെറ്റിക്കും.
 ശത്രുക്കളോട് ക്ഷമിക്കാനും മാപ്പ് കൊടുക്കാനും തയ്യാറില്ലെങ്കിൽ മുറിവുകളുടെ വേദനയോടൊപ്പം മനസ്സിലെ നിഷേധ വികാരങ്ങൾ ഉണ്ടാക്കുന്ന അസ്വസ്ഥതകളുടെ സംഘർഷവും അനുഭവിക്കേണ്ടിവരും.

 മാപ്പുകൊടുക്കുകയും മറക്കുകയും ചെയ്യുമ്പോൾ അഡീഷണൽ ബോണസായി കിട്ടുന്ന അനുഗ്രഹങ്ങളാണ് സമാധാനം, പ്രത്യാശ,  ആനന്ദം, ദൈവത്തിന്റെ പാപക്ഷമ തുടങ്ങിയവയൊക്കെ.

  മാപ്പ് കൊടുക്കൽ  പലർക്കും പലതാണ്.  പൊതുവേ പറഞ്ഞാൽ മനസ്സിലെ വെറുപ്പിന്റെയും പ്രതികാര ചിന്തകളുടെയും ഫയലുകൾ ഡീ- ആക്റ്റിവേറ്റ് ചെയ്യപ്പെടുന്ന അനുഭവമാണ് 
 മാപ്പ് കൊടുക്കൽ.

  മറ്റുള്ളവരിൽ നിന്ന്  ഏറ്റ മുറിവുകളെ നിസ്സാരമായി കാണുകയോ  മറക്കുകയോ ചെയ്യലല്ല മാപ്പുകൊടുക്കൽ. മുറിവുകളേറ്റ മനസ്സുമായി സമാധാനത്തിന്റെ വഴിയിലൂടെയുള്ള പുതിയൊരു ജൈത്രയാത്രയുടെ തുടക്കമാണത്. അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും നേർവീഥിയിലൂടെയുള്ള വിജയോത്സവ യാത്രയാണത്. പക്ഷേ ഇതൊരു ചലഞ്ച് ആണ്.

 മാപ്പ് കൊടുക്കുമ്പോൾ ആത്മ ശരീര മനസ്സുകളിലും വികാരങ്ങളിലും  പെയ്തിറങ്ങുന്ന സാന്ത്വനാനുഭവങ്ങൾ അനവധി ആണ്:

ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകും, മാനസിക ആരോഗ്യം വർധിക്കും, പിരിമുറുക്കവും ആകാംക്ഷയും വെറുപ്പും ലഘൂകരിക്കപ്പെടും. രക്തസമ്മർദ്ദം കുറയും,മനസ്സിലെ വിഷാദ മേഘങ്ങൾ മാഞ്ഞുപോകും.  ഇമ്മ്യൂൺ സിസ്റ്റം കൂടുതൽ ശക്തമാകും.  ഹൃദയത്തിന്റെ ആരോഗ്യം വർധിക്കും. ആത്മവിശ്വാസത്തിന്റെ സൂചിക ഉയരും. അങ്ങനെ പോകുന്നു മാപ്പു കൊടുക്കുന്നവർക്കു ലഭിക്കുന്ന അനുഗ്രഹങ്ങളുടെ നീണ്ട  ലിസ്റ്റ്.

 ചിലർ സ്വതവേ മുറിവേൽപ്പിച്ചവർക്ക് മാപ്പ് കൊടുക്കുന്ന പ്രകൃതക്കാരാണ്. എന്നാൽ മറ്റുചിലർ 'Eternal grudge holders 'ആണ്. മരിച്ചാലും മാപ്പു കൊടുക്കില്ലെന്ന കടുംപിടുത്തക്കാർ. ദൈവകൃപയും  പരിശ്രമവും കൊണ്ട് ഇവർക്കും ക്ഷമാശീലരും മാപ്പു കൊടുക്കുന്നവരുമായി തീരുവാൻ സാധിക്കും.

 മനസ്സിൽ സൂക്ഷിക്കുന്ന വെറുപ്പും വിദ്വേഷവും സ്വന്തം മനശാന്തിക്കും സന്തോഷത്തിനും  തടസ്സമാണ്.  വെറുപ്പും വിദ്വേഷവും മനസ്സിൽ സൂക്ഷിക്കുമ്പോൾ ചിലർ വൈകാരിക പ്രതിസന്ധിയുള്ള ക്ഷിപ്രകോപികളായി തീരാറുണ്ട്. ഇവർ എല്ലാ  ബന്ധങ്ങളെയും നിരപരാധികളെയും മുറിവേൽപ്പിക്കും.  കടക്കാരോട് ക്ഷമിക്കാൻ കഴിയാത്തവർ  പ്രതികാര ദാഹികളും  ഉൾവലിയുന്നവരും സന്തോഷം ആസ്വദിക്കാൻ കഴിയാത്തവരും ആയേക്കാം.  ഇവർ ലഹരി ചുഴിയിൽ കാലിടറി വീഴാനുള്ള സാധ്യത  വളരെ അധികമാണ്. വൈകാരിക  വേലിയേറ്റയിറക്കങ്ങൾ അവരുടെ മനസ്സിലെ നിത്യ പ്രതിസന്ധികൾ ആയിരിക്കും.  മനസ്സിലെ നിരർത്ഥക ചിന്തകളും ശുന്യതാബോധവും ആത്മീയ മരവിപ്പും ഇവരിൽ നിരാശയും നിസ്സഹായതയും മനം മടുപ്പുമുണ്ടാക്കും. ഇവരുടെ സോഷ്യലൈസേഷൻ തടസ്സപ്പെടുകയും ആൾക്കൂട്ടത്തിൽ തനിയെയാണെന്ന ചിന്തയും ഉണ്ടായേക്കാം.

