Tuesday, July 19, 2016

ഞാനും നിന്നെ വിധിക്കുന്നില്ല...

         

കുറ്റവാളികളുടെ മനശ്ശാസ്ത്രം ജിജ്ഞാസ ഉണർത്തുന്നതാണ്. കൊല, ബലാല്‍സംഗം, മോഷണം, വര്‍ഗ്ഗീയകലാപം,നിയമലംഘനം തുടങ്ങിയ സമൂഹദ്രോഹ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? എല്ലാ സംസ്കാരങ്ങളിലും രാജ്യങ്ങളിലും വര്‍ഗങ്ങളിലും ഇത്തരം വികല വ്യക്തിത്വങ്ങളുള്ളതുകൊണ്ട്  ഇതിന്റെ പിന്നില്‍ പൊതുവായ കാരണങ്ങള്‍ ഉണ്ടായിരിക്കണമെന്നാണ് സ്വഭാവ ശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായം.

മസ്തിഷ്കത്തിന്റെ ഘടനയി ലും പ്രവര്‍ത്തനക്ഷമതയിലുമുള്ള വൈവിധ്യം ക്രിമിനല്‍ വാസനയ്ക്ക് കാരണമാകുന്നുവെന്നാണ് ഒരുകൂട്ടം വിദഗ്ധരുടെ  കണ്ടെത്തല്‍. ഭയം, വിദ്വേഷം, സാമൂഹ്യ ഇടപെടല്‍ തുടങ്ങിയ മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ 'amygdala' എന്ന ഭാഗത്തിന്റെ വളര്‍ച്ചക്കുറവും കുറഞ്ഞ പ്രവര്‍ത്തന ക്ഷമതയും ഉള്ളവര്‍ വൈകാരിക നിയന്ത്രണം കുറഞ്ഞവരും അക്രമ വാസനയും സാമുഹ്യവിരുദ്ധ പ്രവണതകൾ കൂടുതലുള്ളവരും  ആയിരിക്കുമെന്ന് Dr. Dustin Pardin (University of Pittsburgh), Dr.  Andrea Glenr ( University of Alabama) എന്നിവര്‍  നടത്തിയ ന്യുറോ ഇമേജിങ് പഠനത്തില്‍ കണ്ടെത്തി.

വൈകാരിക വേലിയേറ്റങ്ങളെയും സ്വഭാവത്തേയും നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ 'Anterior Cingalate Cortex' (ACC) ന്‍റെ കുറഞ്ഞ പ്രവര്‍ത്തന ക്ഷമതയും കുറ്റകൃത്യങ്ങള്‍ക്കു പ്രേരണ നല്‍കുന്നു എന്നാണ് Dr. Kent Kiehl-ന്‍റെ അഭിപ്രായം. 

കുറ്റകൃത്യങ്ങളെപ്പറ്റി  പഠിക്കുന്ന Dr. Raine-ന്‍റെ 'the anatomy of violence' എന്ന പുസ്തകത്തില്‍, മസ്തിഷ്കത്തിലെ പരിമിതികള്‍ ചെറുപ്പത്തില്‍  തിരിച്ചറിഞ്ഞു അവബോധശേഷി പരിശീലനവും ( cognitive skill training) പ്രത്യേക  മെഡിക്കൽ കെയറും നൽകിയാൽ  സ്വഭാവ പ്രശ്നങ്ങള്‍ വളരെയധികം പരിഹരിക്കുവാനും  കഴിയുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
 ബ്രെയിന്‍ സെല്ലുകളുടെ ഘടനയിലുള്ള മാറ്റങ്ങള്‍ മരുന്നുകൊണ്ടും മനശാസ്ത്ര ചികിത്സകൊണ്ടും മാറ്റുവാന്‍ കഴിയുന്ന കാലം അതിവിദൂരമല്ലെന്ന് വിശ്വസിക്കാം.

സമുഹത്തിലെ 3 ശതമാനം പുരുഷന്മാരിലും 1 ശതമാനം സ്ത്രീകളിലുo കണ്ടുവരുന്ന സമുഹവിരുദ്ധ കുറ്റവാസനകള്‍ വലിയ അസ്വസ്ഥതയും ആകാംഷയുമാണ് നിയമപാലകര്‍ക്കും സാധാരണ പൌരന്മാര്‍ക്കും ഉണ്ടാക്കുന്നത്.രോഗബാധിതമായ പാരമ്പര്യ ഘടകങ്ങളും ബാല്യത്തിലെ ദാരിദ്ര്യo മൂലമുള്ള  പോഷകക്കുറവും വൈകല്യമുള്ള മസ്തിഷ്ക ഘടനയും മുലം ആട്ടിന്‍കൂട്ടത്തിലെ ചെന്നായ്ക്കളായി മാറുന്ന ഇവരെ എന്തു ചെയ്യണം?

