പഴയ നിയമത്തിലെ യാക്കോബ് തന്റെ മകൻ ജോസഫിനെ അനുഗ്രഹിച്ചപ്പോൾ ശ്രദ്ധേയമായ ഒരു ഇമേജറി കണ്ടു: 'മതിലിനു മുകളിൽ വളരുന്ന ശാഖകളുള്ള ഒരു ഫലഭൂയിഷ്ഠ വൃക്ഷം. '
'നീരുറവയ്‌ക്കരികേ നില്‍ക്കുന്ന ഫലസമൃദ്‌ധമായ വൃക്‌ഷമാണു ജോസഫ്. അതിന്റെ ശാഖകള്‍ മതിലിനു മീതേ പടര്‍ന്നു നില്‍ക്കുന്നു.' ഉല്‍പത്തി 49 : 22
ജോസഫിന്റെ ജീവിതത്തിൽ പൊട്ടക്കുഴി, കാരാഗ്രഹം, അടിമത്വം തുടങ്ങിയ അനേകം മതിൽക്കെട്ടുകൾ ഉണ്ടായിരുന്നു. പ്രതിസന്ധികളുടെ മതിൽക്കെട്ടുകൾ ജോസഫിനെ തടഞ്ഞപ്പോൾ, ദൈവം അവനെ മതിലുകളെക്കാൾ ഉയരത്തിൽ വളർത്തി.
ജോസഫിന്റെ ജീവിതത്തിലെ ആദ്യത്തെ മതിൽ സ്വന്തം കുടുംബത്തിനുള്ളിൽ നിന്നുള്ള വെറുപ്പായിരുന്നു. അവന്റെ സഹോദരന്മാർ അവനെ പുച്ഛിച്ചു, അവന്റെ സ്വപ്നങ്ങളെ തെറ്റുദ്ധരിച്ചു, അവനെ ഒരു അടിമയായി വിറ്റു.
ഊഷര ഭൂമിയിൽ ആഴത്തിൽ കുഴിച്ചിട്ട ഒരു വിത്ത് പോലെ, യോസേഫ് നീണ്ട 13 വർഷങ്ങൾ മറഞ്ഞിരുന്നു.
കഷ്ടതകളിലൂടെ തന്റെ സ്വഭാവത്തെ രൂപപ്പെടുത്താൻ അവൻ ദൈവത്തെ അനുവദിച്ചു. ജീവിതത്തിലെ തിരസ്കരണം ക്രിയാത്മകമായി പ്രോസസ്സ് ചെയ്യുമ്പോൾ, വൈകാരിക പ്രതിരോധശേഷിയും ആന്തരിക ശക്തിയും വളർത്തിയെടുക്കാൻ കഴിയുമെന്ന മനശാസ്ത്ര തത്വം ജോസഫിന്റെ ജീവിതത്തിലൂടെ തെളിയിക്കപ്പെട്ടു.
ജീവിതത്തിലെ മുറിവുകളും പ്രതികൂലതകളും ചിലരിൽ തകർച്ചയും മറ്റു ചിലരിൽ വളർച്ചയും ഉണ്ടാക്കാറുണ്ട്. ഇത് ഓരോരുത്തരുടെയും കാഴ്ചപ്പാടുകൾക്ക് അനുസരിച്ചാണ് രൂപപ്പെടുന്നത്. ജീവിത ദുരന്തങ്ങളിൽ വെറുപ്പിനും പ്രതികാരത്തിനും പകരം ജോസഫ് അനുരഞ്ജനത്തിന്റെ സമീപനം സ്വീകരിച്ചു. ആഘാതങ്ങൾക്ക് ശേഷമുള്ള അതിജീവനത്തിന് (post-traumatic growth) സഹായകങ്ങളായ ഔഷധ ചേരുവകളാണ് മാപ്പു കൊടുക്കലും മറക്കലും.
പോത്തിഫറിന്റെ ഭാര്യയുടെത് ദുരാരോപണമായിരുന്നു എന്ന് കാലം തെളിയിച്ചു. പക്ഷേ അതിന്റെ പേരിൽ കരാഗ്രഹത്തിൽ അടയ്ക്കപ്പെട്ടത് ജോസഫിന്റെ ജീവിതത്തിലെ പ്രതിസന്ധിയുടെ രണ്ടാമത്തെ മതിലായിരുന്നു.
