Tuesday, August 19, 2025

ഇമോഷണൽ ലോഡ്ഷെഡ്‌ഡിങ്

          

പ്രിയ സുഹൃത്തേ,

നമുക്ക് ഈ നിശബ്ദതയിൽ അൽപ്പ സമയം ഇരിക്കാം.  ആശങ്ക, നിരാശ, നഷ്ടങ്ങൾ, പരാജയം തുടങ്ങിയ  നിഷേധ ചിന്തകളുടെ തിരമാലകളാൽ പ്രക്ഷുബ്ദമാണ്  നിങ്ങളുടെ മനസ്സ്. മനോഭാരങ്ങളുടെ ഒരു ലോഡ് ഷെഡിങ് ആണ് ഇപ്പോൾ നിങ്ങൾക്ക് ആവശ്യം.


"എല്ലാം ഞാൻ തന്നെ ചുമക്കുന്നതായി തോന്നുന്നു" എന്ന് നിങ്ങൾ പറയുമ്പോൾ നിങ്ങളുടെ വാക്കുകളിലെ ഭാരം വ്യക്തമാണ്.  നമുക്ക് വഹിക്കുവാൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ ജീവിതം ചിലപ്പോൾ നമ്മുടെ മേൽ ഭാരങ്ങൾ ഇറക്കിവയ്ക്കും. മനഃശാസ്ത്രജ്ഞർ ഇതിനെ വൈകാരിക അമിതഭാരം (emotional overload) എന്ന് വിളിക്കുന്നു. ഇത്തരം സംഘർഷ സാഹചര്യങ്ങളിൽ ബ്രെയിൻ  വളരെ നേരം 'അതിജീവന മോഡി'ൽ പ്രവർത്തിക്കേണ്ടിവരും.

 അത് ക്ഷീണവും നിരാശയും ഉണ്ടാക്കും. വളരെ   ചെറിയ പ്രശ്നങ്ങൾ പോലും വലിയ വെല്ലുവിളിയായി തോന്നും.  ശരീരം അനാരോഗ്യകരമായി  പ്രതികരിക്കും. പേശികളിൽ പിരിമുറുക്കവും ടെൻഷനും അനുഭവപ്പെടും. ഉറക്കം തടസ്സപ്പെടും.


ഇതിനർത്ഥം നമ്മൾ ദുർബലരാണെന്നല്ല, മനുഷ്യരാണെന്നാണ്.  വൻ ഭാരങ്ങൾ  ഒറ്റയ്ക്ക് വഹിക്കാൻ  രൂപകൽപ്പന ചെയ്തിരിക്കുന്നതല്ല മനുഷ്യ മനസ്സ്. ഇവിടെയാണ് സ്‌നേഹ ബന്ധങ്ങളുടെ പ്രസക്തി.  പ്രിയപ്പെട്ടവരുമായി  വേദനയും സംഘർഷങ്ങളും പങ്കുവയ്ക്കുമ്പോൾ ആശ്വാസം ലഭിക്കും. പങ്കുവയ്ക്കുന്ന വികാരങ്ങൾക്ക് പാതി ഘനമായിരിക്കും.


ഭാരങ്ങൾ പങ്കിടുന്നത് കോൺഫ്ളിക്ടുകൾ പ്രോസസ്സ് ചെയ്യാൻ  ബ്രയിനിന് പ്രചോദനമാകും. മനസ്സിന്റെ സാക്ഷയിട്ട് ഒറ്റപ്പെടുമ്പോൾ മനോഭാരങ്ങളുടെ സാന്ദ്രത വർദ്ധിക്കും. അത് ക്രമേണ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. 

 പ്രിയപ്പെട്ടവരുമായുള്ള ആശയവിനിമയത്തിലൂടെ വികാരങ്ങൾ പങ്കിടുന്നത് വൈകാരിക സന്തുലിതാവസ്ഥ നിലനിർത്തുവാൻ സഹായകമാണെന്നാണ് മാനസികാരോഗ്യ വിദഗ്ധരുടെ അഭിപ്രായം. 

 പ്രതിസന്ധികളും ആത്മസംഘർഷങ്ങളും  പങ്കുവയ്ക്കുമ്പോൾ, ബ്രെയിൻ വൈകാരികമായി പ്രതികരിക്കുന്നതിന് പകരം കോൺഫ്ലിക്റ്റുകളെ യുക്തിപൂർവ്വം പ്രോസസ് ചെയ്യുവാൻ തുടങ്ങും. അത് സുതാര്യതയ്ക്കും ആന്തരിക സമാധാനത്തിനും പ്രശ്നപരിഹാരത്തിനും സഹായകമാകും.


 പ്രിയപ്പെട്ടവരുമായി മനസ്സ് പങ്കിടുമ്പോൾ പുതിയ വൈകാരിക ബന്ധം സ്ഥാപിക്കപ്പെടുകയാണ്.  അവർ നൽകുന്ന സഹാനുഭൂതി, പുതിയ കാഴ്ചപ്പാട്, വൈകാരിക പിന്തുണ തുടങ്ങിയ സാന്ത്വനങ്ങൾ  ആത്മവിശ്വാസം വർദ്ധിപ്പിക്കുവാൻ സഹായകമാകും.  വിശ്വസ്തരുമായി മനസ്സ് പങ്കിടുന്നവരിൽ വിഷാദവും  ആകാംക്ഷയും കുറവാണെന്നും നിരീക്ഷണങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 


 കരുതലുള്ള കേൾവിക്കാർ  കണ്ണാടി പോലെയാണ്. അവരിലൂടെ നമ്മെ വ്യക്തമായി നമുക്ക്  കാണുവാൻ കഴിയും. മുറിവേൽപ്പിക്കുന്നവർക്കിടയിലെ കാരുണ്യത്തിന്റെ മരുപ്പച്ചകളാണിവർ.  


