സ്നേഹം, അനുകമ്പ, കൃതജ്ഞത തുടങ്ങിയ അനുകൂല വികാരങ്ങളുടെ ഔഷധമൂല്യങ്ങളെപ്പറ്റി അനേകം പഠനങ്ങൾ നടന്നിട്ടുണ്ട്. ബൈബിൾ പരിചയപ്പെടുത്തുന്ന 'Agape' (അഗാപെ) പരിവർത്തന ശേഷിയുള്ള വിസ്മയ സ്നേഹമാണ്. മറ്റുള്ളവരുടെ നന്മക്കും ശ്രേയസ്സിനും പ്രാധാന്യം കൊടുക്കുന്ന, ഉപാധികളില്ലാത്ത നിസ്വാർത്ഥ സ്നേഹമാണ് അഗാപെ. ഇത് ഒരു വികാരം മാത്രമല്ല, ബോധപൂർവമായ തീരുമാനം കൂടിയാണ്.
ഭൗതിക ആകർഷണത്തെയോ മറ്റുള്ളവരുടെ പെരുമാറ്റത്തെയോ ആശ്രയിച്ചുള്ള സ്‌നേഹമല്ല അഗാപെ. 'നിബന്ധനകളില്ലാത്ത അംഗീകാരം' (unconditional positive regard) എന്ന ഹ്യുമനിസ്റ്റിക് സൈക്കോളജിയുടെ ആശയത്തോടാണ് അഗാപെക്ക് സാമ്യം. എല്ലാവരെയും ആദരപൂർവം കാണുന്ന, തുറവിയുള്ള ഹൃദയത്തിന്റെ ആർദ്രഭാവമാണ് അഗാപെ.
അഗാപെ സ്നേഹം മനുഷ്യനിലെ നന്മയെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, പ്രതികാര - പ്രതിരോധ പ്രവണതകളെ ശാന്തമാക്കുന്നു.
സുരക്ഷയും അംഗീകാരവും സാന്ത്വനവും ലഭിക്കുന്ന സാഹചര്യങ്ങളിലാണ് മുറിവേറ്റ മനസ്സ് സുഖപ്പെടുന്നത്. ഈ മൂന്നു ചേരുവകളുമുള്ള 'മിറക്കിൾ മെഡിസിൻ' ആണ് അഗാപെ. അഗാപെ ജീവിത ശൈലിയാക്കുമ്പോൾ മസ്തിഷ്കത്തിലെ ഭീഷണി സംവിധാനം (threat system) ശാന്തമാകും സ്‌ട്രെസ് ഹോർമോൺ കുറയും വൈകാരിക നിയന്ത്രണം മെച്ചപ്പെടും പിരിമുറുക്കം ലഘൂകരിക്കപ്പെടും. സ്വയം കുറ്റപ്പെടുത്തലിന്റെ ആന്തരിക കൊടുങ്കാറ്റുകൾ ശാന്തമാകും.
വിഷാദം, ഉത്കണ്ഠ, ട്രോമയുമായി ബന്ധപ്പെട്ട മുറിവുകൾ, വെറുപ്പ്, പ്രതികാരം എന്നിവയുടെ കാഠിന്യം ലഘുകരിക്കുവാൻ അഗാപെ ശീലമാക്കുന്നത് സഹായകമാണെന്നാണ് നിരീക്ഷണം.
പല മാനസിക മുറിവുകളുടെയും അടിസ്ഥാനം അവഗണനയും തിരസ്കരണവും സ്നേഹിക്കപ്പെടാതിരിക്കലും ആണ്. അഗാപെ ഈ അടിസ്ഥാന മുറിവുകളെയാണ് നേരിട്ട് സ്പർശിക്കുന്നത്. ജീവിത ദുരന്തങ്ങളുടെയും വീഴ്ചകളുടെയും
പേരിൽ സ്വന്തം അസ്തിത്വവും മൂല്യവും തെറ്റായി വിലയിരുത്തുന്ന നിഷേധ ചിന്താഗതികളെ അഗാപെ തിരുത്തുന്നു. അനുകൂല ചിന്തകളിലേക്ക് മനസ്സിനെ കൈപിടിച്ച് നടത്തുന്നു.
