വൈകാരിക അപക്വത പലരുടെയും പ്രശ്നമാണ്. ഇമോഷണൽ കോഷ്യന്റ് (E.Q) അഥവാ വൈകാരിക ബുദ്ധിയുടെ ഏറ്റക്കുറച്ചിലാണ് ഇവരുടെ പ്രശ്നം. അനിയന്ത്രിതമായ കോപം, അക്ഷമ, അസൂയ, മറ്റുള്ളവരെ അവഗണിക്കുക, സ്വാർത്ഥത, അവിശ്വാസം, അമിതമായി കുറ്റപ്പെടുത്തുവാനുള്ള പ്രവണത... തുടങ്ങിയവ അമിതമായി കാണപ്പെടുന്നത് വൈകാരിക ബുദ്ധിക്കുറവിന്റെ ലക്ഷണങ്ങളാകാം. യുക്തിപരമായി ചിന്തിക്കുവാൻ കഴിയുന്ന ഉയർന്ന 'ഐക്യൂ' ഉള്ളവരും വൈകാരിക ബുദ്ധി വളരെ കുറവാണെങ്കിൽ പെട്ടെന്ന് വികാരാധീനരാകാറുണ്ട് .
ആത്മവിശ്വാസം, മറ്റുള്ളവരെ അംഗീകരിക്കൽ, ആത്മനിയന്ത്രണം, ഉറച്ച വിശ്വാസം, ലക്ഷ്യബോധം, വസ്തുനിഷ്ടമായി വിശകലനം ചെയ്യുവാനുള്ള കഴിവ് തുടങ്ങിയവയൊക്കെ ഉയർന്ന വൈകാരിക ബുദ്ധിയുടെ ലക്ഷണങ്ങളാണ്. സഹിഷ്ണുതയും പരസ്പര വിശ്വാസവും ഇവരിൽ പ്രകടമായി കാണാം. കടുംപിടുത്തക്കാരല്ലാത്ത ഇവർ സമ്മർദങ്ങളോട് മല്ലടിക്കുന്നതിന് പകരം അവ നിയന്ത്രിക്കുവാൻ ശ്രദ്ധിക്കുന്നവരായിരിക്കും. സ്വയം കുറ്റപ്പെടുത്തലും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന സ്വഭാവവും ഇത്തരക്കാരിൽ കുറവായിരിക്കും.
വൈകാരിക ബുദ്ധിയുടെ ഏറ്റക്കുറച്ചിൽ പരിശോധിക്കാൻ വിവിധ ടെസ്റ്റുകൾ ഇന്ന് ലഭ്യമാണ്. 200 ൽ അധികം സ്കോർ ലഭിക്കുന്നവർ 'ഇമോഷണൽ ജീനിയസ്' ആയി കണക്കാക്കപ്പെടുന്നു. 50 മാർക്കും അതിൽ കുറവും ലഭിക്കുന്നവർ വൈകാരിക പക്വത കുറഞ്ഞവർ ആയിരിക്കും.
I.Q. വർദ്ധിപ്പിക്കുന്നത് അത്ര എളുപ്പമല്ല. എന്നാൽ പ്രത്യേക പരിശീലനങ്ങളിലൂടെ E.Q. വിന്റെ ക്വാളിറ്റി വർധിപ്പിക്കുവാൻ സാധിക്കും. മൂന്നുമാസത്തെ റിലാക്സേഷൻ പരിശീലനം കൊണ്ട് കൗമാരപ്രായക്കാർക്ക് വൈകാരിക ബുദ്ധിയുടെ നിലവാരം വർദ്ധിപ്പിക്കുവാൻ കഴിയുമെന്ന് കണ്ടിട്ടുണ്ട്.
സ്വാർത്ഥ ഉദ്ദേശങ്ങൾ ഇല്ലാതെയുള്ള ഈശ്വര വിശ്വാസം വൈകാരിക ഭദ്രതയ്ക്ക് സഹായകമാണ്. സർവ്വശക്തന്റെ ദിവ്യ പരിപാലനത്തിൽ മനസ്സുറപ്പിക്കുമ്പോൾ, ശുഭാപ്തി വിശ്വാസവും പ്രത്യാശയും അനുകൂല ചിന്തകളും രൂപപ്പെടും. വിശ്വസിച്ചാൽ ദൈവ മഹത്വം കാണുവാൻ കഴിയും. നിങ്ങൾക്കും ഒരു ഇമോഷണൽ ജീനിയസ് ആകാം.
☆
-ഫാ. ഡോ. ഏ. പി. ജോർജ്