 പരസ്പരം വെല്ലുവിളിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഇന്നത്തെ സിനിക്ക് സംസ്കാരത്തിൽ മാപ്പു കൊടുക്കുന്നത് കീഴടങ്ങലായിട്ടാണ് മിഥ്യഭിമാനികൾ കാണുന്നത്. വെറുപ്പിന്റെ സഹനങ്ങളിൽ നിന്ന് ഫോർഗീവനെസ്സിന്റെ സ്വാതന്ത്രത്തിലേക്കുള്ള ചുവടുവെപ്പ് അത്ര എളുപ്പമല്ല. വേട്ടക്കാരന് മാപ്പ് കൊടുക്കാനും പ്രതികാര ചിന്തകളെ നിയന്ത്രണ വിധേയമാക്കുവാനും ദൈവകൃപ  നിറഞ്ഞ  വലിയ മനസ്സുള്ളവർക്കേ സാധിക്കൂ.   മനുഷ്യനിലെ ദൈവത്തിന്റെ വിസ്മയ ഭാവമാണ് മാപ്പ് കൊടുക്കൽ.

ഫോർഗിവ്നെസ് മാനസികാരോഗ്യത്തിന്റെ ഔഷധ ചേരുവയാണ്  . സ്വന്തം മനസ്സാക്ഷി കോടതി  ജീവപര്യന്തം ശിക്ഷക്ക് വിധിച്ചവരെ സ്വതന്ത്രരാക്കി വെറുതെ വിടുമ്പോൾ അനാവശ്യമായ ജാഗ്രതയും ഭയവുമൊക്കെ ഒഴിവാക്കുവാൻ കഴിയും. വേട്ടക്കാരനെ പറ്റിയുള്ള മനസ്സിലെ ഭീതിയും കീഴടക്കപ്പെട്ട ഇരയാണെന്ന പരാജയബോധവുമൊ ക്കെ മാപ്പുകൊടുത്തു കഴിയുമ്പോൾ പരിഹരിക്കപ്പെടുന്ന  പ്രശ്നങ്ങളാണ് .

 മുറിവേൽപ്പിച്ചവരുടെ ജീവിതസാഹചര്യങ്ങളും അവരുടെ അപക്വ കാഴ്ചപ്പാടുകളും മനോ-ശാരീരിക വൈകല്യങ്ങളും രോഗങ്ങളും ഒക്കെ കണക്കിലെടുക്കുമ്പോൾ ശത്രുവിന് നേരെയുള്ള സംഹാര മനോഭാവം സഹാനുഭൂതിയായി മാറിയേക്കാം.

 നമ്മൾ മറ്റുള്ളവരെ മുറിവേൽപ്പിച്ച സാഹചര്യങ്ങളും അത് അവരുടെ മനസ്സിലുണ്ടാക്കിയ മുറിവുകളും അവരിൽ പലരും നമ്മോട് ക്ഷമിച്ചതുമൊക്കെ വിലയിരുത്തുമ്പോൾ കടക്കാരോട് ക്ഷമിക്കാനെ ളുപ്പമാകും.

 ക്ഷമയുടെ തമ്പുരാനായ ദൈവത്തോട് ക്ഷമിക്കുവാനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നതും 
 ആത്മീയ നൽവരമുള്ളവരുമായി മനസ് തുറക്കുന്നതും അനുരഞ്ജന മനോഭാവം ശക്തിപ്പെടാൻ സഹായിക്കും.

 എല്ലാ മാപ്പ് കൊടുക്കലും അനുരഞ്ജനത്തിലേക്ക് നയിക്കപ്പെടണമെന്നില്ല. നമ്മൾ ഔദാര്യ പൂർവ്വം നൽകുന്ന ക്ഷമ സ്വീകരിക്കാൻ തയ്യാറില്ലാത്ത ക്രിമിനൽ മനസ്സുള്ളവർ അനുരഞ്ജനത്തിന് തയ്യാറായില്ലെന്ന് വരും.  അത്തരം  സാഹചര്യങ്ങളിലും മാപ്പ് കൊടുക്കലിന് പ്രസക്തിയുണ്ട്. മനസ്സിന്റെ ഭാരങ്ങൾ ഇറക്കി വെക്കാനും പിരിമുറുക്കം കുറയ്ക്കാനും മുറിവുണങ്ങാനും  കടക്കാരോട് ക്ഷമിക്കുന്നത്  സഹായകമാകും. മാപ്പു കൊടുക്കുന്നവരാണ് എപ്പോഴും നേട്ടം കൊയ്യുന്നത്.

 മാപ്പ് കൊടുത്തിട്ടും പീഡകരിൽ മനം മാറ്റമു ണ്ടാകുന്നില്ലെങ്കിലും വിഷമിക്കേണ്ടതില്ല. അത് അവരുടെ പ്രശ്നമാണ്. ക്ഷമിക്കുമ്പോൾ ലഭിക്കുന്ന സമാധാനവും സന്തോഷവും വൈകാരികവും ആത്മീയവുമായ സൗഖ്യവും നേട്ടങ്ങളായി കണക്കാക്കണം. മാത്രവുമല്ല പീഡകർക്ക് മാപ്പ് കൊടുക്കുമ്പോൾ ആ വ്യക്തിക്ക് നിങ്ങളുടെ മേൽ ഉണ്ടായിരുന്ന മാനസിക നിയന്ത്രണം അവസാനിക്കുകയാണ്. കടച്ചീട്ടുകൾ അസാധുവാക്കപ്പെടുകയാണ്, മനസ്സ് ഫ്രീ ആവുകയാണ്.

