നിങ്ങൾക്ക് ലോകത്തെ മാറ്റണമെങ്കിൽ മാറ്റം നിങ്ങളിൽ നിന്ന് തന്നെ തുടങ്ങണമെന്നാണ് മഹാത്മാഗാന്ധിയുടെ ഉപദേശം.
ധാർമിക മൂല്യങ്ങളിലും ദൈവീക പ്രമാണങ്ങളിലും എന്നും എപ്പോഴും ഉറച്ചു നിൽക്കണം. എന്നാൽ നമുക്കും മറ്റുള്ളവർക്കും പ്രയോജനകരമായ ജീവിത പരിണാമങ്ങളെ അംഗീകരിക്കുവാനും ഉൾകൊള്ളുവനും തയ്യാറകണം. അല്ലെങ്കിൽ കുടുംബ- ദാമ്പത്യ- സാമൂഹ്യ ബന്ധങ്ങളിൽ നമുക്കെന്നുമെപ്പോഴും പ്രതിസന്ധികളായിരിക്കും.
എന്തൊക്കെ മാറ്റങ്ങളാണ് നമ്മളിൽ ഉണ്ടാകേണ്ടത്?
ഏതെല്ലാം കാര്യങ്ങളിലാണ് വിട്ടുവീഴ്ചകൾ ആവശ്യമായിട്ടുള്ളത്?
-കഴിഞ്ഞകാല അനുഭവങ്ങളുടെ കുഴിമാടം തുറന്ന് നിരാശയും പ്രതികാര ചിന്തകളുമാകുന്ന ബാധകളെ ഉണർത്തി മനസ്സും വികാരങ്ങളും മുറിവേൽപ്പിക്കുന്നത് ഒഴിവാക്കണം. അതൊക്കെ മനസ്സിന്റെ ഹാർഡ്‌വെയർ ഫയലുകളിൽ നിത്യവിശ്രമം കൊള്ളട്ടെ.
-ഓരോ പ്രഭാതവും ഒരു പുതിയ ദിവസവും ഒരു പുതിയ ഭാവിയുടെ തുടക്കവുമായി കാണുവാൻ ശ്രമിക്കണം. പരാജയങ്ങളുടെ ആവർത്തനമായി നാളെകളെ കാണുമ്പോൾ പ്രത്യാശയും പ്രതീക്ഷയും മങ്ങി, മനസ്സ് മേഘാവൃതമാകും. കഴിഞ്ഞതൊക്കെ ദുർദിനങ്ങളും ദുരനുഭവങ്ങളുമായിരുന്നെങ്കിലും ഒരു വസന്തകാലം ഇനിയും വന്നുകൂടെന്നില്ലല്ലോ? എപ്പോഴും ഒരു ശുഭാപ്തി വിശ്വാസിയായിരിക്കുന്നതാണ് നല്ലത്.
'കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി.'യിരെമ്യ 29 : 11
- മറ്റുള്ളവരെ മാറ്റുവാൻ ശ്രമിക്കുന്നത് അവരുടെ മേലുള്ള കടന്നുകയറ്റവും ബലപ്രയോഗവുമാണ്.
അതിന് ശക്തമായ പ്രതിരോധവും തിരിച്ചടികളും ഉണ്ടാകും. മാറുവാനും മാറാതിരിക്കുവാനുമുള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ദൈവം മാനിക്കുന്നതുപോലെ നമ്മളും മാനിക്കണം. അനുകമ്പയും സ്നേഹവും കൊണ്ട് മാത്രമേ മറ്റുള്ളവരെ തിരുത്തുവാനും അനുകൂല മാറ്റങ്ങൾക്ക് പ്രേരിപ്പിക്കുവാനും കഴിയുകയുള്ളൂ.
- ബന്ധങ്ങൾക്കിടയിലെ പ്രതിസന്ധി നമ്മുടെ സൈക്കിക് എനർജി ചോർത്തികളയും. മനസ്സിൽ ഉണങ്ങാത്ത വൃണത്തിന്റെ ശമിക്കാത്ത വേദനയുണ്ടാക്കും. അനാവശ്യ സംശയങ്ങൾക്കും തെറ്റുദ്ധാരണകൾക്കും അത് കാരണമാകും.
ക്രിസ്തുവിന്റെ സ്നേഹത്തിൽ മറക്കുവാനും മാപ്പു കൊടുക്കുവാനും അനുരഞ്ജനത്തിനും ശ്രമിക്കുമ്പോൾ ആന്തരിയ സംഘട്ടനങ്ങളും പിരിമുറുക്കങ്ങളും ഒഴിവാക്കുവാൻ സാധിക്കും. വഴിപാട് അൾത്താരയ്ക്ക് മുമ്പിൽ വെച്ചിട്ടു പോയി അകന്നവരുമായി നിരപ്പായി വരുവാനുള്ള കർത്താവിന്റെ കൽപ്പന അനുസരിക്കുന്നത് അത്ര എളുപ്പമല്ല, അതിന് ശ്രമിക്കുമ്പോൾ മിഥ്യാഭിമാനത്തിന്റെ പ്രശ്നങ്ങളുണ്ടാകും. പക്ഷേ ദൈവം സ്തോത്രബലി സ്വീകരിക്കുവാനും അനുഗ്രഹങ്ങളും പാപക്ഷമയും ലഭിക്കുവാനും ഈ 'സറണ്ടർ' അത്യാവശ്യമാണ്.