 മനശാസ്ത്ര ചികിത്സയിൽ സൈക്കോതെറാപ്പിസ്റ്റും ആയുള്ള  ചികിത്സാ ബന്ധം ( therapeutic relationship) സുരക്ഷിതവും കുറ്റപ്പെടുത്താത്തതും ഉപധികളില്ലാത്തതുമായ 'കംഫോർട്ടിങ് സ്പേസ്' ആണ്. അവിടെ വ്യക്തികളെ മുൻവിധിയില്ലാതെ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.  ഇത് വൈകാരിക ക്ലേശം കുറയ്ക്കുവാൻ സഹായിക്കുന്നു.  വേദനാജനകമായ അനുഭവങ്ങൾ പര്യവേക്ഷണം ചെയ്യാനും നിർഭയമായി പങ്കുവെക്കുവാനും തെറാപ്പിസ്റ്റിലുള്ള വിശ്വാസം പ്രോത്സാഹനം നൽകും.  ഇത് രോഗശാന്തിയും സ്വയം സ്വീകാര്യതയും വളർത്തുന്ന ബന്ധമാണ്.

 

  അനാരോഗ്യ പെരുമാറ്റരീതികൾ  തിരിച്ചറിയാനും അനുകൂല  മാറ്റങ്ങൾ വരുത്താനും പ്രതിരോധശേഷി കെട്ടിപ്പടുക്കാനും ആരോഗ്യകരമായ അതിജീവനത്തിനുള്ള  കഴിവ് വർധിപ്പിക്കുവാനും തെറാപ്പിസ്റ്റുമായുള്ള സഖ്യം വളരെ സഹായകമാണ്.  മൊത്തത്തിൽ,  ട്രസ്റ്റ്, പ്രതീക്ഷ, ശാക്തീകരണം എന്നിവയുടെ ഉറവിടമായി മാറുന്ന ചികിത്സാ ബന്ധം മാനസികാരോഗ്യത്തിന് ഗണ്യമായ സംഭാവനകൾ നൽകുന്നു.


എല്ലാവരിൽ നിന്നുമുള്ള ഒറ്റപ്പെടൽ വേദനയുടെയും ശൂന്യതാ ബോധത്തിന്റെയും ഗ്രാവിറ്റി വർദ്ധിപ്പിക്കും. മനോഭാരങ്ങൾ ലഘൂകരിക്കുവാൻ ഊഷ്മള ബന്ധങ്ങൾ കൂടിയേ തീരൂ. എല്ലാ ഭാരങ്ങളും സ്വയം ചുമക്കുന്നത് ധീരതയും ചങ്കൂറ്റവുമായി  കാണരുത്.  അത് കുറെയൊക്കെ  മിഥ്യാഭിമാനമാണേ!


നല്ല സുഹൃത്തുക്കളെ കൂടെ കൂട്ടുവാൻ മടിക്കരുത്. 

ഉള്ളം പങ്കുവെക്കുവാൻ തിരഞ്ഞെടുക്കുന്നവർ വിശ്വസ്തരും വൃണപ്പെടുത്താത്തവരും വൈകാരിക പക്വതയുള്ളവരും ഉപാധികളില്ലാതെ പിന്തുണയ്ക്കുന്നവരും ഒക്കെ ആയിരിക്കുവാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. 

അതുകൊണ്ട് സുഹൃത്തുക്കൾ എല്ലാം തികഞ്ഞവർ ആയിരിക്കണമെന്നില്ല. ചില സുഹൃത്തുക്കളുടെ വളരെ 'ടോക്സിക്' അല്ലാത്ത വ്യക്തിത്വ ബലഹീനതകളോട് സമദൂരമനോഭാവം പുലർത്താൻ കഴിഞ്ഞാൽ, നമ്മുടെ അതിജീവനത്തിന് അവരും അഭ്യുദയകാംഷികൾ ആയേക്കാം.

സുഗന്ധം പരത്തുന്ന  റോസാച്ചെടിയിൽ മുള്ളുകളും ഉണ്ടല്ലോ.  ചിലപ്പോൾ ആന്തരിക സൗഖ്യം ആരംഭിക്കുന്നത് അവരുടെ ഒരു വാക്കിലൂടെ ആയിരിക്കാം.


'രണ്ടുപേര്‍ ഒരാളെക്കാള്‍ മെച്ചമാണ്‌. കാരണം അവര്‍ക്ക്‌ ഒരുമിച്ച്‌ കൂടുതല്‍ ഫലപ്രദമായി അധ്വാനിക്കാന്‍ കഴിയും.

അവരില്‍ ഒരുവന്‍ വീണാല്‍ അപരനു താങ്ങാന്‍ കഴിയും. ഒറ്റയ്‌ക്കായിരിക്കുന്നവന്‍ വീണാല്‍ താങ്ങാനാരുമില്ല. അവന്റെ കാര്യം കഷ്‌ടമാണ്‌.' സഭാപ്രസംഗകന്‍ 4 : 9-10

-ഫാ. ഡോ. ഏ. പി. ജോർജ്


No comments:

Post a Comment