നൂറ്റിപത്തിൽ ചീറിപ്പാഞ്ഞു വന്ന കാർ ട്രാഫിക് പോലീസ് ഓഫീസർ കൈകാണിച്ചു നിർത്തി. കുഞ്ഞിട്ടൻ വണ്ടിയിൽ നിന്ന് ഇറങ്ങി ഓഫീസറെ തൊഴുത് നിന്നു.
' എന്താ ഉദ്ദേശം, നൂറിന് മീതെ ആണല്ലോ നരിപ്പാച്ചിൽ ?'
'ഒരു സമാധാനവുമില്ല സാറേ, ജീവിതം മടുത്തു' - കുഞ്ഞിട്ടൻ പറഞ്ഞു.
ഓഫീസർ കുഞ്ഞിട്ടനെ തൊട്ടടുത്തുള്ള ബദാം വൃക്ഷത്തിന്റെ ചുവട്ടിലേക്ക് കൊണ്ടുപോയി.
' പറയ്, എന്താ തന്റെ പ്രശ്നം?'
'ദൈവത്തെ തേടി അലഞ്ഞ ജീവിതമാണ് സാറെ, എന്റേത്. ഓർമ്മവച്ച നാൾ മുതൽ 'ദൈവം എവിടെ'യെന്ന ചോദ്യം എനിക്ക് സ്വസ്ഥത തന്നിട്ടില്ല. എന്റെ ഉള്ളിൽ അതെപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. എന്റെ കൂട്ടുകാർക്കൊന്നും അത്തരം ഒരനുഭവമില്ലായിരുന്നു.
മാതാപിതാക്കൾക്ക് എന്റെ ചോദ്യത്തിന് ഉത്തരം തരാനുള്ള അറിവില്ലായിരുന്നു. നെറ്റിയിൽ കുരിശിട്ടു കിടന്നാൽ പേടീം മാറും ഉറക്കോം കിട്ടുമെന്ന് അവർ പറഞ്ഞു തന്നു. സൺഡേ സ്കൂളിൽ, യൂത്ത് ക്യാമ്പിൽ, പെരുന്നാളുകളിൽ, ധ്യാനകേന്ദ്രങ്ങളിൽ... എല്ലായിടവും അലഞ്ഞു നടന്നു. ഉത്തരം കിട്ടാത്ത ചോദ്യം മാത്രം അവശേഷിച്ചു: 'ദൈവം എവിടെ, എവിടെ ?'
പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞതോടെ ചോദ്യത്തിന്റെ വ്യാപ്തി വർദ്ധിച്ചു. ഉത്തരത്തിനു വേണ്ടിയുള്ള ആന്തരിക സമ്മർദ്ദം കൂടി കൂടി വന്നു.
ഗവേഷണ വിദ്യാർത്ഥിയായപ്പോൾ സെർച്ചും റീ സേർച്ചും നടത്തിയ പ്രധാന വിഷയവും ഇതുതന്നെയായിരുന്നു. ഡോക്ടർ ബിരുദം കിട്ടിയപ്പോഴും പ്രൂവ് ചെയ്യാത്ത ഹൈപോത്തെസിസ് ആയി 'ദൈവം' തുടർന്നു.
അകലെയുള്ള ഒരു വനത്തിൽ ഗുഹാവാസിയായ ഒരു സിദ്ധൻ ഉണ്ടെന്നും ദൈവത്തെ നേരിട്ട് കാണുന്ന മനുഷ്യനാണെന്നും കേട്ട് അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു. ആൽമരത്തിന്റെ വേരുകൾ പോലെ നീണ്ട താടിയും മുടിയും ചോരക്കണ്ണുമുള്ള ഒരു ഗുഹാ മനുഷ്യൻ. ആവശ്യം പറഞ്ഞപ്പോൾ 'അടുത്ത ബുധനാഴ്ച രാത്രി മൂന്നരയ്ക്ക് കാണാം, കൂടെ താമസിച്ചോളൂ' എന്ന് പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെ അദ്ദേഹം രാത്രികളിൽ അലറുകയും സ്വയം മുറിവേൽപ്പിക്കുകയും ചെയ്യുമായിരുന്നു.
