നമ്മുടെ ജീവിതത്തിന്റെ നിശബ്ദ സാക്ഷിയാണ് ആത്മാവ്. ആത്മാവ് അദൃശ്യമാണെങ്കിലും, നമ്മൾ കാണുന്ന എല്ലാ ദൃശ്യ വസ്തുക്കളേക്കാളും യാഥാർത്ഥ്യമാണത്.
ശരീരം ലോകത്തിലും ആത്മാവ് ദൈവമുമ്പാകെയുമാണ് പരിവർത്തിക്കുന്നത്.
ആത്മാവിന്റെ ഉടമസ്ഥൻ ദൈവമാണ്. അതിന്റെ അനുദിന പരിപാലനവും പ്രവർത്തന ക്ഷമതയും ഡിവൈൻ കൺട്രോളിലാണ്.
ശബ്ദം നിലക്കുമ്പോൾ ആത്മാവ് വാചാലമാകും.
അവഗണിക്കപ്പെട്ട ആത്മാവിന്റെ ദാഹവും വിശപ്പും വ്യക്തിയിൽ വൈകാരിക അസന്തുലിതാവസ്ഥ സൃഷ്ടിക്കും. ആത്മാവ് പരിപോഷിപ്പിക്കപ്പെടുമ്പോൾ, ദൈവ സ്നേഹവും സന്തോഷവും സമാധാനവും ആത്മ ഹർഷമായി പെയ്തിറങ്ങും.
ആത്മാവിന്റെ സന്തോഷം ആർഭാടത്തിലല്ല, ലാളിത്യത്തിലാണ്. മറിയ പറഞ്ഞു : “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു;
എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു. (ലൂക്കോസ് 1 : 46-47)
നമ്മിലെ ആത്മാവ് ചൈതന്യ പൂർണ്ണമാകുന്നത് ഭൗതിക നേട്ടങ്ങളിൽ അല്ല, ദൈവമുൻപാകെയുള്ള സമർപ്പണത്തിലും താഴ്മയിലുമാണ്.
പ്രശസ്തിക്കും അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള ഓട്ടത്തെക്കാൾ ആത്മാവിന്റെ പരിപോഷണത്തിൽ ശ്രദ്ധിക്കണം. ഒന്ന് താൽക്കാലിക നേട്ടവും മറ്റൊന്ന് നിത്യതക്കു വേണ്ടിയുള്ള ഒരുക്കവും ആണ്.
കളപ്പുര നിറയുന്നത് കൊണ്ട് ആത്മാവിനെ തൃപ്തിപ്പെടുത്താൻ കഴിയില്ല.The soul carries the imprint of eternity; nothing temporary can truly satisfy it.
ഇന്ന് നിങ്ങൾ ആത്മാവിനെ പരിപോഷിപ്പിക്കുന്നതിന് അനുസരിച്ചാണ് നാളെ നിങ്ങൾ ആരായിത്തീരുമെന്ന് തീരുമാനിക്കുന്നത്.
ഒരു വ്യക്തിയുടെ സൗന്ദര്യം മുഖത്തിലല്ല, ആത്മാവിന്റെ ചൈതന്യത്തിലാണ്.
ആത്മാവ് നമ്മുടെ ഉള്ളിലെ ദൈവത്തിന്റെ ശ്വാസമാണ്. അതിനെ ആദരവോടെ കരുതണം.
ശരീരം തളർന്നിരിക്കുമ്പോൾ, ആത്മഹർഷം ഉണർത്തുന്ന ആശ്വാസ സങ്കീർത്തനം മൗനരാഗത്തിൽ, മർമ്മരമായി ആത്മാവ് പാടും.
ആത്മാവിനെ നൽകിയവന് എപ്പോൾ വേണമെങ്കിലും തിരിച്ചു വിളിക്കുവാൻ കഴിയും. അപ്പോൾ 'വെള്ളിച്ചരട് പൊട്ടും, കനകപാത്രങ്ങള്‍ തകരും, അരുവിയില്‍വച്ച് കുടം ഉടയും, നീര്‍ത്തൊട്ടിയുടെ ചക്രം തകരും;
പൊടി അതിന്റെ ഉറവിടമായ മണ്ണിലേക്കു മടങ്ങും; ആത്‌മാവ് തന്റെ ദാതാവായ ദൈവത്തിങ്കലേക്കു തിരിച്ചുപോവുകയും ചെയ്യും.
സഭാപ്രസംഗകന്‍ പറയുന്നു: മിഥ്യകളില്‍ മിഥ്യ; സമസ്‌തവും മിഥ്യ.' സഭാപ്രസംഗകന്‍ 12 : 6-8
☆
-ഫാ. ഡോ. ഏ. പി. ജോർജ്
No comments:
Post a Comment