അഗാപെയുടെ പ്രധാന ഘടകമായ മാപ്പ് ചോദിക്കലും മാപ്പുകൊടുക്കലും സംഘർഷം കുറയ് ക്കുവാനും മാനസികാരോഗ്യം മെച്ചപ്പെടുത്തുവാനും സഹായകമാണെന്ന് ദൈവശാസ്ത്രവും മനശ്ശാസ്ത്രവും സ്ഥിരീകരിക്കുന്നു. മാപ്പുകൊടുക്കൽ ദുരന്തങ്ങളെ മറക്കലല്ല, ആ സംഭവവുമായി ബന്ധപ്പെട്ട നിഷേധ ചിന്തകളിൽ നിന്നുള്ള വിമുക്തി നേടലാണ്.
പ്രതിരോധിക്കുന്നതിന് പകരം മുൻവിധികളില്ലാതെ മറ്റുള്ളവരെ ക്ഷമയോടെ കേൾക്കുന്നതാണ് അഗാപെ.
സ്വന്തം പരാജയങ്ങളിൽ കുറ്റപ്പെടുത്താതെ സ്വയം കരുണ കാണിക്കുന്നതാണ് അഗാപെ.
പ്രതിഫലം പ്രതീക്ഷിക്കാത്ത നിർമ്മല സ്നേഹമാണ് അഗാപെ.
പരിശ്രമത്തിലൂടെ ഈ സാത്വീക സ്വഭാവ ഗുണങ്ങൾ വളർത്തിയെടുക്കുവാൻ കഴിയും.
വിശ്വാസപരമായ കാഴ്ച്ചപ്പാടിൽ അഗാപെയുടെ ഉറവിടം ദൈവമാണ് — മനുഷ്യനെ നിബന്ധനകളില്ലാതെ സ്നേഹിക്കുന്ന ദൈവം. മനഃശാസ്ത്രപരമായി, വ്യക്തിത്വത്തിന്റെ ഉദാത്തമായ സമഗ്രതാ ശേഷിയും പക്വതയും പ്രതിഫലിപ്പിക്കുന്നതാണ് അഗാപെ. ഈ രണ്ടു കാഴ്ച്ചപ്പാടുകളും ഒന്നിക്കുമ്പോൾ, ചിന്തകളെയും വികാരങ്ങളെയും ബന്ധങ്ങളെയും ജീവിതലക്ഷ്യത്തെയും സ്പർശിക്കുന്ന സമ്പുർണ്ണ സൗഖ്യം
( holistic healing) അഗാപെയിലൂടെ സാധ്യമാകും.
അഗാപെ ഒരാളെ ദുർബലനാക്കുന്നില്ല; അത് സങ്കുചിത തടവറയിൽ നിന്നും സ്വതന്ത്രനാക്കും. സാഹചര്യങ്ങൾ മാറ്റികൊണ്ടല്ല, സ്വഭാവ ശൈലിയിൽ പരിവർത്തനം വരുത്തിയാണ് അഗാപെ സുഖപ്പെടുത്തുന്നത്. അഗാപെ ശീലമാക്കുമ്പോൾ, മനസ്സ് അതിന്റെ ആദിമ രൂപകൽപ്പനയിലേക്ക് (default setting) മടങ്ങുന്നു.
മനുഷ്യ ജീവിതങ്ങളിലൂടെ ദൈവം സംസാരിക്കുന്ന ഭാഷയാണ് അഗാപെ.
പുതുവർഷത്തിൽ ഇതൊന്നു പരീക്ഷിച്ചു നോക്കിയാലോ?