ബുധനാഴ്ച രാത്രി രണ്ടു മണിയായപ്പോൾ' നോക്കിയിരുന്നോ, ഇപ്പോഴെത്തും' എന്ന് പറഞ്ഞ് ഗുഹയിലെ എണ്ണതിരി കെടുത്തി. കൂരിരുട്ടായി. 'ദേ വന്നു, ദേ പോയി' എന്നദ്ദേഹം പറഞ്ഞപ്പോൾ, 'എവിടെ' എന്ന് ചോദിച്ചതും കല്ലുകൊണ്ട് എന്റെ തലക്കടിച്ചതും ഒരുമിച്ചായിരുന്നു. ഞാൻ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.
'പിന്നെന്തു ചെയ്തു?'
എന്റെ മനോനില തകരാറിലാണെന്ന് നാട്ടുകാർ പറഞ്ഞതുകേട്ട് ബലമായി ചികിത്സിക്കാൻ വീട്ടുകാർ തീരുമാനിച്ചു. പിടികൊടുക്കാതെ ഞാൻ നാടുവിട്ടോടി.
അനേകം സഭകളിലും മതങ്ങളിലും അന്വേഷിച്ചു. നേർച്ച കാഴ്ചകളില്ലാതെ ദൈവത്തെ ഫ്രീയായിട്ടൊന്നും കാണാൻ പറ്റില്ലെന്നാണ് ദ്വാരപാലകരും ആത്മീയ വ്യവസായ ലോബികളും പറഞ്ഞത്.
ദൈവത്തെ വൈജ്ഞാനികവും സയന്റിഫിക്കുമായി യുക്തിസഹമാക്കാൻ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് തിയോളജിയിൽ മിനിമം ബിരുദമെങ്കിലും വേണമെന്ന് ഒരു ജ്ഞാനി പറഞ്ഞു. അങ്ങനെ ബിഡിക്കും ചേർന്നു.
ബിബ്ളിക്കൽ, ഹിസ്റ്റോറിക്കൽ, ഡോഗ്മാറ്റിക്, സിസ്റ്റമാറ്റിക്, പ്രാക്ടിക്കൽ തുടങ്ങിയ തിയോളജികൾ പ്രൊഫ. ശാസ്ത്രിമാർ വച്ച് കാച്ചി. 'നോൺ ഡ്യൂവാലിറ്റി'യെപ്പറ്റി വാചാലമായി സംസാരിച്ച പ്രൊഫസറോട്, 'സംഗതി നേരിട്ട് കണ്ടിട്ടുണ്ടോ ' എന്ന് ചോദിച്ചത് അദ്ദേഹത്തിന് ഇഷ്ടമായില്ല. മേലിൽ ക്ലാസിൽ അൺപാർലമെന്ററി ചോദ്യങ്ങൾ ചോദിക്കില്ലെന്ന് അപ്പോളജി എഴുതിക്കൊടുക്കണമെന്ന് പറഞ്ഞു.
അവിടന്നും പോന്നു.
ഓഡിയോ വിഷ്വൽ ഇഫെക്റ്റോടെ ചോദ്യം ഹൃദയത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു : 'ദൈവം എവിടെ?'
പ്രാർത്ഥിച്ചു, യാചിച്ചു, ഉപവസിച്ചു. പക്ഷേ മറുപടിയില്ല. ഉറങ്ങാനും വിശ്രമിക്കാനും കഴിയാതെ മുപ്പത്തിരണ്ട് നീണ്ട കൊല്ലങ്ങൾ ഒരേ ചോദ്യത്തിന്റെ ഉത്തരം തേടി അലയുന്ന പാപിയാണ് സാറെ ഞാൻ. അങ്ങനെ ഗതികിട്ടാത്ത ആത്മാവായി ഓടുന്നതിനിടയിലാണ് വണ്ടിയുടെ കൺട്രോളും നഷ്ടപ്പെട്ട് ഞാൻ സാറിന്റെ മുമ്പിൽ വന്നുപെട്ടത്. സോറി സർ.
കുഞ്ഞിട്ടൻ ഓഫീസറുടെ കാൽക്കൽ വീണു.
' ബൈബിൾ വായിച്ചിട്ടുണ്ടോ?' ഓഫീസർ ചോദിച്ചു.