ജോസഫിന്റെ ജീവിതത്തിലെ ഏറ്റവും നീളമുള്ള മതിൽ ജയിലായിരുന്നു—വർഷങ്ങളുടെ നിശബ്ദത, കാലതാമസം, അനീതി എന്നിവയുടെ ദുരന്ത കാലഘട്ടമായിരുന്നു.
നമ്മൾ ആഗ്രഹിക്കാത്ത സ്ഥലങ്ങളിൽ വച്ചാണ് ദൈവം പലപ്പോഴും വലിയ ജീവിതപാഠങ്ങൾ പഠിപ്പിക്കുന്നത്. അതുണ്ടാക്കുന്ന കാലതാമസം ഒരിക്കലും നഷ്ടമല്ല, അനുഗ്രഹ നിഷേധമല്ല; അത് ദിവ്യമായ ഒരുക്ക സമയമാണ്.
കഷ്ടപ്പാട് ദീർഘകാലം തുടരുമ്പോൾ, പലരുടെയും പ്രത്യാശ മങ്ങിപ്പോകാറുണ്ട്. എന്നാൽ ജോസഫ് അപ്പോഴും സന്തുലിത മനോഭാവത്തോടെ തുടർന്നു. തടവിലായിരുന്നപ്പോഴും അദ്ദേഹം മറ്റുള്ളവരെ സേവിച്ചു. ദൈവത്തിന്റെ സമയമായപ്പോൾ, ഒറ്റ ദിവസം കൊണ്ട് ജോസഫിനെ ജയിലിൽ നിന്ന് കൊട്ടാരത്തിലേക്ക് ഉയർത്തി.
'കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല.' യശയ്യാ 55 : 8
ദൈവത്തിന്റെ വിസ്മയ ചിന്തകൾ വിവേചിച്ചറിയുവാൻ മനുഷ്യബുദ്ധിക്കും നിർമ്മിത ബുദ്ധിക്കും കഴിയില്ല.
ഉയരത്തിൽ വളരുവാനുള്ള വൃക്ഷങ്ങളുടെ വേരുകൾ ആദ്യം ആഴത്തിലേക്ക് വളരും. പിന്നെ മുകളിലേക്ക് ഒരു വലിയൊരു കുതിപ്പാണ്. കരാഗ്രഹ ജീവിതകാലങ്ങളിൽ ദൈവത്തിലുള്ള പ്രത്യാശയിൽ ജോസഫിന്റെ ഹൃദയം ആഴത്തിൽ നങ്കൂരം ഉറപ്പിച്ചു. അതുകൊണ്ട്, ദൈവാശ്രയത്തോടെയുള്ള ജോസഫിന്റെ ഔദ്യോഗിക ജീവിതം വൻ വിജയമായി.
തന്നെ ഉപദ്രവിച്ചവരോടുള്ള സമീപനം ആയിരുന്നു ജോസഫിന്റെ അവസാന പരീക്ഷണം. മുറിവേൽപ്പിച്ച സഹോദരന്മാരെ ജോസഫ് ഉപാധികളില്ലാതെ സ്വീകരിച്ചു, മാപ്പു കൊടുത്തു. അങ്ങനെ ആ മതിലും ജോസഫ് വിജയകരമായി ചാടി കടന്നു.
ക്ഷമ ബലഹീനതയല്ല, അത് വൈകാരികവും ആത്മീയവുമായ സ്വാതന്ത്ര്യമാണ്. മാനസിക ഭാരം ഇറക്കി വയ്ക്കുവാനും ആന്തരിക സമാധാനം പുനഃസ്ഥാപിക്കുവാനും ക്ഷമ സഹായകരമാണെന്ന് മനഃശാസ്ത്രം സ്ഥിരീകരിക്കുന്നു. ദുരന്തങ്ങളിൽ നിന്ന് പരമോന്നത സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടപ്പോൾ ജോസഫ് കടക്കാർക്ക് മാപ്പ് കൊടുത്ത്, മനസ്സിലെ പ്രതികാരത്തിന്റെ ഫയലുകൾ ഡിലീറ്റ് ചെയ്തു. ദൈവം നൽകിയ ശ്രേഷ്ഠ നിയോഗങ്ങളിൽ സമഗ്രതയോടെ പ്രവർത്തിക്കുവാൻ അത് സഹായകമായി.
