ലോകത്ത് എവിടെപ്പോയാലും വാക്കുകളില്ലാതെ സംസാരിക്കാൻ കഴിയുന്ന ഭാഷയാണ് ചിരി. സംസ്കാരങ്ങൾക്കിടയിൽ ചിരിയുടെ ശൈലിക്ക് വ്യത്യാസമുണ്ടെങ്കിലും ചിരി ചിരി തന്നെ.
ചിരി സൗഖ്യദായകമാണ്, ബന്ധങ്ങളിലെ ഊഷ്മള ചേരുവയാണ്, ദിവ്യാനുഭവമാണ്. സൗഹൃദങ്ങൾ തുടങ്ങുവാനും നിലനിർത്തുവാനും, സമ്മർദ്ദം കുറയ്ക്കുവാനും, മനസ്സിലെ അസ്വസ്ഥത മറയ്ക്കുവാനും ലേശം ചിരി മേമ്പൊടി ചേർത്താൽ മതി.
ചിരിയുടെ ഹെഡ് ഓഫീസ് ബ്രെയിൻ ആണ്. Prefrontal cortex, limbic system, hypothalamus തുടങ്ങിയ അനേകം ഡിപ്പാർട്ട്മെന്റുകളുടെ 'സർവീസ് സഹകരണ സംഘ' പെർഫോമൻസ് ആണ് ചിരി.
നർമ്മം വിരിയുന്ന സാഹചര്യങ്ങളിൽ ചിരിയുടെ സ്വിച്ച് ഓണാക്കുവാൻ ഡോപാമൈൻ, എൻഡോർഫിൻ, സെറോട്ടോണിൻ എന്ന മൂന്ന് ന്യൂറോ ട്രാൻസ്മിറ്ററുകളെ ബ്രെയിൻ റിലീസ് ചെയ്യും. ദേ, പൊട്ടുന്നു ചിരിയുടെ എട്ടു നില അമിട്ട്.
സ്‌ട്രെസ് ഹോർമോണുകളായ കോർട്ടിസോൾ, അഡ്രിനാലിൻ എന്നിവയുടെ പ്രവർത്തനം നിയന്ത്രിക്കാനും ചിരിക്കു കഴിയും. വരിഞ്ഞുമുറുകിയ പേശികളെ റിലാക്സ് ചെയ്യാനും ഹൃദയമിടിപ്പ് സാധാരണഗതിയിൽ ആക്കാനും സുഖപ്രദമായ മൂഡിലേക്ക് മനസ്സിനെ സ്വിച്ച് ചെയ്യാനും ചിരി സഹായകമാണ്. യെവനൊരു പുലിയാണ് കെട്ടോ!
ആകാംക്ഷ, വിഷാദം, നിഷേധ ചിന്തകൾ, വൈകാരിക മരവിപ്പ് എന്നിവയുടെ കാഠിന്യം കുറയ്ക്കുവാൻ സഹായകമായ മിറക്കിൾ മെഡിസിനാണ് ചിരിയാശാൻ. പ്രശ്നങ്ങളെ വ്യത്യസ്ത കാഴ്ചപ്പാടിൽ കാണുവാനുള്ള വൈജ്ഞാനിക വഴക്കം ( cognitive flexibility) ചിരി നൽകുന്നതുകൊണ്ട് പ്രശ്നപരിഹാരം എളുപ്പമാക്കുന്നു. സംഘർഷങ്ങൾ, തിരസ്കരണം, അനിശ്ചിതത്വം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാനുള്ള കഴിവ്, കൂടുതൽ ചിരിക്കുന്നവർക്കുണ്ടെന്ന് നിരീക്ഷണം.
ട്രോമാ , ദീർഘകാല രോഗങ്ങൾ, വേർപാടിന്റെ ദുഃഖം തുടങ്ങിയ പ്രതിസന്ധികളിൽ ആയിരിക്കുന്നവരിൽ ആത്മഹർഷം ഉണർത്തുവാൻ സൗഹൃദവും പുഞ്ചിരിയും സഹായകമാണ്. ദുഃഖമേഘാവൃതമായ മനസ്സിൽ പ്രകാശം പരത്തുന്ന ഉദയസുരനാണ് ചിരി.
വൈകാരിക പ്രതിസന്ധികൾക്കുള്ള ചികിത്സയിൽ 'ഹ്യൂമർ തെറാപ്പി' അനുബന്ധ ചികിത്സയായി പ്രയോജനപ്പെടുത്താറുണ്ട്.
'സന്തുഷ്‌ടഹൃദയം ആരോഗ്യദായകമാണ്; തളര്‍ന്ന മനസ്‌സ് ആരോഗ്യം കെടുത്തുന്നു'
(സുഭാഷിതങ്ങള്‍ 17 : 22) എന്ന പുരാതന വിജ്ഞാനം മോഡേൺ മെഡിക്കൽ സയൻസ് ശരിവെക്കുന്നു.
ജീവിത സംഘർഷങ്ങൾമൂലം കഠിനമാകുന്ന മനസ്സിനെ നർമ്മം മൃദുലമാക്കുന്നു. വ്യക്തിത്വത്തിലെ നിഷേധ- പ്രതിരോധ മനോഭാവം കുറയ്ക്കുവാനും അനുകൂല കാഴ്ചപ്പാട് പുനസ്ഥാപിക്കുവാനും നിർദോഷമായ ഹാസ്യവും ചിരിയും സഹായകമാണ്.
ജോലിയിലും സ്പോർട്സിലും ചിരി പങ്കുവയ്ക്കുന്ന ടീമിന്റെ ഹ്യൂമൻ റിസോഴ്സസും പെർഫോമൻസും സൂപ്പർ ആയിരിക്കും.