 മാപ്പ് കൊടുക്കുന്നതു പോലെ തന്നെ മാപ്പ് ചോദിക്കേണ്ടതും അടിയന്തര പ്രാധാന്യമുള്ള കാര്യമാണ് .  സ്വയം ന്യായീകരിക്കാതെ  തെറ്റ് സമ്മതിക്കുകയും ഖേദം അറിയിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നത് കട ഭാരങ്ങൾ ലഘൂകരിക്കുവാൻ സഹായിക്കും. ഒന്നിന്  നാലുവീതം മടക്കി കൊടുത്ത സക്കായിക്കു കുറ്റബോധത്തിൽ നിന്ന് വിടുതൽ ലഭിച്ചു. മാത്രമല്ല അവന്റെ വീടിനും രക്ഷയുണ്ടായി.

 ഇരയുടെ മാപ്പ് നിർബന്ധിച്ച് പിടിച്ചുവാങ്ങാൻ കുറ്റവാളിക്ക് കഴിയില്ല. ഒരു പക്ഷേ അവർക്ക് ക്ഷമിക്കാൻ കുറേസമയം ആവശ്യമായിരിക്കാം, അതുവരെ ക്ഷമാപൂർവ്വം കാത്തിരിക്കണം.

 മാപ്പ് കൊടുക്കുന്നവർക്കും മാപ്പ് ചോദിക്കുന്നവർക്കും വേണ്ട മൂന്നു സാത്വിക ഗുണങ്ങൾ :compassion, empathy, respect എന്നിവയാണ്.

കുരിശിൻ ചുവട്ടിൽ പൈശാചിക അട്ടഹാസ ത്തിലായിരുന്ന ശാസ്ത്രി പരീശ പുരോഹിതരുടെ കടങ്ങൾ കൂടി ഇളെച്ചു കൊടുത്തു കഴിഞ്ഞപ്പോഴാണ് സകലവും നിവർത്തിയായെന്നു
 കർത്താവ് പറഞ്ഞത്. കടക്കാരുടെ  കടങ്ങൾ കൊടുത്തും പറഞ്ഞു തീർക്കുന്നതുവരെ നിവൃത്തിയും  പൂർത്തിയുമാകാത്തതിന്റെ സംഘർഷം നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കും.

മാപ്പ് ചോദിക്കാനും കൊടുക്കുവാനും തയ്യാറാകുമ്പോൾ ആണ് നമ്മുടെ ക്രിസ്തീയജീവിതം നിവൃത്തിയാക്കുന്നത്. കടക്കാ രുമായി കടങ്ങൾ സെറ്റിൽ ചെയ്ത്  അവസാനിപ്പിക്കുന്ന ജീവിതം സമുന്നതമാണ്. ക്രിസ്തുവിൽ ജീവിക്കുന്നതും മരിക്കുന്നതും ഇവരാണെന്നാണ് വെളിപാടു പുസ്തകത്തിൽ കർത്താവ് പറയുന്നത് :

വെളിപ്പാടു 14:13 ഞാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു.

Thursday, October 1, 2020

Mighty Patience

 ദൈവത്തിന്റെ കൃപാവരങ്ങളിൽ വളരെ വിശിഷ്ടവും ശ്രേഷ്ഠവുമാണ്‌ സൗമ്യതയും   ദീർഘക്ഷമയുമൊക്കെ. ഈ വിശിഷ്ടതാലന്ത് രണ്ടും അഞ്ചും കിട്ടിയവരോട്  അത്യാദരവാണെനിക്കുള്ളത്. ഒരുപക്ഷേ ക്ഷമാശീലത്തിൽ ഞാൻ വളരെ ദുർബലനായതുകൊണ്ടായിരിക്കാം ധന്യരായ ക്ഷമാശീലരോട്  ബഹുമാനതോന്നുന്നത്.

ജനഹൃദയങ്ങളെ സ്വാധീനിക്കാനും ഹൃദയ കാഠിന്യമുള്ള കുടുംബാംഗങ്ങളുടെ മനോഭാവത്തിൽ അനുകൂല മാറ്റമുണ്ടാക്കാനും ക്ഷമാശീലർക്ക് സാധിക്കും.

അതിസങ്കീർണമായ പ്രതിസന്ധികളിലും പ്രശ്നങ്ങളിലും ക്ഷമ കൈവിടാതെ ആത്മ നിയന്ത്രണത്തോടെ പ്രവർത്തിക്കുന്നവർക്ക് സുഹൃത്തുക്കളെ നേടുവാനും ശത്രുക്കളുടെപോലും സ്നേഹം പിടിച്ചുപറ്റാനും സാധിക്കും.

അനന്ത സാധ്യതകളും മാസ്മര ശക്തിയുമുള്ള പരിശുദ്ധാത്മാവിന്റെ  വരദാനമാണ് ക്ഷമ.

ക്ഷമാശീലം ഒരു മിറക്കിൾ പവർ ആണെന്ന് പറയാൻ പല കാരണങ്ങളുണ്ട്:

1.  പ്രതിസന്ധികളിലും പ്രലോഭനങ്ങളിലും നിയന്ത്രണം കൈവിട്ടുപോകാതെ ചുമതലകൾ നിറവേറ്റാൻ ക്ഷമാശീലർക്ക് സാധിക്കും.

പല സങ്കീർണ സാഹചര്യങ്ങളെയും വിജയകരമായി അഭിമുഖീകരിക്കാൻ നമുക്കു കഴിഞ്ഞത് ദീർഘക്ഷമയോടെയുള്ള  സമീപനം കൊണ്ടാണ്. അതുപോലെ ആത്മ നിയന്ത്രണം നഷ്ടപ്പെട്ട സാഹചര്യങ്ങളിലാണ് നമ്മുടെ സാക്ഷ്യവും മാന്യതയും വിശ്വസ്തതയുമൊക്കെ നഷ്ടപ്പെട്ടുള്ളത്.

