Friday, August 1, 2025

നിങ്ങൾ വിസ്മയമാണ്

 

പ്രിയ സുഹൃത്തേ,

ഞാൻ നിസ്സാരനും എല്ലാവരെക്കാളും ചെറുതാണെന്നുമുള്ള ചിന്തയാണ് നിങ്ങളുടെ പ്രശ്നം. മറ്റുള്ളവരെല്ലാം എന്നേക്കാൾ പ്രതിഭാശാലികളും ശ്രേഷ്ഠരും ആണെന്ന, താരതമ്യപ്പെടുത്തുന്ന ചിന്തകൾ നിന്റെ മനസ്സിൽ നിരന്തരം ആഞ്ഞടിക്കുന്ന കൊടുങ്കാറ്റാണ്. നിന്റെ സങ്കല്പത്തിലെ പരിമിതികൾ കൊണ്ട് നീ കെട്ടിപ്പൊക്കിയ ബൗണ്ടറിക്ക് പുറത്ത് കടക്കാൻ നിനക്ക് കഴിയുന്നില്ല. സ്വയം ശീലിച്ച നിസ്സഹായതാ ബോധം നിങ്ങളുടെ തടവറയാണ്.

 

 മറ്റുള്ളവരുടെ ശ്രദ്ധയും അഭിനന്ദനങ്ങളും നേടുവാൻ എത്രയോ പരിശ്രമിച്ചു അല്ലേ? പക്ഷേ അതൊക്കെ ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ ദുഃഖവും നിരാശയും കുറച്ചൊന്നുമല്ല.

 എന്തുകൊണ്ടാണ് ഞാൻ പിന്തള്ളപ്പെട്ടുപോകുന്നത്? 

ജീവിത സാഹചര്യങ്ങൾ എനിക്ക് അനുകൂലമല്ലാതെ വരുന്നത് എന്തുകൊണ്ടാണ് ? എനിക്ക് എന്തെങ്കിലും തകരാറുകൾ ഉണ്ടോ...? ഇത്തരം നിഷേധ ചിന്തകളുടെ കൊടുങ്കാറ്റും തിരമാലകളും മനസ്സിലാഞ്ഞടിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ എത്രയായി അല്ലേ?

സുഹൃത്തേ, 

 ഇല്ല, നിങ്ങൾക്ക് ഒരു തകരാറുമില്ല . ദൈവം നല്ലതെന്ന് സർട്ടിഫൈ ചെയ്ത, സമാനതകളില്ലാത്ത അമൂല്യ സൃഷ്ടിയാണ് നിങ്ങൾ. സമസൃഷ്ട സ്നേഹവും ആദരവും ഇല്ലാത്തവർ പറയുന്നതും കുറ്റപ്പെടുത്തുന്നതും കേട്ട് ഉള്ളം കലങ്ങരുത്.


 ശ്രദ്ധിക്കപ്പെടാനും വിജയിക്കുവാനും മുൻനിരയിൽ എത്തുവാനും ലോകം പലതും പറഞ്ഞേക്കാം: ജീവിതശൈലി മാറ്റണം, അഭിരുചികളും സംസാരരീതിയും മാറ്റണം, ഫാഷൻ ട്രെൻഡ് കീപ്പ് ചെയ്യണം... പക്ഷേ അതിലൊന്നും കാര്യമില്ല സുഹൃത്തെ. അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ പഴയ 'കഴുതച്ചുമടി'ന്റെ കഥയുടെ തനിയാവർത്തനമാകും.


പ്രത്യേക നിയോഗങ്ങൾക്ക് വേണ്ടി സ്നേഹത്തോടും കരുതലോടും ദൈവം സൃഷ്ടിച്ച സമുന്നത സൃഷ്ടിയാണ് നിങ്ങൾ. അവൻ നിങ്ങൾക്ക് വശ്യവും അതുല്യവുമായ പുഞ്ചിരിയും, ശബ്ദവും, ഹൃദയവുമാണ് നൽകിയിട്ടുള്ളത്. 'ഡിഫക്ടീവ് ക്രിയേഷൻ' എന്ന് പലരും ഗോസിപ്പ് പറഞ്ഞേക്കാം. പക്ഷേ ദൈവത്തിന് ഒരിക്കലും തെറ്റ് സംഭവിക്കാറില്ല.   


 ശരീര ശാസ്ത്രവും മനശാസ്ത്രവും ഉണ്ടാകുന്നതിനു വളരെ മുമ്പ് ദാവീദ് മനുഷ്യ സൃഷ്ടിയെപ്പറ്റി പറഞ്ഞു:

 "ഭയങ്കരവും അതിശയകരവുമായി ഞാൻ സൃഷ്ടിക്കപ്പെട്ടതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു." (സങ്കീർത്തനം 139:14)


 ശ്രേഷ്ഠനാകുവാൻ നിങ്ങൾ മറ്റൊരാളെപ്പോലെ ആകേണ്ട കാര്യമില്ല. നിങ്ങൾ ഇതിനകം തന്നെ ദൈവത്തിന്റെ സമുന്നത സൃഷ്ടിയാണ്. എല്ലാ സൃഷ്ടികളിലും അപൂർണ്ണതയും പരിമിതികളും ഉണ്ട്. അത് അവരെ വ്യത്യസ്തരാക്കുന്ന ഘടകങ്ങളാണ്. 