ഒരുമിച്ച് ചിരിക്കുന്ന കുടുംബത്തിൽ പരിഭവത്തിന്റെ മുറിവുകൾ വളരെ പെട്ടെന്ന് ഉണങ്ങുന്നു.
നോൺ സ്റ്റോപ്പ് ചിരിക്കാരായ ദമ്പതികൾക്ക് വിയോജിപ്പുള്ള വിഷയങ്ങളിൽപ്പോലും ആരോഗ്യകരമായി സംവാദിക്കുവാൻ കഴിയുമത്രേ. ഡിയർ ബാറ്റ്ലിങ് പാർട്ണേഴ്സ്, നോട്ട് ദ പോയിന്റ്!
അഹങ്കാര സ്വഭാവം മുറിവേൽപ്പിക്കാതെ തിരുത്തുവാൻ അർത്ഥപൂർണമായ ഒരു ചിരി മതി. സേഫ് ഡിസ്റ്റൻസിൽ നിന്ന് ചിരിക്കുന്നതായിരിക്കും കൂടുതൽ സേഫ്.
സ്വന്തം പരിമിതികളെയും പരാജയങ്ങളെയും നോക്കി ചിരിക്കാനുള്ള കഴിവ് വലിയ സിദ്ധിയാണ്. മറ്റുള്ളവരെ ചിരിപ്പിക്കുന്നവർ ലാഫിങ് ജീനിയസ്സുകളാണ്. വിണ്ടുണങ്ങി വരണ്ട മനസ്സിൽ ചിരിയുടെയും ഊഷ്മളവികാരങ്ങളുടെയും നീരുറവകൾ സൃഷ്ടിക്കുന്ന അനുഗ്രഹീതരായ കോമേഡിയൻസ് നമ്മളെ എത്രയധികം ചിരിപ്പിച്ച് ഹൃദയം നി റച്ചു. കലാ പ്രേമികൾക്ക് ഫൈവ് കോഴ്സ് ചിരിവിരുന്നൊരുക്കുന്ന സർവ്വ ലോക ഹാസ്യ സാമ്രാട്ടുകൾക്ക് സ്‌നേഹ പ്രണാമം!
ബന്ധങ്ങൾ സജീവമാക്കാനും വൈകാരിക സന്തുലിതാവസ്ഥയും റൊമാന്റിക് മൂഡും സെറ്റ് ചെയ്യാനും സ്പൈസിയായ ചിരി തന്നെ വേണം. മുറിപ്പെടുത്തുന്ന ഹാസ്യവും പരിഹാസ ചിരിയുമൊക്കെ ടോക്സിക്കും
സാഡിസവും മുള്ളും മുറിവുമാണ്. മാനസികാരോഗ്യത്തിന് ഹാനികരം. മാനിഷാദ!
'സ്വർഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു'( സങ്കീർത്തനം 2: 4 ) എന്നാണ് ബൈബിൾ വചനം. ദൈവം മഹാഗൗരവക്കാരനായ 'ഫാദർ ഡാഡി' ആണെന്ന ചിന്ത എങ്ങനെയോ ആത്മീയത്തിൽ കടന്നുകൂടിയിട്ടുണ്ട്. വിശ്വാസികളെ ഭയപ്പെടുത്തി മത നേതൃത്വത്തിന്റെ ചോൽപ്പടിയിൽ നിർത്തുവാനും വഴിപാടുകൾ ഉദാരമാക്കാനും വേണ്ടിയായിരിക്കാം ദൈവത്തിന് രൗദ്രഭാവ പകർച്ച നൽകിയിരിക്കുന്നത്. ദൈവം സ്നേഹമാണെങ്കിൽ എങ്ങനെയാണ് ചിരിക്കാതിരിക്കുവാൻ കഴിയുക? ആഹ്ലാദമില്ലാത്ത ഭക്തിയും ആരാധനയും ആനന്ദമയിയായ ദൈവത്തിന് ചേരുന്നതല്ല.
ദൈവത്തിന്റെ സ്ഥായിഭാവമായ ദിവ്യാനന്ദത്തിന്റെ ചേരുവയിൽ നിന്നാണ് മനുഷ്യന് ചിരിക്കുവാനുള്ള കഴിവ് നൽകിയിരിക്കുന്നത്. അതിജീവന ഉപാധിയും രോഗശാന്തി ലേപനവും സോഷ്യൽ ബ്രിഡ്ജിങ്ങും ആയിട്ടാണ് മനസ്സിന്റെ ടെക്നീഷ്യനായ ദൈവം വൈകാരിക സോഫ്റ്റ്‌വെയറിൽ ചിരി എഴുതി ചേർത്തിരിക്കുന്നത്. മക്കളുടെ പ്രസന്ന മുഖം കാണുവാനാണ് സർവ്വേശ്വരനിഷ്ടം.
മുറിവുകൾ സൗഖ്യമാക്കുവാനും മനസ്സുകളെ ഇണക്കിച്ചേർക്കുവാനും പ്രത്യാശ നൽകുവാനും സഹായിക്കുന്ന ഹോളിസ്റ്റിക് മെഡിസിനാണ് ചിരി. ജീവിതത്തെ ഗ്രേസ്ഫുൾ ആയി നേരിടാൻ സഹായിക്കുന്ന വിസ്മയഭാവമാണ് ചിരി.
ആകെ അര നാഴികനേരം മാത്രമുള്ള ഈ ജീവിതത്തിൽ ചിരിക്കൂ സുഹൃത്തേ.
സിംപ്ലി ലാഫ്!
☆
-ഫാ. ഡോ. ഏ. പി. ജോർജ്