ശുഭപ്രതീക്ഷകളുമായി കഴിഞ്ഞവർഷം ജീവിതത്തിലേക്ക് ചുവട് വച്ച പലർക്കും അതു പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. ജീവിതദുരന്തങ്ങളും ചില മനുഷ്യരും മതിൽ കെട്ടി അവരെ തടഞ്ഞു. ഉന്നത ലക്ഷ്യത്തിലേക്ക് ദൈവം നമ്മെ വഴിതിരിച്ചുവിടുന്നതാണ് അടഞ്ഞ വാതിലുകൾ എന്ന ആത്മിയ സത്യം തിരിച്ചറിയണം.
'മനുഷ്യന്‍ തന്റെ മാര്‍ഗം ആലോചിച്ചുവയ്‌ക്കുന്നു; അവന്റെ കാലടികളെ നിയന്ത്രിക്കുന്നത് കര്‍ത്താവാണ്.'
സദൃശ്യവാക്യങ്ങൾ 16 : 9
വാതിൽ അടച്ചതിനും തുറന്നതിനും ദൈവത്തിന് നന്ദി പറയണം.
നമ്മൾ ഏത് വഴിയേ പോകണമെന്നും നമ്മുടെ 'ഡെഡ് എൻഡ്' എവിടെയാണെന്നും തീരുമാനിക്കുന്നത് ഡിവൈൻ നാവിഗേഷൻ സിസ്റ്റമാണ്.
ഈ പുതുവർഷത്തിലേക്ക് നാം പ്രവേശിക്കുമ്പോൾ, കഴിഞ്ഞ വർഷം നേരിട്ട വെറുപ്പ്, നമുക്ക് മുൻപിൽ അടച്ച വാതിലുകൾ, അപമാനം, കാലതാമസം, നഷ്ടങ്ങൾ തുടങ്ങിയ മതിലുകളെ പരാജയങ്ങളായി ഒരിക്കലും കാണരുത്. മറിച്ച്, സ്വർഗ്ഗസ്ഥ പിതാവിന്റെ ദിവ്യ പരിപാലനങ്ങളായി കാണുന്ന മെന്റൽ സെറ്റ്, റീ സെറ്റ് ചെയ്യണം. അപ്പോൾ നിങ്ങൾക്ക് മുമ്പിലെ യറീഹോ മതിലുകൾ കാൽ ചുവട്ടിൽ തകർന്നു വീഴും!
നിങ്ങളുടെ ഇപ്പോഴത്തെ പ്രതിസന്ധികൾ അന്തിമമല്ല. ഏതോ വിസ്മയ നിയോഗങ്ങൾക്കുള്ള ശാക്തീകരണത്തിനായി തീച്ചുളയിലെ അനുഭവങ്ങളിലൂടെ ദൈവം നിങ്ങളെ നടത്തുകയാണ്. നിങ്ങളുടെ പ്രത്യാശയുടെ വേരുകൾ ജീവജല ഉറവകളിലേക്ക് വളർന്നുകൊണ്ടിരിക്കുകയാണ്. മതിലുകൾക്കു മുകളിലേക്കു സർവ്വശക്തൻ നിങ്ങളെ വളർത്തിക്കൊണ്ടിരിക്കുകയാണ്.
നിങ്ങളെ തടയുവാനും പ്രതിരോധിക്കുവാനും ശ്രമിച്ചവരൊക്കെ വാസ്തവത്തിൽ നിങ്ങളെ ശക്തരാക്കുകയാണ് ചെയ്തത്. ഇപ്പോഴത്തെ അപമാനത്തിന്റെ കാരാഗ്രഹത്തിൽ നിന്നുള്ള ഉയർച്ച അധികം വൈകാതെ സാധ്യമാകും. നിങ്ങളെ തടഞ്ഞവരുടെയും പരിഹസിച്ചവരുടെയും നടുവിലൂടെ വിജയോത്സവമായി കർത്താവ് കൈപിടിച്ച് മുന്നോട്ട് നടത്തും.
അമ്മയുടെ ഗർഭത്തിൽ ഉരുവാകുന്നതിനുമുമ്പ് നിങ്ങളുടെ ശുഭ ഭാവിയുടെ തിരക്കഥ എഴുതിതുടങ്ങിയ ഡിവൈൻ ഡയറക്ടർ, ജീവിത ക്യാൻവാസിൽ കഥയെഴുത്ത് തുടർന്നുകൊണ്ടിരിക്കുകയാണ്.
നൻബരേ, കവലൈപ്പെടാതേ, മനം തളരാതേ!
ശുഭാശംസകൾ 🌱