നമ്മള്‍ നല്ലവരായതു നമ്മുടെ കഴിവ്കൊണ്ടല്ല, നല്ല പാരമ്പര്യവും ജീവിത സാഹചര്യങ്ങളും ബ്രെയിനിൽ നല്ല സോഫ്റ്റ്‌വെയര്‍ സെറ്റ് ചെയ്തു കിട്ടിയതു കൊണ്ടുo മാത്രമാണ് . നമ്മുടെ  ഭാഗ്യമെന്നല്ലാതെന്തു പറയാന്‍? 

സമൂഹത്തില്‍ അസ്വസ്ഥത വിതയ്ക്കുന്ന ഘാതകധിക്കാരികളായ നമ്മുടെ ഈ സ്വന്തം സഹോദരങ്ങളെ നീതിബോധത്തിലേക്ക് കൊണ്ടു വരുവാൻ കഴിയുക?
ഭീഷണിക്കോ, പീഡനത്തിനോ, തോക്കിനോ, കാരാഗ്രഹത്തിനോ ഇവരെ നന്നാക്കുവാന്‍ കഴിയില്ലെന്ന് കാലം തെളിയിച്ചു കഴിഞ്ഞു.  പിറന്നു വീഴുന്ന  കോടി കോടി വികല ജന്മങ്ങള്‍ വിദ്വേഷ കൊടുംകാറ്റായ് ആഞ്ഞടിക്കും...

കര്‍ഷകന്‍ വിതച്ചപ്പോള്‍ ചിലത് വഴിയരുകില്‍, ചിലത് മുള്ളിന്നടിയില്‍, മറ്റുചിലത് പാറയില്‍ വീണു ... ഈ നിര്‍ഭാഗ്യ വിത്തുകള്‍ ചെയ്ത തെറ്റെന്താണ്?

ഇവര്‍ക്ക് വേണ്ടത് വിലങ്ങുകളല്ല,  കരുണയും സ്നേഹവുമാണ്. വികാര-വിചാര  വേലിയേറ്റങ്ങളെ നിയന്ത്രിക്കുന്ന മനസ്സിന്റെ രസതന്ത്ര ചേരുവകള്‍ തകരാറിലായ  ഇവരുടെ  മനസ്സിന്റെ ഫൈന്‍ ടൂണിംങ്ങിന്
മെന്റൽ ഹെൽത്ത് ടീമിന്റെ ചികിത്സയും പരിചരണവും വളരെ പ്രയോജനകരമാണ്.
ദിശാബോധം നഷ്ടപ്പെട്ടവരുടെ മനസ്സിൽ ദൈവീക മൂല്യങ്ങളുടെ മെന്റൽ സെറ്റ് ഉറപ്പിക്കുവാനും സ്നേഹവും പ്രോത്സാഹനവും നൽകുവാനും കഴിഞ്ഞാൽ, അവരെ ധാർമിക ബോധത്തിലേക്കും നന്മയിലേക്കും നയിക്കാൻ  കഴിയുമെന്നതിന്റെ ഉദാഹരണങ്ങൾ അനവധിയാണ്.  അക്രമങ്ങൾക്ക് പിന്തുണ നൽകിയിരുന്ന ബൈബിളിലെ ശൗൽ,  സ്നേഹത്തിന്റെ അപ്പോസ്‌തോലൻ ആയി മാറിയത് ഇതിന് ഉദാഹരണമാണ്. ഇത്തരം പരിണാമം സംഭവിച്ച വ്യക്തിത്വങ്ങൾ ഇന്നും നമുക്ക് ചുറ്റും ധാരാളമുണ്ട്. ദൈവീക മുല്യങ്ങളുടെയും സ്നേഹത്തിന്റെയും ഔഷധ മൂല്യം എന്താണെന്നും എത്രയാണെന്നും മെഡിക്കൽ സയൻസ് പഠന വിധേയമാക്കേണ്ടതാണ്.

 'നിങ്ങളെങ്ങനെ നിങ്ങളായെന്നു നിങ്ങള്‍ക്കറിയാമോ?'- കടമ്മനിട്ട.
Courtesy :American Journal Of Psychiatry, 2003.

No comments:

Post a Comment