'ഞങ്ങളുടെ വീട്ടിൽ ആരെങ്കിലും മരിക്കുമ്പോഴാണ് ആ ബുക്ക് വായിക്കാറുള്ളത്. സെമിനാരി പഠനത്തിനിടയ്ക്ക് രണ്ടുമൂന്ന് പ്രാവശ്യം റഫറൻസിന് മറിച്ചു നോക്കി. ഞാൻ അന്വേഷിച്ച ഉത്തരങ്ങളൊന്നും അതിൽ കണ്ടില്ല. പിന്നെ അത് ഉപേക്ഷിച്ചു. അല്ലെങ്കിലും സെമിനാരി പഠനത്തിന് ആ പുസ്തകത്തിന്റെ വലിയ ആവശ്യമില്ലായിരുന്നു.
അദ്ദേഹം പോക്കറ്റിൽ നിന്ന് ഒരു ചെറിയ ബൈബിൾ എടുത്ത് കുഞ്ഞിട്ടന് കൊടുത്തുകൊണ്ട് പറഞ്ഞു :
' നിന്റെ അന്വേഷണ യാത്രയുടെ പര്യവസാനദിവസമാണ് ഇന്ന്.
ഈ ബദാം വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ഇതു വായിക്കണം. വായിച്ചുകൊണ്ടേയിരിക്കണം. അന്വേഷിച്ചത് കണ്ടെത്തും വരെ കണ്ണ് തുറന്ന് വായിക്കണം.'
' കണ്ണ് തുറന്നോ?'
'ഉം'
' ആരാണ് സാർ കണ്ണു തുറന്നു തരുന്നത് ?'
'വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം' - പുഞ്ചിരിച്ചുകൊണ്ട് ഓഫീസർ കുഞ്ഞിട്ടനെ സ്നേഹപൂർവ്വം തലോടി. പെട്ടെന്ന് അദ്ദേഹം ആടിഉലയുന്ന തരംഗിത രൂപമായി മാറി. പിന്നെ അപ്രത്യക്ഷനായി!
കുഞ്ഞിട്ടൻ മരച്ചുവട്ടിലിരുന്ന് വായന തുടങ്ങി. ഇതളിതളായി വിരിയുന്ന പൊരുളിൽ വിസ്മയഭരിതനായി അദ്ദേഹം ദിവസങ്ങളും മാസങ്ങളും വായന തുടർന്നു.
ബദാം വൃക്ഷം ഉൾപ്പെടുന്ന രണ്ടേക്കർ സ്ഥലം വിലയ്ക്കുവാങ്ങി. ചെറിയ കുടിൽകെട്ടി അതിനകത്തിരുന്നായി പിന്നെ വായന. ആളുകൾ വന്ന് കൗതുകത്തോടെ നോക്കി നിന്നു. പലരും പലതും ചോദിച്ചെങ്കിലും കുഞ്ഞിട്ടൻ മറുപടിയൊന്നും പറഞ്ഞില്ല. പിന്നെ സൈലന്റ് വ്യൂവേഴ്സ് മാത്രമായി.
വർഷം ഒന്നു കഴിഞ്ഞപ്പോൾ ചിലർ ഒപ്പം വന്നിരുന്നു ബൈബിൾ വായന തുടങ്ങി. ക്രമേണ വായനക്കാരുടെ എണ്ണം കൂടി. രണ്ടേക്കർ സ്ഥലത്ത് ആളുകൾക്ക് സൗകര്യപ്രദമായിരുന്ന് ബൈബിൾ വായിക്കുവാൻ ലളിതമായ കെട്ടിടം തീർത്തു. വളരെ പെട്ടെന്ന് അത് മുഴുവനും വായനക്കാരെക്കൊണ്ട് നിറഞ്ഞു. പിന്നെ എട്ടേക്കർ കൂടി വാങ്ങി. രാവും പകലും അനേകായിരങ്ങൾക്ക് ബൈബിൾ വായിക്കാനുള്ള ഇരിപ്പിടവും ഒരുക്കി. അവിടുത്തെ ബസ്റ്റോപ്പിന് 'വായനപ്പടി' എന്ന് പേരായി.