 നിങ്ങൾ ദുർബലനല്ല. സർവ്വശക്തന്റെ സമുന്നത സൃഷ്ടിയാണ്. 

 നിങ്ങൾ ദൈവത്തിന്റെ പ്രിയപ്പെട്ട കുഞ്ഞാണ്. അവൻ നിങ്ങളുടെ കണ്ണുനീരും, നിശബ്ദ പ്രാർത്ഥനകളും, ക്ഷീണിച്ച ഹൃദയവും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ട്.  


“ഗർഭപാത്രത്തിൽ നിന്നെ രൂപപ്പെടുത്തുന്നതിനു മുമ്പ്, ദൈവം നിന്നെ അറിഞ്ഞിരുന്നു, ഇപ്പോഴും അറിയുന്നു എന്ന സത്യം മറക്കരുത് (യിരെമ്യാവ് 1:5)


 പരിമിതികളിൽ നിന്നും അപകർഷതാബോധത്തിൽ നിന്നും ദൈവം നിന്നെ സുഖപ്പെടുത്തും. എല്ലാ പ്രതിസന്ധികളും ഒരു ദിവസം കൊണ്ട് തീരില്ല. രോഗശാന്തി സാവധാനത്തിലും സൗമ്യമായും ആണ് സംഭവിക്കുന്നത്- ഒരു നീണ്ട രാത്രിക്കു ശേഷം വരുന്ന പ്രഭാത സൂര്യനെപ്പോലെ.


 ചില വിസ്മയ സത്യങ്ങൾ അംഗീകരിക്കുവാൻ നീ മനസ്സിനെ ട്രെയിൻ ചെയ്യണം:

• ഞാൻ ദൈവത്തിന്റെ പ്രിയപ്പെട്ട അമൂല്യ സൃഷ്ടിയാണ്.  

• ദൈവത്തിന് എന്നെക്കൊണ്ട് ചില നിയോഗങ്ങൾ 

  പൂർത്തിയാക്കുവാനുണ്ട്.

• മറ്റുള്ളവരുമായി ഞാൻ എന്നെ താരതമ്യപ്പെടുത്തേണ്ട ആവശ്യമില്ല. അവർ അവരും ഞാൻ ഞാനുമാണ്. 


 ഈ അനുകൂല ചിന്തകൾ രോഗശാന്തിയിലേക്കുള്ള അൽഭുത ചുവടുവെപ്പുകളാണ്. വ്യക്തിത്വവികാസത്തിന്റെ പടവുകളാണ്. അനന്ത സാദ്ധ്യതയിലേക്കുള്ള പറക്കുവാനുള്ള ആത്മവിശ്വാസത്തിന്റെ ചിറകുകളാണ്. 


സുഹൃത്തേ, ഒരു ചെറിയ സംഭവം പറയട്ടെ? 

ഒരു കൊച്ചുകുട്ടി ഒരു ലളിത ചിത്രം വരച്ച് അച്ഛന് കൊടുത്തിട്ട് പറഞ്ഞു: "ഇത് ഞാൻ വരച്ചതാണ്. അത്ര നല്ലതൊന്നുമല്ല."

അച്ഛൻ പറഞ്ഞു:

 'കുഞ്ഞേ, എനിക്ക് ഇത് വളരെ ഇഷ്ടമായി, കാരണം നീയാണ് ഇത് വരച്ചത്.'

അദ്ദേഹം അത് ഫ്രെയിം ചെയ്ത്, ഭിത്തിയിൽ ഉറപ്പിച്ചു.  


സ്വർഗ്ഗത്തിലെ അപ്പൻ നിങ്ങളെക്കുറിച്ചും അങ്ങനെയാണ് ചിന്തിക്കുന്നത്. അപ്പൻ നിങ്ങളെ സ്നേഹിക്കുന്നത് നിങ്ങൾ പൂർണ്ണനായതുകൊണ്ടല്ല, നിങ്ങൾ അപ്പന്റെ സ്വന്തമായതുകൊണ്ടാണ്. നിങ്ങളെ നിങ്ങളായി അംഗീകരിക്കുക, സ്നേഹിക്കുക. 


നിങ്ങളിൽ ഒരു അത്ഭുത ശക്തിയുണ്ട്. അതിന്റെ അനന്ത സാധ്യതകൾ അനവധിയാണ്. കമോൺ, വിസ്മയ പ്രതിഭാസമായി പ്രകാശിക്കൂ സുഹൃത്തേ!

-ഫാ. ഡോ. ഏ. പി. ജോർജ്


No comments:

Post a Comment