'മുന്‍കോപി കലഹം ഇളക്കിവിടുന്നു; ക്‌ഷമാശീലന്‍ അതു ശമിപ്പിക്കുന്നു' എന്ന സദൃശ്യവാക്യത്തിലെ ഉപദേശം ശ്രദ്ധേയമാണ്. (സദൃശ്യവാക്യങ്ങൾ  15 :18).

2. ദീർഘക്ഷമയുള്ള ലീഡേഴ്സ് ജനപ്രിയ നായകരാകും. അവർക്കു  ജനഹൃദയങ്ങളിൽ മതിപ്പും വിശ്വാസ്യതയുമുണ്ടായിരിക്കും. നേതൃത്വം വളരെ വിഷമം പിടിച്ച നിയോഗമാണ്. അറിവും അതിസാഹസികതയുമല്ല,  ശാന്തതയും സൗമ്യതയും

കരുണയും പൊസീറ്റിവ് മനോഭാവങ്ങളുമാണ് നേതൃത്വ വിജയത്തിന്റെ രഹസ്യം.

'ക്‌ഷമകൊണ്ട്‌ ഒരു ഭരണാധിപനെഅനുനയിപ്പിക്കാന്‍ കഴിഞ്ഞേക്കാം. മൃദുലമായ നാവിന്‌ കടുത്തഅസ്‌ഥിയെപ്പോലും ഉടയ്‌ക്കുവാനുള്ള കരുത്തുണ്ട്‌.'

(സുഭാഷിതങ്ങള്‍ 25:15).

3. ശത്രുക്കൾക്കെതിരെയുള്ള ശക്തമായ പ്രതിരോധമാണ് ക്ഷമ.

ജോലിയിലും ഇടയത്വ  ശുശ്രൂഷയിലും രാഷ്ട്രീയത്തിലുമൊക്കെ എത്രനല്ല നേതാവായാലും കുറെ ശത്രുക്കളുണ്ടാവുക സ്വാഭാവികമാണ്. സമുന്നത നേതാക്കളായിരുന്ന മോശയും ക്രിസ്തുവുമൊക്കെ ഈ എതിർപ്പിനെ ക്ഷമയോടെ നേരിട്ടവരാണ്. വ്യക്തിത്വ വൈകല്യമുള്ള സിനിക് മനോഭാവക്കാരുടെ വിമർശനത്തിനും പരാതിക്കുമൊക്കെ പ്രതികരിക്കാൻ പോയാൽ ദൈവം ഏൽപ്പിച്ച നമ്മുടെ നിയോഗം പ്രതിസന്ധിയിലാകും. നെഹമ്യാവിനെപ്പോലെ ആളുകളുടെ ഗോസിപ്പുകൾ ശ്രദ്ധിക്കാതെ ദൈവം ഭരമേൽപ്പിച്ചിരിക്കുന്ന നിയോഗങ്ങളിൽ മനസ്സുറപ്പിച്ച് മുന്നോട്ടു പോകുമ്പോൾ ശത്രുക്കൾ നിശ്ശബ്ധരായി പിന്മാറും.

പരിശുദ്ധാത്മാവിന്റെ  സാക്ഷ്യമുള്ള സാന്നിധ്യം വെളിപ്പെടുത്തുന്ന സൽഗുണമാണ് ദീർഘക്ഷമയെന്നാണ് പൗലോസ് അപ്പോസ്തോലന്റെ അഭിപ്രായം:

'ആത്‌മാവിന്‍െറ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത, സൗമ്യത, ആത്‌മസംയമനം ഇവയാണ്‌'- (ഗലാത്യർ  5 : 22-23)

ലോകം ഇളകി മറിയുമ്പോഴും ജനക്കൂട്ടം വാദപ്രതിവാദങ്ങളിൽ ഏർപ്പെടുമ്പോഴും ജഡരക്തങ്ങളുമായുള്ള യുദ്ധം തുടരുമ്പോഴും ക്ഷമാശീലർ ശാന്തരായി,  സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കും.

ദൈവത്തിന്റെ ദീർഘക്ഷമ മുഖാമുഖമായി ലോകം കണ്ടത് ക്രിസ്തുവിന്റെ ക്രൂശ് ചുമന്നുള്ള സഹന യാത്രയിലാണ്. പരിഹാസവും പീഡനങ്ങളും മുഖത്ത് തുപ്പലും മുൾക്കിരീടവും ചുമലിലെ ഭാരമേറിയ കുരിശും ദൈവത്തിന്റെ ദീർഘക്ഷമയുടെ മുമ്പിൽ അപ്രസക്തവും  നിഷ്പ്രഭവുമായി.  ശത്രുക്കൾക്ക് പാപക്ഷമ നൽകിയ ക്രൂശിലെ പ്രാർത്ഥന ദൈവത്തിന്റെ  ദീർഘക്ഷമയുടെ  അനന്ത സാധ്യതയാണ്.

രാoഷ്ട്രീയത്തിലും സഭയിലും കുടുംബത്തിലും ദാമ്പത്യത്തിലും ഇടയത്വ ശുശ്രൂഷയിലും സമുന്നത നിയോഗങ്ങൾ നിറവേറ്റുവാൻ ദൈവം തിരയുന്നത്  വിവേകികളെയും ജ്ഞാനികളെയുമല്ല,  ക്ഷമാശീലരേയാണ്, ആത്മാവിന്റെ  ഫലങ്ങൾ വിളയുന്ന സൗമ്യക്ഷമാശീലരെ.