-നമ്മളെ സന്തോഷിപ്പിക്കേണ്ടത് മറ്റുള്ളവരുടെ ബാധ്യതയാണെന്ന് ഒരിക്കലും ചിന്തിക്കരുത്; പ്രതീക്ഷിക്കരുത്. അത് നമ്മുടെ ഉത്തരവാദിത്വമാണ്. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദൈവികസ്രോതസ്സുകൾ കണ്ടെത്തേണ്ടതും ആത്മാവിൽ അനുഭവമാക്കേണ്ടതുമൊക്കെ നമ്മുടെ ചുമതലയാണ്.
- കായിക ശക്തിയും മനസ്സിന്റെ സമഗ്രതയും താളംതെറ്റിക്കുന്ന പ്രതിസന്ധി ഘട്ടമാണ് വാർദ്ധക്യം. ആയാസ പൂർണ്ണമായ ചുവടുവെപ്പിന്റെ കാലഘട്ടമാണത്. ഒറ്റപ്പെടലും ഒഴിവാക്കപ്പെടലും ഈ ശൈത്യകലത്തിലെ അനിവാര്യതകളാണ്. ആയുസ്സിന്റെ തമ്പുരാൻ സെറ്റ് ചെയ്തിരിക്കുന്ന ഫൈനൽ ഡെസ്റ്റിനേഷൻ വരെ ഇടറും പാദങ്ങളുമായി സ്വയം നടന്നെത്തണം. അതാണ് പ്രകൃതിനിയമം. വാർദ്ധക്യത്തിന്റെ സഹനങ്ങൾക്ക് ജീവിതപങ്കാളിയോ മക്കളോ ഉത്തരവാദികളല്ല. പരിഭവവും പരാതിയും ഇല്ലാതെ ഈ അഗ്നിപരീക്ഷയും പാസായിട്ട് വേണം നിത്യ നാട്ടിലേക്കുള്ള പ്രമോഷൻ കിട്ടാൻ. ചലോ ബായ് ചലോ.
അതെ, മാറ്റങ്ങൾ ജീവിതത്തിലെ അനിവാര്യതയാണ്. ജീവിതത്തിന്റെ ഋതുഭേദങ്ങൾക്കനുസരിച്ച് നമ്മുടെ മനോഭാവവും മാറണം. സമൂഹവും പ്രകൃതിയും ജീവജാലങ്ങളും മാറ്റങ്ങളോട് സഹകരിക്കുമ്പോൾ നമുക്കു മാത്രം മാറാതെ നിൽക്കുവാനാകില്ല.
ജീവിതത്തിലെ മാറ്റങ്ങളെ പറ്റിയുള്ള ശലോമോന്റെ സമുന്നത കാഴ്ചപ്പാടിങ്ങനെയാണ് :
'എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍കീഴുള്ള സമസ്‌തകാര്യത്തിനും ഒരവസരമുണ്ട്.
ജനിക്കാന്‍ ഒരു കാലം, മരിക്കാനൊരു കാലം...
കരയാന്‍ ഒരു കാലം, ചിരിക്കാന്‍ ഒരു കാലം,
വിലപിക്കാന്‍ ഒരു കാലം, നൃത്തംചെയ്യാന്‍ ഒരു കാലം...
സമ്പാദിക്കാന്‍ ഒരു കാലം, നഷ്‌ടപ്പെടുത്താന്‍ ഒരു കാലം,
മൗനം പാലിക്കാന്‍ ഒരു കാലം, സംസാരിക്കാന്‍ ഒരു കാലം...
സ്‌നേഹിക്കാന്‍ ഒരു കാലം, ദ്വേഷിക്കാന്‍ ഒരു കാലം,
യുദ്‌ധത്തിന് ഒരു കാലം, സമാധാനത്തിന് ഒരു കാലം.
സഭാപ്രസംഗി 3 : 1-15
സുഹൃത്തേ, ജീവിത കാലങ്ങൾ പലതാണ്. എല്ലാ കാലങ്ങളും ഒരുപോലെ ആയിരിക്കില്ല. സുഖ- ദുഃഖ കാലങ്ങളിൽ ഡിവൈൻ പ്രൊവിഡൻസിലുള്ള പൊസിറ്റീവ് മെന്റൽ സെറ്റ് നിലനിർത്തുന്നവർക്ക് മാത്രമേ ശക്തമായി ചുവടുകൾ വെച്ച് മുന്നേറുവാൻ കഴിയുകയുള്ളൂ.
-ഫാ. ഡോ. ഏ. പി. ജോർജ്
No comments:
Post a Comment