അവിടെ ഒരു പുതിയ താമസക്കാരൻ വന്നു. ആർക്കും മുഖം കൊടുക്കാത്ത മനുഷ്യൻ. രാത്രിയിൽ സൺഗ്ലാസും വലിയ തൊപ്പിയും ധരിച്ച് നടക്കുന്ന ഒരു എട്ടടി ഉയരക്കാരൻ.
അദ്ദേഹം കമ്മ്യൂണിറ്റി മീറ്റിങ്ങിൽ വരാറില്ല. ആരെയും വിഷ് ചെയ്യാറില്ല. എല്ലാദിവസവും വൈകിട്ട് കൃത്യം 6:03 ന് ചെടി നനക്കുവാൻ മാത്രം വെളിയിൽ വരുമായിരുന്നു. നനച്ചു കഴിഞ്ഞാൽ ഉടനെ അകത്തുകയറും.
മേരി ആന്റി ആണ് ആദ്യം അദ്ദേഹത്തെ പറ്റി കമന്റ് പറഞ്ഞത്:
'സിഐഡി ആയിരിക്കും, ഏതോ കേസ് അന്വേഷിക്കാൻ രഹസ്യമായി വന്ന താമസിക്കുന്നതാ'.
മജീഷ്യൻ ആണെന്നാണ് റോയിയുടെ അഭിപ്രായം.
'Agent 99' എന്നാണ് കോളനിയിലെ കുട്ടികൾ അയാൾക്ക് പേരിട്ടത്.
അയാൾ എല്ലാവർക്കും വിസ്മയമായി. എല്ലാവരും അസ്വസ്ഥരായി. ആള് എന്തിനമാണെന്ന് അറിയുവാനുള്ള ജിജ്ഞാസയിലായി എല്ലാവരും.
പൊതുവേ അല്പം സംശയക്കാരനായ ചന്ദ്രൻപിള്ള വീടിന് മുമ്പിലും പിറകിലും ക്യാമറ ഫിറ്റ് ചെയ്തു. മിക്ക വീട്ടുകാരും രാത്രിയിൽ പുറത്തെ ലൈറ്റ് ഓഫ് ചെയ്യാതായി. സതീശന്റെ പട്ടി രാത്രി കുരയോടു കുര. അദ്ദേഹത്തിന്റെ ഓരോ നീക്കവും കോളനി നിവാസികൾ സശ്രദ്ധം നിരീക്ഷിച്ചുകൊണ്ടിരുന്നു.
ഒരു ശനിയാഴ്ച, തികച്ചും അപ്രതീക്ഷിതമായി മേരി ആന്റിയുടെ വീടിന്റെ ഗേറ്റ് തുറന്ന് അയാൾ കടന്നുവന്നു. അയാളുടെ കയ്യിൽ ബൈബിളും ഒരു വലിയ കേക്കും ഉണ്ടായിരുന്നു.
അപരിചിതനെ കണ്ടപ്പോൾ, മേരി ആന്റി ആശ്ചര്യ ചിഹ്നമായി നിന്നുപോയി. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാൻ കോളനി നിവാസികൾ വീടിനു മുമ്പിൽ തടിച്ചുകൂടി.
അയാൾ ചിരിച്ചുകൊണ്ട് എല്ലാവരോടുമായി പറഞ്ഞു: 'പ്രിയപ്പെട്ട അയൽക്കാരെ, ക്ഷമിക്കണം. എന്റെ പേര് ജസ്റ്റിൻ ബേബി. എനിക്ക് ഇതുവരെ നിങ്ങളെ പരിചയപ്പെടാൻ സമയം കിട്ടിയില്ല. എനിക്ക് ആശുപത്രിയിൽ നൈറ്റ് ഷിഫ്റ്റ് ആണ് ജോലി. പകൽ മുഴുവനും ഉറക്കമായിരിക്കും.'
മേരി ആന്റി പറഞ്ഞു: 'എന്റെ കർത്താവേ, ആശ്വാസമായി! രഹസ്യ പോലീസ് ആണെന്നാ ഞങ്ങൾ കരുതീത്.'