 ലഹരിആസക്തരും സാമൂഹ്യവിരുദ്ധ പ്രവണതകളുള്ളവരുമായി വാഗ്വാദവും   ഏറ്റുമുട്ടലും നടത്തുന്നത്  അപകടമാണ്. ആത്മനിയന്ത്രണമില്ലാത്ത  മനസ്സാണിവരുടേത്. അവരോട് ഇടപെടുമ്പോൾ ക്ഷമ കൈവിടാതെ സൂക്ഷിക്കണമെന്നാണ് ക്രിസ്തുവിന്റെ ഉപദേശം:

'നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.'-( ലൂക്കോസ് 21:19).

സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും. ഭൂമിയെ മാത്രമല്ല   നിത്യസൗഹൃദങ്ങളും ദൈവത്തിന്റെ പ്രത്യേക വാത്സല്യവും  നിത്യയും അവർ  അവകാശമാക്കും.

Thursday, August 13, 2020

കല്ലെറിയുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്‌

 

They kept demanding an answer, so he stood up again and said, “All right, but let the one who has never sinned throw the first stone!” — John 8:7 


This is a significant statement about judging others. Because Jesus upheld the legal penalty for adultery, stoning, he could not be accused of being against the law. But by saying that only a sinless person could throw the first stone, he highlighted the importance of compassion and forgiveness.
🙏
കുറ്റവാളികളെ മീഡിയയിലും പൊതുവേദികളിലും വികാരവിചാരണ നടത്തുന്ന സദാചാര പരീശന്മാരുടെ കൂട്ടത്തിൽ ചേർന്ന് കല്ലെറിയരുതെന്നാണ് കർത്താവിന്റെ മുന്നറിയിപ്പ്. കല്ലെറിയാൻ ക്വാളിഫൈഡ് ആയ പാപം ചെയ്യാത്ത,  ഒരു പുണ്യവാനും  ഈ ലോകത്തിലില്ല. ദൈവത്തിന്റെ കോടതിയിൽനിന്ന് ഏഴ്‌ ഏഴുപതുവട്ടം നിരുപാധികം വിട്ടയക്കപ്പെട്ടവരും, 'കടക്കാരോട് ക്ഷമിച്ചതു  പോലെ' എന്ന കർത്തൃപ്രാർത്ഥന നൂറുവട്ടം ചൊല്ലിക്കൂട്ടുന്നവരുമൊക്കെ ക്ഷമ കൈവിടരുത്, കരുണയില്ലാത്ത കഠിനഹൃദയരാകരുത്.
മക്കൾക്കും ജീവിത പങ്കാളിക്കും അയൽക്കാർക്കും അവരുടെ വീഴ്ചകളിൽ മാപ്പു കൊടുക്കണം, അനുകമ്പയും ആർദ്രതയും പ്രകടിപ്പിക്കണം.
ഹൃദയത്തിൽ കനിവിന്റെ  കണ്ണു തുറക്കാൻ ആദ്യം  പ്രതികാരത്തിന്റെ കല്ല് താഴെ ഇടണം.
     ☆
(Tyndale)

Wednesday, August 12, 2020

പുതിയ ആകാശവും പുതിയ ഭൂമിയും

അനീതിക്കും അക്രമത്തിനുമെതിരെ വൈലന്റായി പ്രതികരിക്കുന്ന സമൂഹമാണ് ഇന്ത്യയിലേത്.  ഇത് ആദർശധീരത കൊണ്ടൊന്നുമല്ല,  തികച്ചും നിവൃത്തികേടുകൊണ്ടു മാത്രമാണ്. 

ഗവണ്മെന്റ്നെതിരെ പ്രതിപക്ഷം,  ആത്മീയ നേതൃത്വത്തിനെതിരെ അൽമായ സംഘo, പോലീസിനെതിരെ ജനങ്ങൾ, മാതാപിതാക്കൾക്കെതിരെ മക്കൾ... പരസ്പരം അടിപിടികൂടുന്ന സമൂഹമായി തീർന്നിരിക്കുകയാണ്  ദൈവത്തിന്റെ നാട്.  

എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്? 

വിദേശ രാജ്യങ്ങളിൽ ക്രിമിനൽ കുറ്റത്തിന്റെയും  അഴിമതിയുടെയും പേരിൽ ആരും തെരുവിലിറങ്ങി ധർണയും ജാഥയും അക്രമങ്ങളും നടത്തുന്നില്ല. സദാചാര പോലീസുകാർ നിയമം കയ്യിലെടുക്കുന്നതുമില്ല. കാരണം, അവിടെ നിയമവാഴ്ച്ചയുണ്ട്.  അധികാരികളെ നിയന്ത്രിക്കാനും ജനങ്ങൾക്ക് നീതിനടത്തിക്കൊടുക്കാനും സത്യസന്ധമായും നിഷ്പക്ഷമായും പ്രവർത്തിക്കുന്ന ഒരു നീതിന്യായപീഠം അവിടെയുണ്ട്. ആ സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസവുമുണ്ട്. അതിൽ മത-രാഷ്ട്രിയ നേതാക്കന്മാർ അനാവശ്യമായി ഇടപെടാറുമില്ല.

മത-രാഷ്ട്രിയ നേതൃത്വത്തിലും നിയമപാലകരിലും ജുഡിഷ്യറിയിലുമുള്ള  വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടതു തന്നെയാണ് വൈകാരിക നിഷേധപ്രതികരണങ്ങൾക്കുള്ള പ്രധാന കാരണം.  സംഘടിക്കാതെ, പ്രതിരോധിക്കാതെ ഒന്നും നടക്കില്ലെന്ന് ജനം പഠിച്ചു. 