ബൈബിൾ വായനയ്ക്ക് എല്ലാ പ്രായക്കാരും എത്തി. ഇന്തുപ്പിട്ട മല്ലി വെള്ളം സുലഭമായി ഒരുക്കിയിരുന്നു. വേദനിക്കുന്നവർ, രോഗികൾ, സൗഖ്യം ലഭിച്ചവർ, ഒറ്റപ്പെട്ടു പോയവരൊഒക്കെ വായനാ സഹകാരികളായി.
യാചിക്കുന്നവരും മുട്ടുന്നവരും അന്വേഷിക്കുന്നവരുമായ ജനസഹസ്രങ്ങൾ തിരുവചനത്തിന്റെ വാതുക്കൽ ഒത്തുചേർന്നു.
വായനശാലയിൽ സമ്പൂർണ്ണ കർശന നിശബ്ദത നിർബന്ധമായിരുന്നു.
ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾക്കാനുമില്ല...
വായനക്കാരെ നിയന്ത്രിക്കുവാൻ ചേവകരില്ല. മാർഗ്ഗനിർദ്ദേശത്തിന് മൈക്ക് അനൗൺസ്മെന്റില്ല. രജിസ്ട്രേഷനില്ല, നേർച്ച വഴിപാടും ഭണ്ഡാരങ്ങളുമില്ല. സാക്ഷയുള്ള വാതിലുകളില്ല, സാക്ഷികളും സാക്ഷ്യങ്ങളുമില്ല. മറുഭാഷയും വെളിപാടും മിറക്കിൾ ക്യൂവറും ഏറ്റുപ്രസംഗങ്ങളുമില്ല. ലൗഡ് സ്പീക്കർ, ഫീഡ്ബാക്ക്, ഗായകസംഘം, പശ്ചാത്തലസംഗീതം... ബിൽകുൽ നഹി!
പട്ടക്കാരും മേൽപ്പട്ടക്കാരും സന്നിന്ദ്രിം സംഘങ്ങളും അണികളുമില്ല. ആൾദൈവങ്ങളും പരമാധികാരികളും നൊവെയർ ടു ഫൈന്റ് ഔട്ട് . ട്രസ്റ്റിയും മുതൽപ്പിടിയന്മാരും ആത്മീയത്തിലെ അഥർ ഡ്യൂട്ടിക്കാരുമില്ല. ആദിയിലുണ്ടായിരുന്ന അത്ഭുതവചനം ആയിരക്കണക്കിന് രാജകിയ പുരോഹിത മനസ്സുകളെ സത്യത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു.
മെമ്പർഷിപ്പ് ഫീസും പെരുന്നാൾ പിരിവും റാസയും ആത്മീയ ആർഭാടങ്ങളും മൃഗീയ വിരുന്നുകളും ഈ തിരുവചന വിരുന്നുശാലയിലില്ല
മാമോൻ സമാഹാരണവും നീക്കിയിരുപ്പുമില്ലാത്ത നുതന അത്മീയ ശൈലി! ' വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുതു; രണ്ടു ഉടുപ്പും അരുതു '(ലൂക്കോസ് 9:3) എന്ന ഇടയന്റെ കല്പന അനുസരിക്കുന്ന കുഞ്ഞാടുകൾ.
വചന വിരുന്നുശാലയിലേക്ക് സർവ്വർക്കും സ്വാഗതം. സഭ-കക്ഷി-മത ഭേദമില്ലാതെ എല്ലാവർക്കും കടന്നുവരാം, ബൈബിൾ വായിക്കാം. ക്രിസ്തുവിനോടു ചേർന്നുള്ള ആത്മീയ യാത്രയിൽ പങ്കാളികളാകാം.
ഒരു കൈക്കുമ്പിൾ വെള്ളവുമായി സമുദ്രതീരത്ത് നിൽക്കുന്നവന്റെ വിസ്മയഭാവമാണ് കുഞ്ഞിട്ടനിപ്പോൾ. അറിഞ്ഞതിനേക്കാൾ അറിയാനുള്ളതിനു വേണ്ടിയുള്ള ജിജ്ഞാസയോടെ കുഞ്ഞിട്ടൻ 24/7 വായന തുടരുന്നു. അവനോടൊപ്പം വചനത്തിന്റെ വഴിയെ ജനസഹസ്രങ്ങളും.
🙏
'ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.'
യോഹന്നാന്‍ 1 : 1
- ഫാദർജി
No comments:
Post a Comment