അത് കേട്ട്, ബലം പിടിച്ചുനിന്ന എല്ലാവരും ഉറക്കെ ചിരിച്ചു.
അയാൾ പറഞ്ഞു: 'അയ്യോ ഞാൻ പോലീസും പട്ടാളവും ഒന്നുമല്ല, ഒരു പാവം നേഴ്സ് ആണ്. സുഹൃത്തുക്കളെ, എല്ലാവരും കടന്നുവരിൻ, നമുക്ക് ഈ കേക്ക് മുറിച്ച് മധുരം പങ്കിടാം.'
എല്ലാവരും മേരി ആന്റിയുടെ മുറ്റത്തിരുന്ന് മധുരം പങ്കുവെച്ച്, പരിചയപ്പെട്ടു.
സഹദേവൻ പറഞ്ഞു: 'ഈ കോളനിയിലെ പുതിയ താമസക്കാരനായ അങ്ങയെ സ്വാഗതം ചെയ്യാത്തത് ഞങ്ങളുടെ തെറ്റാണ്. പരിചയപ്പെട്ടിരുന്നെങ്കിൽ ഇത്രയധികം ദുരൂഹതകളും തെറ്റുദ്ധാരണകളും ഉണ്ടാകുമായിരുന്നില്ല. ചന്ദ്രൻപിള്ളേ, ഇനിയിപ്പോൾ ക്യാമറയെല്ലാം അഴിച്ചു വയ്ക്കാം.'
കൂട്ടച്ചിരി ഉയർന്നു.
' എന്താ കയ്യിൽ ബൈബിൾ, ഉപദേശിയാണോ?' - മേരി ആന്റി ചോദിച്ചു.
'ഇതെന്റെ സ്ഥിരം കമ്പാനിയൻ ആണ്. താല്പര്യ മുള്ളവരുമായി ബൈബിൾ ഷെയർ ചെയ്യുന്നത് എന്റെ ശീലമാണ്. എന്റെ വീട്ടിലേക്ക് എല്ലാവർക്കും സ്വാഗതം! വരുന്നവർക്കൊക്കെ ബൈബിൾ ഫ്രീയായി നൽകുന്നതാണ്.'
കയ്യിലിരുന്ന ബൈബിൾ ചന്ദ്രൻപിള്ളക്ക് സമ്മാനിച്ചുകൊണ്ട് ജസ്റ്റിൻ പറഞ്ഞു : 'ബ്രദർ, ജീസസ് ലൗവ്സ് യൂ!'
പലപ്പോഴും നമ്മുടെ നിഗമനങ്ങൾ പഴത്തൊലിയിൽ ചവിട്ടുന്നത് പോലെയാണ് . തെന്നി വീഴാൻ സാധ്യത വളരെ കൂടുതലാണ്. സുരക്ഷിത ബോധമില്ലാത്ത ലോകത്തിൽ എല്ലാവരും എല്ലാവരെയും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. 'പാരനോയിഡ് ' കൾച്ചറിൽ നമുക്ക് പരസ്പര വിശ്വാസവും വിശ്വസ്തതയും നഷ്ടപ്പെട്ടിരിക്കുകയാണ്. നമ്മുടെ മനസ്സിൽ ദുരൂഹതയുടെയും ഭയത്തിന്റെയും തെറ്റുദ്ധാരണയുടെയും വൻ മതിലുകളുണ്ട്. അതുകൊണ്ട് മറ്റുള്ളവരെപ്പറ്റി മനസ്സ് പറയുന്നതെല്ലാം ശരിയാകണമെന്നില്ല.
വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും വ്യത്യസ്തരായി കാണപ്പെടുന്ന വ്യക്തികളെ അപകടകാരികളായി സംശയ മനസ്സ് ലേബൽ ചെയ്യും. രാത്രിയിൽ സൺഗ്ലാസ് ധരിക്കുന്ന അയൽക്കാരൻ അപകടകാരിയായിരിക്കണമെന്നില്ല.
'...സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്‌ക്കു തുല്യനാണ്.'
യാക്കോബ് 1 : 6
☆
-ഫാ. ഡോ. ഏ. പി. ജോർജ്