ഒരു റോഡിലെ കുഴി അടയ്ക്കണമെങ്കിൽപോലും ടാക്സ് കൊടുക്കുന്ന ജനങ്ങൾ വഴി തടയണം,  അല്ലെങ്കിൽ വണ്ടി തല്ലിപ്പൊളിക്കണം.

                       ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന പേരുണ്ടെങ്കിലും മത- രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥവർഗത്തിന്റെയും ആധിപത്യവും  അധീശത്വവുമാണിവിടെ നടക്കുന്നത്.

                   പ്രതിപക്ഷം ബഹളം വയ്ക്കുന്നത് രാജ്യസ്നേഹംകൊണ്ടോ ജനങ്ങളോടുള്ള പ്രതിബദ്ധതകൊണ്ടോ അല്ല. കസേരയിൽ കയറി പറ്റാനും നാലുതുട്ടുണ്ടാക്കാനുള്ള അത്യാർത്തികൊണ്ടു  മാത്രമാണ്. ഉച്ചിഷ്ടങ്ങൾക്കുവേണ്ടി കടിപിടി കൂടുന്ന തെരുവുനായ്ക്കളെ ചട്ടം പഠിപ്പിക്കാൻ എത്രവിദഗദ്ധനായ  ഡോഗ് ട്രെയ്നർവിചാരിച്ചാലും നടക്കില്ല. സെമിനാറുകളും ചാനൽചർച്ചകളും യൂസ് ലെസ്സ് സമയംകൊല്ലി പരിപാടികൾ.

ഇന്നത്തെ പ്രതിപക്ഷം നാളത്തെ ഭരണകക്ഷിയാകുമ്പോൾ കാര്യങ്ങൾ വീണ്ടും തഥൈവ. മതവും രാഷ്ട്രീയവും ജനകോടികളുടെ വയറ്റിപ്പിഴപ്പാണ് മാഷേ... അതിലെ ഇത്തിൾകണ്ണികളും എർത്തുകളും വലിയൊരു അധോലോക ഗൂഡസംഘമണിഷ്ടാ... 

എന്റീശ്വരാ, എല്ലാം സഹിക്കാൻ  പാവം, പാവം  ജനങ്ങൾ !

കിടിലൻഫ്രോഡുകളുടെ സ്വന്തം നാടായിത്തീർന്നിരിക്കുന്ന ഈനാട്ടിൽ ജനങ്ങളുടെ പ്രതീക്ഷയും പ്രതികരണശേഷിയും അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു. പരസ്പര വിശ്വാസം നഷ്ടപ്പെട്ട ഈ  പാരനോയിഡ് കൾച്ചറിൽ ആർക്കും സുരക്ഷിതബോധമില്ല.

എല്ലാ തെറ്റുകളും ന്യായീകരിക്കുന്ന  മുട്ടാപ്പോക്ക് ഫിലോസഫിയും തന്റേടവും കൊണ്ട് സാധാരണക്കാരെ  അധികാരികൾ ചവിട്ടിമെതിച്ച് ഞെരിച്ചമർത്തിയിരിക്കുകയാണ്. 

ജനങ്ങളുടെ കണ്ണുനീരും സ്വപ്നങ്ങളും സഹനങ്ങളും ഓഡിയോ-വിഷ്വലായി വിറ്റ് മീഡിയ മുതലാളിമാർ സഹസ്രകോടികളുടെ സമ്പന്നരായിത്തീരുന്നു. 

മനോരോഗവും വ്യക്തിത്വ വൈകല്യവും ബാധിച്ചിരിക്കുന്ന അധികാരികളുടെ ഊഷരമനസ്സിൽ നന്മയും  ദൈവീകമനോഭാവവും മുളക്കില്ല.  മനുഷ്യമനസ്സും പ്രകൃതിയും ജീവജാലങ്ങളുമൊക്കെ വിഷലിപ്തവും രോഗബാധിതവുമായിക്കഴിഞ്ഞു. പഴയ തുരുത്തിയിൽ വീണ്ടും വീണ്ടും പുതിയ വീഞ്ഞു നിറച്ചിട്ട് യാതൊരുകാര്യവുമില്ല.

ഭൂമിയിലെ സകല ജീവജാലങ്ങളെയും തുടച്ചുമാറ്റി, ശുദ്ധികലശം നടത്തി, പുതിയ ആകാശവും പുതിയ ഭൂമിയും സെറ്റ് ചെയ്ത്, ജീവന്റെ പുതിയ വിത്തുകൾ വിതയ്ക്കപ്പെടണം.

അതെ, അതിനുള്ള നിലമൊരുക്കൽ തുടങ്ങിക്കഴിഞ്ഞു... 


Tuesday, August 11, 2020

Believe in the God of SECOND CHANCE !

 “Don’t call me Naomi,” she told them. “Call me Mara, because the Almighty has made my life very bitter.” Ruth 1:20


The new name Naomi gave herself didn’t stick, however, because those devastating losses were not the end of her story. In the midst of her sorrow, God had blessed her with a loving daughter-in-law, Ruth, who eventually remarried and had a son, creating a family for Naomi again. 

Although we might sometimes be tempted to give ourselves bitter nicknames, like “failure” or “unloved,” based on difficulties we’ve experienced or mistakes we’ve made, those names are not the end of our stories. We can replace those labels with the name God has given each of us, “loved one” (Romans 9:25), and look for the ways He’s providing for us in even the most challenging of times.
🙏
ജീവിതത്തിൽ പരാജയങ്ങളും ദുരന്തങ്ങളും സംഭവിക്കുമ്പോൾ പലരും പഴിവാക്കും പരിഹാസപ്പേരും വിളിച്ചേക്കാം.
അതൊന്നും കാര്യമാക്കേണ്ട. നിങ്ങൾ സ്വർഗ്ഗസ്ഥ പിതാവിന്റെ പ്രിയപ്പെട്ട മകനും മകളുമാണ്. അതോരു വലിയ പദവിയും ആവകാശവുമാണ്. ഒരു ജീവിത പ്രിതിസന്ധിക്കും ശത്രുവിനും സ്വർഗ്ഗത്തിലെ അപ്പനുമായുള്ള സ്നേഹബന്ധം തകർക്കാനാവില്ല. അപ്പന്റെ മനസ്സിൽ നിങ്ങൾക്കുവേണ്ടി ഇനിയും അനേകം ശുഭപദ്ധതികളുണ്ട്.

'കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്‍െറ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി-' ജറെമിയാ 29 : 11

ധൈര്യമായിരിക്കു, ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല. ഈ രാത്രി മാഞ്ഞുപോകും,  ഉദയസൂര്യനായ ക്രിസ്തു ഒരുക്കുന്ന അനന്ത സാദ്ത്യതകളുടെ പ്രഭാതം വളരെ വളരെ അടുത്താണ്...

(Lisa M. Samra) 

Monday, August 10, 2020

സംഭവിക്കുന്നതെല്ലാം നല്ലതിനാണ്...

എതിർക്കുന്നവരും പിറുപിറുക്കുന്നവരും ദുരാരോപണക്കാരുമായ വലിയ സമൂഹത്തെ ഏകനായി അനേകവർഷം നയിച്ച മോശ യോശുവയെ ചുമതല ഏല്പിച്ചുകൊണ്ട് വിടവാങ്ങൽ സന്ദേശത്തിൽ പറഞു:  'ശക്‌തരും ധീരരുമായിരിക്കുവിന്‍, ഭയപ്പെടേണ്ടാ; അവരെപ്രതി പരിഭ്രമിക്കുകയും വേണ്ടാ. എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്‌ കൂടെവരുന്നത്‌. അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയോ പരിത്യജിക്കുകയോ ഇല്ല.'- ആവര്‍ത്തനം 31 : 6.

നിങ്ങളെ ജീവിതത്തിലേക്കു വിളിച്ചു വഴിനടത്തിയവൻ അവസാന ലക്ഷ്യ ത്തിലെത്തുംവരെ സുരക്ഷിതമായി വഴിനടത്തും: 

'നിങ്ങളില്‍ സത്‌പ്രവൃത്തി ആരംഭിച്ചവന്‍ യേശുക്രിസ്‌തുവിന്‍െറ ദിനമാകുമ്പോഴേക്കും അതു പൂര്‍ത്തിയാക്കും'- ഫിലിപ്പി 1 : 6.

ആരുമെനിക്കില്ല ഞാൻ തന്നെയാണ്,  ശത്രു ചതിക്കും, തകർക്കും എന്നു ചിന്തിച്ചു ഭാരപ്പെടരുത്: നിങ്ങൾ ദുർബലരല്ല, നിങ്ങളിലുള്ളവൻ ലോകത്തിലുള്ളവനെക്കാൾ ശക്തനാണെന്ന പരമസത്യം മറക്കരുത് :

'നിന്‍െറ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍മരിച്ചുവീണേക്കാം; നിന്‍െറ വലത്തുവശത്തു പതിനായിരങ്ങളും; എങ്കിലും, നിനക്ക്‌ ഒരനര്‍ഥവുംസംഭവിക്കുകയില്ല.'-സങ്കീര്‍ത്തനങ്ങള്‍ 91 : 7

സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാനിരിക്കുന്നതുമെല്ലാം  നല്ലതിനാണ്. കാരണം,  കർത്താവറിയാതെ ഒന്നും സംഭവിക്കില്ല...ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്‍െറ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല.


Wednesday, June 24, 2020

മിസ്റ്റര്‍ ഇന്നര്‍ ക്രിട്ടിക്


സംസാരത്തിലും പ്രവൃത്തികളിലും മനോഭാവങ്ങളിലുമുള്ള സ്വന്തം ബല ഹീനതകള്‍ മറ്റൊരാളെപ്പോലെ ആത്മവിമര്‍ശനത്തോടെ നോക്കിക്കാണുവാനുള്ള കഴിവ് അഭിനന്ദനാര്‍ഹമായ സവിശേഷ സിദ്ധിയാണ്. പലര്‍ക്കും ഈ കഴിവില്ലാത്തതുകൊണ്ട് സ്വയം തിരുത്തുവാനും തെറ്റുകള്‍ മറ്റുള്ളവര്‍ ചൂണ്ടി കാണിച്ചാലും അംഗീകരിക്കാനും കഴിയാറില്ല.
ആത്മവിമര്‍ശനം നല്ലതാണെങ്കിലും അമിതമായാല്‍ പ്രശ്നമാണ്. ജീവിതത്തില്‍ അപ്രായോഗിക ലക്ഷ്യങ്ങള്‍ ആഗ്രഹിക്കയും അതെത്തിപ്പിടിക്കാന്‍ കഴിയാതെ വരുകയും ചെയ്യുമ്പോള്‍ ചിലരുടെ മനസ്സ് സ്വയം കുറ്റപ്പെടുത്തുകയും ആത്മപീഢനം നടത്തുകയും ചെയ്യുമെന്നാണ് സ്വഭാവശാസ്ത്രജ്ഞനായ ഗോളാന്‍ സാഹറിന്‍റെ അഭിപ്രായം. താനൊരു പരാജയമാണെന്ന ചിന്താഗതി, അപകര്‍ഷതാബോധം, അശുഭാപ്തിവിശ്വാസം, വ്യക്തിബന്ധങ്ങളിലെ തകര്‍ച്ച, വിഷാദം തുടങ്ങിയ പല മാനസിക പ്രതിസന്ധികള്‍ക്കും യ അമിത ആത്മവിമര്‍ശനം  കാരണമാകും.
മാനസീകാരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന അമിത ആത്മവിമര്‍ശന സ്വഭാവം നിയന്ത്രിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്:
ആത്മവിശ്വാസം തകര്‍ക്കുന്ന നമ്മിലെ څഇന്നര്‍ ക്രിട്ടിക്കിچനെ തിരിച്ചറിയണം. പ്രതിസന്ധികളില്‍ സ്വയം കുറ്റപ്പെടുത്തുന്ന മനസ്സിന്‍റെ പ്രവണതയെ ആത്മാവ ബോധത്തോടെ വിലയിരുത്തണം. പരാജയങ്ങളില്‍ മനസ്സിന്‍റെ അതിശയോക്തിപരമായ വിമര്‍ശനങ്ങളില്‍ വലിയ കാര്യമില്ലെന്ന څകൗണ്ടര്‍ ചിന്തچ അമിത ആത്മ വിമര്‍ശനത്തിന്‍റെ തിരകളെ ശാന്തമാക്കും.
ആകാശത്തെ ആലിപ്പഴം പറിക്കാന്‍ എടുത്തുചാടി ചിറകു തളര്‍ന്നു വീഴുമ്പോള്‍ ഇന്നര്‍ ക്രിട്ടിക് കുറ്റപ്പെടുത്തും - കഴിവില്ല, പ്രാപ്തിയില്ല, അസമര്‍ത്ഥനാണ് എന്നൊക്കെ. ചില അപ്രായോഗിക ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള പരിശ്രമം പരാജയപ്പെടുമ്പോള്‍, പ്രായോഗിക ഗോള്‍ സെറ്റുചെയ്ത് മുന്നേറണം. അപ്പോള്‍ എറിഞ്ഞുവീഴ്ത്തുന്ന ഇന്നര്‍ക്രിട്ടിക് സൈലന്‍റാകും.
അമിത വിമര്‍ശകരും പീഢകരുമായ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും എംബ്ലോയറുടേയുമൊക്കെ മാനസിക പീഢനമേല്‍ക്കുന്ന ദുര്‍ബ്ബലവ്യക്തിത്വ ശൈലിക്കാര്‍ ആത്മവിശ്വാസം കുറഞ്ഞവരും പെട്ടെന്നു മുറിവേല്‍ക്കുന്നവരുമാകാറുണ്ട്. നിങ്ങളുടെ സമര്‍പ്പണജോലിക്ക് അധികാരികള്‍ അഭിനന്ദനം തരുന്നില്ലെങ്കില്‍, ഇന്നര്‍ക്രിട്ടിക് അതൃപ്തി പ്രകടിപ്പിക്കുകയാണെങ്കില്‍, നിങ്ങള്‍ നിങ്ങളെ സ്വയം പ്രോത്സാഹിപ്പിക്കണം. എന്‍റെ ജീവിതം ദൈവത്തിന്‍റെ ദാനമാണ് ആരുടെയും ഔദാര്യമൊന്നുമല്ല, എനിക്കുംകൂടി അവകാശപ്പെട്ടതാണീ ലോകം, ജീവിത ക്യാന്‍വാസില്‍ മിഴിവുറ്റ എന്‍റെ സ്വപ്നങ്ങള്‍ക്ക് ചായം തേയ്ക്കാനും ആസ്വദിക്കാനും എനിക്കും കഴിയുമെന്നുള്ള ആത്മനിര്‍ദ്ദേശം (മൗീേ ൗഴെഴലശെേീി) നാം നമുക്കു നല്‍കുമ്പോള്‍ മനസിലെ സിനിക്ക് ക്രിട്ടിക് നിശ്ശബ്ദനാകും.
ആത്മനിന്ദ അതിരു കടക്കുമ്പോള്‍ സൂക്ഷിക്കണം. മനസ്സിന്‍റെ പ്രതിരോധനിരകള്‍ തകരാനും വിഷാദമേഘാവൃതമായ മനസ്സില്‍ നിരാശയുടെ മരവിപ്പു പരക്കാനും നിര്‍വ്വികാരതയും നിസ്സഹായതാബോധവും വര്‍ദ്ധിക്കാനുമൊക്കെയുള്ള അപകട സാധ്യതകളുണ്ട്. പാപിയാണ്, പരാജിതനാണ്, എല്ലാവരാലും വെറുക്കപ്പെട്ടവളാണ്, ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നൊക്കെയുള്ള നിഷേധ ചിന്തകളുടെ വേലിയേറ്റങ്ങള്‍ അടിസ്ഥാനമിളക്കാനും അരുതായ്മകളിലേക്കു ചുവടുവയ്ക്കാനുമൊക്കെ പ്രേരണ ഉണ്ടാക്കും. ഇത്തരം സാഹചര്യങ്ങളില്‍ വിശ്വസ്ത സുഹൃത്തുക്കളും കുടുംബാംഗ ങ്ങളുമായി മനസ്സു പങ്കിടാന്‍ അവസരമുണ്ടാക്കണം. പ്രതിസന്ധി തുടരുകയാണെങ്കില്‍ മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടണം.
ലോകം മുഴുവന്‍ വെറുത്താലും ഇന്നര്‍ക്രിട്ടിക് തള്ളിപ്പറഞ്ഞാലും നിങ്ങളെ കൈവിടാത്ത നിത്യചൈതന്യമായ ഈശ്വരനില്‍ മനസ്സിനെ ഉറപ്പിച്ച്, ഇന്നര്‍ ക്രിട്ടിക്കിനെ മൈന്‍റ് ചെയ്യാതെ സുധീരമായി മുന്നേറണം.